നിക്ഷേപസമാഹരണ യജ്ഞം: ഇത്തവണ 9000 കോടി രൂപ സമാഹരിക്കും
സഹകരണവകുപ്പിന്റെ 43-ാമത് നിക്ഷേപ സമാഹരണയജ്ഞം ഇക്കൊല്ലം ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 31 വരെ നടക്കും. 9000 കോടി രൂപ സമാഹരിക്കാനാണു ഇത്തവണ ലക്ഷ്യമിട്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ തുക സമാഹരിക്കേണ്ടതു മലപ്പുറം ജില്ലയില്‍ നിന്നാണ് ( 750 കോടി രൂപ ). സഹകരണനിക്ഷേപം കേരള വികസനത്തിന് എന്നതാണു 2023 ലെ നിക്ഷേപ സമാഹരണ കാമ്പയിനിന്റെ മുദ്രാവാക്യം. സഹകരണവായ്പാ മേഖലയിലെ നിക്ഷേപത്തോതു വര്‍ധിപ്പിക്കുക, യുവതലമുറയെ സഹകരണപ്രസ്ഥാനങ്ങളിലേക്ക് കൂടുതലായി ആകര്‍ഷിക്കുക, കേരളത്തിന്റെ വികസനത്തിനു കരുത്തേകുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണു നിക്ഷേപ സമാഹരണയജ്ഞം നടത്തുന്നത്.
ഓരോ ജില്ലയ്ക്കും നിക്ഷേപലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ മലപ്പുറം ജില്ലയില്‍ നിന്നാണു കൂടുതല്‍ തുക സമാഹരിക്കേണ്ടത്- 750 കോടി രൂപ. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ 650 കോടി രൂപ വീതം സമാഹരിക്കണം. മറ്റു ജില്ലകളുടെ വിഹിതം ഇനി പറയുന്നു: തിരുവനന്തപുരം, കൊല്ലം ( 600 കോടി വീതം ), പത്തനംതിട്ട (350 കോടി ), ആലപ്പുഴ ( 400 കോടി ), കോട്ടയം ( 500 കോടി ), ഇടുക്കി, വയനാട് ( 250 കോടി വീതം ), പാലക്കാട് ( 500 കോടി ), കാസര്‍കോട് ( 300 കോടി ). സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് 150 കോടി രൂപയും സമാഹരിക്കണം. കേരള ബാങ്ക് ഒഴികെയുള്ള സഹകരണസ്ഥാപനങ്ങളുടെ നിക്ഷേപലക്ഷ്യമാണിത്. കേരള ബാങ്ക് ഓരോ ജില്ലയില്‍ നിന്നും സമാഹരിക്കേണ്ട തുക ഇപ്രകാരമാണ്: തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ ( 150 കോടി വീതം ), പത്തനംതിട്ട, ആലപ്പുഴ, കോട്ടയം കാസര്‍കോട് ( 100 കോടി വീതം ), ഇടുക്കി, വയനാട് ( 75 കോടി വീതം ).
കേരള ബാങ്ക്, സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്ക്, പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍, സര്‍വീസ് സഹകരണ ബാങ്കുകള്‍, ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, എംപ്ലോയീസ് സഹകരണസംഘങ്ങള്‍, മറ്റു വായ്പാ സഹകരണസംഘങ്ങള്‍, അംഗങ്ങളില്‍ നിന്നു നിക്ഷേപം സ്വീകരിക്കുന്ന മറ്റു വായ്‌പേതര സഹകരണസംഘങ്ങള്‍ എന്നിവ നിക്ഷേപ സമാഹരണയജ്ഞത്തില്‍ ഭാഗമാകേണ്ടതാണെന്നു സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു.
സഹകരണസംഘം രജിസ്ട്രാറുടെ വിശദമായ സര്‍ക്കുലര്‍ ഇതോടൊപ്പം ചേര്‍ക്കുന്നു: