പ്രതിസന്ധിക്കിടയിലും അമുലിനു റെക്കോഡ് വിറ്റുവരവ്
ക്ഷീര സഹകരണ മേഖലയിലെ പ്രമുഖ സംരംഭമായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ( അമുല്‍ ) പ്രതിസന്ധികള്‍ക്കിടയിലും 2021-22 ല്‍ റെക്കോഡ് വിറ്റുവരവ് നേടി. അമുലിന്റെ മൊത്തം വിറ്റുവരവ് 46,500 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 18.5 ശതമാനം കൂടുതലാണിത്. അംഗ സഹകരണ യൂണിയനുകളുടെ വില്‍പ്പന കൂടി ചേരുമ്പോള്‍ മൊത്തം വിറ്റുവരവ് 63,000 കോടി രൂപയിലെത്തും.
കോവിഡ് മഹാമാരിക്കിടയിലും 2021-22 ല്‍ ഫെഡറേഷന്റെ കയറ്റുമതി 500 കോടി രൂപയില്‍ നിന്നു 1450 കോടി രൂപയായി വര്‍ധിച്ചു. ഇതേകാലത്തു പ്രതിദിന പാല്‍ സംഭരണം 265.1 ലക്ഷം കിലോഗ്രാമാണ്. ഇതിലും പ്രതിദിനം 19 ലക്ഷം കിലോഗ്രാമിന്റെ വര്‍ധനവുണ്ടായി. അമുലിന്റെ പ്രതിദിന സംസ്‌കരണ ശേഷി 400 ലക്ഷം ലിറ്ററാണ് – ജി.സി.എം.എം.എഫ്. മാനേജിങ് ഡയരക്ടര്‍ ആര്‍.എസ്. സോധി അറിയിച്ചു.
ആഗോളതലത്തിലെ ക്ഷീരോല്‍പ്പന്നങ്ങളില്‍ 21 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത് അമുലാണ്. ക്ഷീരോല്‍പ്പാദനരംഗത്തു സ്വീകരിക്കുന്ന പുത്തന്‍ സാങ്കേതികവിദ്യകളാണ് അമുലിനെ ഇങ്ങനെ വിജയം കൈവരിക്കാന്‍ സഹായിക്കുന്നത്. കര്‍ഷക സൗഹൃദ സമീപനമാണ് അമുലിന്റേത്. അമുല്‍ നേടുന്ന ഓരോ രൂപയില്‍ നിന്നും 80 പൈസ കര്‍ഷകനു തിരിച്ചുകൊടുക്കുന്നുണ്ട്- സോധി പറഞ്ഞു.
[mbzshare]