ഡോ. വര്‍ഗീസ് കുര്യന്റെ ഓര്‍മയ്ക്കായി മൂന്നാറില്‍ പരിശീലനകേന്ദ്രം; ഉദ്ഘാടനം 31ന്

[mbzauthor]

മില്‍മ എറണാകുളം മേഖലാ യൂണിയന്റെ കീഴില്‍ മൂന്നാറിലുള്ള പരിശീലന കേന്ദ്രം നവീകരിച്ച് ഡോ. വര്‍ഗീസ് കുര്യന്റെ സ്മാരകമാക്കുന്നു. ധവള വിപ്ലവത്തിന്റെ പിതാവും ഇന്ത്യയുടെ പാല്‍ക്കാരനുമായ ഡോ. വര്‍ഗീസ് കുര്യന്റെ പേരിടുന്ന ഈ പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ജനുവരി 31 നു രാവിലെ 10.30 നു ക്ഷീര വികസന മന്ത്രി കെ. രാജു നിര്‍വഹിക്കും.

ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ തുറകളില്‍പ്പെട്ടവരുടെ അറിവ് പരിപോഷിപ്പിക്കുന്നതിനുതകുന്ന തരത്തിലുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനാണ് ഈ കേന്ദ്രം നവീകരിച്ചത്. ചടങ്ങില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി, മില്‍മ ചെയര്‍മാന്‍ പി.എ..ബാലന്‍മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കോവിഡ് മഹാമാരിയില്‍ കേരളത്തിലെ ക്ഷീരമേഖല പ്രതിസന്ധിയിലായപ്പോള്‍ വിവിധ പദ്ധതികളിലൂടെ അതിനെ അതിജീവിക്കാന്‍ മില്‍മ എറണാകുളം മേഖലാ യൂണിയന്‍ കര്‍ഷകരെ സഹായിച്ചതായി മേഖലാ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് അറിയിച്ചു. കര്‍ഷകരും ക്ഷീര സംഘങ്ങളും ഉല്‍പ്പാദിപ്പിച്ച മുഴുവന്‍ പാലും സംഭരിച്ചും വില യഥാസമയം നല്‍കിയും കോവിഡ് പ്രതിസന്ധി സ്പര്‍ശിക്കാത്ത ഒരേയൊരു മേഖലയായി ക്ഷീരമേഖലയെ നിലനിര്‍ത്താനും അതുവഴി ക്ഷീര കര്‍ഷകര്‍ക്കാകെ താങ്ങായി മാറാനും മേഖലാ യൂണിയനു സാധിച്ചു.

ഈ നേട്ടം നിലനിര്‍ത്തുന്നതിനും ക്ഷീരമേഖലയുടെ സമഗ്ര ക്ഷേമത്തിനും വേണ്ടിയുള്ള പല പരിപാടികളും നടപ്പാക്കിവരികയാണ്. ഇതിന്റെ തുടര്‍ച്ചയായി എറണാകുളം മേഖലാ യൂണിയന്റെ പരിധിയില്‍പ്പെട്ട എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ ക്ഷീര സംഘങ്ങള്‍ ഫെബ്രുവരി ഒന്നു മുതല്‍ മേഖലാ യൂണിയനു നല്‍കുന്ന പാലിനു ലിറ്ററിന് ഒന്നര രൂപ നിരക്കില്‍ അധിക ഇന്‍സെന്റീവ് നല്‍കും. ഇതില്‍ ഒരു രൂപ കര്‍ഷകനും അമ്പതു പൈസ ദൈനംദിനച്ചെലവുകള്‍ക്കായി ആപ്‌കോസ് ക്ഷീര സംഘങ്ങള്‍ക്കുമാണ് നല്‍കുക – ജോണ്‍ തെരുവത്ത് അറിയിച്ചു.

[mbzshare]

Leave a Reply

Your email address will not be published.