നാളികേര നഴ്സറിയുമായി അഞ്ചരക്കണ്ടി ഫാര്‍മേഴ്സ് ബാങ്ക്
നാളികേരത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലൂടെ വിപണി കീഴടക്കിയ കണ്ണൂര്‍ അഞ്ചരക്കണ്ടി ഫാര്‍മേഴ്സ് ബാങ്ക് തെങ്ങിന്‍ തൈകൂടി ഉല്‍പാദിപ്പിച്ച് കാര്‍ഷിക രംഗത്ത് സജീവം. നിലവില്‍ 12 മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് ബാങ്ക് വിതരണം ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ബാങ്കിന്റെ നാളികേര അനുബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. തെങ്ങിന്‍ തൈ ഉല്‍പ്പാദനത്തിനും വിതരണത്തിനും പരിപാലനത്തിനുമാണ് ഇത്രയും തുക നല്‍കിയത്. പദ്ധതിയുടെ ഭാഗമായി 8000 കുറ്റ്യാടി തെങ്ങിന്‍ തൈകളാണ് ഈ വര്‍ഷം ഉല്‍പ്പാദിപ്പിച്ചത്. 2000 തൈകള്‍ ഇതിനകം വില്‍പ്പന നടത്തി. ഉല്‍പ്പാദന ക്ഷമതയിലും നീണ്ട കാല വിളവ് നല്‍കുന്നതിലും മുന്നിട്ട് നില്‍ക്കുന്ന കുറ്റ്യാടി തെങ്ങ് കര്‍ഷകര്‍ക്കും പ്രിയപ്പെട്ടതാണ്.
തുള്ളിനന രീതിയില്‍ പരിചരിച്ച് പുഷ്ടിപ്പെട്ട തെങ്ങിന്‍ തൈകള്‍ അഞ്ചരക്കണ്ടി പഞ്ചായത്തിലും സമീപപ്രദേശത്തുള്ള കര്‍ഷകര്‍ക്കും സൗജന്യ നിരക്കിലാണ് വിതരണംചെയ്യുന്നത്. ചകിരി സംസ്‌കരണ യൂണിറ്റിന്റെ സമീപത്ത് പ്രവര്‍ത്തിക്കുന്ന നാളികേര നഴ്‌സറിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന തൈകള്‍ ചകിരിച്ചോറ് നിറച്ച് ഗ്രോ ബാഗിലാണ് വില്‍പ്പനയ്ക്ക് ഒരുക്കിയിരിക്കുന്നത്. ബാങ്കിന്റെ സഹകാരി വെളിച്ചെണ്ണയടക്കം എല്ലാം ഉല്‍പ്പന്നങ്ങളും ജനപ്രിയമാണ്. നാളികേര ഉല്‍പ്പന്നങ്ങള്‍ക്ക് വടക്കെ ഇന്ത്യയിലും സൗദി അറേബ്യ അടക്കമുള്ള വിദേശ വിപണികളിലും ആവശ്യക്കാരേറെയാണ്.