ദേശീയ സഹകരണ ഡാറ്റാബേസിന്റെ ഒന്നാംഘട്ടം ഈ മാസം തയാറാകും

moonamvazhi

മൂന്നു പ്രധാന സഹകരണമേഖലകളിലെ ഡാറ്റകള്‍ ശേഖരിച്ചുകൊണ്ടുള്ള ദേശീയ സഹകരണ ഡാറ്റാബേസിന്റെ ഒന്നാം ഘട്ടം ഈ മാസം ( ഫെബ്രുവരി ) അവസാനത്തോടെ തയാറാകുമെന്നു കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ അറിയിച്ചു. ലോക്‌സഭയില്‍ ചൊവ്വാഴ്ച ഒരംഗത്തിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.

ആദ്യഘട്ടത്തില്‍ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണ സംഘങ്ങള്‍ ( PACS ), ക്ഷീരവികസനസംഘങ്ങള്‍, മത്സ്യത്തൊഴിലാളി സംഘങ്ങള്‍ എന്നിവയുടെ കണക്കാണു തയാറാക്കുക. രാജ്യത്തെങ്ങുമുള്ള പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍, മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ സംഘങ്ങളുടെയും ആധികാരികവും സമഗ്രവുമായ ഡിജിറ്റല്‍ ഡാറ്റാബേസായ ദേശീയ സഹകരണ ഡാറ്റാബേസാണു സഹകരണ മന്ത്രാലയം മുന്‍കൈയെടുത്തു തയാറാക്കുന്നത് – മന്ത്രി അറിയിച്ചു. രാജ്യത്തെ സഹകരണപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നയരൂപവത്കരണത്തിനും പദ്ധതികള്‍ നടപ്പാക്കുന്നതിനും നിര്‍ദിഷ്ട ഡാറ്റാബേസ് സഹായകമാവുമെന്നു മന്ത്രി അഭിപ്രായപ്പെട്ടു.


മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ നേതൃത്വത്തിലുള്ള ദേശീയതല സഹകരണ നയരൂപവത്കരണസമിതിയുടെ നിര്‍ദേശങ്ങള്‍ സഹകരണത്തിലൂടെ സമൃദ്ധി എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തെ സഹായിക്കുമെന്നു മറ്റൊരു ചോദ്യത്തിനു എഴുതിക്കൊടുത്ത മറുപടിയില്‍ അമിത് ഷാ പറഞ്ഞു. സഹകരണാടിസ്ഥാനത്തിലുള്ള സാമ്പത്തിക വികസനമാതൃകയിലൂടെ രാജ്യത്തെ സഹകരണമേഖലയെ ശക്തിപ്പെടുത്താനും താഴെത്തട്ടില്‍വരെ സഹകരണാശയം എത്തിക്കാനും പുതിയ ദേശീയ സഹകരണനയം സഹായിക്കും. കിട്ടിയ വിവരങ്ങളും നിര്‍ദേശങ്ങളും ശുപാര്‍ശകളും അവലോകനം ചെയ്തശേഷം ദേശീയതലസമിതി കരടുനയം തയാറാക്കും- അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തില്‍ സഹകരണമന്ത്രാലയം രൂപവത്കരിച്ച ശേഷം സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള നടപടികള്‍ അമിത് ഷാ മറുപടിയില്‍ അക്കമിട്ടു പറഞ്ഞു. 63,000 പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളുടെ കന്യൂട്ടര്‍വത്കരണത്തിനു 2516 കോടി രൂപ അനുവദിച്ചു, പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളില്‍ വ്യാപിപ്പിക്കുന്നതിനായി മാതൃകാ നിയമാവലി തയാറാക്കി വിതരണം ചെയ്തു, പ്രാഥമിക സംഘങ്ങളെ പൊതു സേവന കേന്ദ്രങ്ങളാക്കാനുള്ള ( Common Service Centres ) ധാരണാപത്രത്തില്‍ ഒപ്പുവെച്ചു, 2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമഭേദഗതിബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, എന്‍.സി.ഡി.സി. സഹകരണമേഖലയ്ക്കായി പുതിയ പദ്ധതികള്‍ നടപ്പാക്കി, സഹകരണസംഘങ്ങള്‍ക്കു ചരക്കുകളും സേവനങ്ങളും വാങ്ങാനായി ജെം പോര്‍ട്ടല്‍ ആരംഭിച്ചു, സംഘങ്ങള്‍ക്കുള്ള മിനിമം ആള്‍ട്ടര്‍നേറ്റ് ടാക്‌സ് ( MAT )  18.5 ശതമാനത്തില്‍ നിന്നു 15 ശതമാനമാക്കി, സഹകരണസംഘങ്ങള്‍ക്കു പ്രതിവര്‍ഷം നികുതിയില്ലാതെ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഒരു കോടിയില്‍ നിന്നു മൂന്നു കോടി രൂപയാക്കി, വിത്തിനും ജൈവോല്‍പ്പന്നങ്ങള്‍ക്കും കയറ്റുമതിക്കും പുതിയ ദേശീയ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ രൂപവത്കരിച്ചു തുടങ്ങി ഇരുപതു നേട്ടങ്ങളാണു മന്ത്രി അമിത് ഷാ എടുത്തുപറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News