പ്രളയബാധിതര്‍ക്ക് സഹകരണവകുപ്പ് കേരളപ്പിറവി ദിനത്തില്‍ വീടുനല്‍കും

[email protected]

സഹകരണവകുപ്പ് പ്രളയദുരിതബാധിതര്‍ക്കായുള്ള വീടുനിര്‍മാണത്തിന്റെ ആദ്യഘട്ടം നവംബര്‍ ഒന്നിന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഭവനപദ്ധതി സംബന്ധിച്ച് വിദഗ്ധ അഭിപ്രായരൂപീകരണത്തിനായി ചേര്‍ന്ന ആര്‍കിടെക്ടുമാരുടേയും എന്‍ജിനീയര്‍മാരുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാനതല ഉപദേശകസമിതിക്കും യോഗത്തില്‍ രൂപം നല്‍കി. .

ആദ്യഘട്ടത്തില്‍ 1500 വീടുകളാണ് സഹകരണ വകുപ്പ് നിര്‍മിച്ചുനല്‍കുക. കുറഞ്ഞത് 500 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണം ഓരോ വീടിനും ഉറപ്പാക്കും. ഭാവിയില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വിപുലമാക്കാവുന്ന വിധമായിരിക്കും നിര്‍മാണം. ഒരുവീടിന് അഞ്ചുലക്ഷം രൂപയാണ് യൂണിറ്റ് തുക. ഇതിനുപുറമേ, സംഭാവന, ഗുണഭോക്താവിന്റെ വിഹിതം തുടങ്ങിയവ അനുസരിച്ച് കൂടാം.

ജില്ലാ ഭരണകൂടം നിര്‍ദേശിക്കുന്ന പട്ടികയില്‍നിന്നുള്ളവര്‍ക്കാണ് വീട് നല്‍കുന്നത്. സര്‍വേ, നിര്‍മാണം തുടങ്ങിയ മേഖലകളില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ സേവനം ഉപയോഗിക്കും. ഇവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനായി കിലയുടെ നേതൃത്വത്തില്‍ സപ്റ്റംബര്‍ പത്തിന് മുമ്പ് ഏകദിന ശില്‍പാല നടത്താന്‍ മന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനതല ഉപദേശക സമിതിയോഗം ചേര്‍ന്നശേഷം ജില്ലാതല സമിതികള്‍ 15ന് മുമ്പ് ചേരും. 15നകം ഡിസൈന്‍ ആശയങ്ങള്‍, പ്രൊപ്പോസലുകള്‍ എന്നിവ സര്‍ക്കാരിന് സമര്‍പ്പിക്കണം. പദ്ധതിയില്‍ സഹകരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപ്രന്റീസ് ട്രെയിനി ആനുകൂല്യവും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്നും മന്ത്രി അറിയിച്ചു.

എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ പങ്കാളിത്തവും സാങ്കേതിക സഹകരണവും വിവിധ കോളേജ് മേധാവികള്‍ വാഗ്ദാനം ചെയ്തു. പുതിയ ഹരിതനിര്‍മാണ രീതികള്‍ ഉയര്‍ന്നുവരണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഊരാളുങ്കല്‍ ലേബര്‍ സഹകരണ സംഘം ചെയര്‍മാന്‍ രമേശന്‍ പാലേരി ചെയര്‍മാനായാണ് ഉപദേശകസമിതി രൂപീകരിച്ചത്. കേപ്പ് ഡയറക്ടര്‍ ഡോ. ആര്‍. ശശികുമാര്‍ കണ്‍വീനറാണ്. ആര്‍കിടെക്ട് ശങ്കര്‍, കില ഡയറക്ടര്‍ ജോയ് ഇളമണ്‍, തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജിജി സി.വി, കാലിക്കറ്റ് എന്‍.ഐ.ടി പ്രൊഫസര്‍ പ്രൊഫ: ശശികല, ടി.കെ.എം എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അയൂബ്, കോസ്റ്റ്ഫോഡ് ജോയന്റ് ഡയറക്ടര്‍ പി.ബി സാജന്‍, ക്രെഡായ് പ്രതിനിധി അരുണ്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News