ക്ഷീരസംഘങ്ങളിലെ ജീവനക്കാരുടെ ശമ്പളം കാലോചിതമായി പരിഷ്കരിക്കണമെന്ന് മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ
ക്ഷീരസംഘങ്ങളിലെ ജീവനക്കാരുടെ ശമ്പളം കാലോചിതമായി പരിഷ്കരിക്കണമെന്ന് മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ആവശ്യപ്പെട്ടു. സഹകരണ മേഖലയിലെ മറ്റു ജീവനക്കാർക്ക് ഉള്ളതുപോലെ ക്ഷീരസംഘങ്ങളിലെ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ല. ഇതിൽ മാറ്റം വരണം. കേരളത്തിലെ സഹകരണ മേഖല രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്കിന്റെ ഗുണദോഷങ്ങൾ വിലയിരുത്താൻ സമയം ആയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കൊ.ഓപ്പറേറ്റീവ് എംപ്ലോയ്സ് ഫ്രണ്ടിന്റെ തൃശ്ശൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തേറമ്പിൽ. സംഘടനാ ജില്ലാ പ്രസിഡണ്ട് ജോസഫ് പൂമല അധ്യക്ഷത വഹിച്ചു. കർമ്മശ്രേഷ്ഠ പുരസ്കാരം കരയാംവട്ടം സഹകരണ ബാങ്ക് സെക്രട്ടറി പ്രേംജിത്തിന് സംസ്ഥാന പ്രസിഡന്റ് ജോഷ്വ മാത്യു സമ്മാനിച്ചു. കർമ്മ രത്നപുരസ്കാരം ഒല്ലൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ആലീസിനു നൽകി. അംഗങ്ങളായ നാലുപേർക്കുള്ള യാത്രയയപ്പും ഇതോടൊപ്പം നടന്നു. അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, കോൺഗ്രസ് നേതാവായ സി.ഒ.ജേക്കബ്, സംസ്ഥാന ജനറൽ സെക്രട്ടറി ചാൾസ് ആന്റണി, സംസ്ഥാന വൈസ് പ്രസിഡണ്ട് മാരായ അശോകൻ കുറുങ്ങാപിള്ളി ,എ.എ.സാബു, കെ .ജി .ഒ .യു സംസ്ഥാന കമ്മിറ്റി അംഗം പി.രാമചന്ദ്രൻ, ജില്ലാ സെക്രട്ടറി ഇ.എൻ. വിജയകുമാർ എന്നിവർ സംസാരിച്ചു.