ട്രേഡ് എക്‌സ്‌പോ: ശ്രദ്ധനേടി പ്രവാസി സഹകരണ സംഘം
കൊച്ചിയില്‍ മൂന്നൂറോളം സ്റ്റാളുകള്‍ അണിനിരന്ന
വന്‍ ട്രേഡ് എക്‌സ്‌പോ സംഘടിപ്പിച്ച് കോലഞ്ചേരി
ഏരിയ പ്രവാസി സഹകരണ സംഘംവ്യവസായ
കേരളത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. കേരളത്തിന്റെ
ഉല്‍പ്പന്നങ്ങള്‍ ലോകവിപണിയില്‍ എത്തിക്കുക
എന്നതായിരുന്നു മേളയുടെ ലക്ഷ്യം.
കേരളത്തിന്റെ വ്യവസായതലസ്ഥാനമായ കൊച്ചിയുടെ ഹൃദയഭാഗത്തു വന്‍ ട്രേഡ് എക്‌സ്‌പോ സംഘടിപ്പിച്ച് ഒരു സഹകരണ സംഘം. കോലഞ്ചേരി ഏരിയ പ്രവാസി സഹകരണ സംഘമാണ് ഇത്തരമൊരു സംഘാടനമികവിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയം മൈതാനത്തു സെപ്റ്റംബര്‍ 21 മുതല്‍ 26 വരെയായിരുന്നു എക്‌സ്‌പോ. 25 വരെയാണു മേള നിശ്ചയിച്ചിരുന്നതെങ്കിലും അ
പ്രതീക്ഷിതമായി 23 നു ഹര്‍ത്താല്‍ നടന്നതിനാല്‍ അന്നു പ്രദര്‍ശനം ഉണ്ടായില്ല. അതിനാല്‍ എക്‌സ്‌പോ ഒരു ദിവസത്തേക്കു കൂടി നീട്ടുകയായിരുന്നു.
കേരളത്തിന്റെ ഉല്‍പ്പന്നങ്ങള്‍ ലോകവിപണിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണു മെഗാ ട്രേഡ് എക്‌സ്‌പോ 2022 സംഘടിപ്പിക്കപ്പെട്ടത്. സഹകരണ വകുപ്പ്, നോര്‍ക്ക, ബിസിനസ് കേരള, ഐക്കണ്‍ മീഡിയ അക്കാദമി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മേളയില്‍ ഇലക്ട്രോണിക്‌സ്, ഫര്‍ണിച്ചര്‍, ആരോഗ്യ പരിചരണം, ഐ.ടി, വാഹനം, യന്ത്രസാമഗ്രികള്‍, ട്രാവല്‍ ആന്റ് ടൂറിസം, ബില്‍ഡേഴ്‌സ്, കോസ്‌മെറ്റിക്‌സ്, മെഡിക്കല്‍, റിയല്‍ എസ്‌റ്റേറ്റ്, എഫ്.എം.സി.ജി, കൃഷി, വിദ്യാഭ്യാസം തുടങ്ങി വിവിധ വിഭാഗങ്ങളിലായി മുന്നൂറോളം സ്റ്റാളുകളുണ്ടായിരുന്നു. സംരംഭം തുടങ്ങണമെന്നുള്ളവര്‍ക്കും നവസംരംഭകര്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കാന്‍ ജില്ലാ വ്യവസായകേന്ദ്രം സജ്ജമാക്കിയ സ്റ്റാളും ഇവയില്‍പ്പെടുന്നു. പള്ളിയാക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് പൊക്കാളി അരി ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ മേളയില്‍ നിരത്തി. കുടുംബശ്രീ ഭക്ഷണശാല ഒരുക്കി. ദിവസവും കലാസന്ധ്യയും മേളയെ സമ്പന്നമാക്കി. ബിസിനസ് ടു ബിസിനസ് മീറ്റുകള്‍, വാഹനനിരകളുടെയും നിര്‍മാണസാമഗ്രികളുടെയും മറ്റു വ്യാവസായികോല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനം, നിക്ഷേപാവസരങ്ങള്‍, സെമിനാറുകള്‍, തൊഴില്‍മേള തുടങ്ങിയവ കൊണ്ട് ശ്രദ്ധേയമായിരുന്നു മേള.
21 നു കേരള പ്രവാസിസംഘം സംസ്ഥാന പ്രസിഡന്റ് ഗഫൂര്‍ പി. ലില്ലീസ് എക്‌സ്‌പോ പവലിയന്‍ ഉദ്ഘാടനം ചെയ്തു. ചീഫ് സെക്രട്ടറി വി.പി. ജോയി മുഖ്യപ്രഭാഷണം നടത്തി. കേരളം സംരംഭകരുടെ നാടായി മാറുകയാണെന്നും സംരംഭകസംസ്ഥാനമായി കേരളത്തെ മാറ്റുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംഘാടകരായ കോലഞ്ചേരി ഏരിയ പ്രവാസി സഹകരണ സംഘം പ്രസിഡന്റും എക്‌സ്‌പോ സംഘാടകസമിതിയുടെ ജനറല്‍ കണ്‍വീനറുമായ നിസാര്‍ ഇബ്രാഹിം അധ്യക്ഷനായിരുന്നു. സാന്റാ മോണിക്ക എം.ഡി. ഡെന്നിസ് വട്ടക്കുന്നേല്‍, വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ജോയിന്റ് സെക്രട്ടറി ടോം ജേക്കബ്, ഡോ. പി.പി. വിജയന്‍, പ്രവാസി സംഘം സംസ്ഥാന സെക്രട്ടി എം.യു. അഷറഫ്, ബിസിനസ് കേരള എം.ഡി. ഇ.പി. നൗഷാദ്, യു.കെ. വ്യവസായി സുനില്‍ വര്‍ഗീസ്, ടി.ബി. നാസര്‍, ഇ.ഡി. ജോയി, അഫ്‌സല്‍ കുഞ്ഞുമോന്‍, വിജി ശ്രീലാല്‍, റെജി ഇല്ലിക്കപ്പറമ്പില്‍, കിഷിത ജോര്‍ജ്, റാഷിദ് മുഹമ്മദ്, പി.പി. മത്തായി റഫീഖ് മരക്കാര്‍ എന്നിവര്‍ സംസാരിച്ചു. ‘സംരംഭകത്വം: സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളും പരിഹാരമാര്‍ഗങ്ങളും’ സെമിനാര്‍ വനിതാകമ്മീഷന്‍ അംഗം ഷിജി ശിവജി ഉദ്ഘാടനം ചെയ്തു. ഡോ. പി.പി. വിജയന്‍ വിഷയം അവതരിപ്പിച്ചു. ഡോ. സജിമോള്‍ അഗസ്റ്റിന്‍, ഡോ. സോന തോമസ്, കിഷിത ജോര്‍ജ്, ഷെഹ്‌സിന പരീത് എന്നിവര്‍ സംസാരിച്ചു.
20 ലക്ഷം പേര്‍ക്ക്
തൊഴില്‍
22 നു സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എക്‌സ്‌പോയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. നാലു വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ വിജ്ഞാനസമൂഹമാക്കാനാണു ശ്രമം. അറിവ് മൂലധനമാക്കിയാല്‍ വ്യവസായ മേഖലയില്‍ കേരളത്തിനു മികച്ച മാതൃക സൃഷ്ടിക്കാമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. എറണാകുളം ജില്ലാസെക്രട്ടറി സി.എന്‍. മോഹനന്‍ അധ്യക്ഷനായിരുന്നു. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള-ഒമാന്‍ റീജണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, നിസാര്‍ ഇബ്രാഹിം, സല്‍മാന്‍ ചെര്‍പ്പുളശ്ശേരി, എം.യു. അഷ്‌റഫ്, ജോര്‍ജ് ഇടപ്പരത്തി, കെ. ഇ. അലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 24നു തൊഴില്‍മേളയായിരുന്നു. എക്‌സ്‌പോ വേദിയില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. സിന്തൈറ്റ്, ചിക്കിങ്, ഫ്രോസന്‍, വിഷന്‍ ഹോണ്ട, സാന്റാ മോണിക്ക തുടങ്ങിയ കമ്പനികളിലെ ഒഴിവുകളിലേക്കായിരുന്നു മേള. അഞ്ഞൂറോളം ഉദ്യോഗാര്‍ഥികള്‍ക്ക് ഉടന്‍ നിയമനം നല്‍കുമെന്നും മറ്റൊരു അഞ്ഞൂറോളം പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയിട്ടുണ്ടെന്നും കമ്പനികള്‍ അറിയിച്ചതായി സംഘാടകര്‍ വ്യക്തമാക്കി. കേരള പ്രവാസി സംഘം ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എ.യുമായ കെ.വി. അബ്ദുള്‍ ഖാദര്‍ തൊഴില്‍മേള ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം എക്‌സിക്യൂട്ടീവ് അംഗം എം.യു. അഷ്‌റഫ്, നിസാര്‍ ഇബ്രാഹിം, വി.ആര്‍. അനില്‍കമാര്‍, എ.എം. കരീം, ടി.കെ. സലിം, പി.എന്‍. ദേവാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
25 നു ‘ഉദ്യമം’ബിസിനസ് ആശയാവതരണ പരിപാടി എക്‌സ്‌പോ സംഘാടകസമിതി ചെയര്‍മാന്‍ പി.വി. ശ്രീനിജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഡോ. പി.എസ്. ഷാജഹാന്‍, ഡോ. സിമി കുര്യന്‍, ആര്‍. സംഗീത, നിസാര്‍ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. കുസാറ്റ്, ജെയിന്‍ സര്‍വകലാശാല എന്നിവയടക്കം അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണ് ‘ഉദ്യമ’ത്തില്‍ പങ്കെടുത്തത്. ജൈവ ഇന്ധനം സൃഷ്ടിക്കല്‍, ഭക്ഷണപദാര്‍ഥങ്ങളുടെ വിതരണം കാര്യക്ഷമമാക്കാനുള്ള ആപ്പുകള്‍, പ്രാദേശിക കരകൗശല വിദഗ്ധരുടെയും കലാരൂപങ്ങളുടെയും സേവനങ്ങള്‍ ഏകീകരിക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റ്, പ്രായമായവരെയും ഉപേക്ഷിക്കപ്പെട്ടവരെയും പരിചരിക്കുന്ന ഏജന്‍സികളുമായി ബന്ധിപ്പിക്കുന്നതിനുള്ള ആപ്, ജൈവ കര്‍ഷകക്കൂട്ടായ്മ തുടങ്ങിയ ആശയങ്ങള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. അന്നു ചീഫ് സെക്രട്ടറി വി.പി.ജോയി മേള സന്ദര്‍ശിച്ചു.
26 നു വൈകിട്ട് എക്‌സ്‌പോ സമാപിച്ചു. സമാപന സമ്മേളനം ഹൈബി ഈഡന്‍ എം.പി. ഉദ്ഘാടനം ചെയ്തു. പി.വി. ശ്രീനിജന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ സജീവ് കര്‍ത്ത, നിസാര്‍ ഇബ്രാഹിം, എം.യു. അഷ്‌റഫ്, ഡോ. പി.പി. വിജയന്‍, ഇ.പി. നൗഷാദ്, ആര്‍. ശ്രീകൃഷ്ണപിള്ള, പി.പി. മത്തായി, പി.പി. ജോയി എന്നിവര്‍ പ്രസംഗിച്ചു. വിവിധമേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് ഹൈബി ഈഡന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.