‘പ്രയാസ്’ പദ്ധതിക്ക് കോഴിക്കോട് മേഖലയില്‍ തുടക്കം
വിരമിക്കുന്ന ദിവസംതന്നെ പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ നല്‍കുന്ന ‘പ്രയാസ്’ പദ്ധതിക്ക് കോഴിക്കോട് മേഖലയില്‍ തുടക്കമായി. ഇ.പി.എഫ്ഒ കോഴിക്കോട് മേഖലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് പി.എഫ്. കമ്മിഷണര്‍ പി. മുരളീധരന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
ഈ മാസം 58 വയസ്സു തികഞ്ഞ കെ.പി. പരമേശ്വരന്‍ എന്ന തൊഴിലാളിക്ക് ആദ്യ പെന്‍ഷന്‍ പേമെന്റ് ഓര്‍ഡര്‍ കൈമാറി. കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളാണ് കോഴിക്കോട് മേഖലാ ഓഫീസിന്റെ പരിധിക്കുള്ളില്‍ വരുന്നത്. ഇ-നോമിനേഷന്‍, കെവൈസി എന്നിവയെപ്പറ്റി ഇപിഎഫ്ഒ എന്‍ഫോഴ്‌സ്മെന്റ് ഓഫീസര്‍ എന്‍. സത്യന്‍ പ്രഭാഷണം നടത്തി. സൊസൈറ്റി മാനേജിങ് ഡയറക്റ്റര്‍ എസ്. ഷാജു, ഫിനാന്‍സ് ജനറല്‍ മാനേജര്‍ പ്രവീണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.