കേരള ബാങ്കിന് 20.48 കോടിയുടെ പ്രവാസി വായ്പ
മടങ്ങിയെത്തിയ പ്രവാസികളുടെ അതിജീവനത്തിനായി സംഘടിപ്പിച്ച വായ്പ മേളയില്‍ ഒരു ദിവസം 20.48 കോടി രൂപയുടെ സംരംഭക വായ്പ അനുവദിച്ച് കേരള ബാങ്ക്. നോര്‍ക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായി മലപ്പുറത്ത് സംഘടിപ്പിച്ച പ്രവാസി വായ്പമേളയിലാണ് ജില്ലയിലെ പ്രവാസികള്‍ക്കായി 20.48 കോടി രൂപയുടെ വായ്പ അനുമതി പത്രം കൈമാറിയത്. മേളയില്‍ ഇന്നലെ പരിഗണിക്കാന്‍ കഴിയാതെ പോയ പ്രവാസികളുടെ അപേക്ഷകള്‍ കൂടി പിന്നീട് പരിഗണിക്കും. മലപ്പുറം നഗരസഭ ടൗണ്‍ ഹാളില്‍ നോര്‍ക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്തു.
കേരള ബാങ്ക് ഭരണസമിതിയംഗം സാബു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ആദ്യ വായ്പ അനുമതിപത്രം മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കടേരി വിതരണം ചെയ്തു. കേരള ബാങ്ക് ബോര്‍ഡ് ഓഫ് മാനേജ്മെന്റ് അംഗം പി.എ ഉമ്മര്‍, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണണ്‍ നമ്പൂതിരി, കൗണ്‍സിലര്‍ പി.എസ്.എ ഷെബീര്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ഒ.സഹദേവന്‍ എന്നിവര്‍ പങ്കെടുത്തു. കേരള ബാങ്ക് മലപ്പുറം സ്പെഷ്യല്‍ ഓഫീസര്‍ ഡോ.എന്‍.അനില്‍കുമാര്‍ സ്വാഗതവും പാലക്കാട് റീജിയണല്‍ ജനറല്‍ മാനേജര്‍ പ്രീത കെ.മേനോന്‍ നന്ദിയും പറഞ്ഞു.
പ്രവാസികള്‍ക്ക് സൂഷ്മ ഇടത്തരം ചെറുകിട രംഗത്തും കാര്‍ഷിക-കാര്‍ഷികാനുബന്ധ മേഖലകളിലും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വായ്പകളാണ് നോര്‍ക്ക റൂട്ട്സ് മുഖേന കേരള ബാങ്ക് അനുവദിക്കുന്നത്. വായ്പകള്‍ക്ക് മൂന്ന് ശതമാനം വരെ പലിശ സബ്‌സിഡിയും പരമാവധി മൂന്ന് ലക്ഷം വരെ ക്യാപിറ്റല്‍ സബ്‌സിഡിയുമാണ് ലഭ്യമാകുക.