കേരള ബാങ്ക് – മലപ്പുറം മാറി നൽകുന്നതിനെതിരെ ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു.
സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കുകൾ ലയിപ്പിച്ച് കേരള ബാങ്ക് നിലവിൽ വന്നപ്പോൾ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മാത്രം ഒറ്റയ്ക്ക് നിൽക്കുന്ന സാഹചര്യത്തിൽ മലപ്പുറത്തെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ സംയുക്തസമരസമിതി പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. നാളെയും മറ്റന്നാളും പണിമുടക്ക് തുടരും. മുഴുവൻ ജീവനക്കാരും പണിമുടക്കിൽ പങ്കെടുത്തുവെന്നും മുഴുവൻ ബ്രാഞ്ചുകളുടെ പ്രവർത്തനം നിലച്ചു എന്നും സംയുക്ത സമരസമിതി ചെയർമാൻ സി കെ അബ്ദുറഹ്മാൻ പറഞ്ഞു.
നാനൂറിലധികം ജീവനക്കാരുടെയും ജില്ലയിലെ 15 ലക്ഷത്തോളം ഇടപാടുകാരെയും പ്രതിസന്ധിയിലാക്കുന്ന സമീപനത്തിൽ നിന്നും പിന്മാറിയില്ലെങ്കിൽ ജനുവരി ഒന്നു മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയനും ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷനും പറഞ്ഞു. പണിമുടക്കിയ ജീവനക്കാർ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ മലപ്പുറം ടൗണിൽ പ്രകടനം നടത്തി. സി കെ അബ്ദുറഹ്മാൻ, പികെ മൂസക്കുട്ടി, പി.അലി , സയിദ് ഫസൽഅലി എന്നിവർ നേതൃത്വം നൽകി. പ്രകടനത്തിനുശേഷം ബാങ്ക് ഹെഡ് ഓഫീസിൽ മുൻപിൽ നടന്ന വിശദീകരണ യോഗം ഐഎൻടിയുസി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് മൂസാ പന്തീരംകാവ് ഉദ്ഘാടനം ചെയ്തു. എ.ഐ.ബി.ഇ.ഐ ജില്ലാ സെക്രട്ടറി അഹമ്മദ്, ബെഫി ജില്ലാസെക്രട്ടറി ജി. കണ്ണൻ, സി. ബാലസുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.