കേരള ബാങ്ക് നിലവിൽവന്ന സാഹചര്യത്തിൽ പ്രാഥമിക സഹകരണ സംഘങ്ങളുടെ ഘടനയും പ്രവർത്തന പരിധിയും മാറ്റണമെന്ന് പ്രമുഖ സഹകാരി സി.എൻ. വിജയകൃഷ്ണൻ.
കേരള ബാങ്ക് നിലവിൽവന്ന സാഹചര്യത്തിൽ പ്രാഥമിക സഹകരണ സംഘങ്ങളുടെ ഘടനയിൽ മാറ്റം വരുത്തണമെന്ന് പ്രമുഖ സഹകാരിയും കേരള സഹകരണ ഫെഡറേഷൻ ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവർത്തന പരിധി എടുത്തുകളയണം. വില്ലേജ്, പഞ്ചായത്ത്, മുനിസിപ്പൽ പരിധി എടുത്തുകളഞ് മൂലധന നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ അർബൻ ബാങ്കുകൾക്ക് സമാനമായി പ്രവർത്തന പരിധിയിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള ബാങ്ക് യാഥാർത്ഥ്യമാക്കാൻ 5 വർഷം എടുക്കും. ഒരു സുപ്രഭാതത്തിൽ നടപ്പാക്കാൻ സാധിക്കുന്നതല്ല കേരളബാങ്ക് എന്നും അദ്ദേഹം പറഞ്ഞു. കേരള സഹകരണ ഫെഡറേഷന്റെ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ.സി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സത്യനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്ക് ചെയർമാൻ ജി.നാരായണൻകുട്ടി, അഷ്റഫ് മണക്കടവ്, സബിത എന്നിവർ സംസാരിച്ചു.തിരുവനന്തപുരം അഗ്രികൾച്ചർ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ബി.പി. പിള്ള സഹകരണ മേഖലയെ കുറിച്ച് ക്ലാസ്സെടുത്തു.