ഡോ. വി. വേണു ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി; അലക്‌സ് വര്‍ഗീസ് സഹകരണ സംഘം രജിസ്ട്രാര്‍
ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനെ ആഭ്യന്തര, വിജിലന്‍സ് വകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ജൂണ്‍ 30 നു വിരമിക്കുന്ന ഒഴിവിലേക്കാണ് ഈ നിയമനം. പരിസ്ഥിതി വകുപ്പിന്റെ അധികച്ചുമതലയും ഡോ. വേണു വഹിക്കും. സഹകരണ സംഘം രജിസ്ട്രാറായി അലക്‌സ് വര്‍ഗീസിനെയും നിയമിച്ചു. മുല്ലപ്പെരിയാര്‍ സൂപ്പര്‍വൈസറി കമ്മിറ്റിയംഗമായും അലക്‌സ് വര്‍ഗീസ് തുടരും.കാര്‍ഷികോല്‍പ്പാദനക്കമ്മീഷണര്‍ ഇഷിതാ റോയിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പുതിയ പ്രിന്‍സിപ്പല്‍ സെക്രട്ടറി. കാര്‍ഷികോല്‍പ്പാദനക്കമ്മീഷണറുടെ അധികച്ചുമതലയും ഇവര്‍ വഹിക്കും.
റവന്യൂ, ദുരന്ത നിവാരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനു പട്ടികജാതി- പട്ടികവര്‍ഗ വികസന വകുപ്പിന്റെയും പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെയും സാംസ്‌കാരിക വകുപ്പിന്റെയും അധികച്ചുമതല കൂടി നല്‍കി. ആരോഗ്യ, കുടുംബക്ഷേമ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗാഡെയെ ജലവിഭവ വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കി. തീരദേശ ഷിപ്പിങ്- ഇന്‍ലാന്‍ഡ് നാവിഗേഷന്‍, കാര്‍ഷിക വകുപ്പ് എന്നിവയുടെ അധികച്ചുമതലയും അദ്ദേഹത്തിനു നല്‍കിയിട്ടുണ്ട്. ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിനെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പിലേക്കു മാറ്റി. ആയുഷ്, തുറമുഖ വകുപ്പുകളുടെ അധികച്ചുമതലയും ഇവര്‍ക്കു നല്‍കിയിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ വകുപ്പിലെ ( റൂറല്‍ ) പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ഡോ. ശര്‍മിള മേരി ജോസഫിനു തദ്ദേശ സ്വയംഭരണ വകുപ്പിലെ അര്‍ബന്‍ വിഭാഗത്തിന്റെ അധികച്ചുമതല കൂടി നല്‍കി. കാര്‍ഷിക വകുപ്പ് സെക്രട്ടറി അലി അസ്ഗര്‍ പാഷയെ ഭക്ഷ്യ, സിവില്‍ സപ്ലൈസില്‍ സെക്രട്ടറിയായി നിയമിച്ചു. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയരക്ടര്‍ എന്‍. പ്രശാന്തിനെ പട്ടികജാതി-പട്ടിക വര്‍ഗ-പിന്നാക്ക വികസന വകുപ്പുകളില്‍ സ്‌പെഷല്‍ സെക്രട്ടറിയായും നിയമിച്ചു.