കേരള ബാങ്ക് : പ്രതീക്ഷകളും പ്രതിസന്ധികളും
ഡോ. എം. രാമനുണ്ണി
(ചീഫ് കൊമേഴസ്യല്‍ മാനേജര്‍ ലാഡര്‍.
തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ മുന്‍ ജനറല്‍ മാനേജരും
കണ്‍സ്യൂമര്‍ഫെഡ് മുന്‍ മാനേജിങ് ഡയരക്ടറും)
(2021 ജനുവരി ലക്കം)
ഒട്ടേറെ നിബന്ധനകള്‍ക്കും പരിമിതികള്‍ക്കും അകത്തു നിന്നുകൊണ്ടേ കേരള ബാങ്കിനു പ്രവര്‍ത്തിക്കാനാവൂ. റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള നിബന്ധനകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നത് ബാങ്ക് ഭരണസമിതി നേരിടുന്ന വെല്ലുവിളിയാണ്.
കേരളത്തിലെ സഹകാരികള്‍ അഞ്ച് വര്‍ഷത്തോളമായി ചര്‍ച്ച ചെയ്തിരുന്ന കേരള ബാങ്ക് ഒടുവില്‍ യാഥാര്‍ഥ്യമായിരിക്കുന്നു. 2020 നവംബര്‍ 26 നു നടന്ന തിരഞ്ഞെടുപ്പോടെ കേരള ബാങ്കിന്റെ ഭരണം സഹകാരികളുടെ പ്രതിനിധികള്‍ ഏറ്റെടുത്തുകഴിഞ്ഞു. സഹകരണ മേഖലയില്‍ ജനകീയ പ്രാതിനിധ്യത്തോടെ ഭരണസമിതി അധികാരമേറ്റതോടെ സഹകാരികള്‍, പ്രത്യേകിച്ച് പ്രാഥമിക സഹകരണ സംഘങ്ങള്‍ , കേരള ബാങ്കിനെ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക് വരുംനാളുകളില്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതായിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന വേളയില്‍ സഹകരണ പ്രസ്ഥാനത്തിന്റെ ജനകീയ സ്വഭാവം നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിനും പ്രാഥമിക സഹകരണ സംഘങ്ങളുടെയും സഹകാരികളുടെയും താല്‍പ്പര്യങ്ങള്‍ക്ക് വിഘാതമാകാതിരിക്കുന്നതിനും പ്രത്യേകം കരുതല്‍ ആവശ്യമാണ്. എന്നാല്‍, റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ധനകാര്യ സ്ഥാപനമെന്ന നിലയില്‍ ഒട്ടനവധി നിബന്ധനകള്‍ക്കും പരിമിതികള്‍ക്കും അകത്തുനിന്നു കൊണ്ടുമാത്രമേ ഈ ബാങ്കിന്റെ പ്രവര്‍ത്തനം ചിട്ടപ്പെടുത്താന്‍ കഴിയൂ. ഇത് യഥാര്‍ഥത്തില്‍ ബാങ്ക് ഭരണസമിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഈ വെല്ലുവിളി നേരിടാനുള്ള ശേഷിയും അനുഭവ പാരമ്പര്യവുമുള്ള സഹകാരികളിലാണ് കേരള ബാങ്കിന്റെ ഭരണം അര്‍പ്പിതമായിട്ടുള്ളത് എന്നത് ആശാവഹമാണ്. എന്നാല്‍, പ്രാഥമിക സഹകരണ സംഘങ്ങളുടെ നടത്തിപ്പിനു പ്രാദേശിക തലത്തില്‍ നേതൃത്വം നല്‍കി പരിചയ സമ്പത്തുള്ള ഭരണസമിതിയെ സംബന്ധിച്ചിടത്തോളം സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ജനകീയ ബാങ്ക് ഏറ്റെടുക്കേണ്ട ബാങ്കിങ്് പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്തുകയെന്നത് വലിയ ദൗത്യമാണ്. ഈ സാഹചര്യത്തിലാണ് കേരള ബാങ്ക് രൂപവത്കരണത്തിനു കാരണമായ ചില വസ്തുതകളും തുടര്‍ന്നു നടന്ന പ്രവര്‍ത്തനങ്ങളും സഹകാരികളില്‍ സൃഷ്ടിച്ച ആവേശവും പ്രതീക്ഷയും ആശങ്കകളുമെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നത്. ഒരു കാര്യം വ്യക്തമാണ്. കേരള ബാങ്കിന്റെ ഭാവിയെക്കുറിച്ചു പ്രവചിക്കാനോ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിലയിരുത്താനോ സമയമായിട്ടില്ലായെന്നത് ഒരു വസ്തുത തന്നെയാണ്.
വിലയിരുത്തല്‍ നേരത്തേ തുടങ്ങി
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാളുകളിലാണ് കേരള ബാങ്ക് എന്ന ആശയം ഇന്നു കാണുന്ന രൂപത്തില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍, ഇതിനും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഹ്രസ്വകാല കാര്‍ഷിക വായ്പയുടെ മേഖലയില്‍ ത്രിതല സംവിധാനത്തിനു പകരം ദ്വിതല സംവിധാനത്തിലേക്ക് മാറുന്നത് ഗൂണകരമായിരിക്കുമെന്ന അഭിപ്രായങ്ങള്‍ റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും വിവിധ കമ്മിറ്റികള്‍ വിലയിരുത്തിയിട്ടുണ്ട്. അതേസമയം, സംസ്ഥാന തലമാണോ അതോ ജില്ലാ തലമാണോ ഒഴിവാക്കപ്പെടേണ്ടത് എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിരുന്നില്ല. നബാര്‍ഡ് വഴി വിതരണം ചെയ്യുന്ന കാര്‍ഷിക വായ്പ സംസ്ഥാന ബാങ്ക് , ജില്ലാ ബാങ്ക്, പ്രാഥമിക സഹകരണ സംഘങ്ങള്‍ എന്നിവയിലൂടെ കര്‍ഷകരിലേക്ക് എത്തുമ്പോള്‍ വായ്പയുടെ പലിശയില്‍ വര്‍ധന ഉണ്ടാകുന്നുവെന്ന വസ്തുത ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രീറാം കമ്മിറ്റിക്ക് രൂപം നല്‍കുന്നത്. ശ്രീറാം കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേരള ബാങ്ക് രൂപവത്കരണം വേഗത്തിലാക്കുന്നതിന് ഒരു ടാസ്‌ക് ഫോഴ്സിനു രൂപം നല്‍കുകയുണ്ടായി. ശ്രീറാം കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടാസ്‌ക് ഫോഴ്‌സ് നിര്‍ദേശിച്ച കര്‍മ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയും ഒരു പ്രൊജക്റ്റ് എന്ന നിലയില്‍ റിസര്‍വ്് ബാങ്കിന്റെ അംഗീകാരത്തിനു സമര്‍പ്പിക്കുകയും ചെയ്തു. ശ്രീറാം കമ്മിറ്റി വിഭാവനം ചെയ്ത കേരള ബാങ്കിന്റെ ഘടനയില്‍ നിന്നു ഏറെ വ്യതിയാനങ്ങളോടെ, നിലവിലുള്ള ജില്ലാ ബാങ്കുകള്‍ സംസ്ഥാന ബാങ്കില്‍ ലയിപ്പിക്കുന്ന പ്രക്രിയക്കാണ് ടാസ്‌ക് ഫോഴ്സ് രൂപം നല്‍കിയത്. നമ്മുടെ സംസ്ഥാനത്ത് സഹകരണ മേഖലയില്‍ രൂപമെടുക്കുന്ന ഒരു പൂതിയ ബാങ്ക് എന്നതിനു പകരം സംസ്ഥാന ബാങ്കില്‍ ലയിപ്പിക്കാനുള്ള നിര്‍ദേശം സഹകാരികളില്‍ ആശങ്കയും അദ്ഭുതവും വളര്‍ത്തിയിരുന്നു. അക്കാലത്തെ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട ‘പുതിയ ബാങ്കില്ല , പകരം ലയനം മാത്രം ‘ എന്നു തുടങ്ങിയ വാര്‍ത്തകള്‍ സഹകാരികളില്‍ നിലനിന്നിരുന്ന പ്രതീക്ഷകളും യാഥാര്‍ഥ്യവും തമ്മിലുള്ള അകലത്തെയാണ് സൂചിപ്പിക്കുന്നത്. ഏതായാലും, 2018 ഒക്ടോബറില്‍ റിസര്‍വ്് ബാങ്ക് പത്തൊമ്പത് നിബന്ധനകള്‍ക്കു വിധേയമായി കേരള ബാങ്ക് രൂപവത്കരണത്തിനു തത്വത്തിലുള്ള അംഗീകാരം നല്‍കി. തുടര്‍ന്ന്, വിവിധ ജില്ലകളില്‍ പ്രാഥമിക സഹകരണ സംഘം ഭാരവാഹികളുടെ യോഗം ചേര്‍ന്ന് കേരള ബാങ്കിനെക്കുറിച്ച് വിശദമായ ചര്‍ച്ച സംഘടിപ്പിച്ചു. ( പതിനാല് ജില്ലകളിലും ഈ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ ജനറല്‍ മാനേജര്‍ എന്ന നിലയില്‍ ഈ ലേഖകനു അവസരം ലഭിച്ചു ). ഈ യോഗങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി സഹകാരികളുടെ ആശങ്കകളും പ്രതീക്ഷകളും ആവലാതികളും പങ്കുവെയ്ക്കപ്പെട്ടു. തുടര്‍ന്ന്, ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ട് ടാസ്‌ക് ഫോഴ്സ് തുടങ്ങിവെച്ച നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു വിവിധ സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. ഈ സബ് കമ്മിറ്റികളുടെ നിരന്തരമായ പ്രവര്‍ത്തനത്തിന്റെ ഫലമായി റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച നിബന്ധനകള്‍ പൂര്‍ത്തിയാക്കുന്നതിനാവശ്യമായ ചട്ടക്കൂടിനും കര്‍മ പരിപാടിക്കും രൂപം നല്‍കാന്‍ കഴിഞ്ഞു.
ഉയര്‍ത്തിയത് വലിയ പ്രതീക്ഷ
രാഷ്ട്രീയമായി അഭിപ്രായ ഐക്യത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍പ്പോലും ജീവനക്കാര്‍ക്കിടയിലും സഹകാരികള്‍ക്കിടയിലും കേരള ബാങ്ക് എന്ന ആശയം ഉയര്‍ത്തിയ പ്രതീക്ഷകള്‍ ഏറെ വലുതാണ്. തുടര്‍ന്ന്, സംസ്ഥാന സഹകരണ ബാങ്ക് അതിന്റെ ബൈലോ ഭേഗതി ചെയ്യുകയും ജില്ലാ സഹകരണ ബാങ്കുകളുടെ ജനറല്‍ ബോഡി യോഗങ്ങള്‍ ചേര്‍ന്നു കേരള ബാങ്കില്‍ ലയിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുകയും ചെയ്തു. മലപ്പുറം ഒഴികെ എല്ലാ ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കാന്‍ തീരുമാനമെടുത്തു. ഇതേത്തുടര്‍ന്ന് ഒട്ടനവധി നിയമപോരാട്ടങ്ങള്‍ നടക്കുകയുണ്ടായി. 2019 ഒക്ടോബര്‍ ഏഴിനു റിസര്‍വ് ബാങ്ക് ഇറക്കിയ ഉത്തരവിലൂടെ 13 ജില്ലാ സഹകരണ ബാങ്കുകളെയും കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള അനുമതി ലഭിച്ചു. ഇതിനിടയില്‍ കേരള ബാങ്കിന്റെ രൂപവത്കരണവുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങള്‍ നബാര്‍ഡ് മൂന്നോട്ട് വെക്കുകയുണ്ടായി. ഈ നിര്‍ദേശങ്ങള്‍ അല്‍പ്പം വിവാദങ്ങള്‍ക്ക് വഴിവെച്ചെങ്കിലും 2019 ഒക്ടോബര്‍ ഏഴിലെ ആര്‍.ബി.ഐ. ഉത്തരവില്‍ ഈ നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട് എന്നു വ്യക്തമാക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് കേരള ബാങ്ക് യാഥാര്‍ഥ്യമാക്കുന്നതിന് ബാങ്ക് ഭരണ സമിതിയുടെ മുമ്പിലുള്ള പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ച പ്രസക്തമാകുന്നത്.
റിസര്‍വ് ബാങ്കിന്റെ ഉത്തരവില്‍ കൃത്യമായി വിവക്ഷിച്ചിരിക്കുന്നത് ‘The approval shall be valid for a period of six months till march 31st 2020’ എന്നാണ്. ‘ The Government of kerala shall submit a status report on the above through Nabard to RBI’ എന്നു ഉത്തരവില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. തന്നെയുമല്ല, ഉത്തരവിന്റെ നാലാം ഖണ്ഡികയില്‍ ‘It may be stated that the above approval is also subject to government of kerala complying with the following conditions’ എന്നു സൂചിപ്പിച്ച് അഞ്ച് നിബന്ധനകള്‍ കൃത്യവും വ്യക്തവുമായി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഈ നിബന്ധനകളുടെ സമയബന്ധിതമായ പൂര്‍ത്തീകരണമാണ് റിസര്‍വ് ബാങ്കിന്റെ അംഗീകാരത്തിന്റെ കാര്യത്തില്‍ ഭരണസമിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 13 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിച്ച ശേഷം ഒമ്പത് ശതമാനം മൂലധന പര്യാപ്ത ഉറപ്പാക്കണമെന്നതും ഇത് ഉറപ്പാക്കിയിട്ടുണ്ട് എന്നു നബാര്‍ഡിന്റെ പരിശോധനയിലൂടെ ബോധ്യപ്പെടണമെന്നതുമാണ് ഒന്നാമത്തെ വ്യവസ്ഥ. ഇത്തരത്തിലുള്ള മൂലധന പര്യാപ്തത തുടര്‍ന്നും നിലനിര്‍ത്തേണ്ടതാണെന്നും ഇതിലേയ്ക്കാവശ്യമായ പണം സംസ്ഥാന സര്‍ക്കാര്‍ മൂലധനത്തിന്റെ രൂപത്തില്‍ നല്‍കണമെന്നും റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്നുണ്ട്. 2018 മാര്‍ച്ച് 30ന് ഒമ്പതു ശതമാനം മൂലധന പര്യാപ്തത ഉറപ്പാക്കുന്നതിനായി 9791.7 ലക്ഷം രൂപ അധിക മൂലധനമായി സര്‍ക്കാര്‍ കണ്ടെത്തണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. 2019 മാര്‍ച്ച് 31 നും 2020 മാര്‍ച്ച് 31 നും വരാന്‍ പോകുന്ന 2021 മാര്‍ച്ച് 31 നും ഒമ്പതു ശതമാനം മൂലധന പര്യാപ്തത നിലനിര്‍ത്തുക എന്നത് നിലവിലുള്ള സാഹചര്യത്തില്‍ ഏറെ പ്രയാസകരമായ കാര്യമാണ്. സംസ്ഥാന സര്‍ക്കാരിന്റെ വിഭവശേഷി ഇക്കാര്യത്തില്‍ എത്ര കണ്ട് പ്രയോജനപ്പെടുമെന്നു പരിശോധിയ്ക്കപ്പെടേണ്ടതുണ്ട്. അല്ലെങ്കില്‍, മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. ബാങ്കിന്റെ ബിസിനസ് വര്‍ധിക്കുമ്പോഴും നിഷ്‌ക്രിയ ആസ്തി വര്‍ധിക്കുമ്പോഴും സ്വഭാവികമായും മൂലധന പര്യാപ്ത ഉയരുമെന്നതിനാല്‍ നിരന്തരമായി മൂലധനം കണ്ടെത്താനുള്ള സ്രോതസ്സും വികസിപ്പിക്കേണ്ടതായിട്ടുണ്ട്. ഒരുപക്ഷേ , കേരളത്തിലെ ശക്തമായ സഹകരണ സംഘങ്ങളുടെ കൂട്ടായ്മ മൂലധനം കണ്ടെത്താന്‍ സഹായകമായേക്കാം. എന്നാല്‍, അടുത്ത കാലത്തായി വന്ന ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി പ്രകാരം മൂലധനമായി കിട്ടുന്ന തുക പിന്‍വലിക്കുന്നതിനു പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു മേല്‍ നിയമപരമായ തടസ്സങ്ങളുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങളുമായി സംസ്ഥാന സഹകരണ ബാങ്ക് ഏര്‍പ്പെട്ടിട്ടുള്ള ധാരണാപത്രത്തില്‍ ആദ്യത്തെ മൂന്നു വര്‍ഷങ്ങളില്‍ 10 ശതമാനം ലാഭവിഹിതം നല്‍കാമെന്നു ഉറപ്പ് നല്‍കുന്നു. അതുകൊണ്ടുതന്നെ ലാഭകരമായ പ്രവര്‍ത്തനം ഉറപ്പാക്കുകയെന്നത് ഭരണസമിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.
വായ്പകളുടെ വിതരണം
ഈയവസരത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ജില്ലാ സഹകരണ ബാങ്കുകള്‍ അഥവാ കേരള ബാങ്കിന്റെ ബ്രാഞ്ചുകള്‍ വഴി നടത്തുന്ന വായ്പാ വിതരണം പരിശോധിക്കപ്പെടേണ്ടതുണ്ട്. ജില്ലാ സഹകരണ ബാങ്കിന്റെ വായ്പക്കാര്‍ എന്നു പറയുന്നത് മിക്കവാറും പാവപ്പെട്ട സാധാരണക്കാരാണ്. എന്നാല്‍ , കൊമേഴ്‌സ്യല്‍ ബാങ്ക് ആവശ്യപ്പെടുന്നതുപോലത്തന്നെ ഇകആകഘ ( Credit Information Bureau ( India ) Limited ) , CRISIL ( Credit Rating Information Services of India Limited ) റേറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ മാത്രം വായ്പ നല്‍കാമെന്നും വായ്പക്കാരന്റെ ശേഷിയോ മനോഭാവമോ എന്നതിനപ്പുറം വായ്പക്കാരന്റെ തിരിച്ചടവ് ശേഷിയും അതോടൊപ്പം വായ്പയ്ക്ക് ഒപ്പം നല്‍കുന്ന ഈടിന്റെ വിലയും കണക്കാക്കി വായ്പ നല്‍കണമെന്ന നിര്‍ദേശവും സംസ്ഥാന തലത്തില്‍ നിന്ന് ബ്രാഞ്ചുകളിലേക്ക് നല്‍കിയതായാണ് അറിയാന്‍ കഴിഞ്ഞത്. ഒരു വ്യക്തിക്ക് നല്‍കാവുന്ന പരമാവധി വായ്പയുടെ കാര്യത്തിലും ഇത്തരത്തിലുള്ള കുറവുകള്‍ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വായ്പാ വിതരണത്തിന്റെ വേഗം നഷ്ടപ്പെടുകയും വായ്പയായി വിതരണം ചെയ്യുന്ന തുക കുറയുകയും ചെയ്യുന്ന പ്രവണത കാണുന്നുണ്ട്. ഇതിനാല്‍, കഴിഞ്ഞ വര്‍ഷത്തെ ബാലന്‍സ്ഷീറ്റ് പരിശോധിക്കുന്ന വേളയില്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ ലാഭമെന്നുള്ളത് മറ്റു നിക്ഷേപങ്ങളില്‍ നിന്നാണ് ലഭിച്ചിരിക്കുന്നതെന്നു കണ്ടെത്താന്‍ കഴിയും. നമ്മുടെ നാട്ടിലെ സാധാരണക്കാരനു പ്രയോജനപ്പെടുന്ന രീതിയില്‍ വായ്പ വിതരണം ചെയ്യേണ്ടതിനു പകരം ഈ തുക നിക്ഷേപിച്ച് അതില്‍ നിന്നു ലാഭം നേടുക എന്ന സമീപനത്തിലേക്ക് പോകുന്ന കൊമേഴ്‌സ്യല്‍ ബാങ്കിന്റെ ശൈലി സഹകരണ ബാങ്കും അവലംബിക്കുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വാഭാവികമായും സഹകരണ ബാങ്കിന്റെ ഇടപാടുകാര്‍ പാവപ്പെട്ട സാധാരണക്കാരാണ്. അവരുടെ ആവശ്യം നിറവേറ്റാന്‍ കഴിയുന്ന വിധത്തില്‍ വായ്പാ പദ്ധതികള്‍ ആവിഷ്‌കരിക്കാതിരിക്കാന്‍ കഴിയില്ല. ഉദ്യോഗസ്ഥ കേന്ദ്രീകൃതമായ ഒരു സജ്ജീകരണത്തില്‍ ഒട്ടനവധി പരിമിതികളുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങള്‍ നല്‍കുന്ന വായ്പക്കപ്പുറം നല്ല വായ്പകള്‍ ആവശ്യക്കാരെ കണ്ടെത്തി കൊടുക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കാനുള്ള ഉത്തരവാദിത്തം കൂടി സഹകരണ സമിതിയില്‍ നിക്ഷിപ്തമാകുന്നു. ഇത് ബാങ്ക് ഭരണ സമിതി നേരിടുന്ന വെല്ലുവിളികളിലൊന്നാണ്. വായ്പാ വിതരണം വര്‍ധിപ്പിക്കാതെ ലാഭക്ഷമത കൂട്ടാന്‍ കഴിയില്ല. സ്വാഭാവികമായും ഈ മേഖലയിലെ ഇടപെടല്‍ ദീര്‍ഘകാലം പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ ഇടയാക്കുന്നതായിരിക്കും.
ലാഭമുണ്ടാക്കല്‍ വെല്ലുവിളിയാകും
വായ്പാ വിതരണത്തില്‍ എല്ലാ ബാങ്കുകളിലും ഗണ്യമായ കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നു എന്നതും കുടിശ്ശിക വന്‍തോതില്‍ കൂടുന്നുവെന്നതും വര്‍ധിച്ചുവരുന്ന ഭരണച്ചെലവും ലാഭകരമായ പ്രവര്‍ത്തനത്തിനു മുന്‍പില്‍ ഉയരുന്ന വെല്ലുവിളിയാണ്. തികഞ്ഞ പ്രൊഫഷണല്‍ സമീപനത്തിലൂടെ, എന്നാല്‍ ജനകീയത കൈവിടാതെ, എങ്ങനെ ബാങ്കിനെ നയിക്കാമെന്നതാണ് ഭരണസമിതി പരിഗണിക്കേണ്ട മുഖ്യവിഷയങ്ങളിലൊന്ന്. കേരള ബാങ്ക് രൂപവത്കരണത്തിനു ശേഷം ചില ജില്ലകളിലെങ്കിലും പ്രാഥമിക സഹകരണ സംഘങ്ങളുമായി അനാരോഗ്യകരമായ മത്സരങ്ങള്‍ക്ക് വഴി തുറന്നിരിക്കുന്നുവെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങളുമായി മത്സരിക്കാതെ, എന്നാല്‍ അവയെ സഹായിച്ചുകൊണ്ട്, എങ്ങനെ പ്രവര്‍ത്തനം ചിട്ടപ്പെടുത്താമെന്നത് കേരള ബാങ്ക് നേരിടുന്ന പ്രശ്‌നമാണ്. പ്രാഥമിക സഹകരണ സംഘങ്ങളുടെ റിസര്‍വ് ഫണ്ടിനെ സംസ്ഥാന ബാങ്കിലേക്കുള്ള മൂലധനമാക്കി മാറ്റിയാല്‍ മൂലധന പര്യാപ്തത വര്‍ധിപ്പിക്കാനാകുമെന്ന ചില കണ്ടെത്തലുകള്‍ സംസ്ഥാന ബാങ്കിലെ ചില ഉദ്യോഗസ്ഥരില്‍ നിന്നു ഉണ്ടായിട്ടുണ്ടെന്ന വാര്‍ത്ത പ്രചരിയ്ക്കുന്നുണ്ട്. ഇതിന്റെ വസ്തുതയെന്തെന്നു വ്യക്തമല്ല. എങ്കിലും, ഇത് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് വന്‍തോതില്‍ നഷ്ടമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ച് ലാഭവിഹിതം ലഭിക്കാതെ വന്നാല്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ സമാഹരിച്ച കോടിക്കണക്കിനു നിക്ഷേപങ്ങള്‍ കേരള ബാങ്കിന്റെ ഓഹരിയായി മാറുമെന്നതിനാല്‍ വരുമാനനഷ്ടം വര്‍ധിക്കാനേ തരമുള്ളു. ഇത് പ്രാഥമിക സഹകരണ സംഘങ്ങളില്‍ കടുത്ത അപ്രീതിയ്ക്ക് കാരണമായേക്കും.
റിസര്‍വ് ബാങ്കിന്റെ അനുമതിയിലെ രണ്ടാമത്തെ നിബന്ധന ‘The swap ratio for the shares in the amalgamated bank shall be based on real net worth of DCB’s’ എന്നതാണ്. ജില്ലാ ബാങ്കുകളുടെ ആസ്തിയും ബാധ്യതയും ശാസ്ത്രീയമായി തിട്ടപ്പെടുത്തി വേണം ഓഹരിയുടെ മുല്യം നിശ്ചയിക്കാന്‍ എന്നാണ് ഇതിനര്‍ഥം. ഇത്തരത്തിലുള്ള ശാസ്ത്രീയമായ പരിശോധനയിലൂടെ വേണം ഓഹരികളുടെ മൂല്യനിര്‍ണയം നടത്താന്‍ എന്നു നിര്‍ദേശിച്ചിട്ടുണ്ട്. ഏറെ പഠനങ്ങള്‍ക്കും ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്കും ശേഷമേ ഇത്തരമൊരു വാല്യൂവേഷന്‍ സാധ്യമാവുകയെന്നു ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൂര്‍ണമായും അറിയാവുന്നതാണ്. ഇത്തരമൊരു പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ ഏറെ സമയവും അതിലേറെ അധ്വാനവും ആവശ്യമാണ്. ഇതു നടപ്പാകാതെ വന്നാല്‍ തങ്ങള്‍ നല്‍കിയ അംഗീകാരം നിബന്ധനകള്‍ക്ക് വിധേയമായതിനാല്‍ പുനരാലോചിക്കാന്‍ റിസര്‍വ് ബാങ്കിനു അവസരം ലഭിക്കും.
മികച്ച സോഫ്റ്റ്‌വെയര്‍ സംവിധാനം വേണം
സംസ്ഥാന സഹകരണ ബാങ്കിലേയും ജില്ലാ സഹകരണ ബാങ്കുകളിലേയും ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ കഴിയുന്ന രീതിയിലുള്ള മികച്ച സോഫ്റ്റ്‌വെയര്‍ സംവിധാനം നടപ്പാക്കണമെന്നു റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍, ഈ രീതിയിലുള്ള പ്രവര്‍ത്തനം നാളിതു വരെ ഫലപ്രദമായി നടന്നിട്ടില്ലായെന്നുവേണം അനുമാനിക്കാന്‍. ഒരു സോഫ്റ്റ്‌വെയര്‍ തിരഞ്ഞെടുത്താല്‍ത്തന്നെ അതു പൂര്‍ണമായി നടപ്പാക്കണമെങ്കില്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും എടുക്കുമെന്ന വസ്തുത തിരിച്ചറിയേണ്ടതുണ്ട്. ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഒന്നര വര്‍ഷം പൂര്‍ത്തിയായിട്ടും എവിടെയും എത്തിയിട്ടില്ലായെന്ന വസ്തുത ആശങ്ക വര്‍ധിപ്പിക്കുന്നു. നിലവില്‍ 13 ജില്ലാ സഹകരണ ബാങ്കുകളും വ്യത്യസ്ത CBS കളിലാണ് പ്രവര്‍ത്തിക്കുന്നത്. ഏതാനും ബാങ്കുകള്‍ക്ക് RTGS, NEFT എന്നിവ നടപ്പാക്കുന്നതിനു ആര്‍.ബി.ഐ. യുടെ അംഗീകാരമുണ്ട്. സ്വന്തമായി ATM സ്ഥാപിച്ച ബാങ്കുകളും അഠങ നെറ്റ് വര്‍ക്കിന്റെ സേവനം പ്രാഥമിക സംഘങ്ങളുമായി പങ്കുവെച്ച ബാങ്കുകളും നമ്മുടെ സംസ്ഥാനത്തുണ്ട്. ഇതിനൊക്കെ പ്രത്യേകം അനുമതി യഥാക്രമം RBI, NPCI, UIDAI തുടങ്ങിയ ഏജന്‍സികളില്‍ നിന്നു ലഭിക്കേണ്ടതുണ്ട്. ഇപ്പോള്‍ ഇത് സാധ്യമായിരിക്കുന്നത് അതത് ജില്ലാ ബാങ്കുകളുടെ ലൈസന്‍സിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച അനുമതി ഉപയോഗിച്ചാണ്. സംസ്ഥാന ബാങ്കില്‍ 13 ജില്ലാ ബാങ്കുകളും ലയിക്കുമ്പോള്‍ ഈ ലൈസന്‍സുകള്‍ സറണ്ടര്‍ ചെയ്യണമെന്നു നിര്‍ദേശമുണ്ടായിരുന്നു. ഇത്തരത്തില്‍ സറണ്ടര്‍ ചെയ്താല്‍ ഈ സേവനങ്ങള്‍ നിലയ്ക്കും. അതല്ലെങ്കില്‍, സംസ്ഥാന സഹകരണ ബാങ്കിനു ഈ സേവനങ്ങള്‍ നല്‍കാനുള്ള അനുമതി ലഭിക്കേണ്ടതായിട്ടുണ്ട്. ഇക്കാര്യത്തിലും അടിയന്തിരമായ ഇടപെടല്‍ ആവശ്യമാണ്.
ലയന ശേഷം ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപവത്കരിയിക്കണമെന്നും നിബന്ധനയുണ്ട്. 2019 ഒക്ടോബറിലെ അനുമതിയില്‍ റിസര്‍വ് ബാങ്ക് പ്രത്യേകം സൂചിപ്പിച്ചിരിയ്ക്കുന്നത് ‘It is observed that the composition, structure and power of Board of Management proposed by the state Government are not in conformity with the guidelines on BoM for urban co-operative Banks’ എന്നാണ്. അതുകൊണ്ടുതന്നെ നിര്‍ദേശിക്കപ്പെട്ട ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് റിസര്‍വ് ബാങ്കിന്റെ നിഷ്‌കര്‍ഷകള്‍ക്ക് വിധേയമാണോയെന്നു പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്. അതുപോലെത്തന്നെ, സമീപ കാലത്തുണ്ടായ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിയെത്തുടര്‍ന്ന് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് പേരിനൊപ്പം ബാങ്ക് എന്ന പദം ഉപയോഗിക്കാനോ ബാങ്കിങ് പ്രവര്‍ത്തനം നടത്താനോ ചെക്ക് ഉപയോഗിക്കാനോ അനുമതിയില്ല. ഈ സാഹചര്യത്തില്‍, സംസ്ഥാന സഹകരണ ബാങ്കിന്റെ നിക്ഷേപത്തിന്റെ 80 ശതമാനവും പ്രാഥമിക സഹകരണ സംഘങ്ങള്‍ സമാഹരിച്ചതാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് ഈ പ്രതിസന്ധി പരിഹരിക്കാനാവശ്യമായ നേതൃത്വപരമായ ഇടപെടലും സംസ്ഥാന സഹകരണ ബാങ്കിന്റെ സാരഥികളില്‍ നിന്നു സഹകാരികള്‍ പ്രതീക്ഷിക്കുന്നുണ്ട്.
ബ്രാഞ്ചുകളുടെ ലൈസന്‍സ്
രാഷ്ട്രീയമായ ഒരു തീരുമാനം നടപ്പാക്കുകയെന്നതിനപ്പുറത്ത് വളരെ ചിട്ടയായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ട ഒരു സാഹചര്യത്തിലാണ് കേരള ബാങ്ക് ഭരണസമിതി അധികാരമേറ്റിട്ടുള്ളത്. ലയന ശേഷം സംസ്ഥാന സഹകരണ ബാങ്കിന്റെ ആര്‍.ബി.ഐ. ലൈസന്‍സ് തുടരും. എന്നാല്‍, ജില്ലാ ബാങ്കുകളുടെ നിലവിലെ ബ്രാഞ്ചുകള്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ ബ്രാഞ്ചുകളായി മാറുന്ന വേളയില്‍ ബ്രാഞ്ച് ലൈസന്‍സിനായി ആര്‍.ബി.ഐ. ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. ജില്ലാ ബാങ്കുകളുടെ ലൈസന്‍സ് സറണ്ടര്‍ ചെയ്യുന്നതോടെ ഈ ബ്രാഞ്ചുകളുടെ ലൈസന്‍സ് ഇല്ലാതാകാതിരിക്കാന്‍ ഈ നടപടി അനിവാര്യമാണ്. ബ്രാഞ്ചിന്റെ ബോര്‍ഡ് മാറ്റി സ്ഥാപിച്ചതുകൊണ്ട് മാത്രം കേരള ബാങ്കിന്റെ രൂപവത്കരണം പൂര്‍ത്തിയാകുന്നില്ല. സംസ്ഥാന സഹകരണ ബാങ്കില്‍ നിന്നു കേരള ബാങ്കിലേക്കുള്ള ദൂരം ഏറെയാണ്. ഈ ദൂരം ചിട്ടയായി, സമയബന്ധിതമായി, റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ പാലിച്ച് പൂര്‍ത്തിയാക്കിയാലേ കേരള ബാങ്ക് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടൂ. കേരള ബാങ്കിന്റെ രൂപവത്കരണം ഉത്തര്‍പ്രദേശ,് പഞ്ചാബ് , മഹാരാഷ്ട്ര എന്നിവയടക്കമുള്ള സംസ്ഥാനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. കേരള ബാങ്കിലെ ഉദ്യോഗസ്ഥരും ഭരണാധികാരികളും സഹകാരികളും ഒത്തുചേര്‍ന്നുള്ള സമയബന്ധിതമായ പ്രവര്‍ത്തനത്തിലൂടെ കേരള ബാങ്ക് എന്ന സ്വപ്‌നം യഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷ. ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനം നേരിടുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കണ്ടെത്താന്‍ ഈ മാതൃകയ്ക്ക് കഴിയുമെന്നാണ് എല്ലാവരുടെയും ഉറച്ച വിശ്വാസം.
[mbzshare]