നീറ്റിനു ശേഷം ഇനിയെന്ത് ?

[mbzauthor]

നീറ്റ് 2021 പരീക്ഷ കഴിഞ്ഞു. ഇനിയുള്ള നാളുകള്‍ പരീക്ഷാ സൂചിക നോക്കിയുള്ള കണക്കുകൂട്ടലിന്റെതാണ്. 15 ലക്ഷത്തോളം വിദ്യാര്‍ഥികളാണു മെഡിക്കല്‍, ഡെന്റല്‍, കാര്‍ഷിക, അനുബന്ധ ഹെല്‍ത്ത് കോഴ്‌സുകളിലേക്കുള്ള ദേശീയ പ്രവേശനപ്പരീക്ഷ എഴുതിയത്. കേരളത്തില്‍ നിന്നു ഒന്നര ലക്ഷത്തോളം പേരാണു നീറ്റ് എഴുതിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഫിസിക്‌സ് പരീക്ഷയില്‍ ഈ വര്‍ഷം വിഷമമുള്ള ചോദ്യങ്ങള്‍ കൂടുതലായിരുന്നു. കെമിസ്ട്രി താരതമ്യേന എളുപ്പമായിരുന്നെങ്കിലും ബയോളജി പേപ്പറായിരുന്നു ഏറ്റവും എളുപ്പം.

്80,000 എം.ബി.ബി.എസ്, 28,000 ബി.ഡി.എസ.്് സീറ്റുകളിലേക്കുള്ള പൊതു പരീക്ഷയാണു നാഷണല്‍ എലിജിബിലിറ്റി – കം – എന്‍ട്രന്‍സ് ടെസ്റ്റ് എന്ന നീറ്റ്. നീറ്റ് റാങ്ക് ലിസ്റ്റില്‍ നിന്നാണു ജിപ്‌മെര്‍ പോണ്ടിച്ചേരിയുടെ 200 സീറ്റിലേക്കും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 1500 സീറ്റിലേക്കും അഡ്മിഷന്‍ നടക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ആയുര്‍വ്വേദ, യോഗ, സിദ്ധ, യുനാനി, അഗ്രിക്കള്‍ച്ചര്‍, വെറ്ററിനറി സയന്‍സ്, ഫിഷറീസ്, ഫോറസ്ട്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം നീറ്റ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ തയാറാക്കുന്ന റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. ദേശീയതലത്തില്‍ ജമ്മു കാശ്മീര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ 15 ശതമാനം ഓള്‍ ഇന്ത്യ ക്വാട്ട മെഡിക്കല്‍ പ്രവേശനം നീറ്റ് വഴിയാണ്. സംസ്ഥാന തലത്തില്‍ നീറ്റ് മാര്‍ക്കനുസരിച്ച് അതതു സംസ്ഥാന പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ തയാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍ നിന്നാണു നൂറു ശതമാനവും പ്രവേശനം. അതിനാലാണു നീറ്റിന് അപേക്ഷിക്കുന്നവര്‍ സംസ്ഥാന പ്രവേശനപ്പരീക്ഷാ കമ്മീഷണറുടെ KEAM ലേയ്ക്കും അപേക്ഷിക്കാന്‍ നിഷ്‌കര്‍ഷിക്കുന്നത്. അഖിലേന്ത്യാ ക്വാട്ടയില്‍ 15 ശതമാനം ICAR കാര്‍ഷിക കോഴ്‌സുകളിലേക്കു നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രത്യേക പരീക്ഷ നടത്തും. എന്നാല്‍, വെറ്ററിനറി സയന്‍സ് ബിരുദ പ്രോഗ്രാമിനു വെറ്ററിനറി കൗണ്‍സില്‍ നടത്തുന്ന 15 ശതമാനം അഖിലേന്ത്യാ സീറ്റുകളിലേക്കു പരീക്ഷയില്ല. നീറ്റ് റാങ്കിനനുസരിച്ചാണു സീറ്റുകള്‍ അനുവദിക്കുന്നത്.

ബുദ്ധിമുട്ടിച്ച പരീക്ഷ

ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ നടന്ന പരീക്ഷകളേക്കാള്‍ ബുദ്ധിമുട്ടുള്ളതായിരുന്നു. ഫിസിക്‌സ് ചോദ്യങ്ങള്‍ സമയക്കുറവ് മൂലം ചെയ്യാന്‍ പറ്റാത്തവരുണ്ട്. മൊത്തം നീറ്റിനുള്ള 180 ചോദ്യങ്ങളില്‍ നിന്നു 45 വീതം കെമിസ്ട്രി, ഫിസിക്‌സ് എന്നിവയില്‍നിന്നാണ്. ഈ വര്‍ഷത്തെ ചോദ്യങ്ങളില്‍ 180 ല്‍ എട്ടു ശതമാനമാണ് ഏറെ കറക്കിയ ചോദ്യങ്ങള്‍. പ്ലസ് വണ്‍, പ്ലസ് ടു തലങ്ങളില്‍ എന്‍.സി.ഇ.ആര്‍.ടി. സിലബസ്സനുസരിച്ച് ചോദ്യങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ഓരോ വര്‍ഷത്തെ പാഠഭാഗങ്ങളില്‍ നിന്നും 50 ശതമാനത്തോളം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഒരു ചോദ്യത്തിനു നാലു മാര്‍ക്ക് വീതം മൊത്തം 720 മാര്‍ക്കാണുള്ളത്.

2021 ല്‍ നീറ്റിന്റെ എലിജിബിലിറ്റി മാര്‍ക്ക് 135 നടുത്താകാന്‍ സാധ്യതയുണ്ട്. വിദേശരാജ്യങ്ങളില്‍ (റഷ്യ, ഉക്രെയിന്‍, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങളില്‍ ) മെഡിസിന്‍ പഠനത്തിനു നീറ്റ് യോഗ്യത ആവശ്യമാണ്. 2021 ല്‍ അഡ്മിഷനു 2020 നെ അപേക്ഷിച്ച് നീറ്റില്‍ രണ്ടു ശതമാനത്തോളം മാര്‍ക്ക് കൂടുതലായി വേണ്ടിവരും.

മെഡിക്കല്‍ കൗണ്‍സലിംഗ് കമ്മറ്റിയാണു ദേശീയാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ കൗണ്‍സലിംഗ് പ്രക്രിയ നടത്തുന്നത്. സംസ്ഥാനാടിസ്ഥാനത്തിലുള്ള സീറ്റുകളില്‍ കേരളത്തില്‍ പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍, കര്‍ണാടകയില്‍ കര്‍ണാടക എക്‌സാമിനേഷന്‍സ് അതോറിറ്റി, പുതുച്ചേരിയില്‍ Centac, തമിഴ്‌നാട്ടില്‍ Tancet എന്നിവയാണ് അലോട്ട്‌മെന്റ് നടത്തുന്നത്. കേരളത്തില്‍ നൂറു ശതമാനം സര്‍ക്കാര്‍, സ്വാശ്രയ, എന്‍.ആര്‍.ഐ. സീറ്റുകളിലേക്കും പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ അലോട്ട്‌മെന്റ് നടത്തും.

മെഡിക്കല്‍ കൗണ്‍സലിംഗ് കമ്മിറ്റിയുടെ വെബ്‌സൈറ്റിലൂടെ 15 ശതമാനം അഖിലേന്ത്യാ സീറ്റുകള്‍ ( AIIMS , JIPMER ഉള്‍പ്പെടെ ), ഡീംഡ്, സ്വകാര്യ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലേക്കുള്ള സീറ്റുകള്‍, ഇ.എസ്.ഐ. മെഡിക്കല്‍ കോളേജ്, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്കുള്ള സീറ്റുകള്‍ എന്നിവയില്‍ അലോട്ട്‌മെന്റ് നടക്കും. കൗണ്‍സലിംഗിലെ നിബന്ധനകള്‍ പാലിക്കാന്‍ മറക്കരുത്. ആദ്യം ലഭിക്കുന്ന സീറ്റെന്നു കരുതി ഡീംഡ്, മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ സീറ്റെടുത്താല്‍ രണ്ടാം കൗണ്‍സലിംഗിനുശേഷം കോളേജുകള്‍ മാറാന്‍ തടസ്സങ്ങളുണ്ട്. സര്‍ക്കാര്‍ കോളേജുകളില്‍ സീറ്റ് ലഭിയ്ക്കാന്‍ ആദ്യം മുന്‍ഗണനാ ക്രമത്തില്‍ ഓപ്ഷന്‍ നല്‍കണം.

ഓപ്പണ്‍ മെറിറ്റ്

അഖിലേന്ത്യാ ക്വാട്ടയിലും കേരളത്തിലും കുറഞ്ഞ ഫീസില്‍ സര്‍ക്കാര്‍ സീറ്റുകളില്‍ പഠിയ്ക്കാന്‍ നീറ്റില്‍ ഓപ്പണ്‍ മെറിറ്റില്‍ 620 നു മുകളില്‍ മാര്‍ക്ക് നേടേണ്ടിവരും. സ്വാശ്രയ സീറ്റില്‍ 500 മുതല്‍ 600 മാര്‍ക്ക് വരെ നേടേണ്ടിവരും. സ്വകാര്യ, ഡീംഡ് മെഡിക്കല്‍ കോളേജില്‍ 400 നു മുകളിലും എന്‍.ആര്‍.ഐ. സീറ്റുകളിലേക്കു 300 നു മുകളിലും മാര്‍ക്ക് ലഭിക്കേണ്ടിവരും. മാര്‍ക്ക് കുറഞ്ഞവര്‍ അയല്‍സംസ്ഥാനങ്ങളിലെ ഡീംഡ്, സ്വകാര്യ, മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലേക്ക് അപേക്ഷിക്കണം. 480 മാര്‍ക്കിനു മുകളില്‍ ലഭിച്ചവര്‍ക്കു സര്‍ക്കാര്‍ ഡെന്റല്‍ കോളേജുകളില്‍ അഡ്മിഷനു സാധ്യതയുണ്ട്. ചെറിയ വ്യത്യാസങ്ങള്‍ ഇതില്‍ വരാനിടയുണ്ട്. എന്നാല്‍, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടു ശതമാനം മാര്‍ക്ക് സീറ്റ് അലോട്ട്‌മെന്റില്‍ കൂടുതലായി വേണ്ടിവരും. മെഡിക്കല്‍, അനുബന്ധ കാര്‍ഷിക കോഴ്‌സുകളിലും ഈ പ്രവണതയുണ്ടാകും. ഓപ്ഷന്‍ നല്‍കുമ്പോള്‍ ഫീസ് പ്രത്യേകം വിലയിരുത്തണം. ശരിയായ രീതിയില്‍ ഓപ്ഷന്‍ നല്‍കിയില്ലെങ്കില്‍ അവസരം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നു പ്രത്യേകം ഓര്‍ക്കണം.

[mbzshare]

Leave a Reply

Your email address will not be published.