തുഞ്ചന്റെ നാട്ടില്‍ വിദ്യയുടെ സഹകരണ തെളിച്ചം

moonamvazhi

– അനില്‍ വള്ളിക്കാട്

രണ്ടായിരത്തോളംകുട്ടികള്‍ പഠിക്കുന്ന കോളേജും ഐ.ടി.ഐ.യും
മത്സര പരീക്ഷക്കുള്ള പരിശീലന ക്ലാസുകളും.  നാലു പതിറ്റാണ്ടായി
തിരൂര്‍ താലൂക്ക് സഹകരണ വിദ്യാഭ്യാസ സംഘം വിദ്യയുടെ
വെളിച്ചം പകരുകയാണ്. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള
സംസ്ഥാന സഹകരണ അവാര്‍ഡ് സംഘത്തെ തേടിയെത്തി.

 

ഭാഷാപിതാവിന്റെ നാടെന്ന പെരുമ. വീരേതിഹാസങ്ങളുടെ വേരാഴ്ന്ന മണ്ണ്. എഴുത്തച്ഛന്റെ എഴുത്തുകളരിയായിരുന്നെന്നു കരുതുന്ന തിരൂര്‍ തുഞ്ചന്‍ പറമ്പിനടുത്ത്, പുതിയ കാലത്തിന്റെ അറിവരങ്ങൊരുക്കുന്ന സഹകരണ സംഘത്തിന്റെ മികവിനു സര്‍ക്കാര്‍പുരസ്‌കാരം. നാലു പതിറ്റാണ്ടോളമായി ആയിരങ്ങള്‍ക്കു വിദ്യയുടെ വെളിച്ചം പകരുന്ന തിരൂര്‍ താലൂക്ക് സഹകരണ വിദ്യാഭ്യാസ സംഘത്തിനാണു കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സഹകരണ അവാര്‍ഡുകളില്‍ മൂന്നാം സ്ഥാനം ലഭിച്ചത്. പ്ലസ് വണ്‍ മുതല്‍ പി.ജി. കോഴ്‌സ് വരെ പഠനം നടക്കുന്ന ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്. ഇവിടെ രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍. സാങ്കേതിക വിദ്യാഭ്യാസം നല്‍കുന്ന ഐ.ടി.ഐ, മത്സരപ്പരീക്ഷകള്‍ക്കു കുട്ടികളെ ഒരുക്കാന്‍ പരിശീലന ക്ലാസുകള്‍. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുട്ടികളുടെ പ്രവേശനത്തിലും പരീക്ഷാഫലത്തിലും വര്‍ധനയുടെ കണക്കുമാത്രം. മലപ്പുറം തിരൂര്‍ സഹകരണ വിദ്യാഭ്യാസ സംഘം അക്ഷര വെളിച്ചത്തിന്റെ അനന്തശോഭ പടര്‍ത്തുകയാണ്.

തൊഴിലിനായി
തുടക്കം

ബിരുദധാരികളായ യുവതീയുവാക്കള്‍ക്കു തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണു 1984 ജനുവരിയില്‍ സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ 515 അംഗങ്ങളുണ്ട്. കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ആരംഭിച്ചുകൊണ്ട് അഭ്യസ്തവിദ്യര്‍ക്കു തൊഴിലും വിദ്യാര്‍ഥികള്‍ക്കു പഠനവും ഒരുക്കി. തുടക്കത്തില്‍ തിരൂര്‍ ടൗണിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം 1990 കളോടെ പൂങ്ങോട്ടുകുളത്ത് തുഞ്ചന്‍ റോഡിനു സമീപം സ്വന്തമായി വാങ്ങിയ 54 സെന്റ് സ്ഥലത്തെ മൂന്നുനില കെട്ടിടത്തിലേക്കു മാറ്റി. 2007 ല്‍ ഐ.ടി.ഐ. തുടങ്ങി. കഴിഞ്ഞ ഒമ്പതു വര്‍ഷമായി തുടര്‍ച്ചയായി ലാഭത്തിലാണു സംഘത്തിന്റെ പ്രവര്‍ത്തനം.

കോളേജിനു കീഴില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പണ്‍ സ്‌കൂളിന്റെ ഭാഗമായി പ്ലസ് വണ്‍ കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് കോഴ്‌സുകളാണു നടത്തുന്നത്. ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര വിദ്യാഭാസ വിഭാഗത്തിന്റെ കീഴിലാണു വരിക. എട്ട് ഡിഗ്രി കോഴ്‌സുകളും മൂന്നു പി.ജി. കോഴ്‌സുകളുമുണ്ട്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് ഐ.ടി.ഐ. ആരംഭിച്ചത്. ഇവിടെ എന്‍.സി.വി.ടി.യുടെ അംഗീകാരമുള്ള ഡ്രാഫ്‌റ്‌സ്മാന്‍ സിവില്‍ വിത്ത് ഓട്ടോകാഡ് എന്ന കോഴ്‌സും നടത്തുന്നു. അധ്യാപകരും അനധ്യാപകരും സംഘം ജീവനക്കാരും ഉള്‍പ്പടെ 54 പേരാണ് ജോലിക്കുള്ളത്.

പുതിയ
കാലത്തേക്ക്

കാലത്തിനനുസരിച്ചുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലേക്കു സംഘം തിരിയുകയാണ്. കോളേജിനും ഐ.ടി.ഐ.ക്കും പുറമെ കോ-ഓപ്പറേറ്റീവ് അക്കാദമി ഫോര്‍ കരിയര്‍ എക്‌സലന്‍സ് ( കെയ്‌സ് ) എന്നൊരു സ്ഥാപനവും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. കെയ്‌സിനു കീഴില്‍ ബാങ്കിങ് മേഖലയുള്‍പ്പടെ എല്ലാവിധ പൊതുപരീക്ഷകള്‍ക്കുമുള്ള പരിശീലനം നല്‍കും. ബാങ്ക്, ബാങ്കിതര സേവനങ്ങള്‍ക്കായുള്ള പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സും ടാലിയും ഇവിടെ പഠിപ്പിക്കും. കെല്‍ട്രോണിന്റെ സഹകരണം കെയ്‌സിനുണ്ട്. പ്രവര്‍ത്തനം മെച്ചപ്പെട്ട സമയത്തു കൂടുതല്‍ വൈവിധ്യവത്കരണം നടത്തുക എന്നതാണു ലക്ഷ്യമിടുന്നതെന്നു സംഘം പ്രസിഡന്റ് കെ.വി. പ്രസാദ് പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേഷനില്‍ കോളേജ് തുടങ്ങാനാണ് അടുത്ത ശ്രമം. ഇതിനായി കുറച്ചുകൂടി സ്ഥലം ആവശ്യമുണ്ട്. അതിനുള്ള ആലോചനയിലാണെന്നും പ്രസാദ് പറഞ്ഞു.

പുസ്തക
വണ്ടി

കോവിഡ് കാലത്തു വിദ്യാരംഗം സ്തംഭിച്ചു നിന്നപ്പോള്‍ പുസ്തകവണ്ടിയുമായി വീടുകളില്‍ ചെന്നു വിദ്യാര്‍ഥികള്‍ക്കു സംഘം ആത്മധൈര്യം നല്‍കി. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തിയതിനോടൊപ്പം പുസ്തകം, പഠനോപകരണങ്ങള്‍ എന്നിവയുമായി നാട്ടില്‍ സഞ്ചരിക്കുകയായിരുന്നു ഈ പുസ്തകവണ്ടി. കോളേജ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്റ്റുഡന്റസ് സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ കുറഞ്ഞ നിരക്കിലാണു പുസ്തകവും പഠനോപകരണങ്ങളും നല്‍കുന്നതെന്നു സംഘം സെക്രട്ടറി കെ.പി. ഷാജിദ് പറഞ്ഞു. ആറായിരം പുസ്തകങ്ങളടങ്ങിയ വിപുലമായ ലൈബ്രറി സംവിധാനം കോളേജിലുണ്ട്.

വിവിധ പദ്ധതികളിലായി വര്‍ഷത്തില്‍ ഇരുനൂറോളം വിദ്യാര്‍ഥികള്‍ക്കു സൗജന്യവിദ്യാഭ്യാസം ഒരുക്കാന്‍ സംഘത്തിനു സാധിക്കുന്നുണ്ട്. എസ്.സി., എസ്.ടി., ഫിഷര്‍മാന്‍, മൈനോറിറ്റി വിഭാഗങ്ങളില്‍ സ്‌കോളര്‍ഷിപ്പും നല്‍കിവരുന്നു. പഠന-പഠനേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കലാ- കായിക മത്സരങ്ങള്‍, യൂണിയന്‍ രൂപവത്കരണം, മാഗസിന്‍, ഷോര്‍ട് ഫിലിം നിര്‍മാണം തുടങ്ങിയവയും സംഘടിപ്പിക്കാറുണ്ട്. ഇക്കഴിഞ്ഞ ബക്രീദ് ആഘോഷത്തിന്റെ ഭാഗമായി കോളേജില്‍ മെഹന്തി ഫെസ്റ്റും മാപ്പിളപ്പാട്ട് മത്സരവും നടത്തിയിരുന്നു.

വി.പി. ഉണ്ണിക്കൃഷ്ണന്‍ വൈസ് പ്രസിഡന്റായുള്ള ഭരണസമിതിയില്‍ സി. യോഗേഷ്, ഒ. ശശിധരന്‍, കെ.എം. ഉമ്മര്‍ ഫാറൂഖ്, കെ.പി. ജിതേഷ്, കെ. സുജയ. ഇ. ആഫില, ടി. പ്രബിത എന്നിവര്‍ അംഗങ്ങളാണ്. എം.എം. രവീന്ദ്രനാണു കോളേജ് പ്രിന്‍സിപ്പല്‍.

Leave a Reply

Your email address will not be published. Required fields are marked *

Latest News