കേരളബാങ്ക് വഴി എഫ്.പി.ഒ.; ഒരുപഞ്ചായത്തില്‍ ഒന്നെങ്കിലും തുടങ്ങുമെന്ന് പ്രഖ്യാപനം
കാര്‍ഷിക മേഖലയില്‍ കര്‍ഷക ഉല്‍പാദന കമ്പനികള്‍ തുടങ്ങി പുതിയ ദൗത്യവുമായി കേരളബാങ്ക്. പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ പ്രാദേശിക വികസനം സാധ്യമാക്കുകയെന്ന നിലവിലെ സഹകരണ കാഴ്ചപ്പാടാണ് ഇതോടെ മാറുന്നത്. കേരളബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് 100 കാര്‍ഷിക ഉല്‍പാദക കമ്പനികള്‍ രൂപീകരിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ഒരു പഞ്ചായത്തില്‍ ഒരു എഫ്.പി.ഒ. എങ്കിലും രൂപീകരിക്കാനാണ് കേരളബാങ്ക് ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ അറിയിച്ചു.
നിലവില്‍ കേരളബാങ്കിന്റെ കാര്‍ഷിക മേഖലയിലെ ഇടപെടല്‍ കാര്‍ഷിക വായ്പ സഹകരണ സംഘങ്ങലൂടെയായിരുന്നു. ഇനി നേരിട്ട് കാര്‍ഷിക ഉല്‍പാദന കമ്പനികള്‍ക്ക് കൂടി കേരള ബാങ്കിന്റെ വായ്പാ വിതരണത്തിന്റെ ഭാഗമാകും. പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളെ മള്‍ട്ടി സര്‍വീസ് സെന്ററുകളാക്കി മാറ്റി കാര്‍ഷിക അനുബന്ധ മേഖലകളില്‍ ഇടപെടണമെന്നാണ് നബാര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിനായി സംഘങ്ങള്‍ക്ക് കീഴില്‍ സ്വാശ്രയ ഗ്രൂപ്പുകളും, സംരംഭക ഗ്രൂപ്പുകളും തുടങ്ങണമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നുണ്ട്. ഇതിനായി ഒട്ടേറെ ധനസഹായ പദ്ധതികളും നബാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍, ഇത്തരം സാധ്യതകള്‍ക്ക് പകരം കര്‍ഷക ഉല്‍പാദക കമ്പനികള്‍ രൂപീകരിച്ച് പ്രാദേശിക തലത്തില്‍ പുതിയൊരു കര്‍ഷക കൂട്ടായ്മ ശൃംഖല സൃഷ്ടിക്കാനാണ് കേരളബാങ്കിന്റെ പദ്ധതിയിലൂടെ സംഭവിക്കുന്നത്. ഇത് ഒരുസഹകരണ സംഘങ്ങള്‍ക്ക് സമാന്തര സംവിധാനം കേരളബാങ്ക് വഴി ഒരുക്കുന്നതിന് തുല്യമാണെന്നാണ് സഹകാരികളുടെ വിമര്‍ശനം.
കൃഷി, മൃഗസംരക്ഷണം , മത്സ്യ കൃഷി, കോഴി വളര്‍ത്തല്‍ മുതലായ മേഖലകളില്‍ കര്‍ഷകര്‍ ഒന്നിച്ച് ചേര്‍ന്ന് സംഘടിപ്പിക്കുന്ന പുതിയ കര്‍ഷക ഉല്പാദക സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് തുക വകയിരുത്തിയിട്ടുള്ളത്. കൃഷിയിടത്തിന്റെ വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ബഹുഭൂരിപക്ഷം കര്‍ഷകരും ചെറുകിട നാമമാത്ര കര്‍ഷകരാണ്. ഇത്തരം ചെറു കര്‍ഷകര്‍ ഒന്നിച്ച് ചേര്‍ന്ന് കര്‍ഷക ഉല്പാദക സംഘങ്ങള്‍ രൂപീകരിക്കാനും സംഘ ശക്തിയിലൂടെ പരമാവധി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുമായി കേരള ബാങ്ക് കര്‍ഷക ഉല്പാദക സംഘങ്ങള്‍ക്ക് 60 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നുണ്ട്. ഒരു പഞ്ചായത്തില്‍ ഒരു കര്‍ഷക ഉല്പാദക സംഘം എന്നതാണ് കേരള ബാങ്ക് ലക്ഷ്യമാക്കുന്നത്. ഒരു കര്‍ഷക ഉല്പാദക സംഘത്തില്‍ ചുരുങ്ങിയത് 300 അംഗങ്ങളാണ് ഉള്‍പ്പെടുന്നത്. ഈ രീതിയില്‍ ഗ്രാമീണ കാര്‍ഷിക സമ്പദ്ഘടനയില്‍ സുസ്ഥിരമായ വളര്‍ച്ച കൈവരിക്കാന്‍ എഫ്.പി.ഒ.കളുടെ രൂപീകരണം വഴി സാധിക്കുന്നു. ഈ ദൗത്യം കേരളത്തില്‍ വിജയകരമായി നടപ്പാക്കുന്നതിന് കേരള സര്‍ക്കാര്‍ കേരള ബാങ്കിനെ ഏല്‍പ്പിച്ചത് സംസ്ഥാന വികസനത്തില്‍ ബാങ്കിന്റെ വര്‍ദ്ധിതമായ പ്രസക്തിയെയാണ് വിളിച്ചോതുന്നത്. സംസ്ഥാനത്തെ തൊഴില്‍ വികസനത്തില്‍ ഇത് സുപ്രധാന വഴിത്തിരിവാകും. ഒരു എഫ്.പി.ഒ. മുഖാന്തിരം നേരിട്ടും പരോക്ഷമായും ചുരുങ്ങിയത് 500 ലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.
കാര്‍ഷികയന്ത്രവല്‍ക്കരണം, നടീല്‍ വസ്തുക്കളുടെ ശേഖരണം, വിളയുടെ വിറ്റഴിക്കല്‍ , മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കൂട്ടായ കൃഷിരീതി സഹായിക്കും. കാര്‍ഷിക അനുബന്ധ മേഖലകളിലെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും , നാമമാത്ര ചെറുകിട കര്‍ഷകരെയും കാര്‍ഷിക സംരംഭകരെയും ഫല പ്രദമായി ശാക്തീകരിക്കുന്നതിനുമായി 10 കോടി രൂപ ബജറ്റില്‍ കേരള ബാങ്കിന് വകയിരുത്തിയ നടപടിയില്‍ ഗോപി കോട്ട മുറിക്കല്‍ സര്‍ക്കാരിന് നന്ദി അറിയിക്കുകയും ചെയ്തു.