പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര അര്‍ബന്‍ ബാങ്കിനു സംഭവിച്ചത്
സ്റ്റാഫ് പ്രതിനിധി
പാപ്പര്‍ നടപടി നേരിടുന്ന എച്ച്.ഡി.ഐ.എല്ലിന് മാനദണ്ഡം ലംഘിച്ച് വായ്പ കൊടുത്തതാണ് പി.എം.സി. ബാങ്കിനെ കുടുക്കിയത്. നിഷ്‌ക്രിയ ആസ്തി മറച്ചുവെച്ച് വായ്പ അനുവദിച്ചതു വഴി 4335 കോടി രൂപയുടെ നഷ്ടമാണ് ഈ സഹകരണ അര്‍ബന്‍ ബാങ്കിനുണ്ടായത്. നൂറു കോടിയോളം രൂപ ലാഭമുണ്ടായിരുന്ന പി.എം.സി. ബാങ്ക് പ്രതിസന്ധിയിലേക്ക് വീണതെങ്ങനെ?
പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ ബാങ്ക് ( PMC Bank ) ഇന്ന് ഒരു ധനകാര്യ സ്ഥാപനത്തിന് സംഭവിക്കാനിടയുള്ള വലിയ പതനത്തിന്റെ പ്രതിരൂപമാണ്. ബാങ്കിങ് മേഖലയില്‍ ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ സാമ്പത്തിക ക്രമക്കേടാണ് പി.എം.സി. ബാങ്കിലേതെന്നാണ് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. മലയാളിയായ ജോയ് തോമസ് ആണ് ഈ ബാങ്കിന്റെ മാനേജിങ് ഡയരക്ടര്‍. ഒരു സഹകരണ സ്ഥാപനമാണ് പി.എം.സി. ബാങ്ക്. എന്താണ് ഈ ബാങ്കിനു സംഭവിച്ചത്?
മാനദണ്ഡങ്ങള്‍ ലംഘിച്ചു
റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ളതാണ് പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ അര്‍ബന്‍ ബാങ്ക്. മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക, ഗോവ, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണു ബാങ്കിന് ശാഖകളുള്ളത്. 1984ല്‍ പ്രവര്‍ത്തനമാരംഭിച്ച ബാങ്കിനു 137 ശാഖകളുണ്ട്. 2019 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 11,617 കോടി രൂപ നിക്ഷേപമുണ്ടായിരുന്നു ഈ ബാങ്കിന്. നിലവില്‍ പാപ്പര്‍ നടപടികളെ നേരിടുന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ഹൗസിംഗ് ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് (എച്ച്.ഡി.ഐ.എല്‍.) വന്‍തോതില്‍ വായ്പ നല്‍കാനായി റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ ലംഘിച്ചതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. ഇത് പിടിക്കപ്പെട്ടതോടെ റിസര്‍വ് ബാങ്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിക്ഷേപകര്‍ക്ക് ആയിരം രൂപ വരെ മാത്രം പിന്‍വലിക്കാനാണ് തുടക്കത്തില്‍ അനുമതി നല്‍കിയത്. അത് പിന്നീട് പതിനായിരമായും ഇരുപത്തിഅയ്യായിരമായും ഉയര്‍ത്തിയെങ്കിലും മറ്റ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ചിട്ടില്ല. പലവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ സ്വരുക്കൂട്ടിവെച്ച പണം അവര്‍ക്ക് ലഭിക്കാതായി. പലരും ബാങ്കിലെത്തി നിലവിളിച്ചു. അവരെ പോലീസിന് അടിച്ചോടിക്കേണ്ടിവന്നു. ഒരു സഹകരണ സ്ഥാപനത്തിലുണ്ടായിരുന്ന വിശ്വാസ്യതയാണ് ആ സ്ഥാപനത്തിന്റെ തലപ്പത്തുള്ളവരുടെ കെടുകാര്യസ്ഥതകൊണ്ട് ഒറ്റയടിക്ക് ഇല്ലാതായത്.
നിഷ്‌ക്രിയ ആസ്തി മറച്ചുവെച്ച് വായ്പ അനുവദിച്ചതിലൂടെ 4,335 കോടി രൂപയുടെ നഷ്ടം ബാങ്കിനുണ്ടായെന്നാണ് കണക്കാക്കുന്നത്. ചേരി വികസന പദ്ധതികളുടെ നടത്തിപ്പിലൂടെ ശ്രദ്ധ നേടിയ എച്ച്.ഡി.ഐ.എല്ലുമായി ബന്ധപ്പെട്ട നിഷ്‌ക്രിയ ആസ്തി മറയ്ക്കാനായി 21,049 വ്യാജ അക്കൗണ്ടുകള്‍ പി.എം.സി. ബാങ്ക് ഉണ്ടാക്കിയതിന്റെ തെളിവുകള്‍ പൊലീസ് പിടിച്ചെടുത്തു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബാങ്ക് മാനേജിങ് ഡയരക്ടര്‍ ജോയ് തോമസ് ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് ആറ് മാസത്തേക്ക് വായ്പ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇത് നിക്ഷേപകരില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. ബാങ്കിന്റെ മുന്‍ മേധാവികള്‍ക്കെതിരെയും എച്ച്.ഡി.എല്ലിന്റെ പ്രൊമോട്ടര്‍മാര്‍ക്കെതിരെയും വഞ്ചനക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും നല്‍കിയിട്ടുണ്ട്. എന്നാല്‍, പി.എം.സി.ബി. നിക്ഷേപകര്‍ക്ക് അവരുടെ പണം സുരക്ഷിതമാണെന്ന് ഉറപ്പുനല്‍കാന്‍ ഇതുകൊണ്ടൊന്നും സാധിക്കുന്നില്ല എന്നതാണ് വാസ്തവം.
അനുമോദനം, പിന്നാലെ നിയന്ത്രണം
കണക്കില്‍ നിഷ്‌ക്രിയ ആസ്തി വളരെ കുറഞ്ഞ, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കായിരുന്നു പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ അര്‍ബന്‍ ബാങ്ക്. 2019 സെപ്റ്റംബര്‍ ഏഴിന് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 20,000 കോടി രൂപയുടെ ബിസിനസും 100 കോടിയോളം രൂപയുടെ ലാഭവുമാണ് ബാങ്കിനുണ്ടായിരുന്നത്. ബാങ്കിന്റെ പൊതുയോഗത്തില്‍ എല്ലാവരും ഈ പ്രവര്‍ത്തനത്തെ അനുമോദിച്ച് ബാങ്ക് ജീവനക്കാര്‍ക്ക് കൈയടി നല്‍കി. പക്ഷേ, സെപ്റ്റംബര്‍ 24ന് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം വന്നു. അഡ്മിനിസ്‌ട്രേറ്ററെ നിയോഗിച്ച് ബാങ്കിന്റെ ഭരണം ആര്‍.ബി.ഐ. നിയന്ത്രണത്തിലാക്കി. എന്താണ് സംഭവിക്കുന്നതെന്നുപോലും ആര്‍ക്കും മനസ്സിലായില്ല. ആറുമാസത്തേക്ക് ഇടപാടുകള്‍ക്ക് വിലക്ക് വന്നു. ആയിരം രൂപയിലധികം പിന്‍വലിക്കാനാവാത്ത സ്ഥിതി. നിക്ഷേപകര്‍ പരക്കം പാഞ്ഞു. പലരും ബാങ്കിലേക്ക് തള്ളിയെത്തി ബഹളം വെച്ചു. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണമാണ് ഒന്നും ചെയ്യാനാവില്ലെന്നു ജീവനക്കാര്‍ കൈമലര്‍ത്തി. സമ്മര്‍ദ്ദം താങ്ങാനാവാതെ ജീവനക്കാരും നിക്ഷേപകരും തളര്‍ന്നുവീണു. ബാങ്കിന്റെ എല്ലാശാഖകളിലും പോലീസിന്റെ കാവല്‍ ഏര്‍പ്പെടുത്തി. പിന്നീട് പുറത്തുവന്ന വാര്‍ത്തകളെല്ലാം വന്‍തട്ടിപ്പിന്റെതായിരുന്നു.
പി.എം.സി. ബാങ്കിന്റെ നടത്തിപ്പിനായി റിസര്‍വ് ബാങ്ക് നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റര്‍ മുന്‍ മാനേജ്‌മെന്റിന്റെ സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് കേസെടുത്തത്. കിട്ടാക്കടങ്ങള്‍ മറച്ചുവെച്ച് ഒരു പതിറ്റാണ്ടായി പി.എം.സി. ബാങ്ക് റിസര്‍വ് ബാങ്കിനെ കബളിപ്പിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ബാങ്കില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന ചില വിവരങ്ങള്‍ ജീവനക്കാരില്‍നിന്ന് തന്നെയാണ് പുറത്തുവന്നത്. ഓഡിറ്റ് പരിശോധനയില്‍പ്പോലും പിടിക്കപ്പെടാത്ത ക്രമക്കേടുകളാണ് നടന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ 17 ന് റിസര്‍വ് ബാങ്കിന് ഒരു കത്ത് ലഭിച്ചു. എന്നാല്‍, ഇതിലുള്ള വിവരങ്ങള്‍ വിശ്വസനീയമാണെന്ന് ആര്‍.ബി.ഐ. കരുതിയിരുന്നില്ല. എങ്കിലും, ഒരു പരിശോധന നടത്താന്‍ തയാറായി. ബാങ്കിന്റെ കണക്കുകള്‍ പരിശോധിച്ചപ്പോഴും പെട്ടെന്ന പിടിക്കപ്പെടുന്ന കുറ്റങ്ങള്‍ ഒന്നും ശ്രദ്ധയില്‍പ്പെട്ടില്ല. ഇതിനിടെയാണ് വായ്പ കൊടുത്തതിലേറെയും ഒരു കമ്പനിക്കാണെന്ന് കണ്ടെത്തിയത്. ഇതൊരു തുടക്കമായിരുന്നു. ഈ കമ്പനിക്ക് വായ്പ നല്‍കാന്‍ മരിച്ചുപോയവരുടെ പേരില്‍പ്പോലും അക്കൗണ്ടുകള്‍ തുറന്നതായി കണ്ടെത്തി. നിഷ്‌ക്രിയ ആസ്തി മറച്ചുവെക്കാന്‍ 21049 ബിനാമി അക്കൗണ്ടുകള്‍. ഇതോടെ കടുത്ത നടപടിയിലേക്ക് റിസര്‍വ് ബാങ്ക് നീങ്ങി.
അന്തംവിട്ട് നിക്ഷേപകര്‍
ബാങ്കില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലായിരുന്നു നിക്ഷേപകര്‍. നോട്ട് നിരോധന ഘട്ടത്തില്‍ കണ്ടതിനേക്കാള്‍ ദയനീയമായ അവസ്ഥ. പണം പിന്‍വലിക്കാനാവുന്നില്ലെന്നു മാത്രമല്ല, നിക്ഷേപിച്ച പണം നഷ്ടപ്പെടുമോയെന്ന ആശങ്കയും അവര്‍ക്കുണ്ടായിരുന്നു. നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ബാങ്ക് പെട്ടെന്ന് ഇല്ലാതായിപ്പോകുന്നുവെന്ന വാര്‍ത്ത അവരെ അമ്പരപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്തു. ബാങ്കില്‍ കള്ളത്തരം നടന്നിട്ടുണ്ടെങ്കില്‍ അത് പിടിക്കപ്പെടണം. അതിന് നിക്ഷേപകരെ എന്തിന് ബുദ്ധിമുട്ടിക്കണമെന്നായിരുന്നു ജനങ്ങളുടെ ചോദ്യം. അത് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതായി.
പി.എം.സി. യിലെ നിക്ഷേപകര്‍ ഡല്‍ഹിയിലെ റിസര്‍വ് ബാങ്ക് ആസ്ഥാനത്തിനു പുറത്ത് ധര്‍ണ നടത്തി. ആ ധര്‍ണക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരാധകനായ ഒരാള്‍ പൊട്ടിക്കരഞ്ഞ് അദ്ദേഹത്തെ പഴിച്ചു. ന്യൂസ് സെവന്‍ എന്ന ചാനലിന്റെ റിപ്പോര്‍ട്ടര്‍ക്കു മുന്നിലായിരുന്നു ഈ യുവാവിന്റെ പൊട്ടിക്കരച്ചില്‍. ‘എനിക്ക് വസ്തുവകകളൊന്നുമില്ല. വാടകവീട്ടിലാണ് താമസിക്കുന്നത്. പത്തു വര്‍ഷത്തോളമായി ഉള്ളതൊക്കെ ഒരുക്കൂട്ടി വെച്ചാണ് ഞാന്‍ ബാങ്കില്‍ നിക്ഷേപിച്ചത്. പി.എം.സി. ബാങ്ക് തകര്‍ന്നുപോകുന്നതു വരെ റിസര്‍വ് ബാങ്ക് എന്തുകൊണ്ട് നോക്കിയിരുന്നുവെന്ന് പ്രധാനമന്ത്രി ചോദിക്കണമായിരുന്നു. അങ്ങ് എന്തിനാണ് ജനങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്- അദ്ദേഹം വിളിച്ചുപറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിലൊന്നാണ് റിസര്‍വ് ബാങ്കിന്റെ നടപടി നേരിടുന്ന പി.എം.സി. ബാങ്ക്. വ്യക്തിഗത അക്കൗണ്ടുകള്‍ മാത്രമല്ല പി.എം.സി. ബാങ്കിലുണ്ടായിരുന്നത്. നിരവധി സഹകരണ സംഘങ്ങളുടെ അക്കൗണ്ടും ഈ ബാങ്കിലായിരുന്നു. അതില്‍ റിസര്‍വ് ബാങ്ക് എംപ്ലോയീസ് സഹകരണ സംഘവും ഉള്‍പ്പെടും. 1754 സഹകരണ വായ്പാ സൊസൈറ്റികളുടെയും 216 അര്‍ബന്‍ സഹകരണ ബാങ്കുകളുടെയും 15,000 സഹകരണ ഹൗസിംഗ് സൊസൈറ്റികളുടെയും അക്കൗണ്ടുകള്‍ ഈ ബാങ്കിലുണ്ട്. ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും അത് ചെറിയ ശതമാനം നിക്ഷേപകര്‍ക്കു മാത്രമേ ആശ്വാസം പകരുകയുള്ളൂ. പി.എം.സി. ബാങ്ക് തകരാനിടയായാല്‍ അത് ഒട്ടേറെ സഹകരണ സംഘങ്ങളൂടെ കൂടി തകര്‍ച്ചയായിരിക്കും.
ബാങ്ക് ചെയര്‍മാന്‍ വാര്യം സിംഗിനും എം.ഡി ജോയ് തോമസിനും എതിരേ ചുമത്തിയിരിക്കുന്നത് വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ്. എച്ച്.ഡി.ഐ.എല്‍. പ്രൊമോട്ടര്‍മാരായ രാകേഷ് കുമാര്‍ വാധവാന്‍, സാരംഗ് വാധവാന്‍ എന്നിവരാണ് മുഖ്യ പ്രതികള്‍. മാനജിങ് ഡയരക്ടറടക്കം അറസ്റ്റിലായി. 17 പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം അവസാനിക്കുന്നതോടെ എല്ലാ പ്രവര്‍ത്തനവും സുഗമമായി നടക്കുമെന്നും ആര്‍ക്കും പണം നഷ്ടപ്പെടില്ലെന്നുമെല്ലാം ബാങ്ക് അധികൃതര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും ഇതുകൊണ്ടൊന്നും ജനവിശ്വാസം വീണ്ടെടുക്കാനായിട്ടില്ല.
ബാങ്കും റിയല്‍എസ്റ്റേറ്റ് കമ്പനിയും
മുംബൈ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് എച്ച്.ഡി.ഐ.എല്‍. കടക്കെണിയിലായ ഈ കമ്പനിയുടെ മാനേജിംഗ് ഡയരക്ടര്‍ കൂടിയാണിപ്പോള്‍ അറസ്റ്റിലായ സാരംഗ് വാധവാന്‍. എച്ച്.ഡി.ഐ.എല്‍. കമ്പനിയുടെ പ്രൊമോട്ടര്‍മാരായ വാധാവന്‍ കുടുംബത്തിന്റെ സ്വന്തം ബാങ്കായാണ് പി.എം.സി. മിക്കവാറും പ്രവര്‍ത്തിച്ചുപോന്നിരുന്നതെന്ന് ബാങ്ക് മാനേജിങ് ഡയരക്ടര്‍ ജോയ് തോമസ് റിസര്‍വ് ബാങ്ക് അധികൃതര്‍ക്കു നല്‍കിയ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ബാങ്കിനെ നല്ല നിലയിലെത്തിക്കാനായത് ഈ കുടുംബത്തിന്റെ പിന്തുണയാലാണ്. പ്രതിസന്ധികളില്‍ അവര്‍ ബാങ്കിനെ വലിയ നിക്ഷേപങ്ങളിലൂടെ സഹായിച്ചു.
2004 ല്‍ ബാങ്ക് വലിയൊരു വിപത്തു നേരിട്ടപ്പോള്‍, രാകേഷ് കുമാര്‍ വാധവാന്‍ 100 കോടി രൂപ നിക്ഷേപിച്ചു. താമസിയാതെ, ബാങ്കിന്റെ 60 ശതമാനം ഇടപാടുകളും എച്ച.്ഡി.ഐ.എല്‍. ഗ്രൂപ്പുമായി മാത്രമായി. രാകേഷ് കുമാര്‍ വാധവാന്‍ ബാങ്കുമായി ബാങ്കിങ് ആരംഭിച്ച കാലം മുതല്‍ അദ്ദേഹത്തിന്റെ എല്ലാ അക്കൗണ്ടുകളുടെയും പ്രകടനം മികച്ചതായിരുന്നു. കാലാകാലങ്ങളില്‍ ഈ അക്കൗണ്ടുകള്‍ ഓവര്‍ ഡ്രോ ചെയ്യപ്പെടുമെങ്കിലും യഥാസമയം റെഗുലറൈസ് ചെയ്തുപോന്നു. അവര്‍ എടുത്ത വായ്പകള്‍ക്ക് 18.24 ശതമാനം പലിശ ഈടാക്കിയിരുന്നതിലൂടെ ബാങ്ക് വളര്‍ന്നു. ഓഡിറ്റര്‍മാരുടെ അശ്രദ്ധയും റിസര്‍വ് ബാങ്കിന്റെ കര്‍ക്കശ നിലപാടുകളുമാണ് ബാങ്കിനെ കുരുക്കിലാക്കിയതെന്നും പി.എം.സി.ക്ക് ബോധ്യതകളേക്കാള്‍ പല മടങ്ങ് ആസ്തിയുള്ളതിനാല്‍ നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജോയ് തോമസിന്റെ കത്തില്‍ പറയുന്നു.
പരിധി ലംഘിച്ച വായ്പ
എച്ച്.ഡി.ഐ.എല്ലിനും ഉപകമ്പനികള്‍ക്കുമായി പി.എം.സി. ബാങ്ക് 44 വായ്പകളാണ് നല്‍കിയിട്ടുള്ളത്. ബാങ്ക് മൊത്തം നല്‍കിയ 8,800 കോടി വായ്പയുടെ 73 ശതമാനം വരുമിത്. ആര്‍.ബി.ഐ. മാനദണ്ഡം അനുസരിച്ച് ഒരു ഉപയോക്താവിന് നല്‍കാവുന്ന പരിധിയിലും പതിന്‍മടങ്ങ് കൂടുതലാണിത്. 1989 മുതല്‍ കമ്പനിക്ക് ബാങ്ക് വായ്പ നല്‍കുന്നുണ്ടെന്നും ജോയ് തോമസ് വ്യക്തമാക്കിയിട്ടുണ്ട്.
മുംബൈ വിമാനത്താവളത്തിനടുത്തുള്ള ചേരി പുനരധിവാസ പദ്ധതി റദ്ദായതോടെയാണ്് എച്ച്.ഡി.ഐ.എല്‍. പ്രതിസന്ധിയിലേക്കു നീങ്ങിത്തുടങ്ങിയത്. ആറ് വര്‍ഷം മുമ്പാണ് കമ്പനിയുടെ തിരിച്ചിറക്കം തുടങ്ങിയത്. തിരിച്ചടവ് മുടങ്ങിയപ്പോള്‍ ഉയര്‍ന്ന മൂല്യമുള്ള ഈ വായ്പകള്‍ 21,049 ചെറു അക്കൗണ്ടുകളിലാക്കി. ഈ അക്കൗണ്ടുകളുടെ വിവരമാണ് ആര്‍.ബി.ഐ.യില്‍ ഉള്‍പ്പെടെ ഓഡിറ്റിങ്ങിനായി നല്‍കിയത്. അതേസമയം, ഈ വിവരങ്ങള്‍ കോര്‍ ബാങ്കിങ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.
എമറാള്‍ഡ് റിയാല്‍റ്റേഴ്‌സ്, സഫയര്‍ ലാന്‍ഡ്, സോമര്‍സെറ്റ് കണ്‍സ്ട്രക്ഷന്‍, ആവാസ് ഡെവലപ്പേഴ്‌സ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ്, സത്യം റിയാല്‍റ്റേഴ്‌സ്, പൃഥ്വി റിയാല്‍റ്റേഴ്‌സ് തുടങ്ങിയ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ക്കും വായ്പ നല്‍കിയതായി രേഖകളിലുണ്ട്. ഇതില്‍ മിക്കതിനും ബാന്ദ്രയില്‍ എച്ച്.ഡി.ഐ.എല്‍. ഗ്രൂപ്പ് ഒരുക്കിയ ചേരി പുനരധിവാസ അഥോറിറ്റിയുടെ കെട്ടിടത്തിലെ വിലാസമാണ് നല്‍കിയിരിക്കുന്നത്. ഡയരക്ടര്‍മാരും ഒരേ പാനലില്‍നിന്നുള്ളവര്‍തന്നെ. അതേസമയം, എച്ച്.ഡി.ഐ.എല്‍. തന്നെയാണ് ഈ ഓഫീസുകള്‍ ഉപയോഗിച്ചിരുന്നത്. എച്ച്.ഡി.ഐ.എല്‍. ബോര്‍ഡ് അംഗമായ വാര്യം സിങ്ങിനെ 2015 ല്‍ ബാങ്കിന്റെ ചെയര്‍മാനായി നിയമിച്ചു. പെട്ടെന്നു വളരുകയായിരുന്നു ബാങ്കിന്റെ ലക്ഷ്യം. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ പാപ്പരത്ത നടപടികള്‍ നേരിടുമ്പോഴും എച്ച്.ഡി.ഐ.എല്ലിനു 96 കോടി രൂപ അനുവദിച്ചു.
പി.എം.സി.ക്ക് റിസര്‍വ് ബാങ്ക് ആറു മാസത്തേക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് നിക്ഷേപകര്‍ക്ക് പിന്‍വലിക്കാവുന്ന തുകയ്ക്ക പരിധി നിശ്ചയിച്ചത്. ആര്‍.ബി.ഐയുടെ സമ്മതം കൂടാതെ പുതിയ വായ്പകള്‍ നല്‍കാനോ അനുവദിക്കാനോ പുതുക്കാനോ നിക്ഷേപങ്ങള്‍ നടത്താനോ സാധിക്കില്ല. അതുപോലെ ജപ്തി, കടംവാങ്ങല്‍, നിക്ഷേപം സ്വീകരിക്കല്‍ എന്നിവയും നടക്കില്ല.
അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പൊലീസ് എച്ച്.ഡി.ഐ.എല്‍. ആസ്ഥാനത്തും പി.എം.സി.യുടെ ഭാണ്ഡൂപ് ശാഖയിലും പരിശോധന നടത്തി. വായ്പയുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. വിവിധ യോഗങ്ങളിലെ ചര്‍ച്ചയുമായി ബന്ധപ്പെട്ട വിവരങ്ങളും അഞ്ചു വര്‍ഷത്തെ ബാലന്‍സ് ഷീറ്റും ഓഡിറ്റ് റിപ്പോര്‍ട്ടുമെല്ലാം പിടിച്ചെടുത്തവയില്‍പ്പെടുന്നു. നിലവില്‍ രാജ്യത്തെ ഇരുപത്തഞ്ചോളം സഹകരണ ബാങ്കുകള്‍ ആര്‍.ബി.ഐ.യുടെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന്‍ കീഴിലായുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള ബാങ്കാണ് പി.എം.സി. പുതിയ സംഭവവികാസങ്ങളെത്തുടര്‍ന്ന് നിക്ഷേപകര്‍ പലയിടത്തും സംഘടിക്കുന്നുണ്ട്.
അവിശുദ്ധ കൂട്ടുകെട്ട്
രാഷ്ട്രീയ, ബാങ്ക് കോര്‍പ്പറേറ്റ് അവിശുദ്ധ കൂട്ടുകെട്ട് വളരെക്കാലമായി ഇന്ത്യന്‍ ബാങ്കിങ് മേഖലയെ ക്ഷതമേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. കോര്‍പ്പറേറ്റ് വമ്പന്മാരുടെ ആവശ്യങ്ങള്‍ സാധിച്ചു കൊടുത്ത് പകരം പ്രതിഫലം കൈപ്പറ്റുന്നതിനായി രഷ്ട്രീയക്കാര്‍ തങ്ങളുടെ സ്വാധീന ശക്തിയാല്‍ ബാങ്കുകളെ ഉപയോഗപ്പെടുത്തുന്നു. നിലവില്‍ പൊതുമേഖലാ ബാങ്കുകള്‍ എട്ട് ലക്ഷം കോടി രൂപയുടെ വായ്പ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇതില്‍ ഭൂരിഭാഗവും ‘രാഷ്ട്രീയക്കാര്‍ , ബാങ്കര്‍ , കോര്‍പ്പറേറ്റ്’ അവിശുദ്ധ ബന്ധത്തെത്തുടര്‍ന്നാണ് ഉണ്ടായിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 2018 ല്‍ 1,551 അര്‍ബന്‍ സഹകരണ ബാങ്കുകളാണുള്ളത്. 2004 ല്‍ ഇത് 1,926 ആയിരുന്നു. കോര്‍പ്പറേറ്റ് ഭരണം സ്വകാര്യ ബാങ്കുകളില്‍ ഗുരുതരമായ പ്രശ്‌നമാണെങ്കിലും സഹകരണ ബാങ്കിങ് മേഖലയില്‍ ഇത് ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നതും ഒരു ഗുരുതര പ്രശ്‌നമാണ്. ബാങ്കിന്റെ ഓഡിറ്റര്‍മാര്‍, റിസര്‍വ് ബാങ്ക്, സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവരുടെ അലംഭാവവും പി.എം.സി. ബാങ്ക് പ്രതിസന്ധിക്ക് കാരണമായി എന്നുവേണം കരുതാന്‍.
[mbzshare]