നീണ്ട അവധിക്കു പോകുന്ന ജീവനക്കാര്‍ തിരികെ പ്രവേശിക്കുന്നത് രണ്ടു മാസം മുമ്പേ അറിയിക്കണം

Deepthi Vipin lal

അലവന്‍സും മറ്റുമില്ലാതെ നീണ്ട കാലം അവധിയെടുത്തു പോകുന്ന ജീവനക്കാര്‍ ( പഠനാവശ്യത്തിനും പരിശീലനത്തിനും ഉന്നതപഠനത്തിനുള്ള ഡെപ്യൂട്ടേഷനിലും പോകുന്നവരടക്കം ) അവധി പൂര്‍ത്തിയാക്കിയോ ബാക്കിയുള്ള അവധി റദ്ദാക്കിയോ വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇക്കാര്യം സൂചിപ്പിച്ച് കുറഞ്ഞതു രണ്ടു മാസം മുമ്പെങ്കിലും ബന്ധപ്പെട്ട അധികാരികള്‍ക്കു അപേക്ഷ നല്‍കേണ്ടതാണെന്നു കേരള ധനവകുപ്പ് ഉത്തരവിട്ടു. ( Circular No. 44 / 2022 / Fin , Dated 09 / 06/ 2022 Thiruvananthapuram ). ഇങ്ങനെ ചെയ്യാത്തപക്ഷം, ഓഫീസര്‍ സര്‍ക്കാരിലേക്കു റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിയമനോത്തരവു നല്‍കുന്നതിനുമിടയ്ക്കുള്ള കാലയളവ് ഡ്യൂട്ടിയായി കണക്കാക്കില്ല. പകരം, ഇതു അവധിയായോ LWA ആയോ മാത്രമേ കണക്കാക്കുകയുള്ളു – ഉത്തരവില്‍ പറയുന്നു.

നീണ്ട കാലത്തെ അവധിക്കുശേഷം തിരിച്ചു ജോലിക്കു കയറുന്നവര്‍, ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങളുണ്ടായിട്ടും, അനുവദിച്ച അവധി കഴിഞ്ഞ ശേഷമോ അല്ലെങ്കില്‍ ലീവ് കാലാവധി തീരുന്നതിനു ദിവസങ്ങള്‍ക്കു മുമ്പു മാത്രമോ ആണ് വീണ്ടും ജോലിയില്‍ ചേരുന്ന കാര്യം അറിയിക്കുന്നത്. ഇതുകാരണം നിയമന ഉത്തരവ് നല്‍കാന്‍ വൈകുന്നു. അവധി പൂര്‍ണമായി ഉപയോഗിക്കാതെ വീണ്ടും ജോലിക്കു കയറുന്നവര്‍ ഇക്കാര്യം മൂന്നു മാസം മുമ്പേ അറിയിക്കണമെന്നായിരുന്നു നേരത്തേയുള്ള നിര്‍ദേശം. പിന്നീടിതില്‍ ഭാഗികമായ മാറ്റം വരുത്തി പുന:പ്രവേശനക്കാര്യം രണ്ടു മാസം മുമ്പെങ്കിലും അറിയിക്കണം എന്നാക്കിയിരുന്നു. എന്നിട്ടും ജീവനക്കാര്‍ ഇക്കാര്യം പാലിക്കാത്തതിനാലാണു പുതിയ ഉത്തരവ് ഇറക്കേണ്ടിവന്നത്.

Leave a Reply

Your email address will not be published.