കേരളബാങ്ക് ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തിലെ അപാകത പരിഹരിച്ച് ഉത്തരവിറക്കി

moonamvazhi

കേരളബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലെ പരാതികള്‍ പരിഹരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാന സഹകരണ ബാങ്കിലെയും മുന്‍ജില്ലാബാങ്കുകളിലെയും ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ 2021 ആഗസ്റ്റ് 24ന് പുതുക്കിയിരുന്നു. ഈ ഉത്തരവിനെതിരെ നിരവധി പരാതികളാണ് ഉണ്ടായത്. ജീവനക്കാര്‍ പ്രത്യേകമായും ജീവനക്കാരുടെ സംഘടനകള്‍ പൊതുവേയും ഇത് പരിഹരിക്കണമെന്ന് കാണിച്ച് സര്‍ക്കാരിനും സഹകരണ സംഘം രജിസ്ട്രാര്‍ക്കും കേരളബാങ്കിനും നിവേദനം നല്‍കിയിരുന്നു.

ഓരോ അപാകത സംബന്ധിച്ചും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സഹകരണ സംഘം രജിസ്ട്രാറെ ചുമതലപ്പെടുത്തി. രജിസ്ട്രാര്‍ ഇതേക്കുറിച്ച് പഠിക്കാന്‍ ഒരുസമിതിയേയും നിയോഗിച്ചു. ഈ സമിതിയുടെ റിപ്പോര്‍ട്ട് രജിസ്ട്രാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. ഇതിനൊപ്പം, ജീവനക്കാരുടെ സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ഹൈക്കോടതിയിലും ഇത് സംബന്ധിച്ച് ഹരജിയുണ്ടായിരുന്നു. പരാതികള്‍കേട്ട് തീര്‍പ്പുണ്ടാക്കണമെന്ന് ഹൈക്കോടതിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പുതുക്കിയ ഉത്തരവിറക്കിയത്.

എം.ബി.എ., എം.സി.എ. എന്നിവ അവശ്യ യോഗ്യതകളല്ലാത്ത തസ്തികള്‍ക്ക് അഡീഷ്ണല്‍ ഇന്‍ക്രിമെന്റ് ശമ്പള പരിഷ്‌കരണ തീയതിമുതല്‍ അനുവദിക്കില്ല. സ്റ്റാഗ്നേഷന്‍ ഇന്‍ക്രിമെന്റ് ലഭിച്ചുകൊണ്ടിരുന്ന ജീവനക്കാര്‍ക്ക് എം.ബി.എ. പോലുള്ള അധിക യോഗ്യതയ്ക്കുള്ള അധിക ഇന്‍ക്രിമെന്റും നിര്‍ത്തലാക്കി.

പ്രധാന മാറ്റങ്ങള്‍ ഇങ്ങനെ

* സംസ്ഥാന സഹകരണ ബാങ്ക് ചീഫ് ജനറല്‍ മാനേജരുടെ ശമ്പള സ്‌കെയില്‍ പ്രകാരം ശമ്പളം ഫിക്‌സ് ചെയ്യുമ്പോള്‍ വാര്‍ഷിക ഇന്‍ക്രിമെന്റുകള്‍ അനുവദിക്കാന്‍ കഴിയാതെ വരുന്നുവെന്നാണ് പരാതി. ഇത് പരിഹരിക്കാന്‍ ചീഫ് ജനറല്‍മാനേജരുടെ ശമ്പള സ്‌കെയില്‍ മാറ്റി.

* ലോ ഓഫീസര്‍, പബ്ലിക് റിലോഷന്‍സ് ഓഫീസര്‍, മാനേജര്‍, ചീഫ് കാഷ്യര്‍, പി.എ.ടു പ്രസിഡന്റ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നീ തസ്തികകളില്‍ പി.ആര്‍.ഒ.യ്ക്ക് ഒഴികെ മറ്റെല്ലാ തസ്തികയ്ക്കും രണ്ട് ഗ്രേഡുകള്‍ അനുവദിച്ചിരുന്നു. ഇത് പി.ആര്‍.ഒ.യ്ക്ക് കൂടി ബാധകമാക്കി.

* സംസ്ഥാന സഹകരണ ബാങ്കിലെ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തിക ജില്ലാസഹകരണ ബാങ്കിലെ ശാഖ മാനേജറേക്കാള്‍ ഉയര്‍ന്ന സ്‌കെയിലായിരുന്നു. ശമ്പള പരിഷ്‌കരണ ഉത്തരവില്‍ ഇത് തുല്യമായി. പുതുക്കിയ ഉത്തരവ് അനുസരിച്ച് അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയ്ക്ക് ഉയര്‍ന്ന ശമ്പള സ്‌കെയില്‍ അനുവദിച്ചു.

* സീനിയര്‍ അക്കൗണ്ടന്റ്, സീനിയര്‍ ഇന്‍സ്‌പെക്ടര്‍, ചീഫ് കാഷ്യര്‍, അസിസ്റ്റന്റ് മാനേജര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍, ഇന്‍സ്‌പെക്ടര്‍ ഓഫ് ബ്രാഞ്ച്, സീനിയര്‍ ബ്രാഞ്ച് മാനേജര്‍, അഗ്രികള്‍ച്ചര്‍ ഓഫീസര്‍ തസ്തികകളുടെ ശമ്പളസ്‌കെയില്‍ പുനക്രമീകരിച്ചു.

* ജില്ലാ സഹകരണ ബാങ്കുകളിലെ ജനറല്‍ മാനേജറുടെ ശമ്പള സ്‌കെയില്‍ വര്‍ദ്ധിപ്പിച്ചു.

* ക്ലര്‍ക്ക് ഗ്രേഡ്-1 നേക്കാള്‍ താഴ്ന്ന സ്‌കെയില്‍ ആണ് ക്ലര്‍ക്ക് ഗ്രേഡ് -2 ഹയര്‍ഗ്രേഡിന് അനുവദിച്ചിരുന്നത്. അതിനായി ഹയര്‍ഗ്രേഡ് ലഭിച്ചശേഷം പ്രമോഷന്‍ ലഭിക്കുന്ന ജീവനക്കാരന് വീണ്ടും ഫിക്‌സേഷന്‍ നല്‍കേണ്ടതായി വന്നു. ഇത് തിരുത്തി രണ്ട് തസ്തികകളുടെയും ശമ്പള സ്‌കെയില്‍ പുതുക്കി.

* ടൈപ്പിസ്റ്റ്, സ്റ്റെനോ ടൈപ്പിസ്റ്റ് എന്നീ തസ്തികയേക്കാള്‍ ഉയര്‍ന്ന ഇലക്ട്രീഷ്യന്‍ പ്ലംബര്‍ തസ്‌കയിലുള്ളവര്‍ക്ക് സ്‌കെയിലില്‍ നിശ്ചയിച്ചപ്പോള്‍ കുറവായിരുന്നു. ഇത് പരിഷ്‌കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News