നയപരമോ ആശയപരമോ ആയ വിയോജിപ്പ്‌ കൊണ്ടല്ല കോണ്‍ഗ്രസും യുഡിഎഫും കേരള ബാങ്ക് രൂപീകരണത്തെ എതിര്‍ത്തതെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

adminmoonam

നയപരമോ ആശയപരമോ ആയ വിയോജിപ്പ്‌ കൊണ്ടല്ല കോണ്‍ഗ്രസും യുഡിഎഫും കേരള ബാങ്ക് രൂപീകരണത്തെ എതിര്‍ത്തതെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിലാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കില്‍ ചേരാന്‍ തയാറാകാതെ ഇപ്പോഴും നിസഹകരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സങ്കുചിത രാഷ്ട്രീയവും അനാവശ്യ വിവാദങ്ങളുമുയര്‍ത്തി കേരള ബാങ്ക് രൂപീകരണത്തെ ഏറ്റവുമധികം തടസ്സപ്പെടുത്താന്‍ ശ്രമിച്ചവരായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് മുന്നണി. ഇവിടെ ജില്ലാ ബാങ്കുകളുടെ ഏകീകരണത്തെ എതിര്‍ത്തവര്‍ എന്നാല്‍ അവര്‍ ഭരിക്കുന്ന പഞ്ചാബില്‍ അത്തരമൊരു ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്കിന്റെ അനുമതി നേടിയിരിക്കുകയാണ്. അവിടത്തെ സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ചു പുതിയ ബാങ്ക് രൂപീകരിക്കുവാനുള്ള അനുമതിയാണ് റിസര്‍വ് ബാങ്ക് സംസ്ഥാനത്തിന് നല്‍കിയിരിക്കുന്നത്.

ഇവിടെ കോണ്‍ഗ്രസ് എതിര്‍ക്കുന്ന കേരള ബാങ്കിനെ മാതൃകയാക്കിയാണ് പഞ്ചാബ് അവരുടെ ബാങ്ക് രൂപീകരിക്കുന്നത് എന്നതാണ് രസകരം. കേരള ബാങ്കിനെ കുറിച്ചും മെര്‍ജിംഗിനെ കുറിച്ചും പഠിക്കാന്‍ പഞ്ചാബില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥര്‍ മുന്‍പ് കേരളത്തിലെത്തിയിരുന്നു. പഞ്ചാബ് സഹകരണ വകുപ്പ് രജിസ്ട്രാര്‍ വികാസ് ഗാര്‍ഖ് ഐ.എ.എസ് , പഞ്ചാബ് സഹകരണ ബാങ്ക് എം.ഡി ഡോ:ബി.കെ.ബാട്ടിഷ് എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ഞാന്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കേരളം നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ഈ മാതൃക പഞ്ചാബിലും തുടരുമെന്നും പറയുകയും ചെയ്തിട്ടാണ് സംഘം അന്ന് മടങ്ങിയത്. ആ കേരള മാതൃകയാണ് ഇപ്പോള്‍ പഞ്ചാബില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

ജനകീയമായ ആധുനിക ബാങ്കിംഗ് സേവനങ്ങള്‍ ഒരു ജില്ലയ്ക്കാകെ നിഷേധിക്കുക വഴി എന്താണ് നേടിയതെന്ന് ജനങ്ങളോട് പറയാന്‍ ബന്ധപ്പെട്ടവര്‍ ബാധ്യസ്ഥരാണ്. ഇല്ലത്ത് ഒരു നിലപാടും അമ്മാത്ത് മറ്റൊന്നും പോകുന്ന വഴിയില്‍ വേറെ നിലപാടും പുലര്‍ത്തുന്ന കോണ്‍ഗ്രസും അവരുടെ മുന്നണിയും ഇനിയെങ്കിലും നിലപാട് തിരുത്തി ജനങ്ങളോട് ക്ഷമ ചോദിക്കുവാന്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News