കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് ഏറ്റെടുത്തതില്‍ കേപ്പിന് നഷ്ടപരിഹാരം നല്‍കാന്‍ അനുമതി
കൊച്ചി സഹകരണ മെഡിക്കല്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനുള്ള നഷ്ടപരിഹാരത്തിന്റെ മൂന്നംഘഡു അനുവദിക്കാന്‍ തീരുമാനം. അഞ്ചു ഗഡുക്കളായി 44.99 കോടിരൂപയാണ് കേപ്പിന് സര്‍ക്കാര്‍ നല്‍കേണ്ടത്. ഒമ്പത് കോടിവീതമുള്ള രണ്ടുഘഡുക്കള്‍ നേരത്തെ നല്‍കിയിരുന്നു. അതേ നിരക്കിലുള്ള മൂന്നാംഘഡുവാണ് ഇപ്പോള്‍ അനുവദിക്കാന്‍ ഉത്തരവായത്.
ധനകാര്യവകുപ്പ് നിയോഗിച്ച കമ്മിറ്റി നിര്‍ദ്ദേശിക്കുന്ന നഷ്ടപരിഹാരം നല്‍കാമെന്ന വ്യവസ്ഥയോടെയാണ് കൊച്ചി സഹകരമ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതിന്റെ ക്യാമ്പസില്‍ സ്ഥിതിചെയ്യുന്ന നേഴ്‌സിങ് കോളേജും നേഴ്‌സിങ് സ്‌കൂളും പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതെല്ലാം ചേര്‍ത്താണ് നഷ്ടപരിഹാരം നിശ്ചയിച്ചത്. 2013ലാണ് മെഡിക്കല്‍ കോളേജ് ഏറ്റെടുത്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2021ലാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്.
2021 സപ്തംബറിലാണ് ആദ്യഘഡു അനുവദിച്ചത്. തുടര്‍ന്ന് ഓരോ വര്‍ഷവും ഓരോ ഗഡുവീതമാണ് അനുവദിക്കേണ്ടത്. 2022 ജുണില്‍ രണ്ടാംഗഡു അനുവദിച്ചു. മൂന്നാം ഗഡു അനുവദിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കാണിച്ച് മെയ് 19ന് കേപ്പ് ഡയറക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഒമ്പത് കോടി രൂപ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര് കേപ്പിന് കൈമാറണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.