കേരള ബാങ്കില്‍ ‘ഐ.ടി. ഇന്റഗ്രേഷന്‍ അഡൈ്വസറെ’ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി

Deepthi Vipin lal

കേരള ബാങ്കിന്റെ കോര്‍ബാങ്കിങ് ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് വേഗം കൂട്ടുന്നതിനായി ഐ.ടി.ഇന്റഗ്രേഷന്‍ അഡൈ്വസറെ നിയമിക്കുന്നു. ഇതിനായി ബാങ്ക് ഭരണസമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. പുതിയ തസ്തികയിലേക്ക് ആദി ശേഷുവിനെ നിയമിക്കാനുള്ള ബാങ്ക് പ്രപ്പോസലും സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറക്കി. ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

സഹകരണ സംഘം രജിസ്ട്രാര്‍ മുഖേനയാണ് ഇതുസംബന്ധിച്ചുള്ള അപേക്ഷ കേരളബാങ്ക് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ബാങ്കിങ് സഹകരണ സ്ഥാപനങ്ങളില്‍ കരാര്‍ നിയമനത്തിന് നിയന്ത്രണങ്ങളുണ്ട്. സഹകരണ സംഘം രജിസ്ട്രാറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ നിയമനം നടത്താന്‍ പാടില്ലെന്നാണ് വ്യവസ്ഥ. ചട്ടത്തിലെ ഈ വ്യവസ്ഥയില്‍നിന്ന് കേരളബാങ്കിനെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം നേരത്തെ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. അതിന് അനുസരിച്ച് വിജ്ഞാപനവും ഇറങ്ങിയതാണ്. പക്ഷേ, കേരളബാങ്കില്‍ പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതിന് സര്‍ക്കാരിന്റെ അംഗീകാരം വേണം. സര്‍ക്കാരിലേക്ക് സഹകരണ സംഘം രജിസ്ട്രാര്‍ വഴി മാത്രമേ ബാങ്കിന് നേരിട്ട് അപേക്ഷ നല്‍കാനാകൂ. അതുകൊണ്ടാണ് ഈ നടപടി ക്രമമുണ്ടായത്.

നിയമനം നല്‍കുന്ന വ്യക്തിയുടെ യോഗ്യത പ്രവര്‍ത്തിപരിചയം എന്നിവയെല്ലാം ബാങ്ക് പരിശോധിച്ച് വിലയിരുത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. 2021 ഫിബ്രവരി 23മുതല്‍ ഒരു വര്‍ഷമാണ് നിയമനകാലമായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്. കേരളബാങ്ക് രൂപവത്കരണമായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ പ്രധാന ലക്ഷ്യം. അത് പൂര്‍ത്തിയാവുകയും, ഭരണത്തുടര്‍ച്ച ഉണ്ടാകുകയും ചെയ്തു. ഇനി കേരളബാങ്കില്‍ ഐ.ടി. ഇന്റഗ്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയെന്നതിനാണ് ഈ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്.

കൃഷി, വ്യവസായം, സഹകരണം, ടൂറിസം എന്നിങ്ങനെ വിവിധ വകുപ്പുകളിലെ പദ്ധതികളെല്ലാം കേരളബാങ്കിനെ പ്രധാന ധനകാര്യസ്ഥാപനമായി കണ്ടുകൊണ്ടുള്ളതാണ്. നിരവധി സംരംഭകത്വ പ്രൊജക്ടുകളാണ് ഈ വകുപ്പുകള്‍ക്ക് കീഴിലായി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. കാര്‍ഷിക അനുബന്ധ സംരംഭങ്ങള്‍ക്കായി സഹകരണ മേഖലയില്‍ ‘കെയ്ക്’ എന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം കേരളബാങ്കിനെ കേന്ദ്രീകരിച്ചാണ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നിലവില്‍ പേരില്‍ മാത്രമാണ് കേരളബാങ്ക് ഒരു സ്ഥാപനമായിട്ടുള്ളത്. സംസ്ഥാന-ജില്ലാബാങ്കുകള്‍ അതത് ബാങ്കുകളുടെ ലൈസന്‍സില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഏകീകൃത സോഫ്റ്റ്വെയര്‍, കോര്‍ബാങ്കിങ് എന്നിവയൊന്നും കേരളബാങ്കില്‍ കൊണ്ടുവരാനായിട്ടില്ല. അതുകൊണ്ട്, കേരളത്തിന്റെ സ്വന്തം ധനകാര്യ സ്ഥാപനമെന്ന നിലയിലുള്ള പദ്ധതി നിര്‍വഹണ ഏജന്‍സിയാകുന്നതിനും കേരളബാങ്കിന് പരിമിതികള്‍ ഏറെയുണ്ട്. ഇതെല്ലാം പരിഹരിക്കാനുള്ള നടപടി എന്ന നിലയിലാണ് ഐ.ടി.ഇന്റഗ്രേഷന്റെ മേല്‍നോട്ടത്തിന് മാത്രമായി, ആ മേഖലയില്‍ വൈദഗ്ധ്യമുള്ള ഒരാളെ നിയമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News