നബാര്‍ഡ് ഫണ്ട് സഹകരണ സംഘങ്ങള്‍ വഴി ഉപയോഗിക്കാന്‍ എം.എല്‍.എ.മാര്‍ക്ക് ചുമതല നല്‍കുന്നു
കാര്‍ഷിക അടിസ്ഥാന സൗകര്യനിധി സഹകരണ സംഘങ്ങള്‍ വഴി പരമാവധി ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമം. ഇതിനായി ഓരോ മണ്ഡലത്തിലെയും സഹകരണ സംഘങ്ങള്‍ക്ക് ഏറ്റെടുക്കാവുന്ന പദ്ധതികള്‍ കണ്ടെത്താനാണ് ആലോചന. ഇവയുടെ ചുമതല എം.എല്‍.എ.മാര്‍ക്ക് നല്‍കും. ഇതിനായി നബാര്‍ഡ് നല്‍കുന്ന കാര്‍ഷിക അടിസ്ഥാന സൗകര്യ നിധി ഉപയോഗിച്ച് ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാമെന്നതിന്റെ വിശദാംശങ്ങള്‍ എം.എല്‍.എ.മാര്‍ക്ക് നല്‍കും.
2450 കോടിരൂപയാണ് കാര്‍ഷിക അടിസ്ഥാന സൗകര്യനിധിയില്‍ കേരളത്തിന്റെ വിഹിതം. നിലവില്‍ 66 പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ക്കായി 160 കോടിരൂപയാണ് വായ്പയായി നല്‍കിയിട്ടുള്ളത്. കാര്‍ഷിക സംഘങ്ങളെ വൈവിധ്യ സേവന കേന്ദ്രങ്ങളാക്കുക എന്ന നബാര്‍ഡ് പദ്ധതി അനുസരിച്ചാണിത്. മൂന്നുശതമാനം പലിശ സബ്‌സിഡിയാണ് ഇതിനുള്ളത്. കാര്‍ഷിക അനുബന്ധ പദ്ധതികള്‍ക്ക് കേരളബാങ്കില്‍നിന്ന് പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ വായ്പ എടുക്കുമ്പോള്‍ മൂന്നുശതമാനം പലിശ ഇളവ് അധികമായി ലഭിക്കുന്നുണ്ട്. ഇങ്ങനെ വരുമ്പോള്‍ ഒരുശതമാനം പലിശയ്ക്ക് രണ്ടുകോടി രൂപ കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കും.
സഹകരണ സംഘങ്ങളിലൂടെ കാര്‍ഷിക-അനുബന്ധ സംരംഭം തുടങ്ങാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. സിവില്‍ സപ്ലൈസിനുവേണ്ടി കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളിലൂടെ ഡോഗൗണ്‍ നിര്‍മ്മാണം, പാലക്കാടും ആലപ്പുഴയിലും നെല്ല് സംഭരണ ശാലകള്‍, കൊയ്ത് യന്ത്രങ്ങള്‍ വാങ്ങല്‍ എന്നിവയൊക്കെയാണ് പ്രധാന പദ്ധതികളായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമെ, 10 കാര്‍ഷിക വിളകളെ അടിസ്ഥാനമാക്കി മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ യൂണിറ്റ് തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
പദ്ധതി ആസൂത്രണങ്ങള്‍ പ്രവര്‍ത്തനമായി മാറുന്നില്ലെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. അതുകൊണ്ടാണ്, നിര്‍വഹണം വേഗത്തിലാക്കാന്‍ എം.എല്‍.എ.മാര്‍ ഇടപെടണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രിതന്നെ മുന്നോട്ടുവെച്ചത്. കാര്‍ഷിക അടിസ്ഥാന സൗകര്യ നിധിയുടെ ഉപയോഗം സംബന്ധിച്ച് നബാര്‍ഡ് തയ്യാറാക്കിയ കുറിപ്പ് ഓരോ എം.എല്‍.എ.മാര്‍ക്കും നല്‍കും. പ്രാദേശികമായ ഏറ്റെടുക്കാവുന്ന പദ്ധതികള്‍ സഹകരണ സംഘങ്ങളെ കൊണ്ട് നടപ്പാക്കിക്കുകയാണ് ലക്ഷ്യമിടുന്നത്.
സഹകരണ സംഘങ്ങളുടെ സംരംഭങ്ങള്‍ക്ക് കേരളബാങ്ക് വഴി വായ്പ എടുക്കുന്നതാണ് ഗുണം. എന്നാല്‍, മലപ്പുറം ജില്ലയിലെ സംഘങ്ങള്‍ക്ക് ഇത്തരത്തില്‍ വായ്പ ലഭ്യമാക്കാന്‍ കേരളബാങ്ക് സന്നദ്ധമാകാത്ത പ്രശ്‌നം പ്രധാനമാണ്. ജില്ലാബാങ്കുവഴി ഈ വായ്പ ലഭ്യമാക്കാനാവുന്നതേയുള്ളൂ. എന്നാല്‍, മലപ്പുറം ജില്ലാബാങ്ക് കേരളബാങ്കില്‍ ലയിച്ചില്ലെന്ന കാരണത്താല്‍ മലപ്പുറം ജില്ലയ്ക്ക് ഫണ്ട് നിഷേധിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇത് പരിഹരിക്കാനുള്ള ഇടപെടല്‍ സര്‍ക്കാരില്‍നിന്ന് ഉണ്ടായിട്ടുമില്ല.