നെല്ല് സംഭരണത്തില്‍ സഹകരണ പങ്കാളിത്തം സംബന്ധിച്ച് തീരുമാനമായില്ല; സപ്ലൈകോ മാറില്ല
പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളിലൂടെ നെല്ല് സംഭരിച്ച് പണം നല്‍കാനുള്ള കാര്യത്തില്‍ തീരുമാനമായില്ല. നെല്ല് സംഭരണത്തിന്റെ നോഡല്‍ ഏജന്‍സിയായി സപ്ലൈകോ തന്നെ തുടരും. ഇത് നിലനിര്‍ത്തിക്കൊണ്ട് സഹകരണ സംഘങ്ങളെ സംഭരണ പങ്കാളിയാക്കുന്ന കാര്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. എന്നാല്‍, പ്രാഥമിക സഹകരണ ബാങ്കുകള്‍ കര്‍ഷകര്‍ക്ക് പണം നല്‍കിയാല്‍ അതിന്റെ തിരിച്ചടവ് ആര് ഉറപ്പുവരുത്തും എന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. മന്ത്രിസഭ ഉപസമിതിയിലും ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കാനായില്ല.
നെല്ല് സംഭരിച്ച് കഴിഞ്ഞാല്‍ കര്‍ഷകന് ഉടന്‍ പണം ലഭ്യമാക്കാനാണ് സഹകരണ സംഘങ്ങളെ ഇതിന്റെ ഭാഗമാക്കുന്നത്. നിലവില്‍ സപ്ലൈകോയ്ക്ക് പണം നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്. നെല്ല് സംഭരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് പണം കിട്ടിയിരുന്നില്ല. നിലവിലെ കുടിശ്ശിക തീര്‍ക്കാതെ പുതിയ വായ്പ നല്‍കാനാകില്ലെന്ന് കേരളബാങ്കും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. 800 കോടിയോളം രൂപയാണ് നിലവില്‍ കേരളബാങ്കിനുള്ള കുടിശ്ശിക. ഇതിന് പുറമെ, പ്രാഥമിക ബാങ്കുകള്‍ വായ്പ നല്‍കിയാല്‍ അതിന്റെ തിരിച്ചടവ് ആര് ഉറപ്പാക്കുമെന്ന പ്രശ്‌നം അവരെയും അലട്ടുന്നുണ്ട്. ഇക്കാര്യത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഉറപ്പുനല്‍കണമെന്നാണ് സഹകാരികള്‍ ആവശ്യപ്പെടുന്നത്.
സഹകരണ ബാങ്കുകള്‍ നെല്ല് സംഭരിച്ചാല്‍ അത് സൂക്ഷിക്കാനുള്ള ഗോഡൗണ്‍ സംവിധാനം കുറവാണ്. നബാര്‍ഡിന്റെ കാര്‍ഷിക അടിസ്ഥാന സൗകര്യ നിധി ഉപയോഗിച്ച് പാലക്കാട്ടും ആലപ്പുഴയും നെല്ല് സംഭരണികള്‍ സ്ഥാപിക്കാനുള്ള പദ്ധതി സഹകരണ സംഘം രജിസ്ട്രാര്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍, ഈ പദ്ധതി കേരളബാങ്ക് അംഗീകരിച്ചിട്ടില്ല. അതിനാല്‍, നബാര്‍ഡില്‍നിന്ന് സഹായവും കിട്ടിയില്ല. സംഭരണശാലകള്‍ ഇല്ലാത്തതാണ് പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് നെല്ല് സംഭരണം ഏറ്റെടുക്കുന്നതിന് തടസ്സമാകുന്നത്.
നിലവിലെ വ്യവസ്ഥ അനുസരിച്ച് മില്ലുകള്‍ സഹകരിക്കാന്‍ തയ്യാറാവാത്തതും സംഭരണത്തെ കുഴക്കുന്നുണ്ട്. സഹകരണ സംഘങ്ങള്‍ മില്ലുകളുമായി ധാരണയുണ്ടാക്കി സംഭരണം നടത്തണമെന്നതാണ് ഒരു നിര്‍ദ്ദേശം. സപ്ലൈകോയുമായി ആകെ പത്ത് മില്ലുകളാണ് ധാരണയുണ്ടാക്കിയിട്ടുള്ളത്. ബാക്കിയെല്ലാമില്ലുകളും നിസ്സഹരണത്തിലാണ്. അതുകൊണ്ടാണ് ഈ ചുമതലയും സംഘങ്ങളെ ഏല്‍പിക്കാന്‍ ആലോചിക്കാന്‍ കാരണം.
100 കിലോ നെല്ല് നല്‍കിയാല്‍ 68കിലോ അരി തിരിച്ചുനല്‍കണമെന്നാണ് മില്ലുകളുമായുള്ള വ്യവസ്ഥ. 68 കിലോ അരി എന്നത് കേന്ദ്രത്തിന്റെ വ്യവസ്ഥയാണ്. ഇതില്‍ മാറ്റം വരുത്തരുതെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ എല്ലായിടത്തെ നെല്ലിനും ഇതേ അളവില്‍ നെല്ല് കിട്ടില്ലെന്നാണ് മില്ലുകള്‍ പറയുന്നത്. അതിനാല്‍ 64.5 കിലോ അരിയായി ഇത് കുറയ്ക്കണമെന്നാണ് മില്ലുകളുടെ ആവശ്യം. കഴിഞ്ഞവര്‍ഷം വരെ 64.5 കിലോ നിരക്കിലാണ് മില്ലുകള്‍ക്ക് നല്‍കിയത്. ഹൈക്കോടതി ഇടപെടലിന് ശേഷമാണ് ഇതില്‍ മാറ്റം വന്നത്. അരിയുടെ അളവില്‍ മാറ്റം വരുത്താതെ മില്ലുകളുമായി ധാരണയുണ്ടാക്കാനാകുമോയെന്നത് സഹകരണ സംഘങ്ങളുടെ സംശയം പ്രകടിപ്പിക്കുന്നുണ്ട്.