കോവിഡ് പ്രതിസന്ധി മറികടക്കാന്‍ പ്രവാസികള്‍ക്ക് കേരള ബാങ്കിന്റെ ഈട് രഹിത വായ്പ
കോവിഡ് പ്രതിസന്ധി കാരണം നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും 8.75 ശതമാനം പലിശ നിരക്കില്‍ 5 ലക്ഷം രൂപവരെ ഈട് രഹിത വായ്പ നല്‍കുമെന്ന് കേരള ബാങ്ക്. നോര്‍ക്ക റൂട്ട്സിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പ്രവാസി ഭദ്രത വായ്പാ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ 3 ശതമാനം പലിശ സബ്സിഡിയും ഒരു ലക്ഷം രൂപവരെ ക്യാപിറ്റല്‍ സബ്സിഡിയും ലഭിക്കും. പ്രവാസി ഭദ്രത വായ്പയുടെ കോഴിക്കോട് ജില്ലാതല വിതരണോദ്ഘാടനം കേരള ബാങ്ക് ഡയറക്ടര്‍ ഇ. രമേശ് ബാബു നിര്‍വ്വഹിച്ചു.
കുന്ദമംഗലം ശാഖയില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. എം. റീന അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍ക്കുന്നുമ്മല്‍ മുഖ്യാതിഥിയായിരുന്നു. കുന്ദമംഗലം റൂറല്‍ ബാങ്ക് പ്രസിഡന്റ് കെ. സി. രാമചന്ദ്രന്‍, വായ്പാ വിഭാഗം സീനിയര്‍ മാനേജര്‍ എല്‍. പി. ബിനു, മാനേജര്‍ ടി. കെ. ജീഷ്മ, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി. സഹദ് എന്നിവര്‍ പങ്കെടുത്തു. ഏരിയാ മാനേജര്‍ വി. കെ അജിത് കുമാര്‍ സ്വാഗതവും മാനേജര്‍ എ. ആശ നന്ദിയും പറഞ്ഞു.
[mbzshare]