കോടികള്‍ മറിയുന്ന സോഫ്റ്റ്വെയര്‍ കച്ചവടം
സഹകരണ ബാങ്കുകളാകെ ഇപ്പോള്‍ പരിവര്‍ത്തനത്തിന്‍റെ പാതയിലാണ്. സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ ലയിപ്പിച്ച് കേരളബാങ്ക് രൂപവത്കരിക്കുന്നു. പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ് വെയര്‍ നടപ്പാക്കുന്നു. കേരളബാങ്കിനുവേണ്ടിയും സോഫ്റ്റ്വെയര്‍ അടക്കമുള്ള ഐ.ടി.സംയോജനം ഏര്‍പ്പെടുത്താന്‍ തകൃതിയായി നടപടി എടുത്തുവരികയാണ്. ഇതിലൊക്കെ കോടികളാണ് മറിയുന്നത്.
ഒരു സഹകരണ ബാങ്കില്‍ സോഫ്റ്റ്വെയര്‍ സ്ഥാപിക്കാന്‍് പോലും കൃത്യമായ വ്യവസ്ഥകളണ്ട്. ടെണ്ടര്‍ വേണം, സാമ്പത്തിക-സാങ്കേതിക കാര്യങ്ങള്‍ പരശോധിക്കണം, ബാങ്കിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഭാവിയില്‍ ഏറ്റെടുക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ക്കും സൗകര്യപ്രദമാകണം എന്നിങ്ങനെയുള്ളവയൊക്കെ ഇതില്‍ പരിശോധിക്കും. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളൊന്നും അത്ര സുഖകരമായതല്ല.
കേരളബാങ്കിന്‍റെ കാര്യത്തില്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളൂ. പക്ഷേ, പ്രാഥമിക ബാങ്കുകളുടെ സോഫ്റ്റ്വെയര്‍ ഏകീകരണത്തിന് ഇഫ്ടാസ് (ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജി ആന്‍ഡ്അലൈഡ് സര്‍വീസ് ) എന്ന കമ്പനിയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങിക്കഴിഞ്ഞു. എങ്ങനെയാണ് ഇഫ്ടാസ് ഇതിന്‍റെ ചുമതലക്കാരായതെന്നതിനെക്കുറിച്ച് ഒരു വ്യക്തതയും ഇതുവരെയില്ല.
ഇഫ്ടാസ് സോഫ്റ്റ് വെയര്‍ കമ്പനിയല്ല. അവര്‍ എവിടെയും സ്വന്തമായി തയാറാക്കിയ സോഫ്റ്റ്വെയര്‍ സ്ഥാപിച്ചിട്ടുമില്ല. വയനാട്, ഇടുക്കി ജില്ലകളില്‍ പ്രാഥമിക ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ്വെയര്‍ നടപ്പാക്കിയതിന്‍റെ ചുമതലക്കാരായിരുന്നു ഇഫ്ടാസ്. ഇവിടെ രണ്ടിടത്തും ഇഫ്ടാസിന്‍റേതായ സോഫ്റ്റ്വെയറല്ല സ്ഥാപിച്ചത്. വയനാട്ടില്‍ പെര്‍ഫക്ടിന്‍റെയും ഇടുക്കിയില്‍ നെലിറ്റോയുടെയും സോഫ്റ്റ്വെയറുകളാണ് സ്ഥാപിച്ചത്. സ്വന്തമായി സോഫ്റ്റ്വെയറില്ലാത്ത, അത്തരം കാര്യങ്ങളില്‍ മുന്‍കാല പരിചയമില്ലാത്ത ഒരു കമ്പനിയെ ടെണ്ടര്‍ പോലുമില്ലാതെ സര്‍ക്കാര്‍ തിരഞ്ഞെടുത്തത് ദുരൂഹതയുണ്ടാക്കുന്നതാണ്.
2018 ഫിബ്രവരി 15ന് സഹകരണ വകുപ്പിറക്കിയ ഉത്തരവിലാണ് പ്രാഥമിക സഹകരണ ബാങ്കുകളിലെ സോഫ്റ്റ്വെയര്‍ ഏകീകരണത്തിനുള്ള ചുമതല ഇഫ്ടാസിനെ ഏല്‍പിച്ചിട്ടുള്ളത്. പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിനായിഅതിന്‍റെ എല്ലാവശങ്ങളും പരിശോധിക്കാന്‍ ഒരുകമ്മിറ്റിയെ നേരത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ചീഫ് സെക്രട്ടറിയും ധനകാര്യ, ഐ.ടി. , സഹകരണ വകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പെട്ടതാണ് കമ്മിറ്റി. ഈ കമ്മിറ്റി 2017 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ്തല യോഗത്തിന്‍റെ തീരുമാനമനുസരിച്ചായിരുന്നു ഉത്തരവ്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളില്‍ ഏകീകൃത സോഫ്റ്റ് വെയര്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ചായിരുന്നു യോഗം.
പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളില്‍ സോഫ്റ്റ്വെയറുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയാറാക്കിയിരുന്നു.പത്തുലക്ഷം രൂപ വരെ ഒരു ബാങ്കിന് നബാര്‍ഡ് മുഖേന സാമ്പത്തിക സഹായം നല്‍കാനായിരുന്നു തീരുമാനം. ഇതിനായി ഏതു സോഫ്റ്റ്വെയറാണ് സ്ഥാപിക്കേണ്ടത് എന്നതിനെക്കുറിച്ച് ധാരണയായില്ല. ഇതോടെ സംസ്ഥാനത്ത് നിയമിതമായ സെക്രട്ടറി തല കമ്മിറ്റി ഒരു തീരുമാനമെടുത്തു. നബാര്‍ഡ് പദ്ധതിയനുസരിച്ച് അഖിലേന്ത്യാതലത്തില്‍ വികസിപ്പിക്കുന്ന സോഫ്റ്റ്വെയറിന് കാത്തിരിക്കേണ്ടതില്ല. പകരം, സംസ്ഥാനത്ത് സ്വന്തം സോഫ്റ്റ്വെയര്‍ സംവിധാനം ഏര്‍പ്പെടുത്താമെന്നതായിരുന്നു ആ തീരുമാനം. ദേശീയ തലത്തില്‍ വികസിപ്പിക്കുന്ന സോഫ്റ്റ്വെയര്‍ കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് സഹായകമാകാത്ത വിധത്തിലാണെങ്കില്‍ അത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിലയിരുത്തലിന്‍റെ കൂടി അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. ഓരോ സഹകരണ ബാങ്കും അതത് പ്രദേശത്തെ സ്വഭാവത്തിനനുസരിച്ചാണ് പ്രവര്‍ത്തന രീതി തിട്ടപ്പെടുത്തിയിട്ടുള്ളത് എന്നതുകൊണ്ടാണ് ഇങ്ങനെ വിലയിരുത്താന്‍ കാരണം. സെക്രട്ടറിതല കമ്മിറ്റിയുടെ ഈ തീരുമാനം സര്‍ക്കാരിനെ അറിയിച്ചു. ഇതനുസരിച്ചാണ് ഉത്തരവിറങ്ങിയത്.
ഈ ഉത്തരവിലാണ് ഇഫ്ടാസ് കടന്നുവരുന്നത്. സെക്രട്ടറി തല കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കുന്നതിനൊപ്പം ഇഫ്ടാസ് സമര്‍പ്പിച്ച പ്രപ്പോസല്‍ കൂടി അംഗീകരിക്കുന്നുവെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇഫ്ടാസിന്‍റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് രണ്ടംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഐ.ടി. സെക്രട്ടറി ചെയര്‍മാനും സഹകരണ സംഘം രജിസ്ട്രാര്‍ കണ്‍വീനറുമായുള്ളതാണ് ഈ കമ്മിറ്റി. ഇഫ്ടാസ് സോഫ്റ്റ് വെയറിന്‍റെ സാങ്കേതികത, സോഫ്റ്റ് വെയര്‍ ചെലവ്, ആവര്‍ത്തനച്ചെലവ്, സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിനുള്ള സമയപരിധി, ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ബന്ധിതവും വാണിജ്യപരവുമായ നിബന്ധനകള്‍ എന്നിവ പരിശോധിക്കാനാണ് ഈ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്.
ഇഫ്ടാസ് എങ്ങനെ വന്നു?
ഇഫ്ടാസ് എങ്ങനെയാണ് സോഫ്റ്റ്വെയര്‍ ഏകീകരണത്തിന്‍റെ ചുമതലക്കാരായി വന്നതെന്നത് ദുരൂഹമായി തുടരുകയാണ്. ഇടുക്കിയിലാണ് ആദ്യമായി പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഏകീകൃത സോഫ്റ്റ് വെയര്‍ കൊണ്ടുവന്നത്. ജില്ലാസഹകരണ ബാങ്കിന്‍റെ നേതൃത്വത്തിലായിരുന്നു ഈ ശ്രമം. സഹകരണ വായ്പാ മേഖലയെ ജില്ലയില്‍ ഒരു കുടക്കീഴിലെത്തിക്കുകയെന്ന നല്ല ലക്ഷ്യത്തിന്വേണ്ടിയായിരുന്നു ഈ ശ്രമം. അതിന്‍റെ നടത്തിപ്പുചുമതല ഏറ്റെടുത്താണ് ഇഫ്ടാസ് കേരളത്തിലെത്തുന്നത്. ഇതിനുമുമ്പ് മറ്റൊരിടത്തും ഇഫ്ടാസ് സോഫ്റ്റ്വെയര്‍ പദ്ധതി കൈകാര്യം ചെയ്തിട്ടില്ല. അതേസമയം, നബാര്‍ഡിലേതടക്കം ഉദ്യോഗസ്ഥര്‍ അംഗങ്ങളായുള്ളതും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നതുമായ കമ്പനിയാണ് ഇഫ്ടാസ്. ഡാറ്റ ശേഖരണത്തിനുള്ള ‘ക്ലൗഡ് ഹോസ്റ്റിങ്’ ഉള്‍പ്പെടെയുള്ള സാങ്കേതിക സൗകര്യം ഏര്‍പ്പെടുത്തുകയാണ് ഈ കമ്പനി പ്രധാനമായും ലക്ഷ്യമിട്ടത്. കേരളത്തില്‍നിന്നുള്ള ചിലര്‍ ഇഫ്ടാസിന്‍റെ ഭാഗമായതോടെയാണ് സോഫ്റ്റ് വെയര്‍ രംഗത്തേക്ക് കൂടി കമ്പനി കടക്കുന്നത്. ഇതിന്‍റെ തുടക്കമായിരുന്നു ഇടുക്കിയിലേത്.
ഇടുക്കിയില്‍ മറ്റൊരുകമ്പനിയുടെ ‘നെലിറ്റോ’ എന്ന സോഫ്റ്റ്വെയറാണ് സഹകരണ ബാങ്കുകളില്‍ സ്ഥാപിച്ചത്. സോഫ്റ്റ് വെയര്‍ ഏകീകരിച്ചെങ്കിലും ബാങ്കുകള്‍ തമ്മിലുള്ള സംയോജനം പൂര്‍ണമായും ഇവിടെ നടപ്പാക്കാനായിട്ടില്ല. ഇതിനുപിന്നാലെയാണ് സംസ്ഥാനത്താകെ പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ്വെയര്‍ ഏകീകരിക്കാനുള്ള പദ്ധതി സംസ്ഥാനസര്‍ക്കാരും തയ്യാറാക്കുന്നത്. ഇതനുസരി ച്ച് സര്‍ക്കാരിന്‍റെ മുമ്പിലും ഇഫ്ടാസ് എത്തി.
എങ്ങനെയാണ് ഇഫ്ടാസ് ഇവിടെയും എത്തിയതെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തമായ മറുപടിയില്ല. പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്നുള്ള കാര്‍ഷിക വായ്പകള്‍ ജില്ലാസഹകരണ ബാങ്കിലെ അക്കൗണ്ടുവഴി വിതരണം ചെയ്യണമെന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരില്‍നിന്നും ഉണ്ടായതോടെ സോഫ്റ്റ് വെയര്‍ പദ്ധതിക്ക് വേഗം കൂടി. പ്രാഥമിക-ജില്ലാ ബാങ്കുകള്‍ ത1മ്മില്‍ സാങ്കേതികമായി ബന്ധമുാക്കിയാലെ കേന്ദ്ര നിര്‍ദ്ദേശം പാലിക്കാന്‍ കഴിയൂവെന്നതായിരുന്നു ഇതിനുള്ള അടിസ്ഥാനം. കേരളത്തിലെ 30 ശതമാനം പ്രാഥമിക ബാങ്കുകളില്‍ മാത്രമാണ് കോര്‍ബാങ്കിങ് നിലവിലുള്ളത്. ഉള്ളിടത്തുതന്നെ ജില്ലാബാങ്കുകളുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന സോഫ്റ്റ് വെയറുകളല്ല ഉള്ളതും. ഇതോടെയാണ് പ്രാഥമിക സഹകരണ ബാങ്കുകളിലെ സോഫ്റ്റ് വെയര്‍ ഏകീകരണത്തിന് വേഗം കൂടിയത്. ഒമ്പതംഗങ്ങളുള്ള സ്റ്റിയറിങ് കമ്മിറ്റിയെ ഇതിനുള്ള മേല്‍നോട്ടച്ചുമതലയ്ക്കയായി സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു.
പരീക്ഷണാടിസ്ഥാനത്തില്‍ വയനാട് ജില്ലയില്‍ സോഫ്റ്റ് വെയര്‍ ഏകീകരണം നടപ്പാക്കി. ഇവിടെ ബാങ്കുകളുടെ താല്‍പര്യം അനുസരിച്ച് പെര്‍ഫക്ട് എന്ന കമ്പനിയുടെ സോഫ്റ്റ് വെയറാണ് സ്ഥാപിച്ചത്. രണ്ടു പതിറ്റാണ്ടിലേറെയായി സഹകരണ ബാങ്കുകള്‍ക്ക് മാത്രമായി സോഫ്റ്റ് വെയറുകള്‍ സ്ഥാപിക്കുന്ന കമ്പനിയാണ് പെര്‍ഫെക്ട്. അതുകൊണ്ടാണ് ഇവരെ വയനാട് ജില്ലയിലെ സഹകരണ ബാങ്കുകള്‍ നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച് ഇഫ്ടാസ് ഈ കമ്പനിയുമായി ധാരണയിലെത്തി. 26 ബാങ്കുകളില്‍ പുതിയ സോഫ്റ്റ് വെയര്‍ സ്ഥാപിച്ചു. 23 സ്ഥലത്തും നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സോഫ്റ്റ്വെയറുകള്‍ ഒഴിയവാക്കിയാണ് ഈ സോഫ്റ്റ് വെയറുകള്‍ സ്ഥാപിച്ചത്.
ഇഫ്ടാസും ബാങ്കുകളും തമ്മിലാണ് കരാര്‍. സോഫ്റ്റ് വെയര്‍ കമ്പനിയായ പെര്‍ഫക്ടിന് ഇതില്‍ പങ്കാളിത്തമൊന്നുമുണ്ടായിരുന്നില്ല. മൂന്നുവര്‍ഷത്തേക്കാണ് കരാറുണ്ടാക്കിയത്. സോഫ്റ്റുവെയര്‍ ഏകീകരിച്ചശേഷം വയനാട്ടില്‍ പ്രശ്നങ്ങള്‍ ഏറെയുണ്ട്. ബാങ്കുകള്‍ തമ്മില്‍ ബന്ധിപ്പിച്ചിട്ടില്ല. ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫറിനോ മൊബൈല്‍ ബാങ്കിങ്ങിനോ ഉള്ള സംവിധാനം ഏര്‍പ്പെടുത്താനായിട്ടില്ല. പെര്‍ഫെക്ടിന്‍റെ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് മറ്റുജില്ലകളിലെ പ്രധാന സഹകരണ ബാങ്കുകളെല്ലാം ഈ സൗകര്യങ്ങള്‍ ചെയ്യുന്നു്. ഇക്കാര്യം വയനാട്ടിലെ ബാങ്കുകള്‍ പരാതിയായി ഉയര്‍ത്തി.
സോഫ്റ്റ്വെയറില്‍ സൗകര്യങ്ങളുണ്ടങ്കെിലും അത് നടപ്പാക്കാന്‍ ഇഫ്ടാസ് തയ്യാറാകാത്തതായിരുന്നു പ്രശ്നം. ഇതോടെ ഇഫ്ടാസിനെ ഒഴിവാക്കി നേരിട്ട് സോഫ്റ്റ് വെയര്‍ കമ്പനിയുമായി ധാരണയുാക്കാന്‍ ചില ബാങ്കുകള്‍ തയാറായി.വയനാട്ടിലെ സോഫ്റ്റ് വെയര്‍ ഏകീകരണത്തില്‍ തര്‍ക്കം വന്നതോടെ മറ്റുജില്ലകളില്‍ പദ്ധതി നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സ്വന്തമായി സോഫ്റ്റ് വെയറില്ലാതെ ഇഫ്ടാസ് ഈ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടാകുമെന്ന് സ്റ്റിയറിങ് കമ്മിറ്റിയിലുള്ളവര്‍ നിര്‍ദ്ദേശിച്ചു. എങ്കില്‍, സ്വന്തമായി സോഫ്റ്റ് വെയര്‍ തയാറാക്കാമെന്ന് ഇഫ്ടാസ് പ്രതിനിധികളും ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രാഥമിക സഹകരണ ബാങ്കുകളുടെപ്രവര്‍ത്തനം വിശദമായി പഠിച്ച് സോഫ്റ്റ് വെയര്‍ തയാറാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച് ഇഫ്ടാസ് ഒരുമാതൃക തയാറാക്കി സ്റ്റിയറിങ് കമ്മിറ്റിയില്‍ അവതരിപ്പിച്ചു. പലരും ഇതില്‍ തൃപ്തരായിരുന്നില്ല. പിന്നീട് പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രതിനിധികള്‍ക്ക് മുമ്പിലും ഈ മാതൃക അവതരിപ്പിച്ചു. അവരും വിയോജിപ്പ് അറിയിച്ചു പിരിഞ്ഞു. ഒടുവില്‍ മാസങ്ങള്‍ക്ക് ശേഷം സര്‍ക്കാരിന്‍റെ ഉത്തരവിറങ്ങുകയാണ്. പ്രാഥമികസഹകരണ ബാങ്കുകളുടെ സോഫ്റ്റ് വെയര്‍ ഏകീകരണച്ചുമതല ഇഫ്ടാസിന് നല്‍കിക്കൊണ്ട്. ഇവിടെയാണ് ദുരൂഹതകള്‍ ബാക്കിയാകുന്നത്.
കോടികളുടെ ഇടപാട്
സംസ്ഥാനത്തെ 1625 പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളിലും അവയുടെ ശാഖകളിലും ഏകീകൃത സോഫ്റ്റ് വെയര്‍ കൊണ്ടുവരുന്നതാണ് പദ്ധതി. ഇത്രയും സഹകരണ ബാങ്കുകള്‍ക്ക് 4500 ഓളം ശാഖകളുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇവിടങ്ങളിലാകെ ഇഫ്ടാസ് സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിന് 62.50 കോടിയോളം രൂപ ചെലവാകുമെന്നാണ് ഏകദേശ കണക്ക്. ഇവിടെ തുര്‍ന്നുള്ള സേവനങ്ങള്‍ക്കായി വര്‍ഷത്തില്‍ ഏകദേശം 50 കോടിയിലേറെ രൂപ വേറെയും നല്‍കേണ്ടിവരും. ഇത്രയും വലിയ ഇടപാടിലാണ് ടെണ്ടര്‍പോലുമില്ലാതെ ഇഫ്ടാസ് രംഗപ്രവേശം ചെയ്യുന്നത്. ഒരു ശാഖയില്‍ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിന് 1.30 ലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് ഇഫ്ടാസിന്‍റെ ഏകദേശ കണക്ക്. ഇത്രയും തുക സഹകരണ ബാങ്കുകളില്‍ സോഫ്റ്റ് വെയര്‍ ചെയ്യുന്ന പ്രമുഖ കമ്പനികളൊന്നും ഈടാക്കുന്നില്ലെന്നാണ് വിവരം. ഇനി ഇഫ്ടാസ്സ്ഥാപിക്കുന്ന സോഫ്റ്റ് വെയറിന്‍റെ സ്വീകാര്യതയാണ് മറ്റൊരു തര്‍ക്കം. ഇക്കാര്യത്തിലും ഒരു വ്യക്തതയുണ്ടായിട്ടില്ല. സോഫ്റ്റ് വെയര്‍ ഏകീകരണം നല്ല ആശയമാണ്. പക്ഷേ, അത് എന്തിനുവേിയാണോ നടപ്പാക്കുന്നത്, ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ വേണ്ടിക്കൂടിയാവണം. നിലവിലുള്ള സോഫ്റ്റ് വെയറുകളെല്ലാം മാറ്റി ഇഫ്ടാസ് നല്‍കുന്നത് ഉപയോഗിക്കണമെന്ന വ്യവസ്ഥ പദ്ധതിയുടെ ഭാഗമായുണ്ടെന്നാണ് അറിയുന്നത്. കേരളത്തില്‍ 30 ശതമാനം സഹകരണ ബാങ്കുകള്‍ കോര്‍ബാങ്കിങ് സൗകര്യമുള്ളവയാണ്. അതായത് 485 ബാങ്കുകള്‍. ഇതില്‍ മുന്നൂറോളം ബാങ്കുകള്‍ മെച്ചെപ്പട്ട സോഫ്റ്റ് വെയര്‍ സൗകര്യം ഉപയോഗിക്കുന്നവയാണ്. ഇവയുടെ സോഫ്റ്റ് വെയറുകള്‍ പറിച്ചുമാറ്റിച്ചാടുന്നതിന്‍റെ യുക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. എല്ലാ സോഫ്റ്റ് വെയറുകളും ഒരേ പോലെയായാല്‍ മാത്രമാണ് ബാങ്കുകളെ തമ്മില്‍ ബന്ധിപ്പിക്കാനാവുക എന്നില്ല. വാണിജ്യബാങ്കുകളെല്ലാം പ്രത്യേകം പ്രത്യേകം സോഫ്റ്റ് വെയറുകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ബാങ്കുകള്‍ തമ്മിലുള്ള ബാങ്കിങ് ഇടപാടിന് തടസ്സമല്ല.
ജില്ലാസഹകരണ ബാങ്കുകളുമായി ബന്ധിപ്പിക്കുകയാണ് പ്രാഥമിക സഹകരണ മേഖലയിലെ സോഫ്റ്റ് വെയര്‍ ഏകീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ പ്രാഥമിക ബാങ്കുകളുപയോഗിക്കുന്ന സോഫ്റ്റ് വെയറുകളില്‍ ഇതിനുള്ള തടസ്സം നീക്കി പരിഹരിക്കാവുന്നതാണിത്. അല്ലാത്തവ മാത്രം മാറ്റിയാല്‍ മതിയാകും.
സാങ്കേതിക സൗകര്യം മെച്ചമല്ലാത്ത സഹകരണ ബാങ്കുകളിലാണ് ഈ പദ്ധതി ആദ്യം നടപ്പാക്കേണ്ടത്. അവയെയാണ് ആധുനിക ബാങ്കിങ് സൗകര്യങ്ങളിലേക്ക് എത്തിക്കേണ്ടത്. പകരം, മുഖ്യനിരയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ ആദ്യം പദ്ധതി നടപ്പാക്കാനാണ് നീക്കം. ഇതൊക്കെ ഏകീകൃത സോഫ്റ്റ് വെയര്‍ പദ്ധതിയെ സംശയത്തിന്‍റെ മുനയില്‍ നിര്‍ത്തുന്നു.
[mbzshare]