പുതുവര്‍ഷ ‘സ്വര്‍ണമഴ’യുമായി കയര്‍ഫെഡ്; ഒരുവീട്ടില്‍ ഒരു കയറുല്‍പ്പന്നം
കയറുല്‍പ്പന്നങ്ങള്‍ക്ക് വിപണിയൊരുക്കാന്‍ കാലോചിതമായ പരിഷ്‌കാര പദ്ധതി നടപ്പാക്കുകയാണ് സര്‍ക്കാര്‍. വിലക്കിഴിവും സമ്മാനങ്ങളും പ്രഖ്യാപിച്ച് ഒരു വീട്ടില്‍ ഒരു കയറുല്‍പ്പന്നം ഉറപ്പാക്കുകയാണ് ലക്ഷ്യം. പുതുവര്‍ഷത്തില്‍ 40 ശതമാനം കിഴിവും സ്വര്‍ണ സമ്മാനങ്ങളുമായി ‘പുതുവര്‍ഷ സ്വര്‍ണമഴ’ പദ്ധതിയാണ് സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുള്ളത്.
2,000 രൂപയോ അതിന് മുകളിലോ വിലയുള്ള കയര്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ വിലക്കിഴിവ് ലഭിക്കും. ഒരു കൂപ്പണില്‍ എം.ആര്‍.പി. വിലയില്‍ നിന്ന് 40 ശതമാനം കിഴിവാണ് നല്‍കുന്നത്. ഡിസ്‌കൗണ്ട് കിഴിച്ചുള്ള വിലയ്ക്ക് ഉപഭോക്താവ് ജി.എസ്.ടി. അടച്ചാല്‍ മതിയാകും. കയര്‍ഫെഡ് ഷോറൂമുകളില്‍ സ്വര്‍ണമഴ പദ്ധതിയില്‍ നറുക്കെടുപ്പിലൂടെ മറ്റ് സമ്മാനങ്ങളും നല്‍കും. താല്‍പ്പര്യമുള്ളവര്‍ക്ക് കയര്‍ ചാമ്പ്യന്‍ പദ്ധതിയില്‍ അംഗങ്ങളാകാം. പിടിക്കുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ച് ഇവര്‍ക്ക് ഇന്‍സെന്റീവ് ലഭിക്കും. 2022 ഡിസംബര്‍ 6 വരെയാണ് പദ്ധതി കാലാവധി.
മൂന്നു പവന്‍ തൂക്കം വരുന്ന സ്വര്‍ണപ്പതക്കമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം രണ്ടു പവന്‍ ഗോള്‍ഡ് കോയിന്‍, മൂന്നാം സമ്മാനം രണ്ടു പേര്‍ക്ക് ഓരോ പവന്‍ വീതമുള്ള പവന്‍ ഗോള്‍ഡ് കോയിന്‍ എന്നിങ്ങനെ നല്‍കും. സമാശ്വാസ സമ്മാനമായി ഒരു ഗ്രാം സ്വര്‍ണപ്പതക്കം നൂറു പേര്‍ക്ക് നല്‍കും. കയറുല്‍പ്പന്നങ്ങളുടെ വിപണനം വര്‍ദ്ധിപ്പിക്കുന്നതിനാണ് കയര്‍ഫെഡ് പുതുവര്‍ഷ സ്വര്‍ണമഴ പദ്ധതിയും കയര്‍ ചാമ്പ്യന്‍ പദ്ധതിയും ആവിഷ്‌കരിച്ചിരിക്കുന്നത്. ജനങ്ങളുടെ സഹകരണമുണ്ടായാല്‍ പദ്ധതി വിജയിപ്പിക്കാനാകുമെന്നാണ് മാനേജ്മെന്റിന്റെ വിശ്വാസം.
കയര്‍ ഭൂവസ്ത്ര നിര്‍മ്മാണം കയര്‍ മേഖലയില്‍ പുത്തനുണര്‍വ് സൃഷ്ടിച്ചെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, റെയില്‍വേ, പ്രതിരോധ മേഖല എന്നിവിടങ്ങളില്‍ കയര്‍ ഭൂവസ്ത്രത്തിന്റെ സാധ്യത ആരാഞ്ഞിട്ടുണ്ട്. ചകിരി ഉല്‍പ്പാദനത്തില്‍ സംസ്ഥാനം ഏറെ മുന്നിലെത്തി. നമുക്കുവേണ്ട ചകിരിയുടെ 48 ശതമാനവും ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളിലും വൈവിദ്ധ്യവത്കരണത്തിലുമാണ് ഇനി ശ്രദ്ധിക്കേണ്ടത്. ആഭ്യന്തര വിപണി കൂടുതല്‍ വിപുലപ്പെടുത്തണം. പരമ്പരാഗത വ്യവസായങ്ങള്‍ക്കായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ രൂപീകരിക്കുന്നതിനുള്ള നടപടികളായി. കയറുല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ പരമ്പരാഗത മേഖലയെ ആശ്രയിക്കുന്ന തൊഴിലാളികള്‍ക്ക് താങ്ങാവുകയാണെന്ന് ഓര്‍ക്കണമെന്നും മന്ത്രി പറഞ്ഞു.