കേരള ബാങ്ക് വന്നതോടെ 60 തസ്തികനഷ്ടമായി – സഹകരണ വകുപ്പ്
കേരള ബാങ്ക് രൂപീകരിച്ചതോടെ സഹകരണ വകുപ്പില്‍ തസ്തികകള്‍ ഇല്ലാതാകുന്ന സ്ഥിതിയുണ്ടായിട്ടുണ്ടെന്ന് മന്ത്രി വി.എന്‍. വാസവന്‍. ഓഡിറ്റര്‍, സെയില്‍ ഓഫീസര്‍ റാങ്കിലുള്ള 60 തസ്തികകളാണ് ഇല്ലാതായത്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
കേരള ബാങ്കില്‍ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശമനുസരിച്ചാണ് ഓഡിറ്റ് നടത്തേണ്ടത്. ഇതിന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ആവശ്യമില്ലെന്നാണ് കേരള ബാങ്ക് അറിയിച്ചത്. അതിനാല്‍, വകുപ്പുദ്യോഗസ്ഥരെ കേരള ബാങ്ക് ആവശ്യപ്പെടുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ 26 ഗസറ്റഡ് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റ സാധ്യത സഹകരണ വകുപ്പില്‍ നഷ്ടമായിട്ടുണ്ട് – മന്ത്രി വ്യക്തമാക്കി.
കേരള ബാങ്ക് രൂപീകരണത്തിന് മുമ്പ് 62 ഓഡിറ്റര്‍ തസ്തികയാണ് ഉണ്ടായിരുന്നത്. നിലവിലിത് 14 എണ്ണമായി കുറഞ്ഞു. 30 സെയില്‍ ഓഫീസര്‍മാരുടെ സ്ഥാനത്ത് നിലവിലുള്ളത് 18 തസ്തികകളാണ്. കേരള ബാങ്കിന്റെ വരവോടെ 60 തസ്തികകള്‍ ഇങ്ങനെ മാത്രം നഷ്ടമായെന്നും സഹകരണ വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. ജോയിന്റ് ഡയരക്ടര്‍ റാങ്കിലുള്ള ഓരോ ഉദ്യോഗസ്ഥനെയാണ് ഇപ്പോള്‍ കേരള ബാങ്കിന്റെ ജില്ലാതല ഓഫീസുകളില്‍ തുടരാന്‍ അനുവദിച്ചിട്ടുള്ളത്. ഇതു തസ്തിക നഷ്ടമാകാതിരിക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ടാണ്. ഇത് അധികകാലം തുടരാനാവില്ലെന്ന് സഹകരണ വകുപ്പിനും ബോധ്യമുണ്ട്.
അര്‍ബന്‍ ബാങ്കുകളിലെ വകുപ്പ് ഓഡിറ്റും റിസര്‍വ് ബാങ്ക് അംഗീകരിക്കുന്നില്ല. അതിനാല്‍, കണ്‍കറന്റ് ഓഡിറ്റര്‍മാരുടെ സേവനം ഇനി വേണ്ടതില്ലെന്ന് അര്‍ബന്‍ ബാങ്കുകളും സഹകരണ സംഘം രജിസ്ട്രാറെ അറിയിച്ചിരുന്നു. 60 അര്‍ബന്‍ ബാങ്കുകളാണ് കേരളത്തിലുള്ളത്. എഴുപതിലേറെ വകുപ്പുദ്യോഗസ്ഥരാണ് ഇവിടങ്ങളിലുള്ളത്. ഇവര്‍ക്കെല്ലാം തസ്തിക നഷ്ടമാകുന്നത് വകുപ്പിന് വലിയ ബാധ്യതയാകുമെന്നതിനാല്‍, തല്‍ക്കാലം നിയമനം തുടരണമെന്ന നിര്‍ദ്ദേശം സഹകരണ വകുപ്പ് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തസ്തിക നിലനില്‍ക്കുന്നത്.
[mbzshare]