ക്ഷീരമേഖല മുന്നോട്ടു പോകുന്നതിനു കാരണം സഹകരണ സംഘത്തിന്റെ ശ്രദ്ധാപൂര്‍വ്വമുള്ള ഇടപെടല്‍ – മന്ത്രി ജി.ആര്‍. അനില്‍
ക്ഷീരമേഖലയ്ക്ക് മുന്നോട്ടു പോകാന്‍ കഴിയുന്നതിനു കാരണം സഹകരണ സംഘത്തിന്റെ ശ്രദ്ധാപൂര്‍വ്വമുള്ള ഇടപെടലാണെന്ന് ഭക്ഷ്യ -സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ആഭിപ്രായപ്പെട്ടു. മലബാറിലെ മികച്ച പാലുല്‍പ്പാദക സഹകരണ സംഘത്തിനു കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മാനന്തവാടി ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന് അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപയും മൊമ്മന്റോയും നല്‍കി. ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍ കുട്ടി അധ്യക്ഷത വഹിച്ചു.
ബാങ്ക് ഡയരക്ടര്‍ ടി.എം. വേലായുധന്‍ ബഹുമതിപത്രം സമര്‍പ്പിച്ചു. ചടങ്ങില്‍ മന്ത്രിയെ പൊന്നാടയണിയിച്ച് ആദരിച്ചു. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍, സി.പി.ഐ. ദേശീയ നിര്‍വാഹകസമിതിയംഗം ടി.വി. ബാലന്‍, കാലിക്കറ്റ് സിറ്റി ബാങ്ക് ഡയരക്ടര്‍ സി.ഇ. ചാക്കുണ്ണി, ക്ഷീര വികസന വകുപ്പ് അസി. ഡയരക്ടര്‍ ശ്രീകാന്തി എന്‍, എന്നിവര്‍ ആശംസയര്‍പ്പിച്ചു.
മാനന്തവാടി ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രസിഡന്റ് പി.ടി. ബിജു മറുപടി സംസാരിച്ചു. കാലിക്കറ്റ് സിറ്റി ബാങ്ക് ഡയരക്ടര്‍ പി.എ. ജയപ്രകാശ് സ്വാഗതവും ജനറല്‍ മാനേജര്‍ സാജു ജെയിംസ് നന്ദിയും പറഞ്ഞു.
[mbzshare]