നൂലലങ്കാരം ജീവിത മാര്‍ഗമാക്കിയമുന്നൂറു കുടുംബങ്ങള്‍
കോഴിക്കോട് ഇരിങ്ങല്‍ ശാലിയത്തെരുവുകളിലെ
പരമ്പരാഗത കൈത്തറി നൂല്‍നൂല്‍പ്പ് കേന്ദ്രങ്ങളോടു
ചേര്‍ന്നു മുന്നൂറോളം കുടുംബങ്ങള്‍ ഒരു ഉപജീവന
മാര്‍ഗമായി നൂലലങ്കാരത്തുന്നല്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.
വിദേശങ്ങളില്‍ വന്‍ മാര്‍ക്കറ്റുള്ള നൂലലങ്കാരം ഒരു വ്യവസായമായി
ഇവിടെ വളര്‍ത്തിക്കൊണ്ടു രാവുന്നതാണ്.
കേരളീയര്‍ക്ക് അത്രയൊന്നും പരിചിതമല്ലാത്ത നൂലലങ്കാര കലയില്‍, ട്രിമ്മിങ്സില്‍, ജീവിത മാര്‍ഗം കണ്ടെത്തുകയാണു കോഴിക്കോട് പയ്യോളി ഇരിങ്ങല്‍ മൂരാട് ഭാഗത്തെ മുന്നൂറോളം കുടുംബങ്ങള്‍. കോട്ടണ്‍, സില്‍ക്ക്, പോളിയസ്റ്റര്‍, ചണം തുടങ്ങിയ വര്‍ണനൂലുകള്‍ കൊണ്ട് ഇവര്‍ നെയ്തെടുക്കുന്ന വൈവിധ്യങ്ങളായ ചെണ്ടുകളും തൊങ്ങലുകളും വിദേശ മാര്‍ക്കറ്റില്‍ പ്രിയങ്കരമാണ്. അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ അകത്തളങ്ങള്‍ അലങ്കരിക്കാനും ഉടയാടകള്‍ ആകര്‍ഷകമാക്കാനും ഇത്തരം ട്രിമ്മിങ്സ് ഉപയോഗിക്കുന്നു. താക്കോല്‍ക്കൂട്ടങ്ങള്‍ ആകര്‍ഷകമാക്കാനും വാഹനങ്ങള്‍, ഓഫീസുകള്‍, ദേവാലയങ്ങള്‍, വീടുകള്‍ എന്നിവ കമനീയമാക്കാനും നൂലലങ്കാരങ്ങള്‍ വിദേശികള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്തതാണ്. രാജാക്കന്മാരും സൈന്യാധിപന്മാരും പ്രഭുക്കന്മാരും പുരോഹിതരുമെല്ലാം തങ്ങളുടെ അന്തസ്സും പ്രൗഢിയും കുലീനതയും പദവിയും വിളിച്ചോതാന്‍ ഉടയാടകളില്‍ ഇത്തരം ട്രിമ്മിങ്‌സ് തുന്നിച്ചേര്‍ക്കുന്നു. പരമ്പരാഗതമായ വേഷവിധാനങ്ങളിലും മറ്റും കണ്ടുവരുന്ന ചെണ്ടുകളുടെ ആധുനികമായ നൂല്‍ച്ചിത്ര ശില്‍പ്പങ്ങളാണ് ഈ വസ്ത്രാലങ്കാര കല. ട്രിമ്മിങ്‌സിന്റെ അനന്തസാധ്യതകള്‍ തിരിച്ചറിഞ്ഞ്, നിരവധി വര്‍ഷത്തെ അനുഭവ പാഠങ്ങളിലൂടെ ഈ രംഗത്തു കഴിവ് തെളിയിച്ച ആളാണു കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശി കൊളപ്പളളി ബാബു.
ട്രിമ്മിങ്്സ് : അല്‍പ്പം ചരിത്രം
ഫ്രഞ്ച് ഭരണാധികാരി ലൂയി പതിനൊന്നാമന്റെ കാലം തൊട്ടാണു ട്രിമ്മിങ്‌സ് ഒരു വസ്ത്രാലങ്കാര കലാരൂപമായി വളര്‍ന്നുവന്നത്. രാജാക്കന്മാര്‍, ,രാജ്ഞിമാര്‍, രാജകീയ കുടുംബാംഗങ്ങള്‍, സൈനികര്‍, പ്രഭുക്കന്മാര്‍, പുരോഹിതര്‍ തുടങ്ങിയ സമ്പന്നവിഭാഗങ്ങളുടെ ഉടയാടകള്‍ കമനീയമാക്കാനും പദവികള്‍ അടയാളപ്പെടുത്താനും ട്രിമ്മിങ്‌സ് ഉപയോഗിച്ചു. ക്രമേണ ഇതു ഗൃഹാലങ്കാരങ്ങളുടെ ഭാഗമായി. കര്‍ട്ടന്‍, മേശവിരികള്‍, കുഷ്യന്‍, സോഫകള്‍ എന്നിവ ആകര്‍ഷകമാക്കുന്നതിനും രാജാക്കന്മാരുടെയും സൈനികരുടെയും രഥങ്ങളും അവ വലിച്ചോടുന്ന കുതിരകളെയും ഒട്ടകങ്ങളെയും ആനകളെയും അലങ്കരിക്കുന്നതിനുമുള്ള തൊങ്ങലുകളായും ഈ നൂല്‍ച്ചെണ്ടുകള്‍ ഉപയോഗിച്ചു. പളളികള്‍, അരമനകള്‍, ഹാളുകള്‍ എന്നിവ അലങ്കരിക്കാനും ആകര്‍ഷകമാക്കാനും ട്രിമ്മിങ്‌സ് ഉപയോഗിച്ചു. ലൂയി പതിനാലാമനും ട്രിമ്മിങ്‌സ് കലയുടെ പ്രധാന പ്രോത്സാഹകനായിരുന്നു. ലൂയി പതിനാലാമന്റെ കാലത്താണ് ഒരു വ്യവസായമായി ട്രിമ്മിങ്‌സ് ഫ്രാന്‍സില്‍ വളര്‍ന്നത്. 1928 ല്‍ ഫ്രാന്‍സില്‍ ആന്‍ഡ്രൂ ഹുലൈസ് എന്ന വ്യവസായി ഒരു വലിയ ട്രിമ്മിങ്്സ് അധിഷ്ഠിത വ്യവസായം തുടങ്ങിയതോടെയാണ് ഈ മേഖലയിലെ വലിയ തൊഴില്‍സാധ്യത ലോകം മനസ്സിലാക്കിയത്. ചുരുങ്ങിയ കാലംകൊണ്ട് ലോകത്തിലെ ഒന്നാംകിട ട്രിമ്മിങ്്സ് നിര്‍മാണക്കമ്പനിയായി ഇതു മാറി. എല്ലാ യൂറോപ്യന്‍, ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലും കമ്പനി ബ്രാഞ്ചുകള്‍ തുടങ്ങി. പില്‍ക്കാലത്ത് ഇംഗ്ലണ്ട്, അമേരിക്ക, റഷ്യ, ചൈന എന്നിവിടങ്ങളിലെല്ലാം ട്രിമ്മിങ്‌സ് അധിഷ്ഠിത ഫാഷന്‍ വ്യവസായങ്ങള്‍ വളര്‍ന്നുവന്നു. പാരീസിലെ ഹുലൈസ്, ഫ്രാന്‍സിലെ ഡെക്ലറാക് പാസ്മെന്ററീസ്, അമേരിക്കയിലെ സിംപ്ലിസിറ്റി, സാമൂവല്‍ ആന്റ് സസ്, എം.ആന്റ് ജെ ട്രിമ്മിങ്‌സ്, സ്‌കാലമാന്ററി ഫാബ്രിക്് എന്നിവ ഈ രംഗത്തെ അറിയപ്പെടുന്ന വ്യവസായ സ്ഥാപനങ്ങളാണ്.
ട്രിമ്മിങ്‌സ് ഇന്ത്യയില്‍
യൂറോപ്യന്‍മാരുടെ വരവോടെയാണ് ഇന്ത്യയില്‍ ട്രിമ്മിങ്സ് വേഷവിധാനത്തിന്റെയും ഗ്യഹാലങ്കാരത്തിന്റെയും ഭാഗമായത്. ഫ്രഞ്ച് , ബ്രിട്ടീഷ്, ഡച്ച്, പോര്‍ച്ചുഗീസ് സൈനികരുടെ യൂണിഫോമുകളില്‍ പദവികള്‍ നിര്‍ണയിക്കാനുളള ചിഹ്നമായി ട്രിമ്മിങ്‌സ് തുന്നിച്ചേര്‍ത്തിരുന്നു. ഇതു പിന്നീട് രാജാക്കന്മാരുടെയും നാടുവാഴികളുടെയും സമ്പന്ന വിഭാഗങ്ങളുടെയും വേഷവിധാനങ്ങളിലും ആടയാഭരണങ്ങളിലും ഇടം പിടിച്ചു. തലപ്പാവ്, ഉടയാട, അരപ്പട്ട എന്നിവ ആകര്‍ഷകമാക്കാനും രാജകീയ കൊട്ടാരങ്ങളും രമ്യഹര്‍മ്യങ്ങളും അലങ്കരിക്കാനും നൂലലങ്കാരങ്ങള്‍ ഉപയോഗിച്ചുതുടങ്ങി. ട്രിമ്മിങ്‌സ് ഇന്ത്യന്‍ ഉടയാടകളില്‍ ഇടംപിടിച്ചെങ്കിലും ഇതിന്റെ നിര്‍മാണ സാങ്കേതിക വിദ്യകളൊന്നും യൂറോപ്യന്മാര്‍ ഇന്ത്യക്കാര്‍ക്കു കൈമാറിയില്ല. അതുകൊണ്ടുതന്നെ ട്രിമ്മിങ്സ് ഒരു തൊഴില്‍ മേഖലയായി വളര്‍ന്നതുമില്ല. എന്നാല്‍, ക്രമേണ ഡല്‍ഹി, നോയിഡ, ജയ്പൂര്‍, സൂറത്ത്, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തൊഴില്‍ സംരംഭങ്ങള്‍ ഈ മേഖലയില്‍ വളര്‍ന്നുവന്നു. നോയിഡയിലെ ജയനിദ ട്രിമ്മിങ്സ് അധിഷ്ഠിത വ്യവസായ സംരംഭമാണ്.
കേരളത്തില്‍ പറയത്തക്ക സ്ഥാപനങ്ങളൊന്നും ട്രിമ്മിങ്‌സ് രംഗത്തില്ല. എന്നാല്‍, കോഴിക്കോട് ഇരിങ്ങല്‍ ശാലിയത്തെരുവുകളിലെ പരമ്പരാഗത കൈത്തറി നൂല്‍നൂല്‍പ്പ് കേന്ദ്രങ്ങളോടു ചേര്‍ന്നു മുന്നൂറോളം സ്ത്രീകളും പുരുഷന്മാരും ഒരു ഉപജീവനമാര്‍ഗമായി നൂലലങ്കാരത്തുന്നല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളടക്കം സന്ദര്‍ശിച്ച് ട്രിമ്മിങ്‌സില്‍ വിദഗ്ധപരിശീലനം നേടിയ കൊളപ്പളളി ബാബുവിന്റെ പിന്തുണയും പരിശീലനവും ഇവര്‍ നേടിയിരുന്നു. അവരതു മറ്റുളളവരിലേക്കു പകര്‍ന്നു നല്‍കി. ഇവരുണ്ടാക്കുന്ന നൂലലങ്കാരങ്ങള്‍ അമേരിക്ക, ഫ്രാന്‍സ്, കാനഡ, അറേബ്യന്‍ നാടുകള്‍ തുടങ്ങിയ ഇടങ്ങളിലേക്കെല്ലാം കയറ്റി അയക്കുന്നുണ്ട്. കോയമ്പത്തൂര്‍, സേലം, തിരുപ്പൂര്‍ , ഈറോഡ്, കാരൂര്, ചെന്നൈ എന്നിവിടങ്ങളിലെ ഏജന്റുമാരെക്കൂടാതെ കൊളപ്പളളി ബാബുവും കയറ്റുമതിയില്‍ ഇവരെ സഹായിക്കുന്നു. ഇതിനായി ബാബുവിനു കൊയിലാണ്ടിയില്‍ ഓഫീസും മറ്റു സൗകര്യങ്ങളുമുണ്ട്.
കൊളപ്പുള്ളി ബാബു എന്ന വിസ്മയം
ട്രിമ്മിങ്്സ് എന്ന കലയില്‍ പരിശീലനവും പഠനവും നടത്താന്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ സഞ്ചരിച്ച കൊളപ്പളളി ബാബുവിന്റെ ജിവിതകഥ വിസ്മയം നിറഞ്ഞതാണ്. കുത്താളിയിലെ ഒരു ശാലിയത്തെരുവില്‍ വളര്‍ന്ന ബാബുവിന്റെ ബാല്യം വര്‍ണനൂലിന്റെ ലോകത്തു തന്നെയായിരുന്നു. അച്ഛന്‍ നെയ്ത്തു തൊഴിലാളിയായിരുന്നു. സ്വന്തമായൊരു തൊഴില്‍, അതും വ്യത്യസ്തമായൊരു തൊഴില്‍, വേണമെന്ന ലക്ഷ്യത്തോടെയാണു ബാബു മുബൈയില്‍ എത്തിയത്. അവിടെവെച്ചാണു ട്രിമ്മിങ്‌സിനെപ്പറ്റി കൂടുതല്‍ പഠിക്കാനിടയായത്. ഇതു തികച്ചും അപ്രതീക്ഷിതമായിരുന്നു. മുംബൈയിലെ വൊര്‍ളിയില്‍ ആനിബസന്റ് റോഡിലെ തുണിമില്‍ ഉടമ വിക്രം ഹൗജയെയും ഭാര്യ ജര്‍മന്‍കാരി മീര ഹൗജയെയും സുഹൃത്ത് പരിചയപ്പെടുത്തിയതോടെയാണു ബാബുവിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടായത്. ഈ ദമ്പതിമാരില്‍ നിന്നാണു കൈകൊണ്ടു നിര്‍മിക്കുന്ന ട്രിമ്മിങ്‌സിനെപ്പറ്റി കൂടുതല്‍ മനസ്സിലാക്കുന്നത്. ഇതിനെപ്പറ്റി വിദേശങ്ങളില്‍നിന്നു വരുത്തിയ പുസ്തകങ്ങളും ദമ്പതിമാര്‍ ബാബുവിനു നല്‍കി. ഇതിനിടയില്‍ കോയമ്പത്തൂരിലുളള ഒരു ബ്രിട്ടീഷ് – അമേരിക്കന്‍ തുണിമില്‍ കമ്പനിയില്‍ ഡിസൈനിങ് മാനേജരായി ബാബു ജോലിയില്‍ കയറി. ട്രിമ്മിങ്‌സിനെയും ആധുനിക നെയ്ത്തു രീതികളെയും കുറിച്ച് പഠിക്കാന്‍ കമ്പനി പിന്നീട് ബാബുവിനെ ലണ്ടനിലേക്കയച്ചു. ട്രിമ്മിങ്‌സിന്റെ ഡിസൈന്‍, മേക്കിങ്്, മാര്‍ക്കറ്റിങ് എന്നിവയില്‍ വിദേശ പരിശീലനം ലഭിക്കാനായിരുന്നു യാത്ര. തുടര്‍ന്നു, വിവിധ കാലങ്ങളില്‍ സ്വിറ്റ്‌സര്‍ലാന്റ്, ഈജിപ്ത്, ഫ്രാന്‍സ്, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, തായ്ലാന്റ്, ദുബായ്, ബഹറിന്‍, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെല്ലാം സന്ദര്‍ശിച്ചു. ഇംഗ്ലണ്ടിലെ ബ്രിട്ടീഷ് ട്രിമ്മിങ്സ്, വെന്‍ഡി കുഷിങ് പാസ്‌മെന്ററി, എമേഴ്സ നെല്‍മസ്, വിന്റ്സര്‍ ട്രിമ്മിങ്സ് ആന്‍ഡ് സാവിഞ്ച് പാസ്മെന്ററി തുടങ്ങിയ സ്ഥാപനങ്ങളില്‍ ബാബു തൊഴിലെടുത്തിരുന്നു. അതിനിടയില്‍ കൊയിലാണ്ടി കേന്ദ്രമായി രൂപ ടെക്സ്റ്റയില്‍സ് എന്ന വസ്ത്രോല്‍പ്പന്ന കയറ്റുമതി സ്ഥാപനവും തുടങ്ങി. ഇരിങ്ങല്‍ ശാലിയത്തെരുവിലെ നെയ്ത്തു തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങളിലെ സ്ത്രീകള്‍ക്കും ട്രിമ്മിങ്‌സില്‍ പരിശീലനം കൊടുത്ത് ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ രൂപ കല്‍പ്പന ചെയ്തു വിദേശ രാജ്യങ്ങളിലേക്ക് അയച്ചു. ഇതോടെ, ഇവരുടെ നൂലലങ്കാര ഉല്‍പ്പന്നങ്ങള്‍ക്കു പെരുമയേറി.
ഇന്ത്യയില്‍ ആദ്യമായി ട്രിമ്മിങ്‌സിന്റെ ആഭരണ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചത് ബാബുവാണ്. മാല, ഇയര്‍ റിങ്‌സ്, നെക്ലേസ്, പാദസരം, ബ്രേസ്ലെറ്റ്, മോതിരം തുടങ്ങി എല്ലാ ആഭരണങ്ങളും ട്രിമ്മിങ്‌സിലൂടെ ബാബു രൂപാന്തരപ്പെടുത്തിയെടുത്തു. ഒരു കൂട്ടം നൂലുകള്‍ സൗന്ദര്യാത്മകമായി കെട്ടിയുണ്ടാക്കിയ ചരടാണു ടാസ്സല്‍. കീ ടാസ്സല്‍, കര്‍ട്ട, ടൈബാക്ക് ടാസ്സല്‍ തുടങ്ങി അനേകം ടാസ്സലുകളുണ്ട്. നെയ്ത്ത്, മെടയല്‍, പിരിക്കല്‍, പൊതിയല്‍, ചിത്രത്തുന്നല്‍ തുടങ്ങിയവ ചേര്‍ന്നതാണു നൂലലങ്കാര കല.
പി.ജി. ഡിപ്ലോമ കോഴ്‌സ് നീക്കം പാളി
ഫാഷന്‍ ഡിസൈനിങ്, ഇന്റീരിയല്‍ ഡെക്കറേഷന്‍ തുടങ്ങിയ മേഖലയില്‍ വലിയ സാധ്യതയാണു ട്രിമ്മിങ്‌സിനുളളത്. കൈത്തറി മേഖലയ്ക്കു വലിയ വേരോട്ടമുള്ള കേരളത്തില്‍ ഈ രംഗത്തു പഠനം, ഗവേഷണം, പരിശീലനം എന്നിവയ്ക്കുള്ള അവസരമൊരുക്കുകയാണു വേണ്ടത്. കൈത്തറി മേഖലയ്ക്കു മുന്നേറാന്‍ കഴിയണമെങ്കില്‍ കാലോചിതമായ മാറ്റം അനിവാര്യമാണെന്നു ബാബു പറയുന്നു. ട്രിമ്മിങ്‌സുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോഴിക്കോട് സര്‍വ്വകലാശാല പി.ജി. ഡിപ്ലോമ കോഴ്സ് തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. ബോര്‍ഡ് ഓഫ് എജുക്കേഷന്‍ ഇതിന് അംഗീകാരവും നല്‍കിയതാണ്. അതിനു വേണ്ടി സിലബസ് തയാറാക്കിയതു ബാബുവാണ്. പി.ജി. ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ഓര്‍ണമെന്റ്‌സ്, ട്രിമ്മിങ്്സ് ആന്റ് ട്രഡീഷണല്‍ വീവിങ് ( ഒരു വര്‍ഷം ), ടാസ്സില്‍സ് ആന്റ് അക്‌സസറീസ് മേക്കിങ് ( ആറ് മാസം ) എന്നീ കോഴ്സുകള്‍ തുടങ്ങാനായിരുന്നു നീക്കം. പക്ഷേ, പിന്നീട് ഇക്കാര്യത്തില്‍ തുടര്‍നടപടികളൊന്നുമുണ്ടായില്ല.
ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരെ ചേര്‍ത്തുനിര്‍ത്തി ഒരു സഹകരണ സ്ഥാപനം തുടങ്ങാന്‍ ബാബുവിന്റെ നേതൃത്വത്തില്‍ സജീവമായ നീക്കം നടക്കുന്നുണ്ട്. സഹകരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ഒരു തൊഴില്‍ സംരംഭം തുടങ്ങുന്നതോടൊപ്പം പഠനം, ഗവേഷണം എന്നിവയ്ക്കും സൗകര്യമുണ്ടാക്കും. ഇതിന്റെ ഭാഗമായി ലൈബ്രറി, മ്യൂസിയം എന്നിവയും തുടങ്ങും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ശേഖരിക്കുന്ന അപൂര്‍വ്വമായ ട്രിമ്മിങ്്സുകള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. പലയിടങ്ങളില്‍ നിന്നായി ശേഖരിച്ച പുരാവസ്തുക്കളുടെ വിപുലമായ ഒരു ശേഖരംതന്നെ ബാബുവിന്റെ കൈവശമുണ്ടായിരുന്നു. കൊയിലാണ്ടി നഗരസഭ സാംസ്‌കാരിക മ്യൂസിയം തുടങ്ങിയപ്പോള്‍ ഇവയിലേറെയും മ്യൂസിയത്തിനു കൈമാറി. ഇടയ്ക്കയുടെ ചെണ്ട് മുതല്‍ ആനയുടെ നെറ്റിപ്പട്ടത്തില്‍വരെ നൂലലങ്കാരമുണ്ടെങ്കിലും ഇതൊരു കലാരൂപമായി കേരളത്തില്‍ ഇനിയും വികസിച്ചിട്ടില്ല. ഇതിനൊരു മാറ്റമാണു ബാബു ആഗ്രഹിക്കുന്നത്. കൈത്തറിയും ട്രിമ്മിങ്സും പരസ്പരപൂരകമാണ്. ഇതു രണ്ടുമുപയോഗിച്ച് പുതിയൊരു തൊഴില്‍ മേഖല വളര്‍ത്തിയെടുക്കുകയാണു ലക്ഷ്യം.
മൂരാട് ഭാഗത്തു വീടുകളിലിരുന്നാണു സ്ത്രീകള്‍ നൂലുകള്‍ കൊണ്ടുളള മനോഹരമായ അലങ്കാരങ്ങള്‍ കൈകൊണ്ട് മെനഞ്ഞെടുക്കുന്നത്.
ഇരിങ്ങല്‍ വലിയ കടവത്ത് മോഹനന്‍ ഈ രംഗത്ത് ഒട്ടനവധി പേര്‍ക്കു പരിശീലനം നല്‍കുകയും സ്വന്തമായൊരു യൂണിറ്റ് തുടങ്ങുകയും ചെയ്തിട്ടുണ്ട്. കണ്ണൂര്‍, തമിഴ്നാട്ടിലെ കാരൂര് എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നു ട്രിമ്മിങ്സ് കൊണ്ടുപോകുന്നുണ്ട്. ഇപ്പോള്‍ കൊളപ്പളളി ബാബു മുഖാന്തരമാണു വിദേശത്തേക്ക് അയക്കുന്നത്. അല്‍പ്പം കലാബോധമുള്ള സ്ത്രീകള്‍ക്കു വീട്ടുപണികള്‍ ചെയ്യുന്നതിന്റെ കൂടെത്തന്നെ നൂലലങ്കാരപ്പണികളും ചെയ്യാം. ഉല്‍പ്പന്ന നിര്‍മാണത്തിനാവശ്യമായ നൂല്‍ വീടുകളില്‍ എത്തിച്ചു കൊടുക്കും. ഇവര്‍ നിര്‍മിക്കുന്ന അലങ്കാരങ്ങള്‍ നെയ്യാന്‍ ആറ് പുരുഷന്മാര്‍ മോഹനന്റെ യൂണിറ്റിലുണ്ട്. പുതുതലമുറയ്ക്കു പരിശീലനം നല്‍കി ഈ മേഖലയിലേക്കു കൊണ്ടുവരുന്നുണ്ടെന്നു മോഹനന്‍ പറഞ്ഞു.