നെല്ല് സംഭരണത്തിന് കേരളബാങ്കില്‍നിന്ന് 1600 കോടി ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

moonamvazhi

നെൽക്കർഷകർക്ക് പണം ലഭ്യമാക്കാൻ സഹകരണ മേഖലയുടെ ഇടപെടലിന് സർക്കാർ നിർദ്ദേശം നൽകി. സപ്ലൈക്കോയ്ക്ക് നെല്ല് നൽകിയ കർഷകർക്ക് വേഗത്തിൽ പണം നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. 1600 കോടിരൂപയാണ് അടുത്തതവണ നെല്ല് സംഭരിക്കണമെങ്കിൽ സപ്ലൈക്കോയ്ക്ക് വേണ്ടത്. ഇതിനുള്ള പണം കേരളബാങ്കിൽനിന്ന് വായ്പയായി നൽകാനാണ് നിർദ്ദേശം.

നെല്ല് സംഭരിച്ച വകയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സപ്ലൈയ്‌കോയ്ക്ക് പണം നല്‍കാനുണ്ട്. ബാങ്കുകളില്‍നിന്ന് വായ്പ എടുത്താണ് സപ്ലൈയ്‌കോ കര്‍ഷകര്‍ക്ക് പണം നല്‍കുന്നത്. സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക കൂടിയതോടെ കര്‍ഷകര്‍ക്ക് സപ്ലൈയ്‌കോ പണം നല്‍കുന്നതും മുടങ്ങി. ഇതോടെയാണ് കേരളബാങ്കില്‍നിന്ന് അടിയന്തര വായ്പ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. വ്യാഴാഴ്ച മന്ത്രി ജി.ആര്‍. അനിലിന്റെ സാനിധ്യത്തില്‍ കേരളബാങ്ക് പ്രതിനിധികളുമായി ഓണ്‍ലൈനായി നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

കേരളബാങ്കില്‍നിന്ന് വായ്പ എടുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. വായ്പ അനുവദിക്കുന്നത് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഇതില്‍ തീരുമാനമുണ്ടായില്ല. പലിശനിരക്കിലെ വര്‍ദ്ധനവാണ് ഒരു പ്രധാന തടസ്സമായി നിന്നത്. വാണിജ്യ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് അതില്‍നിന്ന് സപ്ലൈയ്‌കോയ്ക്ക് വായ്പ ലഭ്യമാക്കാനായിരുന്നു ഭക്ഷ്യവകുപ്പ് ആലോചിച്ചിരുന്നത്. 6.9 ശതമാനം പലിശയ്ക്ക് വായ്പ നല്‍കാമെന്ന് കണ്‍സോര്‍ഷ്യം സമ്മതിച്ചിരുന്നു. കേരളബാങ്കില്‍നിന്ന് വായ്പയെടുക്കാമെന്ന സര്‍ക്കാര്‍ നിലപാടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചര്‍ച്ച നടന്നത്.

7.65 ശതമാനം പലിശയാണ് കേരളബാങ്ക് ആവശ്യപ്പെടുന്നത്. നിലവിൽ 750 കോടി രൂപയുടെ കുടിശ്ശിക സപ്ലൈകോയ്ക്ക് കേരളബാങ്കിലുണ്ട്. ഇതിന് പുറമെയാണ് അടുത്ത സീസണിൽ നെല്ല് സംഭരിക്കാൻ ആവശ്യമായ 1600 കോടിരൂപകൂടി വേണ്ടിവരുന്നത്. ഇക്കാര്യങ്ങൾ സംബന്ധിച്ച് സഹകരണ-ഭക്ഷ്യമന്ത്രിമാർ കേരളബാങ്ക് അധികൃതരുമായി ചർച്ച നടത്തി തീരുമാനമുണ്ടാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. സർക്കാർ ഗ്യാരന്റിയിലാണ് വായ്പ നൽകുക. ഗ്യാരന്റി കമ്മീഷൻ അടക്കം നൽകേണ്ടിവരുമ്പോൾ 7.65 ശതമാനം പലിശ വായ്പയ്ക്ക് ഈടാക്കേണ്ടിവരുന്നത് പ്രശ്‌നമാകില്ല എന്നാണ് ഭക്ഷ്യവകുപ്പ് കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News