പൊക്കാളി കൃഷിക്കു വേണം സഹകരണ കണ്‍സോര്‍ഷ്യം
ലവണപ്രതിരോധശക്തിയും അമ്ലത്വ സഹനശക്തിയുമുള്ള വിശേഷാല്‍ നെല്ലിനമാണു പൊക്കാളി. പക്ഷേ, നമ്മുടെ സപ്ലൈകോവിനു ഇതു വെറുമൊരു നെല്ലിനം മാത്രമാണ്. അതുകൊണ്ടാണു
കിലോയ്ക്കു 60 രൂപയെങ്കിലും കര്‍ഷകനു കിട്ടേണ്ട പൊക്കാളിനെല്ലിനു സപ്ലൈകോ 28.5 രൂപമാത്രം വില കാണുന്നത്. പൊക്കാളി നെല്‍ക്കൃഷിക്കു സഹകരണസംഘങ്ങളുടെ കണ്‍സോര്‍ഷ്യം ഉണ്ടാക്കുന്നതിനെക്കുറിച്ച് നമ്മള്‍ ആലോചിക്കേണ്ട സമയമായി.
പദ്ധതിനിര്‍വഹണത്തിനു സഹകരണ കണ്‍സോര്‍ഷ്യം എന്ന രീതിയിലേക്കു സര്‍ക്കാരും സഹകരണവകുപ്പും മാറിക്കൊണ്ടിരിക്കുകയാണ്. സഹകരണസംഘങ്ങളിലെ പണം കൂട്ടായി സ്വരൂപിച്ച് ക്രിയാത്മകമായ വിനിയോഗം സാധ്യമാക്കുകയെന്നതാണു സഹകരണ കണ്‍സോര്‍ഷ്യത്തിലൂടെ ലക്ഷ്യമിടുന്നത്. കാര്‍ഷികമേഖലയില്‍ ഇതിനെ ഗുണകരമായി ഉപയോഗിക്കാനാകും. കൃഷിയേയും കര്‍ഷകനെയും സഹായിക്കുകയും കാര്‍ഷികമേഖലയില്‍നിന്നുള്ള വരുമാനവും ഉല്‍പ്പാദനവും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണു കാര്‍ഷിക സഹകരണസംഘങ്ങളുടെ ലക്ഷ്യം. ഒറ്റയ്‌ക്കൊറ്റയ്ക്ക് ഈ ലക്ഷ്യത്തിനായി പോരാടുന്ന സംഘങ്ങളെ ഒരു പൊതുലക്ഷ്യം നിശ്ചയിച്ച് ഒന്നിപ്പിക്കുകയാണു സഹകരണ കണ്‍സോര്‍ഷ്യത്തിലൂടെ ചെയ്യുന്നത്. കൂടുതല്‍ മൂലധനം കണ്ടെത്താനാവുക, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വിതരണശൃംഖലയും ചിട്ടപ്പെടുത്തുക എന്നിവയെല്ലാം ഇത്തരം കൂട്ടായ ശ്രമത്തിലൂടെ സാധ്യമാക്കാന്‍ കഴിയും. വയനാട്ടിലെ ഔഷധമൂല്യമുള്ള ജീരകശാല, ഗന്ധകശാല എന്നീ തനതുനെല്ലുകളുടെ നാശത്തെക്കുറിച്ച് 2023 ലെ ഫെബ്രുവരിലക്കത്തില്‍ ‘ മൂന്നാംവഴി ‘ വിശദീകരിച്ചിട്ടുണ്ട്. കര്‍ഷകര്‍ അവരുടെ സ്വന്തം ശേഷി ഉപയോഗിച്ചാണ് ഈ നെല്ലുകള്‍ ഇപ്പോള്‍ കൃഷി ചെയ്യുന്നത്. ഉല്‍പ്പാദനച്ചെലവ് കൂടുകയും വരുമാനം കുറയുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കര്‍ഷകര്‍ ഈ കൃഷിരീതിയില്‍നിന്നു പിന്മാറിത്തുടങ്ങുന്നുവെന്ന കാര്യമാണു മൂന്നാംവഴി ചൂണ്ടിക്കാട്ടിയത്. ഇതിനു പരിഹാരമുണ്ടാക്കാന്‍ സഹകരണസംഘങ്ങളുടെ കൂട്ടായ്മയ്ക്കു കഴിയുമെന്നായിരുന്നു മൂന്നാംവഴി മുന്നോട്ടുവെച്ച നിര്‍ദേശം.
കര്‍ഷകരെ ഒന്നിപ്പിച്ച് അവരുടെ പരമ്പരാഗത അറിവുകള്‍ ഉപയോഗിച്ച് കൃഷിയിലേക്ക് ഇറക്കുക, അതിനുള്ള ചെലവും ഉല്‍പ്പന്നത്തിന്റെ വിപണനവും സഹകരണസംഘങ്ങള്‍ ഏറ്റെടുക്കുക – ഇതായിരുന്നു മൂന്നാംവഴിയുടെ നിര്‍ദേശം. അതിനുള്ള ചുവടുകള്‍ സഹകരണമേഖലയില്‍നിന്നുണ്ടായിട്ടില്ലെങ്കിലും സമാനമായതും പ്രതീക്ഷയുള്ളതുമായ ഒരു ചുവടുവെപ്പ് എറണാകുളത്തുനിന്ന് ഉണ്ടാകുന്നുണ്ട്. അതു പൊക്കാളിക്കൃഷിയുടെ കാര്യത്തിലാണ്. വയനാട്ടിലെ ഗന്ധകശാല-ജീരകശാല നെല്‍ക്കര്‍ഷകര്‍ നേരിടുന്ന സമാനസ്ഥിതിയാണു പൊക്കാളിക്കര്‍ഷകരും അനുഭവിക്കുന്നത്. ഉല്‍പ്പാദനച്ചെലവ് കൂടുകയും വരുമാനം കുറയുകയും ചെയ്യുന്നു. ഔഷധമൂല്യമുള്ളതും ഭൗമസൂചികാപദവി ലഭിച്ചതുമായ ഒരിനം നെല്ലാണു പൊക്കാളി. ഇതിന്റെ പ്രാധാന്യമനുസരിച്ചുള്ള വിപണി കണ്ടെത്താനാകുന്നില്ലെന്നതാണു പ്രധാന പ്രശ്‌നം.
എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളില്‍ വേമ്പനാട്ടുകായലിന്റെയും അറബിക്കടലിന്റെയും ഇടയിലുള്ള തീരദേശങ്ങളില്‍ 33 പഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലിറ്റികളിലും ഒരു കോര്‍പ്പറേഷനിലുമായിട്ടാണു പൊക്കാളിപ്പാടങ്ങളുള്ളത്. കേരളത്തിലെ മൊത്തം തണ്ണീര്‍ത്തടങ്ങളുടെ ഭൂരിഭാഗവും എറണാകുളം ജില്ലയിലാണ്. അതിനാല്‍, കൂടുതല്‍ കൃഷിയുമുള്ളത് എറണാകുളം ജില്ലയിലാണ്. എറണാകുളം ആസ്ഥാനമായ പൊക്കാളി നില വികസന ഏജന്‍സിയാണ് (പി.എല്‍.ഡി.എ.) ജില്ലയിലെ പൊക്കാളിക്കൃഷിയുടെ വികസനത്തിന്റെ ചുമതല വഹിക്കുന്നത്. പൊക്കാളി നില വികസന ഏജന്‍സിയുടെ കണക്കുകള്‍പ്രകാരം പതിറ്റാണ്ടുകള്‍ക്കു മുമ്പു കേരളത്തില്‍ ഏകദേശം 25,000 ഹെക്ടര്‍ പൊക്കാളിപ്പാടങ്ങളുണ്ടായിരുന്നു. മറ്റു ചില സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നതു നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഇവിടെ 26,000 ഹെക്ടര്‍ പൊക്കാളിപ്പാടങ്ങളുണ്ടായിരുന്നു എന്നാണ്. എന്നിരുന്നാലും, ഈ നൂറ്റാണ്ടില്‍ കൃഷി ചെയ്യുന്ന നിലം നന്നേ കുറഞ്ഞ്, സംസ്ഥാനത്തുടനീളം ഏകദേശം 5000 ഹെക്ടറിനടുത്തേക്കു ചുരുങ്ങി. നോര്‍ത്ത് പറവൂര്‍, ആലുവ, കളമശ്ശേരി, വൈറ്റില, ഞാറക്കല്‍ എന്നീ അഞ്ച് ബ്ലോക്കുകളിലായി 17 കൃഷിഭവനുകളുടെ കീഴിലാണ് എറണാകുളം ജില്ലയിലെ പൊക്കാളിപ്പാടങ്ങളുള്ളത്. കൂടാതെ, മുളന്തുരുത്തി ഭാഗത്തും പാടത്തു പൊക്കാളി കൃഷി ചെയ്യാറുണ്ട്. ഇപ്പോഴത്തെ കണക്കനുസരിച്ച് എറണാകുളം ജില്ലയില്‍ കൃഷി ചെയ്യുന്ന പൊക്കാളിപ്പാടങ്ങളുടെ ആകെ വിസ്തീര്‍ണം 3,048.6 ഹെക്ടറാണ്. 1,726.2 ഹെക്ടര്‍ നിലം സ്ഥിരമായി തരിശുഭൂമിയാണ്. ഇവിടെ കൃഷിയിറക്കാറില്ല.
ദൗത്യം ഏറ്റെടുത്ത്
സഹകരണവകുപ്പ്
പൊക്കാളിക്കൃഷിയും അതിന്റെ വിപണനവും സഹകരണമേഖല ഒരു ദൗത്യമായി ഏറ്റെടുക്കേണ്ടതുണ്ടെന്നാണു സഹകരണവകുപ്പ് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. കടമക്കുടി ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റാണ് ഇതു സംബന്ധിച്ച് ഒരു നിവേദനം സഹകരണവകുപ്പിനു നല്‍കിയത്. അതിന്റെ സാധ്യത പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സഹകരണസംഘം രജിസ്ട്രാറെ ചുമതലപ്പെടുത്തി. പൊക്കാളിക്കൃഷിയുടെ നിലവിലെ സ്ഥിതിയും സാധ്യതകളും വിവരിച്ചുള്ള റിപ്പോര്‍ട്ടാണു രജിസ്ട്രാര്‍ സര്‍ക്കാരിനു നല്‍കിയിട്ടുള്ളത്. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും അതിനനുസരിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും സഹകരണ മന്ത്രി വി.എന്‍. വാസവന്‍ വ്യക്തമാക്കിയിട്ടുണ്ട്. സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ സഹകരണ ബാങ്കുകളുടെ ഒരു കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് പൊതുമേഖലാസ്ഥാപനങ്ങള്‍ വഴിയോ മറ്റോ പൊക്കാളി നെല്ല് കിലോയ്്ക്ക് 60 രൂപ നിരക്കില്‍ സംഭരിക്കണമെന്നും പൊക്കാളി നെല്ല് കുത്തി അരിയാക്കാനുള്ള ജില്ലയിലെ മില്ല് പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള ഇടപെടല്‍ നടത്തണമെന്നുമാണ് കടമക്കുടി ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് ആവശ്യപ്പെട്ടത്. ഇതിനു സഹായകമാകുന്ന റിപ്പോര്‍ട്ടാണു സഹകരണസംഘം രജിസ്ട്രാര്‍ സമര്‍പ്പിച്ചിട്ടുള്ളത്.
സര്‍ക്കാരിന്റെയും കടമക്കുടി, ഇടപ്പള്ളി ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെയും സാമ്പത്തികസഹായത്താല്‍ 110 ഹെക്ടറോളം സ്ഥലത്തു കടമക്കുടി ഗ്രാമപ്പഞ്ചായത്തില്‍ പൊക്കാളി നെല്‍ക്കൃഷി നടന്നുവരുന്നുണ്ട്. 1400 ക്വിന്റലോളം നെല്ല് ഈ വര്‍ഷം ഉല്‍പ്പാദിപ്പിച്ചു. ഒരേക്കര്‍ സ്ഥലത്തു പൊക്കാളി നെല്‍ക്കൃഷി ചെയ്യാനുള്ള ചെലവ് ശരാശരി 50,000 രൂപയാണ്. 600-700 കിലോ നെല്ല് ഒരേക്കറില്‍നിന്നു ശരാശരി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഈ അവസരത്തില്‍ കര്‍ഷകന് ഒരു കിലോ നെല്ലിന് 60 രൂപയെങ്കിലും ലഭിക്കേണ്ടതുണ്ട്. എന്നാല്‍, കര്‍ഷകന് ഉല്‍പ്പാദനച്ചെലവുപോലും ലഭിക്കുന്ന സ്ഥിതിയില്ലെന്നാണു രജിസ്ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ സപ്ലൈകോ ഒരു കിലോ നെല്ല് 28.50 രൂപയ്ക്കാണു സംഭരിക്കുന്നത്. ഈ വില കര്‍ഷകനു മതിയാവില്ല. പൊക്കാളി നെല്ല് കുത്തി അരിയാക്കാന്‍ അവിടുത്തെ കര്‍ഷകര്‍ പാലക്കാട് ജില്ലയിലെ മില്ലുകളെയാണു പ്രധാനമായും ആശ്രയിക്കുന്നത്. എറണാകുളം ജില്ലയിലെ പള്ളിയാക്കല്‍ സഹകരണ ബാങ്കിലെ മില്ലില്‍ അരിയാക്കാറുണ്ട്. പക്ഷേ, മില്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. അതിനാല്‍, ഈ സൗകര്യം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
എറണാകുളം ജില്ലയിലെ കണയന്നൂര്‍, നോര്‍ത്ത് പറവൂര്‍, കൊച്ചി താലൂക്കുകളിലെ പ്രദേശങ്ങളിലാണു പൊക്കാളി നെല്‍ക്കൃഷിയുള്ളത്. ഇതില്‍ത്തന്നെ കണയന്നൂര്‍ താലൂക്കിലെ കടമക്കുടി ഗ്രാമപ്പഞ്ചായത്തിലാണ് പൊക്കാളിക്കൃഷി കൂടുതലായുള്ളത്. ഈ പ്രദേശങ്ങള്‍ പ്രവര്‍ത്തനപരിധിയായി പ്രവര്‍ത്തിച്ചുവരുന്നതു കോരമ്പാടം സര്‍വീസ് സഹകരണ ബാങ്കാണ്. ഈ ബാങ്ക് കഴിഞ്ഞവര്‍ഷം നെല്ല് സംഭരിച്ചിരുന്നു. സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും ഇടപെടല്‍മൂലം ഈ വര്‍ഷം പൊക്കാളി നെല്ലിന്റെ ഉല്‍പ്പാദനം വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. കോരമ്പാടം സഹകരണ ബാങ്ക് നെല്ല് സംഭരിച്ച് അരി, പച്ചരി, പുട്ടുപൊടി, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയാക്കി ഗ്രാമിക എന്ന ബ്രാന്‍ഡില്‍ മാര്‍ക്കറ്റ് ചെയ്തുവരുന്നു. കര്‍ഷകരില്‍നിന്ന് ഇവര്‍ സംഭരിക്കുന്ന നെല്ല് പാലക്കാട്ട് കൊണ്ടുപോയി അരിയാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഈ വര്‍ഷം കര്‍ഷകരില്‍നിന്ന് കിലോയ്ക്കു 55 രൂപ നിരക്കില്‍ നൂറു ക്വിന്റല്‍ നെല്ല് കോരമ്പാടം ബാങ്ക് സംഭരിച്ചിട്ടുണ്ട്. ബാങ്കിന്റെ നെല്ല് സംഭരണശേഷി നിലവിലെ നെല്ല് ഉല്‍പ്പാദനവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. അതിനാല്‍ നെല്ല് ഘട്ടംഘട്ടമായി മാത്രമേ സംഭരിക്കാന്‍ കഴിയുന്നുള്ളൂ. സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഫണ്ട് ( എ.ഐ.എഫ് ) പദ്ധതിപ്രകാരം ഗോഡൗണ്‍ നിര്‍മാണത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
എറണാകുളം പറവൂര്‍ താലൂക്കിലെ പള്ളിയാക്കല്‍ സര്‍വീസ് സഹകരണ ബാങ്ക്, പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്ക്, വടക്കേക്കര സര്‍വീസ് സഹകരണ ബാങ്ക് എന്നീ സംഘങ്ങള്‍ സ്വന്തം നിലയില്‍ പൊക്കാളിക്കൃഷി നടത്തുകയും പൊക്കാളിനെല്ല് കര്‍ഷകരില്‍നിന്നു സംഭരിക്കുകയും ചെയ്യുന്നുണ്ട്. പള്ളിയാക്കല്‍ ബാങ്ക് പൊക്കാളി നെല്ലുല്‍പ്പന്നങ്ങള്‍ കോ-ഓപ് മാര്‍ട്ട് വഴിയാണു വില്‍പ്പന നടത്തുന്നത്. പൊക്കാളിക്കൃഷിയുടെ ചെലവ് ഉയര്‍ന്നതാകയാല്‍ കര്‍ഷകര്‍ക്കു കൃഷിയിലുള്ള താല്‍പ്പര്യം കുറയുന്നു. ഇതൊഴിവാക്കാന്‍ നെല്ലിന് അടിസ്ഥാനവില നിശ്ചയിച്ചു സപ്ലൈകോ വഴി സംഭരിക്കാവുന്നതാണ്. പൊക്കാളി നെല്‍ക്കൃഷി നടത്തുന്ന പ്രദേശങ്ങളിലെ സഹകരണസംഘങ്ങളുടെ ഒരു കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് അരിസംഭരണം നടത്താന്‍ സര്‍ക്കാരിനു നിര്‍ദേശിക്കാവുന്നതാണ്. ഇപ്രകാരം കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ സഹകരണസംഘങ്ങള്‍ക്കു താല്‍പ്പര്യമുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. സഹകരണസംഘങ്ങളുടെ കണ്‍സോര്‍ഷ്യത്തിനു സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, കോ-ഓപ് മാര്‍ട്ട് എന്നിവിടങ്ങളിലൂടെ പൊക്കാളിനെല്ലിന്റെ സംഭരണവും വിപണനവും നടത്താവുന്നതാണ്. ഇതു പൊക്കാളിക്കര്‍ഷകര്‍ക്ക് ആശ്വാസമാവുകയും നെല്ലുല്‍പ്പാദനം വര്‍ധിക്കുകയും ചെയ്യും – ഇതാണു രജിസ്ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പൊക്കാളി
വെറും അരിയല്ല
നെല്ല് സംഭരണത്തിനുള്ള പ്രധാന ഏജന്‍സി സപ്ലൈകോയാണ്. എല്ലാ നെല്ലിനെയും ഒറ്റവിഭാഗമായാണു സപ്ലൈകോ പരിഗണിക്കുന്നത് എന്നതാണു പൊക്കാളി നേരിടുന്ന പ്രധാനപ്രശ്‌നം. അതുകൊണ്ടാണ് ഉല്‍പ്പാദനച്ചെലവിനനുസരിച്ച് 60 രൂപയെങ്കിലും ലഭിക്കേണ്ട പൊക്കാളിക്ക് 28.50 രൂപ നല്‍കി സപ്ലൈകോ സംഭരിക്കുന്നത്. ഇതു മാറണമെങ്കില്‍ പൊക്കാളി വെറും ഒരു നെല്ലിനമല്ലെന്ന ബോധ്യമാണ് ആദ്യം ഉണ്ടാകേണ്ടത്. 2008 ല്‍ ഭൗമസൂചികാ പദവി ( ജി.ഐ. ടാഗ് ) ലഭിച്ച പൊക്കാളി ആഗോളതലത്തില്‍ത്തന്നെ വളരെയധികം പ്രാധാന്യം കൈവന്നിട്ടുള്ള നെല്ലിനമാണ്. ഈ കൃഷിരീതിക്കും വിതയ്ക്കുന്ന വിത്തിനും കൃഷിനിലത്തിനുമെല്ലാം പൊക്കാളി എന്നുതന്നെയാണു പേര്. ലവണപ്രതിരോധ ശക്തിയും അമ്ലത്വ സഹനശക്തിയുമുള്ള നെല്ലിനമാണു പൊക്കാളി. ഇതിനു പൂര്‍ണമായും ജൈവക്കൃഷിരീതിയാണുപയോഗിക്കുന്നത്. ഉപ്പുരസവും ഉയര്‍ന്ന ജലനിരപ്പും വെള്ളപ്പൊക്കവും ഒരുപരിധി വരെ കാലാവസ്ഥാവ്യതിയാനവും അതിജീവിച്ചു വളരാന്‍ ഇവയ്ക്കു കഴിയും.
ഉയര്‍ന്ന തോതില്‍ ഔഷധഗുണങ്ങളുള്ള നെല്ലിനമാണു പൊക്കാളി. വൈറ്റമിന്‍-ഇ, ആന്റി ഓക്‌സിഡന്റുകള്‍, ബോറോണ്‍, ഇരുമ്പ്, സള്‍ഫര്‍ തുടങ്ങിയ ധാതുക്കളും പൊക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, 0.46 ശതമാനം ഫൈബറുകളാലും 7.77 ശതമാനം പ്രോട്ടീനാലും 2027.7 ശതമാനം അമൈലേസിനാലും സമ്പന്നമാണ്. 2.77 ശതമാനമാണു പൊക്കാളിയില്‍ രേഖപ്പെടുത്തിയിട്ടുള്ള ജലാംശത്തിന്റെ അളവ്. ഏകദേശം 9.18 ശതമാനത്തോളം പ്രകൃതിദത്ത എണ്ണയും ഇതിലടങ്ങിയിട്ടുണ്ട്. ഹെമറോയ്ഡുകളും ദഹനനാളത്തിന്റെ തകരാറുകളും ചികിത്സിക്കാന്‍ ഇവ നല്ലതാണ്. പൊക്കാളിയരിയുടെ കഞ്ഞിവെള്ളം കോളറരോഗികള്‍ക്ക് ഉത്തമമാണ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറവായതുകൊണ്ടു പ്രമേഹമുള്ളവര്‍ക്കും ഈ അരി ശുപാര്‍ശ ചെയ്യുന്നു.
പൊക്കാളി കൃഷിരീതിയും പോഷകഗുണമുള്ള അരിയും ജനങ്ങളിലേക്ക് എത്തിക്കേണ്ടത് അനിവാര്യമാണ്. ഒരു യൂണിറ്റ് ഏരിയയില്‍ നിന്നു കര്‍ഷകനു ലഭിക്കുന്ന വരുമാനം കൂട്ടിയാല്‍ കര്‍ഷകരെ ഈ കൃഷിരീതിയിലേക്കു തിരികെ കൊണ്ടുവരാനാകും. പൊക്കാളിയുടെ ജൈവക്കൃഷിരീതിയും ഔഷധഗുണവും പോഷകസമൃദ്ധിയും ഭൂപ്രദേശ സൂചികപോലുള്ള മറ്റു പ്രത്യേകതകളും ജനങ്ങളിലെത്തിക്കാനും വിപണിയില്‍ കൂടുതല്‍ ഇടപെടല്‍ നടത്താനും കഴിയണം. അതിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കൂടുതല്‍ നടപടികള്‍ ഉണ്ടാകേണ്ടതാണ്. ഉല്‍പ്പാദിപ്പിക്കുന്ന ചരക്കുകളുടെ വിലയും നെല്ല് സംഭരണവിലയും ഉയര്‍ത്തേണ്ടതാണ്. തനതായ രീതിയോടൊപ്പം, മത്സ്യക്കൃഷി കൂടി ഉള്‍പ്പെടുത്തുന്ന രീതിയും തിരഞ്ഞെടുക്കാവുന്നതാണ്. ഇവ മൊത്തം കൃഷി ലാഭകരമാക്കുന്നു. ഇതാണ് ഇനി സഹകരണ കണ്‍സോര്‍ഷ്യത്തിന് ഏറ്റെടുക്കാനുള്ളത്.
പൊക്കാളിയുടെ കയറ്റുമതിസാധ്യതകളും ഏറെയാണ്. പൊക്കാളിയുടെ കയറ്റുമതിക്ക് ആകര്‍ഷകമായ കയറ്റുമതിനയങ്ങള്‍ കൊണ്ടുവരുന്നത് ഈ മേഖലയ്ക്ക് ഉത്തേജനമാകും. വിദേശനാണ്യവരുമാനം വര്‍ധിക്കുകയും ചെയ്യും. നെല്ലായും അരിയായും അവലായും അരിപ്പൊടിയായുമെല്ലാം പൊക്കാളിവിപണി വിപുലമാകുന്നതിനോടൊപ്പം നെല്ലുല്‍പ്പാദനവും കൂടേണ്ടതുണ്ട്. അതിനായി നിലങ്ങള്‍ വേണ്ടരീതിയില്‍ കൃഷിയോഗ്യമാക്കേണ്ടതും തകര്‍ന്നുകിടക്കുന്ന ബണ്ടുകളും തൂമ്പുകളും ( സ്ലൂയിസ് ഗേറ്റ് ) പുനര്‍നിര്‍മിക്കേണ്ടതും അനിവാര്യമാണ്. ഒപ്പം, കര്‍ഷകര്‍ക്കും താല്‍പ്പര്യമുള്ളവര്‍ക്കും വേണ്ട പഠനക്ലാസുകള്‍ നല്‍കി കൃഷിയെ നല്ലരീതിയില്‍ ഉയര്‍ത്തിക്കൊണ്ടുവരാം. ഇന്‍ഷുറന്‍സ് പദ്ധതികളും ഉള്‍പ്പെടുത്താവുന്നതാണ്.
പൊക്കാളിയുടെ
ടൂറിസംസാധ്യതകള്‍
പൊക്കാളിക്കൃഷിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇടപെട്ട സഹകരണസ്ഥാപനമാണു പള്ളിയാക്കല്‍ സഹകരണ ബാങ്ക്. കൃഷിയില്‍നിന്നുള്ള വരുമാനം ഉറപ്പാക്കുന്നതിനൊപ്പം, ഈ മേഖലയിലെ ടൂറിസംസാധ്യത കൂടി തിരിച്ചറിയാന്‍ പള്ളിയാക്കല്‍ ബാങ്കിനു കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ഉത്തരവാദിത്വ ടൂറിസംപദ്ധതിക്കു സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്ന ഘട്ടത്തില്‍ പള്ളിയാക്കലിന്റെ കാഴ്ചപ്പാടിന് ഏറെ പ്രാധാന്യമുണ്ട്. വിളയുടെ അടിസ്ഥാനത്തില്‍ ക്ലസ്റ്ററുകളാക്കി കര്‍ഷകരെ ഒന്നിപ്പിച്ച്, പലതരം കൃഷികള്‍ ഒരു മേഖലയിലേക്കു വ്യാപിപ്പിക്കുന്ന രീതിയാണു പള്ളിയാക്കല്‍ സ്വീകരിച്ചത്. ഇതിലേക്കു ഗ്രാമീണ ടൂറിസംപദ്ധതികൂടി കൊണ്ടുവരാനാണ് അവര്‍ ശ്രമിക്കുന്നത്. തോണിയാത്രയും കര്‍ഷകവീടുകളിലെ താമസവും പൊക്കാളി കൃഷിയിടത്തില്‍നിന്നു നേരിട്ട് വിളകള്‍ എടുത്തുള്ള ഭക്ഷണവുമെല്ലാം ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കും. ഇതിനുള്ള പദ്ധതികൂടി സഹകരണ കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമാക്കാനായാല്‍ അതു വലിയ വരുമാനവര്‍ധനവിനു വഴിയൊരുക്കും.
കടമക്കുടി വില്ലേജ് ഫെസ്റ്റിവെലില്‍ ആളുകളെ ഏറെ ആകര്‍ഷിച്ചതു പൊക്കാളി വിളവെടുപ്പായിരുന്നു. പൊക്കാളിയുടെ ചരിത്രം കേരളത്തിന്റെ കാര്‍ഷികവികസനത്തിന്റെകൂടി ചരിത്രമാണ്. ഓരുവെള്ളക്കെട്ടാണു പൊക്കാളിനിലങ്ങളുടെ തനിമ. തികച്ചും കാലാവസ്ഥയെ ആശ്രയിച്ച് ഇടവപ്പാതിക്കാലത്തു കൃഷിയിറക്കുന്ന പൊക്കാളിനിലങ്ങള്‍ മറ്റൊരു സമയത്തും നെല്‍ക്കൃഷിക്കു യോഗ്യമല്ല. ആറു മാസം നെല്ലും ആറു മാസം ചെമ്മീന്‍ കൃഷിയും ചെയ്യുന്നതാണു പാടങ്ങളില്‍ തുടര്‍ന്നുവരുന്ന സമ്പ്രദായം. ഏപ്രിലില്‍ വിഷുവോടെയാണു നെല്‍ക്കൃഷിയുടെ ഒരുക്കങ്ങള്‍ പൊക്കാളിപ്പാടത്ത് ആരംഭിക്കുന്നത്. നിലമൊരുക്കുക എന്നതാണ് ആദ്യപടി. വെള്ളം തടഞ്ഞുനിര്‍ത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായി ബണ്ടുകളും തൂമ്പുകളും പൊക്കാളിപ്പാടങ്ങളിലുണ്ട്. ഏപ്രിലാകുന്നതോടെ ഇവയെ ശക്തിപ്പെടുത്തും.
കൊയ്ത്തു നടക്കുന്ന സമയത്തു പലപ്പോഴും നെഞ്ചോളം വെള്ളമുണ്ടാകും പാടത്ത്. വിളവെടുക്കാന്‍നേരം ചെടിയുടെ മുകളില്‍ നിന്ന് 30-35 സെന്റിമീറ്റര്‍ താഴെയിറക്കിയാണു വെട്ടുക. ചെടിയുടെ ബാക്കിഭാഗം വെള്ളത്തില്‍ത്തന്നെ നിര്‍ത്തും. കൊയ്ത്തു നടക്കുമ്പോള്‍ കരയില്‍ കതിര് മെതിക്കാനുള്ള നിലമൊരുക്കിയിട്ടുണ്ടാകും. നെല്ല് വേര്‍തിരിക്കാന്‍ ആദ്യം കൊയ്‌തെടുത്തതത്രയും കെട്ടുകളാക്കും. എന്നിട്ട് മൂപ്പനു കാക്കക്കല്ല്, കാക്കക്കല്ലുമോതിരം, കതിരിച്ചെട്ട എന്നിങ്ങനെ ഓരോ പേരു വിളിച്ചു മെതിക്കുന്നവര്‍ക്കു കൊടുക്കും. ‘ പൊലിവാ പൊലി ‘ എന്നു പറഞ്ഞ് ആദ്യത്തെ മെതിക്കല്‍ നടത്തുന്നതു മൂപ്പന്‍തന്നെയാണ്. വിളവെടുത്ത കറ്റകള്‍ നിലത്തിട്ടു കാലുകൊണ്ടു ചവിട്ടിയും തിരുമ്മിയും നെല്ലിനെ വേര്‍തിരിക്കും. വട്ടത്തില്‍ തിരിച്ചുകൊണ്ടായിരിക്കും ഈ പ്രക്രിയ. നെല്ലിലെ പാല്‍ കൃത്യമായി പരക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഏറ്റവും ഒടുവിലായി ചെയ്യുന്ന ചേറ്റലോടെ നെല്‍ക്കൃഷിയുടെ പരിപാടികളെല്ലാം അവസാനിക്കുന്നു. നെല്‍ക്കൃഷി കഴിയുന്നതോടെ നിലങ്ങളില്‍ ഉപ്പുരസം വര്‍ധിക്കുകയും ബാക്കിയുള്ള മാസങ്ങളില്‍ പൊക്കാളിനിലങ്ങള്‍ ചെമ്മീന്‍കെട്ടുകളായി മാറ്റുകയും ചെയ്യുന്നു. പ്രത്യേകതരം വെട്ടം ഉപയോഗിച്ച് ചെമ്മീന്‍കുഞ്ഞുങ്ങളെ പാടത്തേക്ക് ആകര്‍ഷിച്ചുകയറ്റി ഗേറ്റുകള്‍ അടയ്ക്കും. കൊയ്ത്തിനുശേഷം പാടത്തു കിടക്കുന്ന അവശിഷ്ടങ്ങളും ബാക്കി നിര്‍ത്തിയ തണ്ടുകളില്‍ വളരുന്ന സൂക്ഷ്മജീവികളും ചെമ്മീനുകള്‍ക്കു ഭക്ഷണമാകുന്നു. ചെമ്മീന്‍ വിളവെടുത്തുകഴിഞ്ഞാല്‍ വീണ്ടും നെല്‍ക്കൃഷിയാരംഭിക്കും.
ഒരു ഗ്രാമത്തിന്റെ ഉത്സവമാകുന്ന പൊക്കാളിയുടെ കൃഷിക്കാലം ടൂറിസത്തിന്റെ രീതിയിലേക്കു വഴിമാറ്റുകയെന്ന ദൗത്യം സഹകരണ കണ്‍സോര്‍ഷ്യത്തിന് ഏറ്റെടുക്കാനാകും. കൂടുതല്‍ ആള്‍ക്കാരെ ആകര്‍ഷിക്കുന്ന ഒന്നാണ് ഇക്കോ ഫ്രണ്ട്‌ലി, നേച്ചര്‍ ടൂറിസം എന്നിവ. കൃഷിയിടങ്ങളെയും കൃഷി രീതികളെയും ഉല്‍പ്പന്നങ്ങളെയും പരിചയപ്പെടുത്താന്‍ ഇതു വളരെ നല്ലതാണ്. മറ്റൊരു വരുമാനമാര്‍ഗവുമാണിത്. തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കാനും ഏറ്റവും മികച്ച രീതിയില്‍ അതിനെ ഉപയോഗിക്കാനും ഇതുമൂലം കഴിയും. പൊക്കാളിയെ സംബന്ധിച്ച ഗവേഷണസാധ്യതകള്‍ ഉയര്‍ന്നുവരുന്ന ഒരു കാലമാണിത്. ലോകത്തിന്റെയും രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളില്‍ കൃഷിപരീക്ഷണങ്ങള്‍ക്കായി പൊക്കാളി വിത്തുകള്‍ കൊണ്ടുപോകുന്നുണ്ട്. ഇതു പൊക്കാളിയുടെ കാര്‍ഷികടൂറിസം സാധ്യതയിലേക്കുകൂടി വഴിതെളിക്കും.
[mbzshare]