കേന്ദ്ര അനുമതിയുണ്ടാവില്ല; ഏകീകൃത സോഫ്റ്റ് വെയര്‍ പദ്ധതി അനിശ്ചിതത്വത്തില്‍

[mbzauthor]

പ്രാഥമിക സഹകരണ ബാങ്കുകളായ പ്രാഥമിക കാര്‍ഷിക വനായ്പാ സഹകരണ സംഘങ്ങളെയും കേരളബാങ്കിനെയും ബന്ധിപ്പിച്ച് സഹകരണ വകുപ്പ് നടപ്പാക്കുന്ന ഏകീകൃത സോഫ്റ്റ് വെയര്‍ പദ്ധതി അനിശ്ചിതത്വത്തില്‍. പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളെ രാജ്യതലത്തില്‍ ബന്ധിപ്പിക്കുന്ന ഏകീകൃത സോഫ്റ്റ് വെയര്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് കാരണം. ഈ പദ്ധതിയില്‍ കേരളം ഭാഗമാകണമെന്ന കാണിച്ച് കേന്ദ്ര സഹകരണ മന്ത്രാലയം സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതില്‍ ഒരുനിലപാടും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

എല്ലാ കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളിലും അവയുടെ ശാഖകളിലും ഏകൃകൃത സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതാണ് സംസ്ഥാന പദ്ധതി. ഇതിനായി മോണിറ്ററിങ് കമ്മിറ്റിയും ടെക്‌നിക്കല്‍ കമ്മിറ്റിയും എന്നിവ രൂപീകരിച്ചിരട്ടുണ്ട്. ഈ കമ്മിറ്റികളുടെ അംഗീകാരത്തോടെ തയ്യാറാക്കിയ ആര്‍.എഫ്.പി.ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തതാണ്. ഇത് നടപ്പാക്കുന്നതിനായി കമ്പനികളെ തിരഞ്ഞെടുക്കുന്നതിന് 2021 ജനുവരി 23ന് ഇ-ടെണ്ടര്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇതില്‍ ആരും പങ്കെടുത്തിട്ടില്ല. ഇതോടെ ആര്‍.എഫ്.പി.യില്‍ ഭേദഗതി വരുത്തി. 2021 ഡിസംബര്‍ 18ന് വീണ്ടും ഈ-ടെണ്ടര്‍ ക്ഷണിച്ചു. 2022 മെയ് 12ന് ടെക്‌നിക്കല്‍ ബിഡ് ഓപ്പണ്‍ ചെയ്യുകയും തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയുമാണ്.

ഇതിനിടയിലാണ് കേന്ദ്രസഹകരണ മന്ത്രാലയം ഏകൃകൃത സോഫ്റ്റവെയര്‍ പദ്ധതി ആവിഷ്‌കരിച്ചത്. രാജ്യത്തെ 63,000 പ്രാഥമിക കാര്‍ഷിക ബാങ്കുകളെ ഏകീകൃത സോഫ്റ്റ് വെയര്‍ ഉള്‍പ്പെടുത്തുന്നതാണ് കേന്ദ്രപദ്ധതി. സംഘങ്ങളുടെ ഡാറ്റ് ക്ലൗഡ് സ്റ്റോറേജ് സംവിധാനത്തില്‍ സൂക്ഷിക്കുമെന്നും അത് കേ്ര്രന്ദ സര്‍ക്കാര്‍ ഉപയോഗിക്കുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ കോമണ്‍ സോഫ്റ്റ് വെയര്‍ പദ്ധതിയില്‍ സംസ്ഥാനങ്ങള്‍ ചേരുകയാണെങ്കില്‍ മാത്രമാണ് നബാര്‍ഡ് വഴിയുള്ള കോമണ്‍ സോഫ്റ്റ് വെയറിനുള്ള സാമ്പത്തിക സഹായം ലഭ്യമാകുക.

സംസ്ഥാനത്തിന് കേന്ദ്രപദ്ധതിയില്‍ ചേരാതിരിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍, സംസ്ഥാനം തയ്യാറാക്കിയ ഏകൃകൃത സോഫ്റ്റ് വെയര്‍ പദ്ധതി കേന്ദ്രാനുമതി കൂടി വേണ്ട രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. കേരളബാങ്കിന്റെ കോര്‍ ബാങ്കിങ് സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ച് എന്‍.ഇ.എഫ്.ടി., ആര്‍.ടി.ജി.എസ്., എ.ടി.എം. തുടങ്ങിയ ആധുനിക ബാങ്കിങ് സേവനങ്ങള്‍ പ്രാഥമിക ബാങ്കുകള്‍ക്ക് ലഭ്യമാക്കുമെന്നാണ് പദ്ധതി നിര്‍ദ്ദേശിക്കുന്നത്. ഇതിന് റിസര്‍വ് ബാങ്കിന്റെ അനുമതി വേണം. നിലവില്‍ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ നടത്തുന്ന നിക്ഷേപം, വായ്പ, എം.ഡി.എസ്. തുടങ്ങി എല്ലാ സേവനങ്ങളും ലഭ്യമാക്കുകയും ചെയ്യും. പ്രാഥമിക സഹകരണ ബാങ്കുകളെ പരോക്ഷമായി ബാങ്കിങ് നെറ്റ് വര്‍ക്കിന്റെ ഭാഗമാകുന്നതാണ് സംസ്ഥാന പദ്ധതി. ഇതിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും അനുമതി നല്‍കാനുള്ള സാധ്യത കുറവാണ്. ഇതാണ് സംസ്ഥാനത്തിന്റെ ഏകീകൃത സോഫ്റ്റ് വെയര്‍ പദ്ധതി അനിശ്ചിതത്വത്തിലാകാന്‍ കാരണം.

[mbzshare]

Leave a Reply

Your email address will not be published.