കേരളത്തിന്റെ സഹകരണ ഹരജി സുപ്രീംകോടതി പരിഗണിക്കുന്നത് വൈകും
സഹകരണ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ കേരളം സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് വൈകും. പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ സഹകരണ ബാങ്കുകള്‍ എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് പത്രപ്പരസ്യം നല്‍കിയതിനെ തുടര്‍ന്നാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ നിക്ഷേപം സ്വീകരിക്കുന്നത് സുരക്ഷിതമല്ലാതെയാണെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു.
സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കുന്ന രീതിയിലുള്ള നടപടിയാണ് റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായത് എന്നാണ് കേരളം ഉന്നയിച്ചത്. സംസ്ഥാന നിയമത്തിന്റെ പരിധിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളില്‍ കേന്ദ്രാധികാരം ഉപയോഗിച്ച് പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ നടപടിയാണെന്നാണ് സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയിലെ വാദം.
കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും നടപടികള്‍ക്കെതിരെ മിക്ക സംസ്ഥാനങ്ങളിലെയും സഹകരണ സംഘങ്ങളും ബാങ്കുകളും കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അര്‍ബന്‍ ബാങ്കുകളിലെ ആര്‍.ബി.ഐ. നിര്‍ദ്ദേശങ്ങളാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. വിവിധ ഹൈക്കോടതികളിലാണ് ഈ ഹരജികളുള്ളത്. ഇതെല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആര്‍.ബി.ഐ. ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലുള്ള കേസുകളെല്ലാം മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം. കേന്ദ്രസര്‍ക്കാരിനും ആര്‍.ബി.ഐ.യ്ക്കും എതിരെയുള്ള എല്ലാ സഹകരണ കേസുകളും മദ്രാസ് ഹൈക്കോടതിയാണ് പരിഗണിക്കുന്നത്.
മദ്രാസ് ഹൈക്കോടതി പരിഗണിക്കുന്ന കേസുകളില്‍ കേരളം നല്‍കിയ ഹരജി ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍, മറ്റ് കേസുകളില്‍ മദ്രാസ് ഹൈക്കോടതി തീര്‍പ്പുണ്ടാക്കിയ ശേഷം മാത്രമേ കേരളത്തിന്റെ ഹരജി സുപ്രീംകോടതി പരിഗണിക്കുകയുള്ളൂ. മദ്രാസ് ഹൈക്കോടതിയുടെ തീര്‍പ്പില്‍തന്നെ കേരളത്തിന്റെ ഹരജിയിലെ ആവശ്യത്തിനുള്ള വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്. ഇത് എതിരായാല്‍ മറ്റ് സംസ്ഥാനങ്ങളുടെ അപ്പീലിനൊപ്പം കേരളത്തിന്റെ ഹരജിയും സുപ്രീംകോടതി പരിഗണിക്കുമെന്നാണ് മുതിര്‍ന്ന അഭിഭാഷകര്‍ നല്‍കുന്ന വിവരം.
[mbzshare]