കേരളബാങ്കില്‍ സൊസൈറ്റിക്വാട്ടയില്‍ നിയമനം കിട്ടാന്‍ 15വര്‍ഷം വാണിജ്യ ബാങ്കില്‍ ജോലിചെയ്യണം

moonamvazhi

കേരളാബാങ്കില്‍ സൊസൈറ്റി ക്വാട്ടയിലെ നിയമനത്തിന് വിചിത്ര യോഗ്യത ഉള്‍പ്പെടുത്തി പി.എസ്.സി. വിജ്ഞാപനം. 15 വര്‍ഷം വാണിജ്യ ബാങ്കുകളില്‍ ജോലി ചെയ്തതിന് ശേഷം പ്രാഥമിക സഹകരണ സംഘത്തില്‍ ജോലിയില്‍ പ്രവേശിപ്പിച്ചവരാണ് കേരളബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് സൊസൈറ്റി ക്വാട്ട നിയമനത്തിന് യോഗ്യരാകുന്നതെന്നാണ് പി.എസ്.സി. വിജ്ഞാപനത്തില്‍ പറയുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് നിയമനം കിട്ടാതിരിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് വിചിത്രയോഗ്യത ഉള്‍പ്പെടുത്തിയതെന്നാണ് ആരോപണം.

അംഗ സംഘങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകളിലെയും അര്‍ബന്‍ ബാങ്കുകളിലെയും ജീവനക്കാര്‍ക്കാണ് ഇപ്പോള്‍ സൊസൈറ്റി ക്വാട്ടയില്‍ അപേക്ഷിക്കാന്‍ അര്‍ഹത. ഇതിനുള്ള ആദ്യ പി.എസ്.സി. വിജ്ഞാപനമാണ് ഇപ്പോള്‍ ഇറങ്ങിയത്. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയിലേക്കാണ് വിജ്ഞാപനം. ഇതിന് അപേക്ഷിക്കാന്‍ മൂന്ന് യോഗ്യതയാണ് പറഞ്ഞിട്ടുള്ളത്. പ്രാഥമിക സംഘത്തില്‍ മൂന്നുവര്‍ഷം സര്‍വീസ് ഉണ്ടായിരിക്കുകയും അപേക്ഷിക്കുമ്പോഴും നിയമനം നേടുമ്പോഴും സംഘത്തില്‍ ജോലി തുടരുകയും വേണം, എം.ബി.എ. അല്ലെങ്കില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് യോഗ്യതയുണ്ടാകണം എന്നിവയാണ് രണ്ടുയോഗ്യത. മൂന്നാമത്തേതാണ് വിചിത്രം. സംസ്ഥാന സഹകരണ ബാങ്ക്, കാര്‍ഷിക വികസന ബാങ്ക്, പൊതുമേഖല-ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ എന്നിവയിലേതെങ്കിലും 15 വര്‍ഷം പ്രവൃത്തി പരിചയമുണ്ടായിരിക്കുകയും ഇതില്‍ അഞ്ചുവര്‍ഷം അസിസ്റ്റന്റ് ജനറല്‍മാനേജര്‍ അല്ലെങ്കില്‍ സീനിയര്‍മാനേജര്‍ തസ്തികിയിലായിരിക്കുകയും വേണമെന്നതാണിത്. ഇത്തരമൊരു യോഗ്യതള്ളവര്‍ സഹകരണ സംഘങ്ങളില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാകും.

എസ്.ബി.ഐ. പോലുള്ള പൊതുമേഖല ബാങ്കുകളില്‍ ജോലി ചെയ്യുന്നവര്‍ അത് ഉപേക്ഷിച്ച് ഒരു സഹകരണ സംഘത്തില്‍ ജോലിക്കുപോകുന്ന സ്ഥിതി കേരളത്തിലുണ്ടാകുമോയെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ചോദ്യം. ഏഴുവര്‍ഷമായി കേരളബാങ്കില്‍ നിയമനം നടക്കുന്നില്ല. ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ പി.എസ്.സി. നിയമനം മരവിപ്പിച്ചതാണ്. ജില്ലാബാങ്കുകളില്‍ നിലവിലുണ്ടായിരുന്ന റാങ്ക് പട്ടികയിലുള്ളവര്‍ക്ക് പോലും നിയമനം നല്‍കിയിരുന്നില്ല. ജില്ലാ ബാങ്കുകളിലെ നിയമനത്തില്‍ എല്ലാ പ്രാഥമിക സഹകരണ സംഘങ്ങളിലെയും ജീവനക്കാര്‍ക്ക് 50ശതമാനം സംവരണമുണ്ടായിരുന്നു.

പ്രാഥമിക സംഘങ്ങളിലെ ഉയര്‍ന്ന യോഗ്യതയുള്ള നൂറുകണക്കിന് ജീവനക്കാര്‍ക്ക് ഇതിലൂടെ ഒരോ വര്‍ഷവും ജില്ലാബാങ്കുകളില്‍ നിയമനം ലഭിച്ചിരുന്നു. കേരളബാങ്ക് നിലവില്‍വന്നപ്പോള്‍ കേരളബാങ്കിലെ അംഗ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തി. മറ്റ് സംഘങ്ങളിലെ ആയിരക്കണക്കിന് ജീവനക്കാര്‍ ഇതോടെ കേരളബാങ്ക് നിയമനത്തില്‍ അയോഗ്യരായി. ഇതില്‍ ഇടതുപക്ഷ സംഘടനകളടക്കം പ്രതിഷേധിക്കുമ്പോഴാണ്, നിലവിലെ സൊസൈറ്റി ക്വാട്ടയിലെ നിയമനം പോലും ഇല്ലാതാകുന്ന വിധമുള്ള യോഗ്യത നിശ്ചയിച്ചത്.

കേരള ബാങ്ക് നിയമനത്തില്‍ സൊസൈറ്റി ക്വാട്ട അനുവദിക്കേണ്ടതില്ലെന്ന നിലപാടാണ് ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്നത്. ഇത് കേരളബാങ്കില്‍ മികച്ച ജീവനക്കാരെ ലഭിക്കുന്നത് തടസ്സമാകുമെന്നായിരുന്നു വാദം. ഇത് പൂര്‍ണമായും അംഗീകരിക്കപ്പെട്ടില്ലെങ്കിലും, സൊസൈറ്റി ക്വാട്ട അനുവദിക്കുന്ന തസ്തികകളുടെ എണ്ണം കുറച്ചു. നിയമനം അംഗസംഘങ്ങളിലെ ജീവനക്കാര്‍ക്ക് മാത്രവുമാക്കി. പക്ഷേ, ആ നിയമനം പോലും നടപ്പാവാത്ത വിധത്തിലാണ് ഇപ്പോള്‍ യോഗ്യത നിശ്ചയിച്ചിട്ടുള്ളത്. അത് സൊസൈറ്റി ക്വാട്ട നിയമനം അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്നാണ് സഹകരണ ജീവനക്കാരുടെ ആക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *

Latest News