നിയന്ത്രണങ്ങളില്‍ പ്രതിഷേധം; ആര്‍.ബി.ഐ.യെ വിയോജിപ്പ് അറിയിച്ച് കേരളം
സഹകരണ ബാങ്കുകള്‍ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ആര്‍.ബി.ഐ.യെ കേരളം വിയോജിപ്പ് അറിയിച്ചു. ആര്‍.ബി.ഐ. പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്നും സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന് ഉപയോഗിക്കുന്നത് നിയമപരവുമാണെന്ന് കേരളം കത്തില്‍ വാദിക്കുന്നു. സഹകരണ രജിസ്ട്രാര്‍ പി.ബി. നൂഹാണ് റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ക്ക്കത്തയച്ചത്. സഹകരണ സംഘങ്ങള്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകളെ ബാങ്കിങ് എന്ന നിര്‍വചനത്തിന് കീഴില്‍ തരംതിരിക്കാനാവില്ല. കേന്ദ്രത്തിന്റെ നിക്ഷേപ ഗ്യാരണ്ടിയില്‍ സഹകരണ സംഘങ്ങളില്ലെന്നും സഹകരണ സംഘം നിക്ഷേപത്തിന് ഗ്യാരണ്ടിക്കായി കേരളത്തില്‍ നിയമമുണ്ടെന്നും സഹകരണ വകുപ്പ് വ്യക്തമാക്കി.
സഹകരണ സംഘങ്ങള്‍ സ്വയംഭരണ സ്ഥാപനമാണ്. ജനാധിപത്യപരമായ നിയന്ത്രിത സംവിധാനമാണ്. അംഗങ്ങളെ നിര്‍വചിക്കുന്നത് സുപ്രീം കോടതി വിധിപ്രകാരമാണ്. നിക്ഷേപങ്ങള്‍ ശേഖരിക്കുന്നതും വായ്പ അനുവദിക്കുന്നതും അംഗങ്ങള്‍ക്കാണ്. സംഘം അംഗമല്ലാത്തവര്‍ക്ക് വായ്പ അനുവദിക്കാറില്ല. അംഗങ്ങള്‍ക്കെല്ലാം നിക്ഷേപിക്കാനും സേവനങ്ങള്‍ നേടാനും വായ്പക്കും തുല്യ അവകാശമാണ്. ആര്‍.ബി.ഐ. പരാമര്‍ശങ്ങള്‍ സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും കത്തില്‍ വിമര്‍ശനമുണ്ട്. ആര്‍.ബി.ഐ.യുടെ ജാഗ്രതാ കുറിപ്പ് പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
പ്രാഥമിക സഹകരണ ബാങ്കുകള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുത്, വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കരുത്, ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം തുടങ്ങിയവ നിയന്ത്രണങ്ങളാണ് ആര്‍.ബി.ഐ. ഏര്‍പ്പെടുത്തിയത്. നിയന്ത്രണം 1625 പ്രാഥമിക സഹകരണ ബാങ്കുകളെയും 15,000 ത്തിലധികം സഹകരണ സംഘങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ആര്‍.ബി.ഐ. നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. നിയമവിദഗ്ധര്‍ കൂടിയാലോചനകള്‍ നടത്തുകയാണ്. സമാന അഭിപ്രായമുള്ള മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ കൂടി ഉറപ്പാക്കാനും ശ്രമമുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ സഹകരണ മന്ത്രിമാര്‍ക്ക് കത്തയക്കുമെന്ന് സഹകരണമന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ആര്‍.ബി.ഐ. നീക്കത്തിനെതിരെ ജനകീയ ക്യാമ്പയിന്‍ നടത്തി തെറ്റിദ്ധാരണ നീക്കുമെന്നും മന്ത്രി അറിയിച്ചു.
[mbzshare]