കെ.ടി.ഡി.എഫ്.സി വായ്പ: കേരള ബാങ്കിന് പ്രതിസന്ധിയില്ല പ്രസിഡന്റ്

moonamvazhi

കെ.ടി.ഡി.എഫ്.സിയുടെ വായ്പയുമായി ബന്ധപ്പെട്ട് കേരള ബാങ്കിന്റെ ബാധ്യത പെരുപ്പിച്ചു കാണിച്ചും ഈ വായ്പ കേരള ബാങ്കിനെ ബാധിക്കുമെന്നും പ്രചരിപ്പിച്ച് നിക്ഷേപകരില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നത് അപലപനീയമാണെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കല്‍ അഭിപ്ായപ്പെട്ടു.

കെ.ടി.ഡി.എഫ്.സിയുടെ വായ്പ കേരള ബാങ്ക് ഉണ്ടാകുന്നതിനു മുമ്പ് എറണാകുളം, പാലക്കാട് ജില്ലാ സഹകരണ ബാങ്കുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നല്‍കിയ 350 കോടി രൂപയുടെ വായ്പകളാണ്. കെ.ടി.ഡി.എഫ്.സി യുടെ വായ്പ 900 കോടി എന്ന് പറയുന്നത് തെറ്റാണ്. ഇതിന് നിയമം അനുശാസിക്കുന്ന കരുതല്‍ കേരള ബാങ്ക് വച്ചിട്ടുണ്ട്. അതിനാല്‍ കെ.ടി.ഡി.എഫ്.സിയുടെ വായ്പ നിലവില്‍ കേരളാ ബാങ്കിന് നിലവില്‍ ഒരു പ്രതിസന്ധിയും സൃഷ്ടിക്കുന്നില്ല. – ഗോപി കോട്ടമുറിയ്ക്കല്‍ അറിയിച്ചു.

കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്ക് വ്യക്തമായ പോളിസിയുടെ അടിസ്ഥാനത്തിലാണ് കേരള ബാങ്ക് വായ്പ നല്‍കുന്നത്. സഹകരണ സംഘങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും വായ്പകളും ആര്‍.ബി.ഐ, നബാര്‍ഡ്, സഹകരണ സംഘം രജിസ്ട്രാര്‍ എന്നിവരുടെ നിബന്ധനകള്‍ പ്രകാരമാണ് നല്‍കി വരുന്നത്. എന്നാല്‍ ചില സംഘങ്ങള്‍ യാതൊരു വ്യവസ്ഥകളും പാലിക്കാതെ നല്‍കിയ വായ്പകളില്‍ പുനര്‍വായ്പ കേരള ബാങ്കിനോട് ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി. നിക്ഷേപകരുടെയും വായ്പക്കാരുടെയും ഉത്തമ താല്‍പര്യം സംരക്ഷിക്കുന്ന എല്ലാവിധ സഹായ സഹകരണവും കേരള ബാങ്ക് നല്‍കുന്നുണ്ട്.

രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ആര്‍.ബി.ഐയുടെയും നബാര്‍ഡിന്റെയും നിബന്ധനകള്‍ പാലിച്ച് മുന്നോട്ടു പോകുന്ന കേരള ബാങ്കിനെ ഇത്തരം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് അഭിലഷണീയമല്ല. ഇത്തരം പെരുപ്പിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ ഏതൊരു ധനകാര്യ സ്ഥാപനത്തെയും, പ്രത്യേകിച്ച് ശൈശവദശയിലുള്ള കേരള ബാങ്കിനെ പോലുള്ള ധനകാര്യ സ്ഥാപനത്തെ വിലയിരുത്തുന്നതിനോടും അവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ചിത്രീകരിക്കുന്നതിനോടും യോജിക്കാനാകില്ല. കേരളത്തിന്റെ വികസനത്തിന് ഉതകുന്നതും കേരള ജനതയുടെ നിരവധിയായ വായ്പ ആവശ്യങ്ങള്‍ നിറവേറ്റി വരുന്നതുമായ ഷെഡ്യൂള്‍ഡ് ബാങ്കായ കേരള ബാങ്കിനെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നീതീകരിക്കുവാനാകില്ല. – ബാങ്ക് പ്രസിഡന്റ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News