കേരള ബാങ്ക് സമരം- മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ ഒരു വിഭാഗം ജീവനക്കാർ പിന്മാറുന്നു: എംപ്ലോയീസ് കോൺഗ്രസ് പിളരുന്നു : ജീവനക്കാരുടെ പുതിയ സംഘടന അടുത്ത ദിവസം.
ഓൾ കേരള ഡിസ്റ്റിക് കോ- ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് പിളരുന്നു. മുസ്ലിംലീഗിനു സ്വാധീനമുള്ള ജീവനക്കാരുടെ സംഘടന അടുത്തദിവസം നിലവിൽ വരും. മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, കേരള ബാങ്കിൽ ലയിക്കണമെന്ന തീരുമാനത്തിൽ നിന്നും ഒരു വിഭാഗം ജീവനക്കാർ പിന്മാറുന്നു. ജീവനക്കാരുടെ പ്രബല സംഘടനയായ, യു.ഡി.എഫ് നിയന്ത്രണത്തിലുള്ള ഓൾ കേരള ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് ബാങ്ക് കോൺഗ്രസിലെ ഒരു വിഭാഗം അംഗങ്ങളാണ് പിന്മാറാൻ ഒരുങ്ങുന്നത്. ഒപ്പം അടുത്ത ദിവസങ്ങളിൽ പുതിയ സംഘടന ഉണ്ടാക്കാനും തത്വത്തിൽ തീരുമാനമായി.കേരള ബാങ്കിലേക്ക് പോകാതെ സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ച മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ ഒരു വിഭാഗം ജീവനക്കാർ പുതിയ സംഘടന ഉണ്ടാക്കുന്നതോടെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ജീവനക്കാർ കേരള ബാങ്കിന് ഒപ്പമാണ് എന്ന സഹകരണ മന്ത്രിയുടെ വാദം ഇല്ലാതാകും.
കേരള ബാങ്ക് രൂപീകരണത്തിൽ നിന്ന് മാറി നിൽക്കാൻ തീരുമാനമെടുത്ത മലപ്പുറത്തെ സഹകാരികളെ സമരം നടത്തി സമ്മർദ്ദത്തിലാക്കാൻ ജില്ലാ സഹകരണ ബാങ്ക് ജീവനക്കാർ തുടങ്ങിയതോടെയാണ് ഒരു വിഭാഗം പുതിയ സംഘടന രൂപീകരിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ മാസം മൂന്ന് പ്രവർത്തി ദിവസങ്ങൾ ആണ് ജീവനക്കാരുടെ സമരം മൂലം മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് അടച്ചിടേണ്ടി വന്നത്. ജനുവരി ഒന്നു മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നാണ് സംയുക്ത സമരസമിതി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ജീവനക്കാർക്കിടയിൽ എതിരഭിപ്രായം വന്ന സാഹചര്യത്തിലാണ് അനിശ്ചിത സമരത്തിൽ നിന്നും പിൻമാറി കൊണ്ട് ഇന്നലെ മുതൽ ജനുവരി 20 വരെ റിലേ സത്യാഗ്രഹ സമരത്തിലേക്ക് മാറിയത്. തന്നെയുമല്ല കഴിഞ്ഞ ആഴ്ചയിൽ സഹകരണ വകുപ്പ് മന്ത്രിയുടെ ചേംബറിൽ പോയി ചർച്ച നടത്തിയതിലും ജീവനക്കാർക്കിടയിൽ എതിരഭിപ്രായം ഉണ്ട്. ഇടതു സർക്കാരിന് അടിമപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ഒരു വിഭാഗം ജീവനക്കാർ പറയുന്നത്.
കേരള ബാങ്ക് രൂപീകരണം സർക്കാർ പ്രഖ്യാപിച്ചപ്പോൾ ഇതിനെതിരെ യുഡിഎഫ് അനുകൂല ജീവനക്കാരുടെ സംഘടന എതിർ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ കേരള ബാങ്കിൽ മറ്റ് 13 ജില്ലാ സഹകരണ ബാങ്കുകളും ലയിച്ചതോടെ ഇവർ കേരള ബാങ്കിൽ ലയിക്കാനായി മുറവിളി കൂട്ടി തുടങ്ങി. ശമ്പള പരിഷ്കരണവും മറ്റ് ആനുകൂല്യങ്ങളും നഷ്ടപ്പെടുമെന്ന ഭയമാണ് ഇവരെ മാറ്റി ചിന്തിപ്പിച്ചത്. സമരം നടത്തി മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ തകർക്കാൻ അനുവദിക്കില്ലെന്നാണ് ഒരു വിഭാഗം ജീവനക്കാർ ഇപ്പോൾ പറയുന്നത്. തന്നെയുമല്ല ഇടതുപക്ഷത്തിന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് നിൽക്കേണ്ട ഗതികേട് വന്നിട്ടില്ലെന്നും ഇവർ പറയുന്നു. മുസ്‌ലിംലീഗിനു സ്വാധീനമുള്ള ജില്ലയിൽ ജീവനക്കാർക്കിടയിൽ മുസ്ലിം ലീഗ് അനുകൂല സംഘടന ഇല്ല. ഓൾ കേരള ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് കോൺഗ്രസിലാണ് 90 ശതമാനത്തിലധികം വരുന്ന ജീവനക്കാർ. ഈ ജീവനക്കാരിൽ മുസ്ലിംലീഗ് അനുകൂല രാഷ്ട്രീയ നിലപാടുള്ള ജീവനക്കാരാണ് ഇപ്പോൾ പുതിയ സംഘടന രൂപീകരിക്കാൻ ഒരുങ്ങുന്നത്. ഇതോടെ മലപ്പുറം ജില്ലയിൽ പ്രാതിനിധ്യമുള്ള വലിയ സംഘടന പുതിയ സംഘടനയായി മാറും.ഇതോടെ സമരം പൊളിയുകയും സംഘടന തന്നെ പിളരുകയും ചെയ്യും. ഇടത് നിയന്ത്രണത്തിലുള്ള ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ സംഘടനയ്ക്ക് മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ കാര്യമായ പ്രാതിനിധ്യമില്ല.
കേരള ബാങ്കിൽ ലയിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സംയുക്തസമരസമിതി ആണ് സമരം നടത്തുന്നത്. ഇതിലും മുസ്ലീംലീഗിന് എതിരഭിപ്രായം ഉണ്ട്. ജില്ലയിലെ സഹകാരികളെ മുഴുവനായും ധിക്കരിച്ചുകൊണ്ട് യുഡിഎഫ് അനുകൂല സംഘടന ജീവനക്കാർ നടത്തുന്ന സമരം വെച്ച് പൊറുപ്പിക്കാൻ ആകില്ല എന്നാണ് ലീഗ് നേതൃത്വം പറയുന്നത്.തന്നെയുമല്ല റിസർവ് ബാങ്ക് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിൽ ജീവനക്കാർക്കിടയിലും ആശങ്കയുണ്ട്. കഴിഞ്ഞദിവസം കേരള ബാങ്കിൽ ലയിച്ചു എന്ന ഒറ്റ കാരണം കൊണ്ട് തന്നെ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ എൻ ആർ ഐ ലൈസൻസ് റിസർവ് ബാങ്ക് റദ്ദ് ചെയ്തു. ജില്ലാ സഹകരണ ബാങ്ക് ആയി നിലകൊള്ളുന്നതാണ് പലതുകൊണ്ടും നല്ലതെന്ന വിലയിരുത്തലാണ് ജീവനക്കാർക്കിടയിലും സഹകാരികൾകിടയിലും ഇപ്പോഴുള്ളത്.
കേരള ബാങ്ക് വരുമ്പോൾ മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ പല ബ്രാഞ്ചുകളും പൂട്ടുമെന്നുംഅറിയുന്നു. ജീവനക്കാരെ പുനർവിന്യസിപ്പിക്കുന്നതു സംബന്ധിച്ച് വകുപ്പിനോ സർക്കാരിനോ പ്രത്യേക പദ്ധതി ഇല്ലാത്തതും ജീവനക്കാർക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. കേരള ബാങ്കിലേക്ക് മാറിക്കഴിഞ്ഞാൽ എത്രയും വേഗം ആധുനിക സൗകര്യങ്ങൾ കൊണ്ടുവരും എന്ന് പ്രഖ്യാപിച്ച സർക്കാർ, പ്രായോഗികതലത്തിൽ, കൊണ്ടുവരുന്നതിൽ ബുദ്ധിമുട്ടുകൾ ഏറെയാണെന്ന് ഇതിനകം തന്നെ ബോധ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.കേരള ബാങ്കിന്റെ തുടക്കംമുതൽ തന്നെ തകിടംമറിയുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് ഇപ്പോൾ ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ സ്വാർത്ഥ താല്പര്യങ്ങൾ മുൻനിർത്തി സഹകാരികളെ കേരളബാങ്കിൽ ലയിക്കാൻ നിർബന്ധിക്കുന്ന സംഘടനയിൽ തുടരുന്നതിനേക്കാൾ നല്ലത് പുതിയ സംഘടന രൂപീകരിക്കുന്നതാണെന്നാണ് ജീവനക്കാരിലെ ഒരു വിഭാഗത്തിന്റെ തീരുമാനം.
അതേസമയം ബാങ്കുകളുടെ ലയനത്തിന് അനുകൂല തീരുമാനം ഉണ്ടായ സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ മലപ്പുറം ജില്ലയിലെ രണ്ട് സഹകരണ സ്ഥാപനങൾ നൽകിയ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ജില്ലാ സഹകരണ ബാങ്കുകളിലെ അഡ്മിനിസ്ട്രേറ്റർ ഭരണം അവസാനിപ്പിച്ച സാഹചര്യത്തിലാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. സഹകാരികൾക്ക് അനുകൂലമായ വിധി ഉണ്ടാകും എന്ന പ്രതീക്ഷയാണ് മലപ്പുറത്തെ സഹകാരികൾകു ഉള്ളത്. തന്നെയുമല്ല ജീവനക്കാരുടെ പുതിയ സംഘടന ഉണ്ടാകുന്നതോടെ മുസ്‌ലിംലീഗിനു സംഘടനയിൽ കൂടുതൽ സ്വാധീനവും ഉണ്ടാകും. മലപ്പുറത്തെ ജീവനക്കാർ കേരളബാങ്ക് നൊപ്പം ആണെന്നുള്ള പ്രചരണത്തിന് മുനയൊടിക്കുന്ന രാഷ്ട്രീയ തന്ത്രമാണ് ഇപ്പോൾ മുസ്ലിം ലീഗ് നേതൃത്വം, ജീവനക്കാരുടെ പുതിയ സംഘടനയിലൂടെ എടുപ്പിക്കുന്നത്. എന്തായാലും വരും ദിവസങ്ങളിൽ സംയുക്ത സമരസമിതിയുടെ സമരങ്ങൾക്ക് മൂർച്ച കുറയും. ഒപ്പം ജില്ലാ സഹകരണ ബാങ്ക് ആയി നില കൊണ്ടാൽ മതിയെന്ന സഹകാരികളുടെ നിലപാടിന് പിന്തുണ വർദ്ധിക്കുകയും ചെയ്യും. ജീവനക്കാരുടെ പുതിയ സംഘടന നിലവിൽ വരുന്നതോടെ രാഷ്ട്രീയമായി മലപ്പുറത്തെ യുഡിഎഫ് സഹകാരികൾ വിജയിച്ചു എന്ന് ഒരുപരിധിവരെ പറയാം.