ഡി.ബി.ഇ.എഫ്. കോഴിക്കോടിന്റെ ഓര്‍മപ്പുസ്തകം പ്രകാശനം ചെയ്തു

[mbzauthor]

ഡി.ബി.ഇ.എഫ് – കേരള കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഓര്‍മപ്പുസ്തകം പൊതുമരാമത്ത്, ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. കേരള ബാങ്ക് ഡയരക്ടര്‍ ഇ. രമേശ് ബാബു ഏറ്റുവാങ്ങി.

ചരിത്രമാണ് എന്നും നമ്മളെ നയിക്കേണ്ടതെന്നും അതിനായി ചരിത്രത്തില്‍ നിന്നു ഉൗര്‍ജം ഉള്‍ക്കൊള്ളണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പലപ്പോഴും വര്‍ത്തമാന കാലഘട്ടത്തില്‍ പിഴവുകള്‍ പറ്റുന്നത് ചരിത്രത്തെ മറക്കുമ്പോഴാണ് – അദ്ദേഹം പറഞ്ഞു.

ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ രൂപവത്കരണവും പിന്നിട്ട ചരിത്രവും കല, സാഹിത്യ, സിനിമാ, സംഗീത രംഗങ്ങളില്‍ കോഴിക്കോടിന്റെ പിന്നിട്ട കാലവുമെല്ലാം ഓര്‍ത്തെടുത്താണ് ഓര്‍മപ്പുസ്തകം രൂപപ്പെടുത്തിയിരിക്കുന്നത്. സഹകരണ ചരിത്രവും മുന്നേറ്റവും പ്രതിപാദിക്കുന്ന പുസ്തകത്തില്‍ നാടിനു കൈത്താങ്ങാവുന്ന സഹകരണ മേഖലയെക്കുറിച്ചും എടുത്തുപറയുന്നുണ്ട്. മഹാത്മാഗാന്ധിയുടെ കോഴിക്കോട് സന്ദര്‍ശനത്തെക്കുറിച്ചുള്ള കുറിപ്പും ഓര്‍മപ്പുസ്തകത്തിലുണ്ട്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന പ്രകാശനച്ചടങ്ങില്‍ ഡി.ബി.ഇ.എഫ്. കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ. ഷഗീല അധ്യക്ഷത വഹിച്ചു. ഡി.ബി.ഇ.എഫ്. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി കെ.ടി. അനില്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. സി. അബ്ദുള്‍ മുജീബ് ( ജന. മാനേജര്‍, കേരള ബാങ്ക്, കോഴിക്കോട് റീജ്യണല്‍ ഓഫീസ് ), കെ.പി. അജയകുമാര്‍ ( ജില്ലാ സെക്രട്ടറി, കേരള ബാങ്ക് റിട്ട. എംപ്ലോയീസ് അസോസിയേഷന്‍ ), വി.ആര്‍. ഗോപകുമാര്‍ ( സെക്രട്ടറി, ബെഫി, കോഴിക്കോട് ജില്ലാ കമ്മിറ്റി ) എന്നിവര്‍ ആശംസ നേര്‍ന്നു. ഓര്‍മപ്പുസ്തകം ചീഫ് എഡിറ്റര്‍ സുനില്‍ കെ. ഫൈസല്‍ പുസ്തകം പരിചയപ്പെടുത്തി. പി. പ്രേമാനന്ദന്‍ ( സെക്രട്ടറി, ഡി.ബി.ഇ.എഫ്. കോഴിക്കോട് ജില്ലാ കമ്മിറ്റി ) സ്വാഗതവും ഓര്‍മപ്പുസ്തകം എക്‌സിക്യുട്ടീവ് എഡിറ്റര്‍ വി. ബാബുരാജ് നന്ദിയും പറഞ്ഞു.

 

[mbzshare]

Leave a Reply

Your email address will not be published.