കേരളബാങ്കിനുള്ള ഒരുക്കം തുടങ്ങി; നടപടിക്ക് മന്ത്രിസഭായോഗത്തിന്റെ അനുമതി
കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നതിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി. സഹകരണ ഹ്രസ്വകാല വായ്പാ മേഖലയെ മൂന്നുതട്ടില്‍നിന്ന് രണ്ടുതട്ടിലേക്ക് മാറ്റാനുള്ള നടപടിക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. സംസ്ഥാന സഹകരണ ബാങ്കില്‍ 14 ജില്ലാ സഹകരണ ബാങ്കുകളയും ലയിപ്പിച്ചുള്ളതാണ് ഇത്. ഇതാണ് കേരളബാങ്ക് രൂപീകരിക്കുന്നതിനുള്ള നടപടിയും. റിസര്‍വ് ബാങ്ക് മുന്നോട്ടു വെച്ച നിബന്ധനകള്‍ക്ക് വിധേയമായി ലയനനടപടികള്‍ പൂര്‍ത്തിയാക്കാനാണ് മന്ത്രിസഭാ തീരുമാനം.
ഈ മാസം മൂന്നിനാണ് കേരള ബാങ്ക് രൂപീകരിക്കാന്‍ റിസര്‍വ് ബാങ്ക് തത്വത്തില്‍ അംഗീകാരം നല്‍കിയത്. 2019 മാര്‍ച്ച് 31ന് ലയന നടപടികള്‍ പൂര്‍ത്തിയാക്കണം. അഞ്ചുമാസമാണ് ഇനി സര്‍ക്കാരിന് മുമ്പിലുള്ളത്. ഇതിനുള്ളില്‍ ആര്‍.ബി.ഐ. നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കി ലയനം നടക്കണം. ഇക്കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി ബുധനാഴ്ച സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രത്യേക യോഗം വിളിച്ചിരുന്നു. സഹകരണ വകുപ്പ് സെക്രട്ടറി ,സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍, ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, ജനറല്‍ മാനേജര്‍മാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
ലയനനടപടികള്‍ക്ക് മുന്നോടിയായി പൂര്‍ത്തിയാക്കേണ്ട കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. ഇതിനനുസരിച്ച് വിവിധ സബ്കമ്മിറ്റികള്‍ക്ക് യോഗം രൂപം നല്‍കി. സോഫ്റ്റ് വെയറിന്റെ കാര്യത്തില്‍ റീ ടെണ്ടര്‍ വേണ്ടിവരുമെന്നാണ് യോഗത്തിലുണ്ടായ ചര്‍ച്ച. ഇതുവരെ ജില്ലാബാങ്കുകളുടെ സേവനങ്ങള്‍ മുടങ്ങാതെ നല്‍കുന്നതിന് മെച്ചപ്പെട്ട സോഫ്റ്റ് വെയര്‍ സംസ്ഥാന സഹകരണ ബാങ്കിന് വേണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ കേരളബാങ്കിന് സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചതാണ്. 15 കമ്പനികളാണ് ഇതില്‍ പങ്കെടുത്തത്. ഇതില്‍ രണ്ട് കമ്പനികള്‍ മാത്രമാണ് സാങ്കേതിക മാനദണ്ഡം പാലിക്കുന്നത്. അതിനാല്‍, റീ ടെണ്ടര്‍ നടത്തേണ്ടിവരുമെന്ന ചര്‍ച്ചയും യോഗത്തിലുണ്ടയിട്ടുണ്ട്. ഇക്കാര്യത്തില്‍ ടാസ്‌കഫോഴ്‌സുമായി ചര്‍ച്ച ചെയ്താകും അന്തിമ തീരുമാനമെടുക്കുക.
[mbzshare]