കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സഹകരണ വകുപ്പിന്റെ കൈത്താങ്ങ്: തൃശ്ശൂർ ജില്ലയിൽ സംഘങ്ങൾ 20 ആംബുലൻസുകൾ വിട്ടുനൽകി.
കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി തൃശ്ശൂർ ജില്ലയിലെ സഹകരണസംഘങ്ങൾ 20 ആംബുലൻസുകൾ വിട്ടുനൽകി. തൃശ്ശൂർ ജില്ലാ കളക്ടറും മുൻ സഹകരണ സംഘം രജിസ്ട്രാറും ആയിരുന്ന എസ് ഷാനവാസിന്റെ അഭ്യർത്ഥനയെ തുടർന്നാണ് ജില്ലയിലെ സഹകരണസംഘങ്ങൾ ആദ്യഘട്ടത്തിൽ 20 ആംബുലൻസുകൾ നൽകുന്നത്. ഡ്രൈവർമാരുടെ സേവനം ഉൾപ്പെടെയാണ് നൽകിയിരിക്കുന്നത്. തൃശ്ശൂർ സഹകരണ സംഘം ജോയിന്റ് റജിസ്ട്രാർ രാജൻ വർഗീസ് ഏകോപനത്തിന് നേതൃത്വം നൽകി. ഇനിയും ആവശ്യമായി വരികയാണെങ്കിൽ സഹകരണ സംഘങ്ങളിലെ ആംബുലൻസുകൾ നൽകാൻ സാധിക്കും എന്ന് അദ്ദേഹം പറഞ്ഞു.
ആംബുലൻസുകൾ ഉപയോഗിക്കുന്നതിനു മുമ്പായി കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള പരിശോധനകൾ നടന്നു. ഡ്രൈവർമാർക്ക് പി.പി.ഇ കിറ്റ് ഉപയോഗിക്കുന്നതിനും ഉപയോഗശേഷം അഴിച്ചു മാറ്റുന്നത് സംബന്ധിച്ച പരിശീലനവും, ക്ലാസും ഡോക്ടർമാർ നൽകി.പരിശീലനത്തിന് മുളങ്കുന്നത്തുകാവ് കിലയിലെ ഫാക്വൽറ്റിമാരായ ഡോ. മിഥുൻ റോഷ്, ഡോ.ബിനിത എന്നിവർ നൽകി.കോവിഡ് പോസിറ്റീവായ രോഗിയെയാണ് തനിച്ച് കൊണ്ടുപോകുന്നതെന്ന ബോധ്യത്തോടെ പ്രവർത്തിക്കാനാവശ്യമായ പരിശീലനമാണ് സഹകരണ സംഘങ്ങളിലെ ആംബുലൻസ് ഡ്രൈവർമാർക്ക് ഇന്ന് നൽകിയത്. നാളെ മുതൽ തൃശ്ശൂർ ജില്ലയിലെ സഹകരണ സംഘങ്ങളുടെ ആംബുലൻസുകൾ കോവിഡ് സേവനരംഗത്ത് സജീവമാകും.