നാടറിയാന്‍ ചിറ്റൂരില്‍ ടൂറിസം സഹകരണ സംഘം
– അനില്‍ വള്ളിക്കാട്
തമിഴതിര്‍ത്തി പങ്കിടുന്ന പാലക്കാട് ജില്ലയുടെ കിഴക്കന്‍
പ്രദേശമായ ചിറ്റൂരിലെ ടൂറിസത്തിന്റെ സമഗ്ര സാധ്യതകളും
കണ്ടെത്തി പ്രയോജനപ്പെടുത്താന്‍ ഒരു സഹകരണ സംഘം.
നൂറു ടൂറിസം സ്‌പോട്ടുകള്‍ അടയാളപ്പെടുത്തിയും
സാംസ്‌കാരികത്തനിമ നിലനിര്‍ത്തിയുമാകും സഞ്ചാരികള്‍ക്ക്
ഈ സംഘം വിനോദയാത്ര ഒരുക്കുക.
ഒരു നാടിനെ പരിചയപ്പെടുത്തന്നതിലൂടെ വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും വൈവിധ്യവഴികളിലൂടെ ഒരു സഞ്ചാരം. പാലക്കാട് ചിറ്റൂരില്‍ പ്രവര്‍ത്തനം തുടങ്ങിയ ചിറ്റൂര്‍ താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആന്റ് റിസേര്‍ച് സെന്റര്‍ (TARCOS), നാടിന്റെ ചരിത്രാ ന്വേഷണത്തിലേക്കും ജീവിത സംസ്‌കാരത്തിലേക്കും യാത്രാസ്വാദകരെ ഇനി കൈപിടിച്ചു നടത്തും.
കേരളത്തില്‍ ദൈര്‍ഘ്യമേറിയ തമിഴതിര്‍ത്തി പങ്കിടുന്ന പാലക്കാട് ജില്ലയുടെ കിഴക്കന്‍ പ്രദേശമാണു ചിറ്റൂര്‍. പണ്ട് കൊച്ചി രാജ്യത്തിനു കീഴില്‍ കഴിഞ്ഞതിന്റെ പ്രൗഢമുദ്രകളുണ്ട് പലയിടത്തും. എന്നാല്‍, ചലനമറ്റ ചരിത്രോര്‍മകള്‍ക്കിടയില്‍ ചിറ്റൂരിന്റെ ജീവിതചലനം മുഖ്യ തൊഴിലായ കൃഷിയും ചെറുകിട വാണിജ്യവും മുന്‍പോട്ടു നീക്കിക്കൊണ്ടാണ്. കൊങ്ങ രാജാവിന്റെ പടവീരന്മാരെ തുരത്തിയോടിച്ചതിന്റെ രണസ്മരണകള്‍ ചിറ്റൂരിനെന്നും വീറിന്റെയും വാശിയുടെയും വഴികളാണ്. ആളുകളുടെ ജീവിതത്തിനും സംസ്‌കാരത്തിനും അതിന്റെ ദൃഢതയുണ്ട്. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കൊങ്ങന്‍പട ചിറ്റൂരിന്റെ ദേശീയോത്സവവും ചരിത്രസ്മൃതിയുമാണ്.
തമിഴ് സാമീപ്യം. പഴയ രാജഭരണം. വിവിധ വാണിജ്യ സമൂഹങ്ങള്‍. ചിറ്റൂരിന്റെ സമ്മിശ്ര സംസ്‌കാരത്തെ വേര്‍തിരിച്ചെടുക്കാനാവില്ല. മലയാളത്തിനു പുറമെ തമിഴിന്റെയും തെലുങ്കിന്റെയും കന്നടത്തിന്റെയും സമന്വയ ഭൂമി. ഭാഷയില്‍, ഭക്ഷണത്തില്‍, കൃഷിയില്‍, കച്ചവടത്തില്‍ – എല്ലായിടത്തും വിവിധ മുദ്രകളാണു ചിറ്റൂരിലുള്ളത്. ഭാഷാപിതാവായ തുഞ്ചനുറങ്ങുന്ന ഗുരുമഠം ഉള്‍പ്പടെയുള്ള സാംസ്‌കാരിക സ്ഥാപനങ്ങളും നിരവധി. പറമ്പിക്കുളവും നെല്ലിയാമ്പതിയും ചിറ്റൂരിന്റെ വിനോദസഞ്ചാര സംഭാവനകളാണ്. സീതാര്‍കുണ്ടും പാലകപ്പാണ്ടിയും പോലെ പ്രചാരം നേടാത്ത അനവധി സ്ഥലങ്ങള്‍ വേറെയും. ഏറ്റവും കൂടുതല്‍ അണക്കെട്ടുകളുള്ള പ്രദേശമാണ് ചിറ്റൂര്‍. ചോളവും പരുത്തിയും കരിമ്പും കടലയും തുടങ്ങി എല്ലായിനം കാര്‍ഷിക വിളകളും ഈ കറുത്ത മണ്ണിനു സുപരിചിതം. പച്ചക്കറിയും പൂവും ഒരുപോലെ വിളയിച്ചെടുക്കുന്ന നാട് കേരളത്തിലേക്കാകെ തെങ്ങിന്‍കള്ള് ചെത്തി അയക്കുന്ന പ്രദേശവുമാണ്.
വിനോദം വിജ്ഞാനം
ചിറ്റൂരിലെ ടൂറിസത്തിന്റെ സമഗ്ര സാധ്യതകളും കണ്ടെത്തി പ്രയോജനപ്പെടുത്തുക എന്നതാണു ടൂറിസം സഹകരണ സംഘത്തിന്റെ ലക്ഷ്യം. കാര്‍ഷിക സംസ്‌കൃതിയിലൂടെ, ദേശത്തനിമകളിലൂടെ, വേലത്തെളിച്ചങ്ങളിലൂടെ, ദൈവസന്നിധികളിലൂടെ, മലനിരകള്‍ കാത്തുവെച്ച കരുത്തിന്റെ കുതിപ്പുകളിലൂടെ, കാടകങ്ങളിലെ സ്വപ്നവേഗങ്ങളിലൂടെ ഒരനുയാത്ര എന്നാണ് ചിറ്റൂരിനെ അറിയാനുള്ള ശ്രമത്തെ സംഘം വിശേഷിപ്പിക്കുന്നത്. നൂറു ടൂറിസം സ്‌പോട്ടുകള്‍ അടയാളപ്പെടുത്തിക്കൊണ്ടായിരിക്കും സഞ്ചാരികള്‍ക്കു ഈ സംഘം യാത്രയൊരുക്കുക. സാംസ്‌കാരികത്തനിമയെ നിലനിര്‍ത്തിക്കൊണ്ട് പരിചയപ്പെടുത്തുന്നതിലൂടെ വിനോദ സഞ്ചാര ഭൂപടത്തില്‍ ചിറ്റൂര്‍ രേഖപ്പെടുക മാത്രമല്ല നാടിന്റെ വികസന വഴികള്‍ വൈവിധ്യപൂര്‍ണമാകുമെന്നും സംഘം കരുതുന്നു.
ദേശങ്ങളിലെ ഭാഷാ വൈവിധ്യവും അതിനു കാര്‍ഷിക പാരമ്പര്യവുമായുള്ള ബന്ധവും പരിചയപ്പെടുത്തിയും തനതു നാടന്‍ കലാരൂപങ്ങളായ പൊറാട്ട്, കണ്യാര്‍കളി, ആര്യമാലക്കളി, നല്ലമ്മപ്പാട്ട് തുടങ്ങിയവയുടെ സംരക്ഷണത്തിനും പ്രകടനത്തിനും അവസരം നല്‍കിയും ഗ്രാമീണ ടൂറിസത്തെ പരിപോഷിപ്പിക്കും. പാരമ്പര്യ കൃഷിയായ നെല്ലിനു പുറമെ തെങ്ങ്, കരിമ്പ്, കടല തുടങ്ങിയവയും സമൃദ്ധമായി വളരുന്ന മണ്ണ്. ഫലവൃക്ഷങ്ങളായ മാവും പ്ലാവും സുലഭം. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കു വിപണി കണ്ടെത്തുന്നതോടൊപ്പം പരമ്പരാഗത കൃഷി വിജ്ഞാനം പുതുതലമുറക്കു പരിചയപ്പെടുത്തിക്കൊണ്ടാകും കാര്‍ഷിക ടൂറിസത്തിന് ഊന്നല്‍ നല്‍കുക.
ഫെസ്റ്റിവല്‍ ടൂറിസത്തിന് അനുയോജ്യമായ പ്രദേശമാണു ചിറ്റൂര്‍. വിവിധ ദേശങ്ങളിലെ വേലയും പൂരവും അവയ്ക്കു പിന്നിലെ ചരിത്രവും മിത്തും പരിചയപ്പെടുത്തിയും ഉത്സവങ്ങളിലെ പാരമ്പര്യത്തെ സമകാല സാഹചര്യങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ടും ഫെസ്റ്റിവല്‍ ടൂറിസം വളര്‍ത്തും. ഇതോടൊപ്പം പ്രസിദ്ധരായ കലാപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേദിയൊരുക്കുകയും ചെയ്യും. മലനിരകളിലൂടെയുള്ള സുരക്ഷിതമായ ട്രെക്കിങ്ങിനു സൗകര്യമൊരുക്കിക്കൊണ്ട് സാഹസിക വിനോദസഞ്ചാരവും നടത്തിക്കൊടുക്കും. നെല്ലിയാമ്പതി, പറമ്പിക്കുളം തുടങ്ങിയ വനാന്തരങ്ങളാണു ഫോറസ്‌ററ് ടൂറിസത്തിനു യോജിച്ച സ്ഥലങ്ങള്‍. ക്ഷേത്രദര്‍ശനത്തിനും തീര്‍ഥാടനത്തിനും പ്രത്യേക യാത്രയൊരുക്കുകയെന്നതും സംഘത്തിന്റെ പ്രവര്‍ത്തന പരിപാടിയാണ്.
സ്‌നേഹ രുചി
ഭാഷാ വൈവിധ്യം ചിറ്റൂരിന്റെ ഭക്ഷ്യ സംസ്‌കാരത്തിലും പ്രകടമാണ്. കോഴിയിറച്ചിയും കുമ്പളങ്ങയും ചേര്‍ത്തുള്ള ഒഴിച്ചുകറി ഇവിടത്തെ സ്‌നേഹവിരുന്നുകളിലെ സ്വാദേറിയ വിഭവമാണ്. മുളകുവറുത്ത പുളിക്കും ഇഷ്ടക്കാരുണ്ട്. ഒപ്പം ഉണക്ക മാന്തള്‍ വറുത്തതും ചേരുമ്പോള്‍ മികച്ച കൂട്ട് രുചിയായി. കമനീയ കാഴ്ചകള്‍ക്കൊപ്പം സ്വാദിഷ്ട ഭക്ഷണവും നല്‍കാന്‍ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും ഹോംസ്റ്റേ സൗകര്യം ഏര്‍പ്പെടുത്തുമെന്നു സംഘം പ്രസിഡന്റ് ഇ.എന്‍. സുരേഷ് ബാബു പറഞ്ഞു. ഒരു വാര്‍ഡില്‍ ഒരു വീട് എന്ന നിലയില്‍ ജനങ്ങളെ ബോധവല്‍ക്കരിച്ച് ഉത്തരവാദിത്ത ടൂറിസം നടപ്പാക്കും. എല്ലാ പഞ്ചായത്തിലും ടൂറിസം ക്ലബ്ബുകളും രൂപവത്കരിക്കും. എല്ലാ പഞ്ചായത്തിലും നാടന്‍കലകള്‍, സാംസ്‌കാരിക പരിപാടികള്‍, വ്യാപാരോത്സവം എന്നിവ സംഘടിപ്പിക്കും. വിവിധ സ്ഥാപനങ്ങളുടെ എല്ലാ വിധത്തിലുമുള്ള ഇന്‍ഷുറന്‍സ് ലഭ്യമാക്കാന്‍ പഞ്ചായത്തുകളില്‍ പോര്‍ട്ടല്‍ ഓഫീസുകള്‍ തുറക്കും. യാത്രക്കായി വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കും. താലൂക്കിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും ചുരുങ്ങിയ ചെലവില്‍ പരസ്യം നിര്‍മിച്ചു ജനങ്ങളില്‍ എത്തിക്കാന്‍ അഡ്വെര്‍ടൈസിങ് ഏജന്‍സിയും തുടങ്ങും – സുരേഷ് ബാബു പറഞ്ഞു.
മൈ ചിറ്റൂര്‍
‘മൈ ചിറ്റൂര്‍’ എന്നു ബ്രാന്‍ഡ് ചെയ്തിട്ടുള്ള സംഘത്തിന്റെ പ്രവര്‍ത്തനം ചിറ്റൂരില്‍ മാത്രം ഒതുങ്ങുന്നില്ല. രാജ്യത്തും വിദേശത്തുമുള്ള പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ടൂര്‍ പാക്കേജുകള്‍ സംഘടിപ്പിക്കും. വിദേശ രാജ്യങ്ങളിലുള്‍പ്പടെയുള്ള സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ താമസത്തിന് ഏര്‍പ്പാട് ചെയ്യും. വിമാനം, ട്രെയിന്‍, ബസ് യാത്രക്കുള്ള ടിക്കറ്റ് ബുക്കിംഗ് സൗകര്യം സംഘം ഒരുക്കും. ചിറ്റൂരിന്റെ തനതായ കൈത്തറി, കരകൗശല, കാര്‍ഷിക, ഭക്ഷ്യ സംസ്‌കരണ ഉല്‍പ്പന്നങ്ങള്‍ ലോക ജനതയ്ക്കു ലഭ്യമാക്കുവാന്‍ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിക്കും. ചിറ്റൂര്‍ താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലെയും വാര്‍ത്തകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, ഉത്സവങ്ങള്‍ എന്നിവ പരിചയപ്പെടുത്താന്‍ ഒരു ഓണ്‍ലൈന്‍ ചാനല്‍ ആരംഭിക്കുമെന്നും സംഘം പ്രസിഡന്റ് പറഞ്ഞു. ചിറ്റൂര്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലാണ് സംഘത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. www.mychittur.in എന്ന പേരില്‍ വെബ്‌സൈറ്റും തുറന്നിട്ടുണ്ട്.
സ്പീക്കര്‍ എം.ബി.രാജേഷാണു സംഘത്തിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്. ബ്രോഷര്‍ പ്രകാശനം ഓണ്‍ലൈനില്‍ മന്ത്രി കെ. കൃഷ്ണന്‍്കുട്ടി നിര്‍വഹിച്ചു. വെബ്‌സൈറ്റ് ഉദ്ഘാടനം കെ.ബാബു എം.എല്‍.യും ലോഗോ പ്രകാശനം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ചിന്നക്കുട്ടനും ടിക്കറ്റ് വിതരണം ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. മുരുകദാസും നിര്‍വഹിച്ചു. ചിറ്റൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എല്‍. കവിത ഇന്‍ഷുറന്‍സ് വിതരണവും നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാമണി ബ്രാന്‍ഡ് ലോഗോ പ്രകാശനവും നടത്തി. സംഘം പ്രസിഡന്റ് ഇ.എന്‍. സുരേഷ്ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡയരക്ടര്‍ ആര്‍. ശിവപ്രകാശ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ എം. സതീഷ്, എസ്. അനീഷ, റിഷ പ്രേംകുമാര്‍, പി. ബാലഗംഗാധരന്‍, ബേബി സുധ, സഹകരണ അസി. രജിസ്ട്രാര്‍ കെ. രമേഷ്‌കുമാര്‍, സെക്രട്ടറി എന്‍. അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
30 പേരെ ഓഹരി ഉടമകളാക്കിക്കൊണ്ടാണു സംഘം പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്. ആര്‍. ശിവപ്രകാശ്, എം. ബാബു, കൃഷ്ണപ്രസാദ്, ജ്യോതീന്ദ്രന്‍, പ്രേമന്‍, ശാരംഗധരന്‍, തിരുചന്ദ്രന്‍, കണ്ണനുണ്ണി, ഇന്ദു, സരിത, കുമാരി, സുലൈമാന്‍, ഫിറോസ്ഖാന്‍ എന്നിവര്‍ ഭരണസമിതി അംഗങ്ങളാണ്. എന്‍. അജിത്കുമാര്‍ ഓണററി സെക്രട്ടറിയും.