ടൂറിസംറൂട്ടില്‍ സഹകരണത്തിന്റെ വിജയസഞ്ചാരം
യൂറോപ്പില്‍ കാര്‍ഷികവരുമാനം ഇടിഞ്ഞപ്പോഴാണു കൃഷിയെത്തന്നെ ടൂറിസ്റ്റുകളുടെ ആകര്‍ഷണമാക്കി അധികവരുമാനം നേടാന്‍ തുടങ്ങിയത്. യൂറോപ്പില്‍ ഗ്രാമീണടൂറിസവും സാമൂഹികടൂറിസവും ചൈനയില്‍ ഊഷ്മളമായ ചുറ്റുപാടുകളൊരുക്കുന്ന ഗ്രാമീണടൂറിസവും
നന്നായി വേരുപിടിക്കുന്നുണ്ട്. ഉത്തരാഖണ്ഡിലെ പരിസ്ഥിതിടൂറിസവും ശ്രദ്ധേയനേട്ടങ്ങള്‍ കൈവരിക്കുന്നുണ്ട്. കേരളത്തില്‍ ടൂറിസം സഹകരണസംരംഭങ്ങളുടെ അപെക്‌സ്
സ്ഥാപനമായ ടൂര്‍ഫെഡ് വിദേശങ്ങളിലേക്കുവരെ യാത്രകള്‍ സംഘടിപ്പിക്കുന്നു.
എല്ലാ വര്‍ഷവും 100 കോടി വിനോദസഞ്ചാരികളാണു ലോകത്തു ടൂറിസ്റ്റുകേന്ദ്രങ്ങളിലെത്തുന്നത്. ടൂറിസം വളരുകയാണ്. ഒപ്പം, ആ രംഗത്തെ സഹകരണസംരംഭങ്ങളും. വിവിധ രാജ്യങ്ങളില്‍ വ്യത്യസ്തമാണ് അതിന്റെ പ്രവര്‍ത്തനരീതികളും മുന്‍ഗണനകളും. യൂറോപ്പില്‍ കൃഷിയില്‍ താല്‍പ്പര്യമുള്ളവര്‍ കുറയുകയും കാര്‍ഷികവരുമാനം ഇടിയുകയും ചെയ്തപ്പോഴാണു കൃഷിയെത്തന്നെ ടൂറിസ്റ്റ് ആകര്‍ഷണമാക്കി അധികവരുമാനം നേടാന്‍ തുടങ്ങിയത്. പരിസ്ഥിതി സംരക്ഷിക്കണമെന്നും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ആഗ്രഹിക്കുന്നവര്‍ ടൂറിസംരംഗത്തു പ്രവേശിച്ചപ്പോള്‍ പറ്റിയ മാധ്യമമായി കണ്ടതു സഹകരണപ്രസ്ഥാനത്തെയാണ്. ഇവയാണു സാമൂഹികടൂറിസം സഹകരണസംരംഭങ്ങള്‍. ഗ്രാമീണടൂറിസ സഹകരണസംരംഭങ്ങള്‍ വ്യവസായവളര്‍ച്ചക്ക് അനിവാര്യമാണെന്നു ചൈന അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിലും ടൂറിസംരംഗത്തു സഹകരണസംരംഭങ്ങള്‍ ശക്തമാവുകയാണ്. തെക്കേയറ്റത്തെ സംസ്ഥാനമായ കേരളത്തില്‍ സഹകരണമേഖലയിലെ ലോകത്തെ ആദ്യ പഞ്ചനക്ഷത്രഹോട്ടലായ സപ്ത റിസോര്‍ട്ട് ആന്റ് സ്പാ ( സുല്‍ത്താന്‍ ബത്തേരി ) അടക്കമുള്ള സഹകരണസംരംഭങ്ങളുണ്ട്. ടൂറിസം സഹകരണസംരംഭങ്ങളുടെ അപെക്‌സ് സ്ഥാപനമായ ടൂര്‍ഫെഡ് വിദേശങ്ങളിലേക്കുവരെ യാത്രകള്‍ സംഘടിപ്പിക്കുന്നു. സഹകരണടൂറിസത്തിന്റെ ഗതിവിഗതികളിലൂടെയും വിവിധരാജ്യങ്ങളിലെ സഹകരണടൂറിസംസംരംഭങ്ങളിലൂടെയും ഒന്നു കണ്ണോടിക്കാം.
യൂറോപ്പിലെ
ഗ്രാമീണടൂറിസം
1980 കളില്‍ കാര്‍ഷികപ്രതിസന്ധി മൂലം യൂറോപ്പില്‍ കര്‍ഷകര്‍ കുറഞ്ഞു. ഇതേത്തുടര്‍ന്ന് അവരുടെ വരുമാനം വര്‍ധിപ്പിക്കാനാണു ഗ്രാമീണടൂറിസം ഉരുത്തിരിഞ്ഞത്. യു.കെ.യില്‍ ടൂറിസംയൂണിറ്റുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്കു ധനസഹായം നല്‍കി. (യു.എസ്സില്‍ നേരത്തേതന്നെ കൃഷിവകുപ്പ് ടൂറിസം നടത്താന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിച്ചിരുന്നു. ഹോളിഡേ ഫാം കോ-ഓപ്പറേറ്റീവ് രൂപവത്കരിക്കാനും സഹായിച്ചു.). സാമൂഹികടൂറിസം സഹകരണസംഘങ്ങള്‍ ആദ്യമുണ്ടായതു ഫ്രാന്‍സിലാണ്. ബെല്‍ജിയത്തിലും ഇവ ശക്തമാണ്. രണ്ടിടത്തും ഇവയ്ക്കായി നിയമം നിര്‍മിച്ചിട്ടുണ്ട്. ഡെന്‍മാര്‍ക്ക്, ജര്‍മനി, ഗ്രീസ്, അയര്‍ലണ്ട്, ലക്‌സംബര്‍ഗ്, നെതര്‍ലാന്റ്‌സ്, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്റ്, യു.കെ. എന്നിവിടങ്ങളിലും ഇത്തരം സംഘങ്ങള്‍ സ്ഥാപിച്ചു. യു.കെ.യിലും സ്‌പെയിനിലും ഡെന്‍മാര്‍ക്കിലും സ്വിറ്റ്‌സര്‍ലന്റിലും സഹകരണസംഘങ്ങള്‍, പ്രധാനമായും ഉപഭോക്തൃസഹകരണസംഘങ്ങള്‍, ട്രാവല്‍ ഏജന്‍സി ശൃംഖലകള്‍ രൂപവത്കരിച്ചിട്ടുണ്ട്. കോ-ഓപ് ട്രാവല്‍, എറോസ്‌കി ടൂര്‍, ഡാന്‍സ്‌ക് ഫോക് ഫെറി, കോ-ഓപ്പ് വൊയാജ്, എം ട്രാവല്‍ തുടങ്ങിയവ ഇങ്ങനെ തുടങ്ങിയ ടൂറിസ്റ്റ് സംരംഭങ്ങളാണ്.
1986 ല്‍ സാമൂഹികടൂറിസത്തിനുള്ള യൂറോപ്യന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു. ഉപഭോക്തൃസഹകരണസംഘങ്ങളും യുവസംഘടനകളും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ടൂറിസം വിഭാഗങ്ങളും സേവനദാതാക്കളും ഇതില്‍ അംഗങ്ങളാണ്. 1992 ല്‍ അന്താരാഷ്ട്രസഹകരണസഖ്യം ടൂറിസംസഹകരണസംഘങ്ങളുടെ അന്താരാഷ്ട്ര അസോസിയേഷന്‍ രൂപവത്കരിച്ചിരുന്നു. 90 സഹകരണസ്ഥാപനങ്ങള്‍ അതിലുണ്ടായിരുന്നു. ഇപ്പോള്‍ ഇതു നിലവിലില്ല.
സുസ്ഥിര
ടൂറിസം
ഐക്യരാഷ്ട്രസഭയുടെ ലോകവിനോദസഞ്ചാരസംഘടനയുടെ കണക്കുപ്രകാരം കാര്‍ബണ്‍മലിനീകരണത്തിന്റെ അഞ്ചു ശതമാനം ടൂറിസം മൂലമാണ്. അതുകൊണ്ടാണു സുസ്ഥിരടൂറിസം എന്ന പരികല്‍പ്പന ഉയര്‍ന്നുവന്നത്. 2017 ലോകം സുസ്ഥിരടൂറിസംവര്‍ഷമായി ആചരിച്ചു. സഹകരണപ്രസ്ഥാനം സുസ്ഥിരടൂറിസം പരികല്‍പ്പനയെ തുടക്കത്തിലേ സ്വാഗതംചെയ്തു. 2013 ഡിസംബറില്‍ അന്താരാഷ്ട്ര സഹകരണസഖ്യത്തിന്റെ വ്യവസായ-സേവന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആയിരത്തിലധികം തൊഴിലാളി-സാമൂഹിക സഹകരണസംഘങ്ങള്‍ യൂറോപ്യന്‍ ടൂറിസംദിനാചരണത്തിന്റെ ഭാഗമായി ടൂറിസംപ്രവര്‍ത്തനങ്ങള്‍ നടത്തി. സുസ്ഥിര-ഉത്തരവാദടൂറിസത്തെക്കുറിച്ചുള്ള അവരുടെ വീക്ഷണം സഹകരണബിസിനസ് മാതൃകയില്‍ അധിഷ്ഠിതമാണ്. ഇതു സാമ്പത്തികമത്സരക്ഷമതയും സാമൂഹിക-പാരിസ്ഥിതികാവശ്യങ്ങളും സമന്വയിപ്പിക്കുന്നു. അവരുടെ ഒരു നൂതനാശയം സഹകരണപാത (ഇീ-ീുൃീൗലേ) ആയിരുന്നു. യൂറോപ്പിലെ സഹകരണപ്രസ്ഥാനവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലൂടെയുള്ള യാത്രയാണു സഹകരണപാത കൊണ്ടുദ്ദേശിച്ചത്. യുവാക്കള്‍ക്കായാണ് ഇതു പ്രധാനമായും സംഘടിപ്പിച്ചത്. പരമ്പരാഗതരീതിയില്‍ തുണിത്തരങ്ങള്‍ ഉണ്ടാക്കുന്ന കരകൗശല-കൈവേലക്കാരുടെ സഹകരണസ്ഥാപനങ്ങള്‍മുതല്‍ ടോഡ് ലെയ്‌നിലെ റോച്ച്‌ഡേല്‍ പയനിയേഴ്‌സ് മ്യൂസിയംവരെ സന്ദര്‍ശിക്കുന്ന പരിപാടിയാണിത്. സഹകരണസംസ്‌കാരവും സഹകരണമൂല്യവും പരിചയപ്പെടുത്തലാണു ലക്ഷ്യം.
യു.കെ.യിലെ പ്രമുഖ സഹകരണസ്ഥാപനമായ മിഡ്കൗണ്ടീസ് ഒരു യാത്രാബിസിനസ് നടത്തുന്നുണ്ട്. കോ-ഓപ് ട്രാവല്‍ ആണിത്. ഇതു യു.കെ.യിലെ ഏറ്റവും വലിയ മൂന്നാമത്തെ ട്രാവല്‍ ഏജന്‍സിയാണ്. അമ്പതില്‍പ്പരം വില്‍പ്പനശാലകളും വീടുകള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നൂറ്റമ്പതോളം ട്രാവല്‍ഏജന്റുമാരും ഒരു കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായ മറ്റൊരു നാല്‍പ്പതോളം ഏജന്റുമാരും ഇതിലുണ്ട്്. ട്രാവല്‍ ഫൗണ്ടേഷന്‍ എന്ന ടൂറിസംമേഖലയിലെ ജീവകാരുണ്യസ്ഥാപനവുമായി ബന്ധപ്പെട്ടാണ് ഇതിന്റെ പ്രവര്‍ത്തനം. ഇവര്‍ മെക്‌സിക്കോയിലെ മായന്‍വംശജരായ സ്ത്രീകളെ മച്ച് കാബ് എന്ന സഹകരണസ്ഥാപനമുണ്ടാക്കാന്‍ സഹായിച്ചു. വംശനാശം നേരിടുന്ന മെലിപ്പോണ തേനീച്ചകളെ സംരക്ഷിക്കുകയും തേന്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുകയുമാണു മച്ച് കാബ് ചെയ്യുന്നത്. ഫൗണ്ടേഷന്റെ സഹായത്തോടെ മച്ച് കാബ് പുതിയ പ്രകൃതിദത്ത സൗന്ദര്യവര്‍ധകവസ്തുക്കളും ത്വക്‌സംരക്ഷിണികളും വിപണിയിലിറക്കി. ബിസിനസ് നടത്തിപ്പിലും വിപണനത്തിലും പരിശീലനം നല്‍കിയാണ് ഇതു സാധിച്ചത്. ഈ ഉല്‍പ്പന്നങ്ങള്‍ പത്തിലേറെ റിസോര്‍ട്ട് ഹോട്ടലുകളില്‍ വില്‍ക്കുന്നുണ്ട്. പച്ചക്കറികളും പഴവര്‍ഗങ്ങളും ഹോട്ടലുകളില്‍ വില്‍ക്കാന്‍ തുര്‍ക്കിയിലെ കര്‍ഷകരെ ഫൗണ്ടേഷന്‍ സഹായിക്കുന്നുമുണ്ട്. ജമൈക്കയിലെ മോണ്ടിഗോ ബേയില്‍ കരകൗശലവസ്തുവ്യാപാരികളെ കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന വിപണനരീതികള്‍ പരിശീലിപ്പിക്കുകയും ചെയ്തു. തുര്‍ക്കിയിലെ ഫെത്തിയെയിലെ നാശം നേരിടുന്ന ഉള്‍ക്കടലുകള്‍ സംരക്ഷിക്കാനും നടപടിയെടുത്തു. കടലാമകളുടെയും മറ്റും ആവാസകേന്ദ്രങ്ങളെപ്പറ്റിയും ബോട്ട് യാത്രകള്‍ പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷങ്ങള്‍ കുറയ്ക്കാനുള്ള മാര്‍ഗങ്ങളെപ്പറ്റിയും ടൂറിസ്റ്റുകളെ ബോധവത്കരിക്കുകയാണ് അവിടെ ചെയ്യുന്നത്. 20 വര്‍ഷമായി സുസ്ഥിരസഞ്ചാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹികസംരംഭമായ ജി-അഡ്വഞ്ചേഴ്‌സുമായി സഹകരിച്ചും മിഡ്കൗണ്ടീസ് പല പരിപാടിയും നടപ്പാക്കുന്നുണ്ട്. കമ്പോഡിയയില്‍ ജനങ്ങളുടെ കൂട്ടായ്മകളെക്കൊണ്ട് ഭക്ഷണശാലകള്‍ നടത്തുന്ന പരിപാടി നടപ്പാക്കി. സുസ്ഥിരസഞ്ചാരത്തെപ്പറ്റി യുവസഞ്ചാരികള്‍ക്കായി ഒരു ലഘുലേഖയും മിഡ് കൗണ്ടീസ് പുറത്തിറക്കി.
വിനോദസഞ്ചാരരംഗത്തു പ്രവര്‍ത്തിക്കുന്ന മറ്റൊരു സഹകരണസ്ഥാപനമാണു ലുപിനെ അഡ്വഞ്ചര്‍ കോ-ഓപ്. സംഘം യോഗ്യരായ പര്‍വതാരോഹകരെക്കൊണ്ട് സുരക്ഷിതമായ മലകയറ്റരീതികള്‍ പരിശീലിപ്പിക്കുന്നു. പൊതുഗതാഗതോപയോഗവും പങ്കാളിത്തയാത്രകളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സെനിന്റെര്‍ എന്നൊരു ടൂറിസംസംരംഭമുണ്ട്. സ്ലോവേനിയ, ബെല്‍ജിയം, സ്‌പെയിന്‍ എന്നിവിടങ്ങളിലെ സഹകരണസംഘങ്ങളും മറ്റു സ്ഥാപനങ്ങളും ചേര്‍ന്നു സുസ്ഥിരടൂറിസത്തിനായി രൂപവത്കരിച്ച സംയുക്തസംരംഭമാണിത്. സ്ലോവെനിയയിലെ മുത്തശ്ശന്‍മാരും മുത്തശ്ശിമാരും പേരക്കുട്ടികളും ഇറ്റലിയിലെ റിമിന്‍ എന്ന കടലോരം സന്ദര്‍ശിക്കുകയും അവിടത്തെ മുത്തശ്ശന്‍മാരും മുത്തശ്ശിമാരും പേരക്കുട്ടികളും സ്ലോവേനിയയില്‍നിന്നെത്തിയവര്‍ക്കു കടലോരഭംഗികള്‍ കാട്ടിക്കൊടുക്കുകയും ചെയ്യുന്നതായിരുന്നു ഇവരുടെ ആദ്യപരിപാടി.
ലിഗാകൂപ്പ്
ടൂറിസം
ഇറ്റലിയില്‍ ലിഗാകൂപ്പ് ടൂറിസം എന്ന സഹകരണസംരംഭമുണ്ട്. ആ രാജ്യത്തെ ഏറ്റവും വലിയ സഹകരണപ്രസ്ഥാനമായ ലിഗാകൂപ്പുമായി അഫിലിയേറ്റ് ചെയ്തതാണിത്. ലിഗാകൂപ്പ് ടൂറിസവുമായി 350 സഹകരണസ്ഥാപനങ്ങള്‍ സഹകരിക്കുന്നുണ്ട്. ഹോട്ടല്‍ നടത്തിപ്പുകാര്‍, മറ്റു ടൂറിസംസംരംഭകര്‍, ഹോട്ടലുകളും ക്യാമ്പ് സൈറ്റുകളും അവധിക്കാലഭവനങ്ങളും പര്‍വതസങ്കേതങ്ങളും നടത്തുന്ന തൊഴിലാളി സഹകരണസംഘങ്ങള്‍ എന്നിവയടങ്ങിയ 15 കണ്‍സോര്‍ഷ്യങ്ങള്‍ ലിഗാകൂപ്പ് ടൂറിസത്തിനുണ്ട്. ഫാംഹൗസുകളില്‍ അവധിക്കാലം ചെലവഴിക്കാന്‍ സൗകര്യമൊരുക്കുന്ന കാര്‍ഷികസഹകരണസംഘങ്ങള്‍, മത്സ്യത്തൊഴിലാളിഭവനങ്ങളില്‍ ടൂറിസ്റ്റുകള്‍ക്ക് ആതിഥ്യമരുളുകയും അവരെ ബോട്ടുകളില്‍ മീന്‍പിടിക്കാന്‍ കൊണ്ടുപോവുകയും ചെയ്യുന്ന മത്സ്യത്തൊഴിലാളിസഹകരണസംഘങ്ങള്‍, വന്യജീവിപാര്‍ക്കുകള്‍ നടത്തുന്ന സഹകരണസംഘങ്ങള്‍ തുടങ്ങിയവയും ഇതിലുണ്ട്. ഉത്തരവാദവിനോദസഞ്ചാരത്തിനുള്ള ഇറ്റാലിയന്‍ അസോസിയേഷനിലും 30 ഇറ്റാലിയന്‍ സഹകരണസംഘങ്ങള്‍ അംഗങ്ങളാണ്. ടൂറിസത്തിന്റെ ഉത്തരവാദപൂര്‍ണമായ നടത്തിപ്പിന് ഉത്തരവാദടൂറിസത്തിനും ആതിഥേയത്വത്തിനുമുള്ള യൂറോപ്യന്‍ സഖ്യവും രൂപവത്കൃതമായിട്ടുണ്ട്. ടൂറിസംസഹകരണസ്ഥാപനങ്ങള്‍ ഇതില്‍ പങ്കാളികളാണ്.
ചൈനയിലെ
ഗ്രാമീണടൂറിസം
ചൈനയില്‍ കാര്‍ഷികസഹകരണപ്രസ്ഥാനം വളരുകയാണ്. ഇതില്‍നിന്നുതന്നെയാണു ഗ്രാമീണടൂറിസവും ഉരുത്തിരിഞ്ഞത്. വിഭവങ്ങള്‍ കൂട്ടായി ഉപയോഗിക്കുന്ന പ്രകൃതം ചൈനീസ് കര്‍ഷകര്‍ക്കിടയില്‍ നേരത്തേത്തന്നെയുണ്ട്. 1996 ല്‍ ചൈനയില്‍ 4,84,300 കര്‍ഷകസഹകരണസംഘങ്ങളാണ് ഉണ്ടായിരുന്നത്. 2011 ആയപ്പോള്‍ അത് 387 ലക്ഷമായിരുന്നു.
ഹുബെയ് പ്രവിശ്യയിലെ എന്‍ഷി ഗ്രാമം മധ്യചൈനയില്‍ ആദ്യം ഗ്രാമീണടൂറിസം തുടങ്ങിയ സ്ഥലങ്ങളിലൊന്നാണ്. ഈ ദരിദ്രഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ചെന്‍ റോങ് എന്ന വനിതയാണ് അവിടെ ഗ്രാമീണടൂറിസം സഹകരണസംഘം സ്ഥാപിച്ചത്. ഒരു വിദേശകമ്പനിയിലെ ഉന്നതോദ്യോഗം ഉപേക്ഷിച്ചാണു ചെന്‍ റോങ് ഇതിനായി ഇറങ്ങിയത്. ഗ്രാമത്തില്‍ ദാരിദ്ര്യനിര്‍മാര്‍ജനപ്രവര്‍ത്തനം നടത്തണമെന്നതു ചെന്‍ റോങ്ങിന്റെ സ്വപ്‌നമായിരുന്നു. നല്ല നീലാകാശവും ശുദ്ധവായുവും വന്‍മലകളുമുള്ള എന്‍ഷിയിലേക്കു ടൂറിസ്റ്റുകളെ ആകര്‍ഷിച്ചാല്‍ ഏറെ വരുമാനമുണ്ടാക്കാമല്ലോ എന്നു ചെന്‍ റോങ് ചിന്തിച്ചു. നഗരവാസികളെ ഗ്രാമവീടുകളില്‍ താമസിപ്പിച്ച് അവിടത്തെ കാര്യങ്ങള്‍ ആസ്വദിക്കാന്‍ അനുവദിച്ചാല്‍ വലിയ വരുമാനമുണ്ടാക്കാമെന്നു ഗ്രാമീണരെ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചു. അപരിചിതര്‍ വീട്ടില്‍വന്നു താമസിക്കുന്നതിനോട് ആദ്യം അവര്‍ പൊരുത്തപ്പെട്ടില്ല. അത്രയേറെ വരുമാനം കിട്ടുമോ എന്നും സംശയിച്ചു. അതു പരിഹരിക്കാനാണു കര്‍ഷകസഹകരണസംഘം എന്ന ആശയം അവതരിപ്പിച്ചത്. ചെന്‍ റോങ് ടൂറിസ്റ്റുകളെ ഗ്രാമീണരുടെ വീടുകളിലേക്ക് അയക്കുകയും ഗ്രാമീണര്‍ക്കു പരിശീലനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഗ്രാമീണടൂറിസത്തില്‍ പ്രധാനം ഊഷ്മളമായ ചുറ്റുപാടുകളാണ്. ഗ്രാമീണര്‍ അതിഥികളോടു കുടുംബാംഗങ്ങളോടെന്നപോലെ പെരുമാറി. അവര്‍ക്ക് ഏറ്റവും നല്ല ഭക്ഷണം നല്‍കി. ടൂറിസ്റ്റുകള്‍ക്കു കുടുംബാന്തരീക്ഷം വളരെ ഇഷ്ടമായി. അടുത്തഗ്രാമങ്ങളും ഇത് അനുകരിച്ചു. എന്‍ഷിയിലെ എല്ലാ കൗണ്ടിയിലും ഗ്രാമീണടൂറിസം സഹകരണസംഘം സ്ഥാപിക്കാന്‍ ശ്രമിച്ചുവരികയാണു നാല്‍പ്പതുകാരിയായ ചെന്‍ റോങ്ങും കൂട്ടരും.
പ്രാഥമിക, ദ്വിതീയ, ത്രിതീയതല വ്യവസായങ്ങളുടെ ഉദ്ഗ്രഥനത്തിനുള്ള ഒരു പ്രധാനമാര്‍ഗമായി ഗ്രാമീണടൂറിസത്തെ കമ്യൂണിസ്റ്റുപാര്‍ട്ടി കേന്ദ്രകമ്മറ്റിയും പ്രാദേശികസര്‍ക്കാരുകളും തയാറാക്കിയ രേഖകള്‍ അംഗീകരിച്ചിട്ടുണ്ട്. കാര്‍ഷിക വ്യാവസായികശൃംഖലയെ ശക്തിപ്പെടുത്തുകയും കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൂല്യം വര്‍ധിപ്പിക്കുകയും കാര്‍ഷികടൂറിസത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്തുകൊണ്ടു കൃഷിരംഗത്തു പുതിയ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കണമെന്നാണ് അവയില്‍ പറയുന്നത്. 2020 ജൂലായില്‍ കൃഷി-ഗ്രാമീണകാര്യമന്ത്രാലയം തയാറാക്കിയ ദേശീയ ഗ്രാമവ്യവസായ വികസനപദ്ധതിയില്‍ കാര്‍ഷികടൂറിസംമേഖലകളും പുതിയ കാര്‍ഷികമാതൃകകളും വികസിപ്പിക്കണമെന്നു പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശികസര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ കാര്‍ഷികടൂറിസംരംഗത്ത് ആവിഷ്‌കരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സിചുവാന്‍ പ്രവിശ്യയിലെ കാര്‍ഷികസഹകരണസംഘങ്ങള്‍ ശ്രദ്ധേയനേട്ടം കൈവരിച്ചു. നേരത്തേത്തന്നെ കാര്‍ഷികടൂറിസം സംരംഭങ്ങള്‍ തുടങ്ങുകയും അതിവേഗം പുരോഗമിക്കുകയും ചെയ്തതാണ് അവയെ ശ്രദ്ധേയമാക്കിയത്. ചൈനയിലെ ഗ്രാമീണ സഹകരണടൂറിസംരംഗത്തു മുന്‍പന്തിയിലെത്തുക എന്ന ലക്ഷ്യത്തോടെ സിചുവാന്‍ പ്രവിശ്യാസര്‍ക്കാര്‍ 2016 ല്‍ ഗ്രാമീണടൂറിസംസഹകരണസംഘങ്ങള്‍ വികസിപ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കി നൂതനമായ പല കാര്യങ്ങളും നടപ്പാക്കി.
പരിസ്ഥിതി,
കൂട്ടായ്മടൂറിസം
ലാറ്റിന്‍ അമേരിക്കയിലെ കോസ്റ്റാറിക്കയില്‍ കോപ്രെന പരിസ്ഥിതിടൂറിസവും കൂട്ടായ്മടൂറിസവും നടത്തുന്ന സഹകരണസ്ഥാപനമാണ്. ആഫ്രിക്കയില്‍ താന്‍സാനിയയില്‍ കിളിമഞ്ചാരോ പര്‍വതാരോഹണഗൈഡുമാരുടെ സഹകരണസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. കാനഡയിലാകട്ടെ സഹകരണടൂറിസം സര്‍വകലാശാലാ പഠനവിഷയമാണ്. തുര്‍ക്കിയിലെ ഇസ്പാര്‍ട്ട പ്രവിശ്യയിലെ കെസിബോര്‍ലു ജില്ലയിലെ കുയുകാക്ക് ഗ്രാമത്തിലെ വനിതാസംരംഭകസഹകരണസംഘം ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന മനോഹരമായ കര്‍പ്പൂരവള്ളി (ഘമ്‌ലിറലൃ) ത്തോട്ടങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു പ്രശസ്തമാണ്.
ദേശീയ സഹകരണയൂണിയന്‍ തയാറാക്കിയ, സഹകരണസ്ഥാപനങ്ങളുടെ നേട്ടങ്ങളുടെ കഥ പറയുന്ന പുസ്തകത്തില്‍ ഉത്തരാഖണ്ഡിലെ പരിസ്ഥിതിടൂറിസംരംഗത്തെ ഒരു സഹകരണസ്ഥാപനത്തെക്കുറിച്ച് ഒരു അധ്യായം തന്നെയുണ്ട്. സര്യു വാലി പര്യടന്‍ സ്വാത്യ സഹകാരിത സമിതിയാണ് ഈ സഹകരണസംഘം. 2003 ലാണിതു രൂപവത്കരിച്ചത്. സുപി, ജുനി ഗ്രാമങ്ങളിലാണു പ്രവര്‍ത്തനം. പ്രദേശത്തെ ധാന്യവ്യാപാരികള്‍, പച്ചക്കറിക്കച്ചവടക്കാര്‍, പാലും നെയ്യും മറ്റും എത്തിക്കുന്നവര്‍, പാചകക്കാര്‍, വിറകു വിതരണം ചെയ്യുന്നവര്‍, ഹൗസ് കീപ്പര്‍മാര്‍, വെയിറ്റര്‍മാര്‍, അലക്കുകാര്‍, ഭവനഉടമകള്‍ തുടങ്ങിയവരാണ് ഓഹരിയുടമകള്‍. രണ്ട്് അതിഥിമന്ദിരങ്ങള്‍, അഞ്ചു ടെന്റുുള്ള ക്യാമ്പ് സൈറ്റ് എന്നിവ സംഘത്തിനുണ്ട്.
കേരളത്തിലെ ടൂറിസംസംഘങ്ങളുടെ അപ്പെക്‌സ് ഘടകമാണു കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ടൂറിസം ഫെഡറേഷന്‍ എന്ന ടൂര്‍ഫെഡ്. തിരുവനന്തപുരത്തു ശാസ്തമംഗലത്താണ് ആസ്ഥാനം. ആലപ്പുഴ, കുമരകം തുടങ്ങിയ സ്ഥലങ്ങളിലേക്കു ഹൗസ്‌ബോട്ട് യാത്രകള്‍, മണ്‍റോതുരുത്തിലേക്കും ജടായുപാര്‍ക്കിലേക്കും ഗവി-വാഗമണ്‍ എന്നിവിടങ്ങളിലേക്കുമുളള യാത്രകള്‍, കൃഷ്ണപുരം-കുമാരകോടി യാത്രകള്‍ തുടങ്ങിയവ കേരളത്തിലെ വിവിധ ടൂറുകളാണ്. ഡല്‍ഹി-ആഗ്ര-ജയ്പൂര്‍ യാത്രകള്‍, ഷിംല-കുളു-മണാലി യാത്രകള്‍, കശ്മീര്‍-ഹൈദരാബാദ് യാത്രകള്‍, ആന്‍ഡമാന്‍-ലക്ഷദ്വീപ് യാത്രകള്‍ തുടങ്ങിയവ കേരളേതരമേഖലകളിലേക്കുണ്ട്. ബാലി (ഇന്‍ഡോനേഷ്യ), ദുബായ്, തായ്‌ലന്റ്, മലേഷ്യ, സിംഗപ്പൂര്‍, റഷ്യ എന്നീ വിദേശരാജ്യങ്ങളിലേക്കും ടൂര്‍ഫെഡ് യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. എല്‍.ടി.സി. പാക്കേജുണ്ട്. തിരുവനന്തപുരം-കൊച്ചി കപ്പല്‍യാത്രയാണു പുതിയ ആകര്‍ഷണം. ടൂര്‍ഫെഡ് 2019 ല്‍ ഇന്‍ഡിവുഡ് ഫാഷന്‍ പ്രീമിയര്‍ ലീഗിന്റെ ടൂറിസം എക്‌സലന്‍സ് അവാര്‍ഡ് നേടിയിട്ടുണ്ട്.
(മൂന്നാംവഴി സഹകരണമാസിക 2024 ഫെബ്രുവരി ലക്കം)
[mbzshare]