കേരള ബാങ്ക് മെഗാവായ്പാ മേള: 13 കോടി രൂപ വിതരണം ചെയ്തു
കേരള സംസ്ഥാന സഹകരണ ബാങ്കിൻ്റെ കോഴിക്കോട് ക്രെഡിറ്റ് പ്രൊസസിംഗ് സെന്റർ സംഘടിപ്പിച്ച മെഗാ വായ്പാ മേളയിൽ 13 കോടി രൂപ വിതരണം ചെയ്തു. 400 ൽ അധികംപേർ പങ്കെടുത്ത മേളയിൽ MSME, പ്രവാസി, കുടുംബശ്രീ, വനിതാ, കാർഷിക, ഭവന വായ്പാ പദ്ധതികളിലായി 242 പേർക്കാണ് വായ്പ അനുവദിച്ചത്. അവശേഷിക്കുന്ന അപേക്ഷകർക്ക് ആവശ്യമായ രേഖകൾ സമർപ്പിക്കുന്ന മുറക്ക് ബന്ധപ്പെട്ട ശാഖകൾവഴി വായ്പ നൽകും.
കേരള ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് സേനവങ്ങളായ കെ ബി പ്രൈം, കെ ബി പ്രൈം പ്ലസ് എന്നിവ പരിചയപ്പെടുത്തുന്നതിനും ഇടപാടുകാർക്ക് Paytm, ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയവ വഴി യു.പി.ഐ സേവനങ്ങൾ ലഭ്യമാക്കുന്നതിനുമായി പ്രത്യേക കൗണ്ടറും മേളയില്‍ ഉണ്ടായിരുന്നു. കോഴിക്കോട് മാനാഞ്ചിറ സി.എസ്.ഐ കത്തീഡ്രല്‍ ഹാളില്‍ നടന്ന മേളയുടെ ഉദ്ഘാടനവും വായ്പാ അനുമതിപത്രം കൈമാറലും കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീനഫിലിപ്പ് നിർവ്വഹിച്ചു. കേരള ബാങ്ക് ഡയറക്ടർ ഇ രമേശ് ബാബു അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ ആർ. സിന്ധു, ഇൻഡസ്ട്രിയൽ ഓഫീസർ എൻ. ശ്രീജിത്ത്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് എ.വി.എം കബീർ, കേരളാ ബാങ്ക്ഡപ്യൂട്ടി ജനറൽ മാനേജർമാരായ കെ.ദിനേശൻ, സണ്ണി തോമസ്, ടി.എസ്. സുപ്രിയ എന്നിവർ സംസാരിച്ചു.
കേരള ബാങ്ക് റീജിയണൽ ജനറൽ മാനേജർ ഡോ. എൻ. അനിൽകുമാർ സ്വാഗതവും ഡെപ്യൂട്ടി ജനറൽ മാനേജർ കെ.എം. റീന നന്ദിയും പറഞ്ഞു. നോർക്ക ഉദ്യോഗസ്ഥരും കോഴിക്കോട് കോർപ്പറേഷന്റെ എൻ്റർപ്രൈസ് ഡവലപ്മെന്റ് എക്സിക്യുട്ടീവും പങ്കെടുത്തു.