കേന്ദ്ര സഹകരണ ഡേറ്റ സെന്റര്‍; ഇനി സംസ്ഥാന നിര്‍ദ്ദേശങ്ങള്‍ക്ക് സമയമില്ലെന്ന് കേന്ദ്രം

[mbzauthor]

സഹകരണ സംഘങ്ങളുടെ സ്ഥിതി വിവര കണക്കുകളും പ്രവര്‍ത്തന രീതികളും കേന്ദ്ര ഡേറ്റ സെന്ററിലേക്ക് മാറ്റാനുള്ള നടപടി കേന്ദ്രസഹകരണ മന്ത്രാലയം തുടങ്ങി. ഇത് നടപ്പാക്കുന്നത് എന്തിനാണെന്നും എങ്ങനെയാണെന്നും വിശദീകരിച്ച് ഓരോ സംസ്ഥാനങ്ങള്‍ക്കും ഏപ്രില്‍മാസം കത്ത് നല്‍കിയിരുന്നു. സംസ്ഥാനങ്ങളുടെ അഭിപ്രയങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കണമെന്നായിരുന്നു ഇതില്‍ നിര്‍ദ്ദേശിച്ചത്. പ്രാഥമിക സഹകരണ സംഘങ്ങളുടെ ബിസിനസ് വിവരങ്ങള്‍ ഡേറ്റ് സെന്ററില്‍ ഉള്‍പ്പെടുത്തുന്നതിനോട് വിയോജിപ്പുകള്‍ ചില സംസ്ഥാനങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. അതത് സംസ്ഥാനങ്ങളില്‍ വരുത്തേണ്ട ക്രമീകരണവും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കേരളം ഇത് സംബന്ധിച്ച് ഒരു നിലപാടും കേന്ദ്രത്തെ അറിയിച്ചിട്ടില്ല.

മെയ് 10വരെയാണ് സംസ്ഥാനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള സമയം നല്‍കിയിരുന്നത്. ഡിജിറ്റല്‍ പ്ലാറ്റ് ഫോമിന്റെ ഭാഗമായി തയ്യാറാക്കിയ മാതൃക ടെംപ്ലേറ്റ് സഹിതമായിരുന്നു സംസ്ഥാനങ്ങളെ ഇക്കാര്യം അറിയിച്ചത്. ഇതില്‍ ഓരോ ടെംപ്ലേറ്റിലും നല്‍കേണ്ട വിവരങ്ങള്‍ എന്താണെന്നും വിശദീകരിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് ഇതില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാനുള്ള അവസരമാണ് നല്‍കിയത്. ഈ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ടെംപ്ലേറ്റില്‍ മാറ്റം വരുത്താമെന്നും അറിയിച്ചിരുന്നു. ഇതിന് സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശം കേള്‍ക്കാനുള്ള സമയമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

പക്ഷേ, കേന്ദ്ര ഡേറ്റ സെന്ററിലേക്ക് വിവരങ്ങള്‍ കൈമാറുന്നതിലെ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഒരു ശില്പശാല കൂടി നടത്തിയ ശേഷമായിരിക്കും ഡിജിറ്റല്‍ ഡേറ്റ പ്ലാറ്റ് ഫോമിന് അന്തിമരൂപം നല്‍കുകയെന്നാണ് കേന്ദ്ര സഹകരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിലെങ്കിലും കേരളത്തിന് ക്രിയാത്മകമായി ഇടപെടാന്‍ കഴിയണമെന്നാണ് സഹകാരികള്‍ ആവശ്യപ്പെടുന്നത്.

നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ മാതൃകയില്‍ സ്റ്റാറ്റിക്-ഡൈമാനിക് എന്നീ രണ്ടുവിഭാഗത്തിലായി അഞ്ചുവീതം ബ്ലോക്കുകളായാണ് വിവരങ്ങള്‍ കൈമാറാനുള്ള ടെംപ്ലേറ്റ് തയ്യാറാക്കിയിട്ടുള്ളത്. ഐഡന്റിഫിക്കേഷന്‍ ബ്ലോക്ക്, പെര്‍ട്ടിക്കുലര്‍ ബ്ലോക്ക്, ഓപ്പറേറ്റീവ് ഡീറ്റെയില്‍ ബ്ലോക്ക്, ഡീറ്റെയില്‍സ് ഓഫ് ബോര്‍ഡ് ഒാഫ് ഡയറക്ടേഴ്‌സ് ബ്ലോക്ക്, യൂസ് ഓഫ് ഐ.സി.ടി. ബ്ലോക്ക് എന്നിവയാണ് സ്റ്റാറ്റിക് വിഭാഗത്തിലെ അഞ്ച് ബ്ലോക്കുകള്‍. ഒരു സംഘത്തില്‍ ദീര്‍ഘ കാലത്തേക്ക് മാറ്റമില്ലാതെ തുടരുന്ന വിവരങ്ങളാണ് ഇതിലുള്ളത്. ഈ വിവരങ്ങള്‍ നല്‍കിയാലും, ഒരോ മൂന്നുവര്‍ഷത്തിലും ഈ വിവരങ്ങള്‍ ഡേറ്റ സെന്ററിലേക്ക് പുതുക്കി നല്‍കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.

ഡൈനാമിക് വിഭാഗത്തില്‍ ഓരോ സാമ്പത്തിക വര്‍ഷാവസാനത്തിലും പുതുക്കി നല്‍കേണ്ട വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംഘത്തിന്റെ സാമ്പത്തികവും പ്രവര്‍ത്തനപരവുമായി വിവരങ്ങളാണ് ഇതില്‍ നല്‍കേണ്ടത്. എപ്ലോയ്‌മെന്റ് ആന്‍ഡ് ലേബര്‍ കോസ്റ്റ് ബ്ലോക്ക്, വരുമാനവും ചെലവും, ആസ്തിയും ബാധ്യതകളും, സാധനങ്ങളും സേവനങ്ങളും, വെരിഫിക്കേഷന്‍ ആന്‍ഡ് സബ്മിഷന്‍ ബ്ലോക്ക് എന്നിവയാണ് ഇതിലെ അഞ്ച് ടെംപ്ലേറ്റുകള്‍. ഈ വിവരങ്ങള്‍ ആര് നല്‍കണമെന്നത് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശിക്കമെന്ന് അറിയിച്ചിരുന്നു. വകുപ്പ് ഉദ്യോഗസ്ഥര്‍, അപ്പക്‌സ് സ്ഥാപന അധികാരികള്‍, സഹകരണ യൂണിയന്‍, സംഘം ചീഫ് എക്‌സിക്യൂട്ടീവ് എന്നിങ്ങനെ വിവരങ്ങള്‍ കൈമാറുന്നവരെ നിശ്ചയിക്കാം. ഇതും സംസ്ഥാനങ്ങളുടെ സഹകരണ ഘടനയും പ്രവര്‍ത്തന രീതിയും വിലയിരുത്തി നിര്‍ദ്ദേശിക്കാമെന്നാണ് കേന്ദ്രം നല്‍കുന്ന നിര്‍ദ്ദേശം.

[mbzshare]

Leave a Reply

Your email address will not be published.