ക്ഷീര സഹകരണ സാഗര സ്രഷ്ടാവ്
വി.എന്‍. പ്രസന്നന്‍
(2021 ജനുവരി ലക്കം)
ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്നറിയപ്പെടുന്ന കോഴിക്കോട്ടുകാരന്‍ ഡോ. വര്‍ഗീസ് കുര്യന്റെ ജന്മ-ശതാബ്ദി 2021 ല്‍ കൊണ്ടാടുകയാണ്. അമുല്‍ എന്ന സഹകരണ മാതൃക വളര്‍ത്തിയെടുത്ത് ലോകത്തെ അദ്ഭുതപ്പെടുത്തിയ ആ മഹാപ്രതിഭയെ ‘മൂന്നാംവഴി’ രണ്ടു ലേഖനങ്ങളിലൂടെ അനുസ്മരിക്കുന്നു.
ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്നും ധവള വിപ്ലവത്തിന്റെ പാതാവ് എന്നും പ്രസിദ്ധനാണു കോഴിക്കോട്ടുകാരനായ ഡോ. വര്‍ഗീസ് കുര്യന്‍. അദ്ദേഹത്തിന്റെ ‘ ശതകോടി ലിറ്റര്‍ വരുന്ന ആശയം’ ( billion litre idea ) ആണു ‘ ധവളവിപ്ലവം ‘( Operation Flood ). പാലുല്‍പ്പാദനത്തെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വയംപര്യാപ്തത വ്യവസായമാക്കിയത് കുര്യനാണ്. ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ ക്ഷീരോല്‍പ്പാദക രാജ്യമാക്കിയതും അദ്ദേഹം തന്നെ. അദ്ദേഹത്തോടുള്ള ആദരസൂചകമായി നമ്മള്‍ അദ്ദേഹത്തിന്റെ ജന്‍മദിനം ( നവംബര്‍ 26 ) ക്ഷീരദിനമായി ആഘോഷിക്കുന്നു.
ഡോ. കുര്യന്റെ ആവേശകരമായ ആത്മകഥയാണ് ‘എനിക്കുമുണ്ടായിരുന്നു ഒരു സ്വപ്നം’ ( I Too Had A Dream ). വാസ്തവത്തില്‍, യാഥാര്‍ഥ്യമായി മാറിയ ഒരു സ്വപ്‌നത്തിന്റെ കഥയാണിത് ( അദ്ദേഹത്തിന്റെ അഭിപ്രായം വ്യത്യസ്തമാണെങ്കിലും ). ബാല്യം മുതലുള്ള ജീവിതം ചുരുക്കിപ്പറഞ്ഞുകൊണ്ടു തുടങ്ങുന്ന ആത്മകഥയുടെ മുക്കാല്‍ പങ്കും ക്ഷീര കര്‍ഷകര്‍ക്കും അമുലിനും വേണ്ടി ചെയ്ത കാര്യങ്ങളാണ്. തന്റെ ആത്മകഥയായിട്ടും ഭാര്യ മോളിയെയും മകള്‍ നിര്‍മലയെയും കുറിച്ചുപോലും അധികം പറയാതെ, താന്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ, സഹകരണ സാമ്രാജ്യത്തെ, ക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. ( ജോലിത്തിരക്കുമൂലം ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം വേണ്ടത്ര സമയം കുര്യനു ചെലവഴിക്കാനാവാതെ വന്നപ്പോള്‍, കൃത്യം ആറു മണിക്കു വീട്ടിലെത്തിക്കൊള്ളണമെന്നു ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ മകളും എം.പി.യും കുര്യന്‍കുടുംബത്തിന്റെ ആത്മമിത്രവുമായിരുന്ന മണിബെന്‍ കുര്യനോട് ‘ഓര്‍ഡറിട്ട’ കാര്യം ആത്മകഥയിലുണ്ട് ). അതിനാല്‍ വ്യക്തിയുടെ ആത്മകഥ എന്നതിലുപരി പ്രസ്ഥാനത്തിന്റെ ആത്മകഥയാണിത്. ഈ ആത്മകഥ ഇന്ത്യയിലെ ക്ഷീര സഹകരണ പ്രസ്ഥാനത്തിന്റെ വിജയകഥയാണ്. അദ്ദേഹത്തിന്റെ ജന്‍മശതാബ്ദി വര്‍ഷമാണു 2021.
ആനന്ദില്‍ എത്തിയത് യാദൃച്ഛികം
യാദൃച്ഛികമായാണു ധവള വിപ്ലവത്തിന്റെ പേരില്‍ ഇന്നു ലോകപ്രശസ്തമായ ആനന്ദില്‍ വര്‍ഗീസ് കുര്യന്‍ എത്തിയത്. അന്നു അതൊരു കുഗ്രാമമായിരുന്നു. സ്വാതന്ത്ര്യ സമരസേനാനിയും കോണ്‍ഗ്രസ് നേതാവും കെയ്‌റ ക്ഷീര കര്‍ഷക സഹകരണ യൂണിയന്റെ ചെയര്‍മാനുമായിരുന്ന ത്രിഭുവന്‍ദാസ് പട്ടേലാണ് അതിനു നിമിത്തമായത്. അമുല്‍ ബ്രാന്‍ഡ് കെട്ടിപ്പടുത്തതിന്റെയും കെയ്‌റ ക്ഷീരോല്‍പ്പാദക സഹകരണ യൂണിയന്‍ സ്ഥാപിച്ചതിന്റെയും ദേശീയ ക്ഷീരവികസന ബോര്‍ഡ് സ്ഥാപിച്ചതിന്റെയുമൊക്കെ ഗംഭീര കഥകള്‍ ഇതില്‍ അനാവരണം ചെയ്യപ്പെടുന്നു. ഏറ്റെടുത്ത ദൗത്യത്തോടുള്ള പ്രതിബദ്ധതയുടെ മകുടോദാഹരണമാണു വര്‍ഗീസ് കുര്യന്റെ ജീവിതം. അതിലളിതമായ ശൈലിയിലാണ് ആത്മകഥ എഴുതിയിട്ടുള്ളത്. അതുകൊണ്ടുതന്നെ നല്ല വായനസുഖമുള്ള പുസ്തകമാണിത്. അദ്ദേഹം ‘എഴുതിയ’ ആത്മകഥയല്ലിത്. മറിച്ച് അദ്ദേഹം ‘പറഞ്ഞ’ ആത്മകഥയാണിത്. മാധ്യമപ്രവര്‍ത്തകയായ ഗൗരി സാല്‍വിയോടു പറഞ്ഞത്. അതുകൊണ്ടു ‘ഗൗരി സാല്‍വിയോടു പറഞ്ഞ പ്രകാരം’ ( as told to Gouri S-alvi ) എന്നു ആത്മകഥയുടെ പുറംചട്ടയില്‍ത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണു ഗൗരി സാല്‍വി. ‘ഓണ്‍ലുക്കര്‍’ , ‘സണ്‍ഡേ’ മാസികകളിലും ‘വിമന്‍സ് ഫീച്ചര്‍ സര്‍വീസി’ലും പ്രവര്‍ത്തിച്ചിട്ടുള്ള അവര്‍ വികസനത്തിന്റെയും ലിംഗനീതിയുടെയും പ്രശ്‌നങ്ങളെപ്പറ്റി ധാരാളം എഴുതുകയും ഐക്യരാഷ്ട്രസഭയുടെ സ്ത്രീകളെ സംബന്ധിച്ച നാലാം ലോക സമ്മേളനത്തെക്കുറിച്ചുള്ള ‘ബെയ്ജിങ്, ഇന്ത്യന്‍ സഹകരണ യൂണിയനെക്കുറിച്ചുള്ള ‘വികസനം ഒരു ആവര്‍ത്തിച്ചുപറച്ചില്‍: താഴേത്തലങ്ങളില്‍നിന്നുള്ള ശബ്ദങ്ങള്‍’ (Development Retold: Voices From the Field) എന്നീ പുസ്തകങ്ങള്‍ എഡിറ്റു ചെയ്തിട്ടുമുണ്ട്.
പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയാണ് ഈ ആത്മകഥയ്ക്ക് അവതാരിക എഴുതിയിരിക്കുന്നത്. ” ഇത്തരം ദര്‍ശനവും ഇത്തരം പ്രതിബദ്ധതയും സമര്‍പ്പണബുദ്ധിയും ദേശീയ ബോധവുമുള്ള ഒരായിരം കുര്യന്‍മാര്‍ നമുക്കുണ്ടായിരുന്നെങ്കില്‍ ഇന്ത്യ ഇന്നു എന്താവുമായിരുന്നേനേ എന്നോര്‍ത്ത് അത്ഭുതപ്പെടാനേ നിവൃത്തിയുള്ളൂ” എന്നു രത്തന്‍ ടാറ്റ കുറിക്കുന്നു. തന്റെ കൊച്ചുമകന്‍ സിദ്ധാര്‍ഥിന് എഴുതിയ കത്തിന്റെ രൂപത്തിലാണ് വര്‍ഗീസ് കുര്യന്‍ ഈ പുസ്തകത്തിനു മുഖവുര എഴുതിയിട്ടുള്ളത്. ‘ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കേണ്ട പ്രത്യേകാവകാശമാണു ജീവിതം ‘ എന്നു അതില്‍ അദ്ദേഹം പറയുന്നു. ‘ സ്‌നേഹിക്കാനുള്ള ധൈര്യവും മറ്റുള്ളവരുടെ സന്തോഷത്തില്‍ ആഹ്ലാദിക്കാനുള്ള ശക്തിയും എല്ലാവര്‍ക്കും വേണ്ടതൊക്കെ ഇവിടെയുണ്ടെന്നു തിരിച്ചറിയാനുള്ള വിവേകവും ഉണ്ടെങ്കില്‍ ജീവിതം പൂര്‍ണമായി ജീവിച്ചു എന്നു പറയാം’ എന്നാണ് കുര്യന്റെ അഭിപ്രായം. ‘ ധൈര്യമായി ലോകത്തേക്കിറങ്ങാനും രാജ്യത്തിന്റെയും മനുഷ്യരാശിയുടെയും മഹാനന്മ-യ്ക്കായി നിയുക്ത രംഗങ്ങളില്‍ അക്ഷീണം പ്രയത്‌നിക്കാനും പ്രചോദനമാവുമെന്ന പ്രതീക്ഷയോടെ ‘ സിദ്ധാര്‍ഥിനും പുതുതലമുറയ്ക്കുമാണു പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്.
1921 നവംബര്‍ 26 നു ബ്രിട്ടീഷ് കൊച്ചിയില്‍ സിവില്‍ സര്‍ജനായിരുന്ന പുത്തന്‍പറയ്ക്കല്‍ കുര്യന്റെ നാലു മക്കളില്‍ മൂന്നാമനായി കോഴിക്കോട്ടാണ് വര്‍ഗീസ് കുര്യന്‍ ജനിച്ചത്. എറണാകുളത്തെ പൊതുരംഗത്തെ പ്രമുഖനായിരുന്ന അമ്മാവന്‍ റാവുസാഹിബ് പി.കെ. വര്‍ഗീസിനെ പിന്തുടര്‍ന്നാണ് അദ്ദേഹത്തിനു വര്‍ഗീസ് എന്നു പേരിട്ടത്. ഇന്ത്യയുടെ ആദ്യധനമന്ത്രി ജോണ്‍മത്തായിയുടെ സഹോദരീപുത്രന്‍ കൂടിയാണു വര്‍ഗീസ് കുര്യന്‍.
അമുലിന്റെ നേതൃത്വം എന്ന നിയോഗം
‘ അമുലി ‘ന്റെ നേതൃത്വം കുര്യന്റെ ചുമലില്‍ വന്നത് ഒരു നിയോഗം തന്നെയായിരുന്നു. കാരണം, തുടക്കത്തില്‍ അദ്ദേഹം വ്യത്യസ്തമായ വഴികളാണു തേടിയത്. അപ്പോഴൊക്കെ അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവുകളുണ്ടായി. അവ അദ്ദേഹത്തെ എത്തിച്ചതു ഗുജറാത്തിലെ ആനന്ദിലാണ്. അവിടെനിന്നു രാജിവച്ചുപോകവെയാണ് ത്രിഭുവന്‍ദാസ് പട്ടേലിന്റെ നിര്‍ബന്ധത്തില്‍ താല്‍ക്കാലിക ദൗത്യനിര്‍വഹണമെന്നോണം അദ്ദേഹം ക്ഷീര കര്‍ഷക സഹകരണ പ്രസ്ഥാനത്തിനായി ജോലി ആരംഭിക്കുന്നത്. പിന്നെ അദ്ദേഹം ആനന്ദിനെയും ആനന്ദ് അദ്ദേഹത്തെയും പിരിഞ്ഞിട്ടില്ല. പാലുമായി ഒരു ബന്ധവുമുള്ളതല്ല അദ്ദേഹത്തിന്റെ ബിരുദം. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിലാണു ബിരുദം. തുടര്‍ന്ന് ഒരു സ്‌കോളര്‍ഷിപ്പിനുവേണ്ടിയുള്ള അഭിമുഖത്തില്‍ പാസ്ചറൈസേഷനെക്കുറിച്ചായിരുന്നു ചോദ്യം. അതിന്റെ ഉത്തരം കേട്ട അധികൃതര്‍ ഡെയറി എന്‍ജിനിയറിങ് പഠിക്കാനാണു സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്. ഡെയറി എന്‍ജിനിയറിങ്ങില്‍ അദ്ദേഹത്തിനു താല്‍പ്പര്യമുണ്ടായിരുന്നില്ല. എങ്കിലും, സ്‌കോളര്‍ഷിപ്പ് വേണ്ടെന്നുവച്ചില്ല. തുടര്‍ന്ന് ബംഗളൂരുവിലെ ഇംപീരിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹസ്ബന്ററിയില്‍ ഒമ്പതുമാസം. അതിനുശേഷം അമേരിക്കയിലെ മിഷിഗണ്‍ സ്റ്റേറ്റ് സര്‍വകലാശാലയില്‍നിന്നു ബിരുദാനന്തരബിരുദം. ഡെയറിഎഞ്ചിനിയറിംഗ് പഠിക്കാനാണു പോയതെങ്കിലും പഠിച്ചതു മെറ്റലര്‍ജിയും ആണവോര്‍ജതന്ത്രവുമാണ്. സ്‌കോളര്‍ഷിപ്പു നല്‍കിയ സര്‍ക്കാരിനെ തൃപ്തിപ്പെടുത്താന്‍ ഡെയറി എന്‍ജിനിയറിങ്ങില്‍ ചില ടോക്കണ്‍ കോഴ്‌സുകളും ചെയ്‌തെന്നു മാത്രം. 1949 ല്‍ ആനന്ദിലെ സര്‍ക്കാര്‍ വെണ്ണ-പാല്‍ക്കട്ടി ശാലയിലേക്കു സര്‍ക്കാര്‍ കുര്യനെ അയച്ചു. പരമബോറായിരുന്നു അവിടം. വാരാന്ത്യങ്ങളില്‍ മുംബൈയില്‍ പോയി ഉല്ലസിച്ചും തൊട്ടടുത്തു ത്രിഭുവന്‍ദാസ് പട്ടേലിന്റെ ക്ഷീരോല്‍പ്പാദന സഹകരണസംഘത്തിന്റെ സാമഗ്രികള്‍ അറ്റകുറ്റപ്പണി ചെയ്തുകൊടുത്തുമാണു ബോറടി മാറ്റിയത്. ഒടുവില്‍ ജോലി രാജിയും വച്ചു. അങ്ങനെ ആനന്ദ് വിടാന്‍ കുര്യന്‍ ഒരുങ്ങി. എങ്കിലും, ഉടനെ പോകാതെ തന്റെ സഹകരണ സംഘത്തെ രക്ഷപ്പെടാന്‍ സഹായിക്കാന്‍ ത്രിഭുവന്‍ദാസ് പട്ടേല്‍ അഭ്യര്‍ഥിച്ചു. നേരത്തേ ത്രിഭുവന്‍ദാസ് പലപ്പോഴും കുര്യനോട് വിദഗ്ദാഭിപ്രായം തേടിയിരുന്നു. അങ്ങനെ കുര്യന്റെ ഉപദേശപ്രകാരം ഒരു പ്ലേറ്റ് പാസ്ചെൈറെസര്‍ യന്ത്രം അവര്‍ വാങ്ങി. ആ സമയത്താണു കുര്യന്‍ രാജിവയ്ക്കുന്നത്. അപ്പോള്‍ മറ്റൊരു ജോലി കിട്ടുംവരെ തത്കാലം ഇവിടെത്തന്നെ തുടര്‍ന്ന് യന്ത്രം സ്ഥാപിക്കാനും പ്രവര്‍ത്തനരീതി ജീവനക്കാരെ പഠിപ്പിക്കാനും സഹായിക്കാമോ എന്നു ത്രിഭുവന്‍ദാസ് പട്ടേല്‍ ചോദിച്ചു. കുര്യന്‍ വഴങ്ങി. അങ്ങനെയാണ് ക്ഷീര സഹകരണ പ്രസ്ഥാനത്തിന്റെ ജീവനക്കാരനായുള്ള കുര്യന്റെ തുടക്കം. 1950 ല്‍ കുര്യന്‍ കെയ്‌റ ജില്ലാ സഹകരണ ക്ഷീരോല്‍പ്പാദക യൂണിയന്റെ ജനറല്‍ മാനേജരായി.
കെയ്‌റ സംഘം വളരുന്നു
അന്നത്തെ മത്സരത്തിന്റെ സ്ഥിതി കുര്യന്‍ വിവരിക്കുന്നതിങ്ങനെ: ” അക്കാലത്തു മേഖലയിലെ പാല്‍വ്യവസായം ഏതാണ്ടു പൂര്‍ണമായി നിയന്ത്രിച്ചിരുന്നത്ത് കൗശലക്കാരനും ഗംഭീരനുമായ പെസ്‌തോണ്‍ജി എദുല്‍ജി എന്ന പാഴ്‌സി മാന്യനായിരുന്നു. അദ്ദേഹം പള്ളിക്കൂടത്തില്‍ പോയിട്ടില്ല. ഒരു വിദ്യാഭ്യാസവുമില്ല. എന്നാല്‍, നല്ല ബുദ്ധിമാനായ സംരംഭകനാണ്. ആനന്ദിലെ പാല്‍ വ്യവസായം പെസ്‌തോണ്‍ജി കുത്തകയാക്കിയത് എങ്ങനെയെന്നതു രസകരവും പഠനാര്‍ഹവുമായ ഒരു കഥയാണ്.” ആ പെസ്‌തോണ്‍ജിയുടെ പോള്‍സണ്‍ ഡെയറിക്ക് മുംബൈ വിപണിയില്‍ പാല്‍ എത്തിക്കുന്നതില്‍ ഉണ്ടായിരുന്ന കുത്തക തകര്‍ത്താണ് ആനന്ദിലെ കര്‍ഷകര്‍ ആദ്യവിജയം കൈവരിച്ചത്. ആ കഥയും രസകരവും ആവേശകരവുമാണ്. ( ഒടുവില്‍ പെസ്‌തോണ്‍ജിയുടെ മകന്‍ തങ്ങളുടെ ഡെയറി വിറ്റുതുലച്ചപ്പോള്‍ വാങ്ങിയയാള്‍ എടുത്തുമാറ്റിയ പെസ്‌തോണ്‍ജിയുടെ അര്‍ധകായ പ്രതിമ കുര്യനാണ് ഏറ്റെടുത്ത് സ്വന്തം ഓഫീസില്‍ പ്രതിഷ്ഠിച്ച് ആദരിച്ചത്.) 1948 ല്‍ പ്രതിദിനം 200 ലിറ്റര്‍ പാല്‍ സംഭരണവുമായി തുടങ്ങിയ കെയ്‌റ സഹകരണ സംഘം 1952 ആയപ്പോഴേക്കും പ്രതിദിനം 20,000 ലിറ്റര്‍ എന്ന തോതിലേക്കു വളര്‍ന്നു.
‘ക്ഷീരപഥ’ത്തിലെ കുര്യന്റെ യാത്ര ഒരു പോരാട്ടമാണ്. ഇന്ത്യയിലെ ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ കടുംപിടിത്തങ്ങളോടും ബഹുരാഷ്ട്രക്കുത്തകകളുടെ സോപ്പിടലുകളോടും പാരവയ്പുകളോടും ഒരു പോലെ പോരാടിയാണ് അദ്ദേഹം വിജയഗാഥ രചിച്ചത്. ക്ഷീരോല്‍പ്പാദന രംഗത്തു മികച്ചവിജയം കൈവരിച്ച ന്യൂസിലാന്റിലും ഓസ്‌ട്രേലിയയിലുമൊക്കെ കാര്യങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ കുര്യനു ഫെല്ലോഷിപ്പ് നല്‍കി. ന്യൂസിലാന്റിലെ അനുഭവം അദ്ദേഹം വിവരിക്കുന്നു: ” ന്യൂസിലാന്റില്‍ സ്വകാര്യ ഡെയറികളില്ലെന്നു ഞാന്‍ ഉടന്‍ മനസ്സിലാക്കി. ന്യൂസിലാന്റ് സഹകരണ ഡെയറി കമ്പനിയാണ് എല്ലാ ഡെയറിപ്ലാന്റും കൈകാര്യം ചെയ്യുന്നത്. ഓരോ യൂണിറ്റും ഒാരോ പ്രത്യേക ഉല്‍പ്പന്നം നിര്‍മിക്കും. എന്റെ പഠനത്തിന്റെ ഭാഗമായി ഊഴമിട്ട് ഓരോ പ്ലാന്റും സന്ദര്‍ശിക്കുകയും ഉല്‍പ്പാദന പ്രക്രിയ പഠിക്കുകയും ചെയ്തു. എല്ലാത്തരം തൊഴിലാളികളോടും സംസാരിക്കാന്‍ ഞാന്‍ സ്വയം നിഷ്‌കര്‍ഷിച്ചു; ഡയറിപ്ലാന്റുകള്‍ തോറും പാലും പാലുല്‍പ്പന്നങ്ങളും കൊണ്ടുപോയിരുന്ന ട്രക്ക് ഡ്രൈവര്‍മാരോടുവരെ. താപസന്തുലനപ്പാളികളെക്കുറിച്ചും താപവിനിമയങ്ങളെക്കുറിച്ചും മാലിന്യ നിര്‍മാര്‍ജനത്തെക്കുറിച്ചും എന്നുവേണ്ട വിജയകരമായി പാല്‍പ്പൊടി ഉണ്ടാക്കാന്‍ വേണ്ട സകലതും ഞാന്‍ പഠിച്ചു. നമ്മുടെ നാട്ടില്‍ പശുക്കളെക്കാള്‍ എരുമകളില്‍നിന്നാണു പാല്‍ കൂടുതല്‍ കിട്ടുന്നത് എന്നതിനാല്‍, ഇന്ത്യയില്‍ മടങ്ങിയെത്തിയാല്‍ എരുമപ്പാലില്‍നിന്നു പാല്‍പ്പൊടി ഉണ്ടാക്കാന്‍ യത്‌നിക്കാന്‍ പശുവിന്‍പാലില്‍നിന്നു പാല്‍പ്പൊടി ഉണ്ടാക്കുന്നതു സംബന്ധിച്ചു പഠിച്ചതായിരുന്നു പഠനത്തിലെ ഏറ്റവും വിലയേറിയഭാഗം.”
എരുമപ്പാലില്‍ നിന്നു പാല്‍പ്പൊടി
എരുമപ്പാലില്‍നിന്നു പാല്‍പ്പൊടി ഉണ്ടാക്കാമെന്നു തെളിയിച്ചതാണു കുര്യന്റെ ഏറ്റവും വലിയ വിജയം. കനത്ത വെല്ലുവിളിയാണ് ഇക്കാര്യത്തില്‍ അദ്ദേഹം നേരിട്ടത്. വിദേശ വിദഗ്ധര്‍ ഇത് അസാധ്യമാണെന്ന അഭിപ്രായക്കാരായിരുന്നു. ഇന്ത്യയിലെ ഉദ്യോഗസ്ഥമേധാവികളും സംശയാലുക്കളായിരുന്നു. ക്ഷീരകമ്മീഷണര്‍ ദാരാഖുറോഡി പറഞ്ഞു : ”എരുമപ്പാലില്‍നിന്നു പാല്‍പ്പൊടി ഉണ്ടാക്കാനാവില്ല. അതു സാങ്കേതികമായി സാധ്യമല്ലെന്നുള്ള ന്യൂസിലാന്റിലെ വലിയ ക്ഷീരവിദഗ്ധന്‍ പ്രൊഫ. വില്യം റിഡെറ്റിന്റെ കത്ത് എന്റെ കൈയിലുണ്ട്.”
വിദേശ സഹായത്തിനു പിന്നിലെ ധാര്‍ഷ്ട്യത്തെ കുര്യന്‍ ധീരമായി നേരിട്ട കഥയും പുസ്തകത്തിലുണ്ട്. കെയ്‌റ സംഘത്തിനു വലിയൊരു പാല്‍പ്പൊടി നിര്‍മാണശാല തുടങ്ങാന്‍ സഹായിക്കാന്‍ യുണിസെഫ് തയാറായി. ഇതനുസരിച്ച് പ്ലാന്റിനായി ലാര്‍സന്‍ ആന്റ് ടൂബ്രോ കമ്പനിയുമായി ധാരണയിലെത്തി. എന്നാല്‍, ഡച്ച് വോള്‍മ പാല്‍പ്പൊടി പ്ലാന്റ് കെയ്‌റയ്ക്കു സംഭാവന നല്‍കാനാണു യുണിസെഫ് സന്നദ്ധമായത്. അതു സമ്മതിച്ചാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി അവര്‍ക്ക് ഇന്ത്യയില്‍ സ്ഥിരമായി ഓഫീസ് സംവിധാനം അനുവദിക്കേണ്ടിവരുമായിരുന്നു. കെയ്‌റയ്ക്ക് ആവശ്യം വോള്‍മ പ്ലാന്റ് അല്ല, ലാര്‍സന്‍ ആന്റ് ടൂബ്രോ നിറോ പാല്‍പ്പൊടി പ്ലാന്റ് ആണെന്നു കുര്യന്‍ യുണിസെഫിനെ അറിയിച്ചു. ഏതു പ്ലാന്റ് വേണമെന്നു ഇങ്ങോട്ടു നിര്‍ദേശിക്കപ്പെടുന്നതു കേട്ടുള്ള ശീലം യുണിസെഫിനില്ലെന്നും കെയ്‌റയ്ക്കു സഹായം നഷ്ടപ്പെട്ടേക്കാമെന്നുമായിരുന്നു മറുപടി. കേന്ദ്ര പ്രിന്‍സിപ്പല്‍ ധനകാര്യ സെക്രട്ടറിയായിരുന്ന എച്ച്.എം. പട്ടേലിന്റെ പിന്തുണയോടെ കുര്യന്‍ ഉറച്ചുനിന്നു. തങ്ങള്‍ക്ക് എന്താണാവശ്യമെന്ന് ഇങ്ങോട്ടുനിര്‍ദേശിക്കുന്നതു കേട്ടുള്ള ശീലം കെയ്‌റയ്ക്കുമില്ലെന്നും ലാര്‍സന്‍ ആന്റ് ടൂബ്രോ നിറോയുടെ പ്ലാന്റ് യുണിസെഫ് നല്‍കുന്നില്ലെങ്കില്‍ പദ്ധതി വേണ്ടെന്നുവയ്ക്കാന്‍ തയാറാണെന്നും കുര്യന്‍ മറുപടി നല്‍കി. യുണിസെഫിനു വഴങ്ങേണ്ടിവന്നു. ‘മതിയായ പിന്‍ബലത്തോടെ യഥാസമയം ഉടക്കിയാല്‍ അതു ഫലംചെയ്യുമെന്ന പാഠം’ ഇതുവഴി പഠിച്ചു എന്നാണു കുര്യന്‍ ഈ അനുഭവത്തെ വിലയിരുത്തുന്നത്. 1955 ലായിരുന്നു അത്. അന്നത്തെ എട്ടു ലക്ഷം രൂപ വിലയുള്ള യന്ത്രസാമഗ്രികളാണു കെയ്‌റയ്ക്കു ലഭിച്ചത്. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമായി 12 ലക്ഷം രൂപയുടെ പാലോ പാല്‍പ്പൊടിയോ സൗജന്യമായി വിതരണം ചെയ്യണമെന്ന ഉപാധിയോടെയായിരുന്നു യുണിസെഫ് സഹായം.
എരുമപ്പാലില്‍ നിന്നു കണ്ടന്‍സ്ഡ് മില്‍ക്ക് ഉണ്ടാക്കുന്ന പ്ലാന്റ് സ്ഥാപിക്കുന്ന കാര്യത്തില്‍ നെസ്ലെയുടെ അധികൃതരുമായും കുര്യന്‍ ഏറ്റുമുട്ടി. പ്ലാന്റ് പ്രവര്‍ത്തനത്തിനു തുടര്‍നടപടികള്‍ക്കും തുടക്കത്തില്‍ വിദേശ വിദഗ്ധരെ വയ്ക്കാമെങ്കിലും അഞ്ചു വര്‍ഷംകൊണ്ട് അക്കാര്യങ്ങളില്‍ ഇന്ത്യക്കാരെ പരിശീലിപ്പിച്ചെടുത്ത് വിദേശികള്‍ക്കു പകരം ഇന്ത്യക്കാരെക്കൊണ്ടുതന്നെ പ്ലാന്റ് നടത്തിക്കാവുന്ന സ്ഥിതി ഉണ്ടാക്കണമെന്നു കുര്യന്‍ നിര്‍ദേശിച്ചു. സങ്കീര്‍ണമായ ഈ പ്രക്രിയ നാട്ടുകാരുടെ കൈകളിലേക്കു വിട്ടുകൊടുക്കാനാവില്ലെന്നായിരുന്നു നെസ്ലെയുടെ മാനേജിങ് ഡയരക്ടര്‍മാരിലൊരാളായിരുന്ന ക്രീബറുടെ നിലപാട്. ഇത് ഇന്ത്യയെ അപമാനിക്കലാണെന്നും നിങ്ങളുടെ സഹായമില്ലാതെ ഇത ചെയ്യാന്‍ തന്റെ രാജ്യത്തിനറിയാമെന്നും പറഞ്ഞ് കുര്യന്‍ ഇറങ്ങിപ്പോയി. രണ്ടു വര്‍ഷം കൊണ്ട് അതു സാധിക്കുകയും ചെയ്തു. അതു സാധിച്ചുകഴിഞ്ഞപ്പോള്‍ കുര്യന്‍ സര്‍ക്കാരിനെക്കൊണ്ട് വിദേശത്തുനിന്നു കണ്ടന്‍സ്ഡ് മില്‍ക്ക് ഇറക്കുമതി നിരോധിപ്പിച്ചു. അപ്പോള്‍ ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ നെസ്ലെ തയാറാവുകയും ക്രീബര്‍ കുര്യനോടു മാപ്പു പറയുകയും ചെയ്തു. പില്‍ക്കാലത്ത്, ‘ അമുലി ‘ന്റെ ബേബിഫുഡ് വില്‍ക്കാനാവാതെ ഷെല്‍ഫുകളിലിരുന്നു ചീത്തയായിപ്പോകുമെന്ന ഗ്ലാക്‌സോ മേധാവിയുടെ പ്രവചനം തെറ്റാണെന്നു തെളിയിക്കാനും കുര്യനു കഴിഞ്ഞു.
അമുല്‍ എന്ന ബ്രാന്‍ഡ് വരുന്നു
കെയ്‌റയുടെ ഉല്‍പ്പന്നങ്ങള്‍ക്കു ബ്രാന്‍ഡ് നാമം നല്‍കേണ്ടതു വിപണി പിടിക്കുന്നതില്‍ പ്രധാനമാണെന്നു കുര്യന്റെ ഭാര്യാസഹോദരനും വ്യവസായിയുമായ കെ.എം. ഫിലിപ്പാണു കുര്യനെ ഉപദേശിച്ചത്. അതിനായി പേരു തേടിയപ്പോള്‍ കെയ്‌റയുടെ ലാബിലെ ഒരു കെമിസ്റ്റാണ് ‘അമുല്‍’ എന്ന പേരു നിര്‍ദേശിച്ചത്. അമൂല്യം എന്ന് അര്‍ഥമുള്ള സംസ്‌കൃതവാക്ക് അതില്‍ ധ്വനിക്കുന്നുണ്ട്. സ്വദേശി ഉല്‍പ്പന്നമാണ് എന്നും ആ പേരില്‍നിന്നു വ്യക്തമാകും. ചെറുതും ശ്രദ്ധിക്കപ്പെടുന്നതുമായ ആ വാക്ക് ‘ ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ് ‘ എന്നതിന്റെ ഒരു ഹ്രസ്വരൂപവുമാകും. അങ്ങനെ 1957 ല്‍ കെയ്‌റ സംഘം ‘ അമുല്‍ ‘ എന്ന ബ്രാന്‍ഡ് നാമം രജിസ്റ്റര്‍ ചെയ്തു.
ഇവിടെ, സഹകരണ പ്രസ്ഥാനം എങ്ങനെ ബിസിനസ് നടത്തണമെന്നതു സംബന്ധിച്ച ഒരു ഉപദേശം കുര്യന്‍ നല്‍കുന്നുണ്ട്. അദ്ദേഹം പറയുന്നു:” സഹകരണ സംഘം ഒരു ബിസിനസ് സംരംഭമായിരിക്കണമെന്നും അതൊരു ബിസിനസ് സംരംഭം പോലെത്തന്നെ വേണം നടത്താനെന്നും തുടക്കത്തിലേതന്നെ എനിക്കു ബോധ്യമായിരുന്നു. ഏതൊരു സംഘവും ഇതു മറന്നാല്‍ അതു പരാജയപ്പെടും; തകരും. അതുകൊണ്ട് ‘അമുല്‍’ എന്നും ബിസിനസ് സംരംഭം പോലെ പ്രവര്‍ത്തിക്കുന്ന കാര്യം തുടക്കത്തിലേ ഞാന്‍ ഉറപ്പാക്കി . അതേസമയം, സ്വകാര്യ മേഖലയെപ്പോലെ ലാഭവീതം പരമാവധിയാക്കാനുള്ളതല്ല, മറിച്ച് കര്‍ഷകര്‍ക്കു നല്‍കുന്ന പാല്‍വില പരമാവധിയാക്കാനുള്ളതാണ് ഈ ബിസിനസ് എന്ന കാര്യത്തില്‍ എപ്പോഴും മനസ്സിരുത്തുകയും ചെയ്തു. മൂല്യാധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചുകൊണ്ടു ഞങ്ങളിതു സാധിച്ചു. എല്ലാ വര്‍ഷവും കര്‍ഷകര്‍ക്ക് ഉയര്‍ന്ന പാല്‍വില നല്‍കാന്‍ അതു ഞങ്ങളെ സഹായിച്ചു.”
ഉദ്യോഗസ്ഥ മേധാവിത്വത്തിനെതിരെ ഒരു മുന്നറിയിപ്പും കുര്യന്‍ നല്‍കുന്നു: ”ഇന്ത്യയുടെ ഏറ്റവും വലിയ ആസ്തി അതിലെ ജനങ്ങളാണെന്നകാര്യം നിര്‍ഭാഗ്യവശാല്‍ നാം മറന്നു. സ്വബോധമുള്ള ഏതു സര്‍ക്കാരും പഠിക്കേണ്ടതു ജനങ്ങളുടെ ശക്തി കെട്ടഴിച്ചുവിടാനും അവരെക്കൊണ്ടു കാര്യങ്ങള്‍ ചെയ്യിക്കാനുമാണ്, അല്ലാതെ ബ്യൂറോക്രസിയെക്കൊണ്ടു കാര്യങ്ങള്‍ ചെയ്യിക്കാനല്ല നോക്കേണ്ടത്.”
അമുല്‍ വെണ്ണയുല്‍പ്പാദനം തുടങ്ങിയ കാലത്തു ടി.ടി. കൃഷ്ണമാചാരിയാണു കേന്ദ്ര വാണിജ്യമന്ത്രി. ന്യൂസിലാന്റ് ഡെയറിബോര്‍ഡിന്റെ ‘ആങ്കര്‍’ വെണ്ണയും പെസ്‌തോണ്‍ജിയുടെ ‘പോള്‍സണ്‍’ വെണ്ണയും വിപണി കൈയടക്കിയിരുന്ന കാലം. വെണ്ണ ഇറക്കുമതി 25 ശതമാനം കുറയ്ക്കാനുള്ള കുര്യന്റെ അഭ്യര്‍ഥന കൃഷ്ണമാചാരി സ്വീകരിച്ചു. അമുലിന്റെ വെണ്ണയുല്‍പ്പാദനം വര്‍ധിച്ചപ്പോള്‍ ഇറക്കുമതി നിയന്ത്രണം 67.5 ശതമാനമായി വര്‍ധിപ്പിക്കാനും കൃഷ്ണമാചാരി തയാറായി. ഈ സര്‍ക്കാര്‍സഹായങ്ങള്‍ അമുല്‍ വെണ്ണയുടെ വിപണീവിജയത്തില്‍ വലിയ പങ്കു വഹിച്ചു.
1962 ല്‍ ഇന്ത്യയുടെ മേല്‍ ചൈനീസ് ആക്രമണഭീഷണി ഉരുണ്ടുകൂടിയപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തരമായി കുര്യനെ വിളിപ്പിച്ചു. സേനകളുടെ ജനറല്‍മാരും മുതിര്‍ന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ശിവരാമനും യോഗത്തിലുണ്ടായിരുന്നു. കരസേനയ്ക്ക് പാല്‍പ്പൊടി വേണം, അത് എത്രത്തോളം നല്‍കാന്‍ കുര്യനു കഴിയും എന്നു അവര്‍ ആരാഞ്ഞു. ആറു മാസത്തിനകം ആയിരം ടണ്‍ നല്‍കാമെന്നു കുര്യന്‍ പറഞ്ഞു. അതുപോരെന്നു പറഞ്ഞപ്പോള്‍ 1500 ടണ്‍ എന്നു കുര്യന്‍. അതുംപോരെന്നു പറഞ്ഞപ്പോള്‍ എത്ര വേണമെന്നായി കുര്യന്‍. 2750 ടണ്‍ എന്നായിരുന്നു ജനറലിന്റെ മറുപടി. കുര്യന്‍ ഒരു കടലാസെടുത്തു കണക്കുകൂട്ടി. ഗുജറാത്ത് സര്‍ക്കാരിന്റെ വക രാജ്‌കോട്ടിലെ ചെറിയ പാല്‍പ്പൊടിഫാക്ടറിയിലെ ഉല്‍പ്പാദനവും കൂടി കൂട്ടിയാല്‍ ഒപ്പിക്കാം. പക്ഷേ, ആഭ്യന്തരവിപണി മുഴുവന്‍ ബലികഴിക്കേണ്ടിവരും. കുര്യന്‍ കാര്യമേറ്റു. സര്‍ക്കാര്‍ എന്താണു ചെയ്തുതരേണ്ടത് ( പ്രത്യുപകാരമായി ) എന്നു ശിവരാമന്‍ ചോദിച്ചു. വായ്പകളോ ഗ്രാന്റുകളോ അങ്ങനെ കുര്യന്‍ ആവശ്യപ്പെടുന്ന എന്തും ചെയ്തുതരാം എന്നാണു ശിവരാമന്‍ ഉദ്ദേശിച്ചത്. കുര്യന്‍ പറഞ്ഞു: ” ശിവരാമാ, ഒരു അടിയന്തര സാഹചര്യമുണ്ടെന്നല്ലേ താങ്കള്‍ പറഞ്ഞത്. ഈ അടിയന്തര സാഹചര്യം അമുല്‍ സര്‍ക്കാരിന്റെ പണം പിഴിഞ്ഞെടുക്കാന്‍ ഉപയോഗിച്ചാല്‍ പിന്നെ അമുല്‍ ആ പേരിന് അര്‍ഹമല്ല. എനിക്ക് ഒന്നും തന്നെ ആവശ്യമില്ല.”
അമുല്‍ വെണ്ണ മുഴുവന്‍ സേനയ്ക്ക്
അമുല്‍ പാലും പാല്‍പ്പൊടിയും മുഴുവന്‍ സൈന്യത്തിന്റെ ആവശ്യത്തിനായി തിരിച്ചുവിട്ടു. അമുലിന്റെ വെണ്ണ വിപണിയില്‍നിന്നു അപ്രത്യക്ഷമായി. ഈ സാഹചര്യം മുതലാക്കി എതിരാളി വെണ്ണവില കൂട്ടുകയും വിപണിയില്‍ കടന്നുകയറുകയും ചെയ്തു. കുര്യന്‍ ബന്ധപ്പെട്ട മന്ത്രിയെ സ്വാധീനിച്ച് മുന്‍ വര്‍ഷം ഉല്‍പ്പാദിപ്പിച്ചത്ര വെണ്ണയേ ഉല്‍പ്പാദിപ്പിക്കാവൂ എന്നു എതിരാളിക്കു നിര്‍ദേശം നല്‍കി. പെസ്‌തോണ്‍ജിയുടെ മകന്‍ മിനൂ ആയിരുന്നു അന്ന് ആ ഡെയറിയുടെ ഉടമ. അവര്‍ മന്ത്രിയെ കാണാന്‍ അനുമതി ചോദിച്ചു. കുര്യനെയും വിളിപ്പിച്ചു. എന്ത് അധികാരം ഉപയോഗിച്ചാണ് ഉല്‍പ്പാദനം മരവിപ്പിക്കുന്നതെന്ന് അവരുടെ അഭിഭാഷകന്‍ ചോദിച്ചു. കുര്യന്‍ പറഞ്ഞു: ” ആഭ്യന്തരവിപണി മൊത്തം ബലികഴിച്ചുകൊണ്ട് ഞാന്‍ എന്റെ വെണ്ണവിപണിയില്‍നിന്ന് 800 ടണ്‍ ത്യജിക്കുകയാണ്. നിങ്ങള്‍ക്ക് അപ്പോള്‍ അതു മുതലെടുത്ത് വെണ്ണവില കൂട്ടണം അല്ലേ ? എങ്ങനെ തോന്നുന്നു നിങ്ങള്‍ക്കിതു ചെയ്യാന്‍ ? ഇതു ദേശവിരുദ്ധമാണ്.” മിനൂവിന്റെ അഭിഭാഷകന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. അടുത്തുവന്ന മിനൂവിനെ മന്ത്രിയുടെ സാന്നിധ്യത്തില്‍ത്തന്നെ കുര്യന്‍ തന്തയ്ക്കു വിളിച്ചു. മന്ത്രി അദ്ദേഹത്തെ തടയാനൊട്ടു ശ്രമിച്ചുമില്ല.
കുര്യനെ ആശയപരമായി സ്വാധീനിച്ച ഒരു ധനശാസ്ത്രജ്ഞയെപ്പറ്റി പുസ്തകത്തിലുണ്ട്. പേര് ബാര്‍ബറാ വാര്‍ഡ്. അവര്‍ ആനന്ദ് സന്ദര്‍ശിച്ചിട്ടുണ്ട്. അവരെപ്പറ്റിയുള്ള പരാമര്‍ശങ്ങളില്‍നിന്നു ധനിക, ദരിദ്ര പങ്കാളിത്തത്തിനും സഹകരണത്തിനുംവേണ്ടിയാണ് അവര്‍ വാദിച്ചതെന്നു മനസ്സിലാക്കാം. ” ദാരിദ്ര്യത്തിന്റെയും പരിസ്ഥിതിനാശത്തിന്റെയും ( അപരിഹാര്യമായേക്കാവുന്ന ഒരു പ്രതിസന്ധി ) ഇരട്ട പ്രശ്‌ന പരിഹാരത്തിന് ഒരു വിലങ്ങുതടിയേയുള്ളൂവെന്ന് അവര്‍ കരുതിയിരുന്നു. മെച്ചപ്പെട്ട പങ്കാളിത്തത്തിനും പൂര്‍ണ സഹകരണത്തിനും ഈ ശ്രമത്തിനായുള്ള യോജിച്ച പ്രവര്‍ത്തനത്തിനും ശരിയായ അടിത്തറ പാകാന്‍ വേണ്ട ഭാവനാശക്തി ഭാഗ്യവാന്മാരായ ധനികരും അതിനുള്ള ക്ഷമ ക്ഷുബ്ധരായ അധ:സ്ഥിതരും പ്രകടിപ്പിക്കുമോ എന്നതാണത്” – കുര്യന്‍ പറയുന്നു.
ഗ്രാമീണന്റെ വീട്ടില്‍ ഉറങ്ങിയ ശാസ്ത്രി
പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ സന്ദര്‍ശനമാണ് കുര്യന്റെ പ്രവര്‍ത്തനം ദേശവ്യാപകമാകുന്നതിലേക്കു നയിച്ചത്. ആരുമറിയാതെ തനിക്ക് ഒരു ഗ്രാമീണന്റെ വീട്ടില്‍ രാത്രി കഴിച്ചുകൂട്ടണം എന്നു ശാസ്ത്രി പറഞ്ഞു. ആതിഥേയനായി നിശ്ചയിക്കപ്പെട്ട ഗ്രാമീണനോടു പോലും പ്രധാനമന്ത്രിയാണു വരുന്നതെന്നു പറഞ്ഞില്ല. ‘ രണ്ടു വിദേശ അതിഥികള്‍ ‘ വരുമെന്നാണ് പറഞ്ഞത്. പ്രധാനമന്ത്രിയെക്കണ്ട് ഗ്രാമീണന്‍ അന്തിച്ചു. വിശേഷാല്‍ ഒന്നും പാചകം ചെയ്തിരുന്നില്ല. പതുക്കെ ഗ്രാമീണരൊക്കെ വിവരം അറിഞ്ഞു. അവരോടു സംസാരിച്ചും കുടിലുകളില്‍ പോയും പുലര്‍ച്ചെ രണ്ടിനാണ് ശാസ്ത്രി ഉറങ്ങിയത്. കെയ്‌റ സഹകരണ യൂണിയന്റെ കാലിത്തീറ്റ ഫാക്ടറി ഉദ്ഘാടനം ചെയ്യാനാണ് ശാസ്ത്രി ആനന്ദിലെത്തിയത്. രണ്ടും മൂന്നു പഞ്ചവത്സര പദ്ധതികളില്‍ സര്‍ക്കാര്‍ നിരവധി ഡെയറികള്‍ നിര്‍മിച്ചിട്ടും അതൊക്കെ നഷ്ടത്തിലായപ്പോള്‍ ഇവിടെ മാത്രം എങ്ങനെ വിജയിക്കുന്നു എന്നു ശാസ്ത്രി കുര്യനോട് ആരാഞ്ഞു. ഇതിനെക്കാള്‍ നല്ല കാലാവസ്ഥയും ഇതിനെക്കാള്‍ നല്ല പാലുല്‍പ്പാദനശേഷിയുള്ള എരുമകളും യു.പി.യിലുണ്ട്. ആനന്ദിലെ കര്‍ഷകര്‍ പഞ്ചാബിലെ കര്‍ഷകരുടെയത്ര അധ്വാനിക്കുന്നതായും ശാസ്ത്രിക്കു തോന്നിയില്ല. എന്നിട്ടും, സര്‍ക്കാര്‍ ഡെയറികള്‍ നഷ്ടത്തിലാണെന്നു ശാസ്ത്രി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ നിരീക്ഷണങ്ങളൊക്ക ശരിയാണെന്നും എന്നാല്‍ അദ്ദേഹം ശ്രദ്ധിക്കാതിരുന്ന ഒരു വ്യത്യാസമുണ്ടെന്നും ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. അമുല്‍ ഡെയറിയുടെ ഉടമ കര്‍ഷകര്‍ തന്നെയാണ് എന്നതാണ് ഏക വ്യത്യാസം. തിരഞ്ഞെടുക്കപ്പെട്ട കര്‍ഷക പ്രതിനിധികളാണ് അതു മാനേജ് ചെയ്യുന്നത്. ഈ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അവരുടെ ഡെയറി നടത്താന്‍ ഒരു പ്രൊഫഷണല്‍ മാനേജരായി എന്നെ ജോലിക്കുവച്ചു. ഞാന്‍ കര്‍ഷകരുടെ ഒരു ജീവനക്കാരനാണ് . അതുകൊണ്ടു കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള ഈ ഡെയറിയില്‍ മാനേജരെന്ന നിലയില്‍ എന്റെ ജോലി ഡെയറിയില്‍ പാല്‍ നല്‍കുന്ന കര്‍ഷകരെ തൃപ്തിപ്പെടുത്തലാണ്. കര്‍ഷകര്‍ക്ക് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഞാന്‍ അടിസ്ഥാന സൗകര്യം ഒരുക്കിക്കൊടുക്കണം. അവര്‍ക്കു മെച്ചമുണ്ടാകാന്‍ ഉല്‍പ്പാദന വര്‍ധന ഞാന്‍ ഉറപ്പുവരുത്തണം. അവര്‍ തരുന്ന പാല്‍ ശേഖരിക്കാതിരിക്കാന്‍ എനിക്കാവില്ല. കര്‍ഷകരുടെ ആവശ്യകതകള്‍ അറിയുകയും അവരുടെ ആവശ്യങ്ങളോടു പ്രതികരിക്കുകയും ചെയ്യുന്ന ഒരു ഡെയറിയാണിത്. ആനന്ദിലെപ്പോലെതന്നെ എല്ലാ ആധുനിക െഡയറിയിങ് രാജ്യങ്ങളിലും ഡെയറികള്‍ കര്‍ഷകരുടെ ഉടമസ്ഥതയിലുള്ളതാണെന്നു ഞാന്‍ പ്രധാനമന്ത്രിയോടു വിശദീകരിച്ചു. ന്യൂസിലാന്റിലും ഡെന്‍മാര്‍ക്കിലും ഹോളണ്ടിലും എന്തിന് അമേരിക്കയില്‍പ്പോലും നടന്നകാര്യം ഇന്ത്യയിലും നടക്കുമെന്ന് തെളിയിക്കുക മാത്രമാണു ഞങ്ങള്‍ ആനന്ദില്‍ ചെയ്തിട്ടുള്ളതെന്നു ഞാന്‍ ശാസ്ത്രിജിക്കു ചൂണ്ടിക്കാട്ടിക്കൊടുത്തു ‘ – കുര്യന്‍ പറയുന്നു. ( ആനന്ദ് ഡെയറി പില്‍ക്കാലത്തു ഗുജറാത്ത് ഗ്രാമങ്ങളിലാകെ വ്യാപകമായി. 1973 ല്‍ ഗുജറാത്ത് സഹകരണ ക്ഷീര വികസനഫെഡറേഷന്‍ നിലവില്‍ വന്നു. അവയുടെയെല്ലാം ഉല്‍പ്പന്നങ്ങള്‍ അമുല്‍ എന്ന ഒറ്റ ബ്രാന്‍ഡില്‍ വിറ്റു.)
ആനന്ദിനും ഗുജറാത്തിനും വേണ്ടി മാത്രമല്ല, ഇന്ത്യയ്ക്കാകെവേണ്ടി പ്രവര്‍ത്തിക്കാന്‍ ശാസ്ത്രി കുര്യനോടു നിര്‍ദേശിച്ചു. പക്ഷേ, അതിന്റെ പ്രാഥമികച്ചെലവുകള്‍ക്കുവേണ്ട 30,000 രൂപ കേന്ദ്ര കൃഷിമന്ത്രി ഇടപെട്ടിട്ടുപോലും കിട്ടിയില്ല. ആനന്ദിലെത്തി കെയ്‌റ സഹകരണ യൂണിയന്‍ ബോര്‍ഡില്‍ കുര്യന്‍ കാര്യം പറഞ്ഞു. അവര്‍ മിനിറ്റുകള്‍കൊണ്ടു തുക പാസ്സാക്കിക്കൊടുത്തു. അങ്ങനെയാണു ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ ( National Dairy Development Board – NDDB) തുടക്കം. കുര്യനായിരുന്നു ഓണററി ചെയര്‍മാന്‍. ഓണററി സെക്രട്ടറിയും ട്രഷററുമൊക്കെ അമുലില്‍നിന്നുതന്നെയായിരുന്നു. കെയ്‌റ യൂണിയന്‍ വളപ്പില്‍ത്തന്നെയായിരുന്നു എന്‍.ഡി.ഡി.ബി. ആസ്ഥാനം. കുര്യന്‍ ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയപ്പോള്‍ തങ്ങളുടെ വകുപ്പ് ഇല്ലാതായിപ്പോകുമോ എന്നു ആശങ്കിച്ചവരും താക്കോല്‍സ്ഥാനത്തു തങ്ങളുടെ ആളിനു സ്ഥാനക്കയറ്റം കൊടുത്തുനിയമിക്കാന്‍ ശ്രമിച്ചവരുമായ ഉദ്യോഗസ്ഥ മേധാവികളെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നുണ്ട്.
(തുടരും )