കെയ്ക് പോയി സിറ്റ വരുമ്പോള്‍
കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദനാനന്തര സംവിധാനം
ശക്തിപ്പെടുത്താനാണ്2021 ല്‍ കൊണ്ടുവന്ന കെയ്ക്കിലൂടെ
സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. മികച്ച പദ്ധതിയാണ് കെയ്ക്
എങ്കിലും അമ്പേ പരാജയപ്പെട്ട ഒരു പദ്ധതിയായി അതു മാറി.
ഇനി സിറ്റയുടെ ഭാവിയാണ് അറിയേണ്ടത്.
രണ്ടു പദ്ധതികളുടെ ഇടയിലുള്ള ദൂരം അളക്കാവുന്നതുകൂടിയാണ് ഇത്തവണത്തെ കേരള ബജറ്റ്. 2021 ലെ ബജറ്റിലാണു കോ-ഓപ്പറേറ്റീവ് ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍ കേരള ( CAIK ) എന്ന കെയ്ക് പദ്ധതി പ്രഖ്യാപിച്ചത്. കാര്‍ഷികമേഖലയില്‍ ഉല്‍പ്പാദനാനന്തര സേവനം മെച്ചപ്പെടുത്തുകയെന്നതിന് ഊന്നല്‍ നല്‍കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുക, അവയെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുക, ആഭ്യന്തര -വിദേശവിപണികള്‍ ഉറപ്പാക്കുക എന്നിവയ്ക്കായി പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുകയാണു കെയ്ക്കിലൂടെ പരമമായി ലക്ഷ്യമിട്ടത്. സഹകരണ സംഘങ്ങള്‍ക്കു സ്വന്തം ഫണ്ടും കേന്ദ്ര സ്ഥാപനങ്ങളുടെ ഫണ്ടും ഇതിനായി ഉപയോഗിക്കാനാവുന്ന സ്ഥിതിയുണ്ട്. അവയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് ഓരോ സംഘത്തെയും മാറ്റിയെടുക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. രണ്ടു വര്‍ഷത്തിനുശേഷം 2023-24 വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കെയ്ക്കിന് എന്തു സംഭവിച്ചുവെന്നതിനുള്ള ഉത്തരം കൂടിയുണ്ട്. കോ-ഓപ്പറേറ്റീവ് ഇനീഷ്യേറ്റീവ് ഇന്‍ ടെക്നോളജി ഡ്രൈവ് അഗ്രിക്കള്‍ച്ചര്‍ ( CITA – സിറ്റ ) എന്ന പുതിയ പദ്ധതിയാണ് ഈ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. യന്ത്രവല്‍ക്കരണം കാര്യക്ഷമമാക്കി കാര്‍ഷികോല്‍പ്പാദനം കൂട്ടാനുള്ളതാണ് ഈ പദ്ധതി. ഉല്‍പ്പാദനാനന്തര സേവനം മാത്രമല്ല, ഉല്‍പ്പാദനരംഗത്തും ഇടപെടേണ്ടതുണ്ടെന്ന തിരിച്ചറിവിലാണു പുതിയ സഹകരണപദ്ധതിയുമായി സര്‍ക്കാര്‍ വീണ്ടുമെത്തുന്നത്. കെയ്ക് ലക്ഷ്യം കണ്ടില്ലെന്നതിന്റെ സമ്മതിക്കല്‍കൂടിയാണു സിറ്റയുടെ പിറവി എന്നും ബോധ്യമാകും.
കെയ്ക്
ലക്ഷ്യമിട്ടത്
കാര്‍ഷികമേഖലയില്‍ ഉല്‍പ്പാദനാനന്തര സംവിധാനം ശക്തിപ്പെടുത്തുക എന്നതാണു കെയ്ക്കിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. പലിശരഹിത കാര്‍ഷിക വായ്പ, നബാര്‍ഡ് പുനര്‍വായ്പ, പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലൂടെയുള്ള കാര്‍ഷിക വായ്പാ വിതരണം എന്നിങ്ങനെ പല രീതിയില്‍ കാര്‍ഷികോല്‍പ്പാദനം കൂട്ടാനുള്ള ധനസഹായപദ്ധതികള്‍ ഏറെക്കാലമായി സംസ്ഥാനത്തു നടപ്പാക്കുന്നുണ്ട്. ഇവയിലൂടെ ഉല്‍പ്പാദനം കൂടുമ്പോഴും കര്‍ഷകനു വരുമാനം കൂടുന്നില്ല. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കു വിപണി ഉറപ്പാക്കാനാകാത്തതാണു കാരണം. അധിക ഉല്‍പ്പന്നങ്ങള്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കാനാകുന്നില്ല. സംഭരണ-വിപണന ശൃംഖലകള്‍ കാര്യക്ഷമമല്ല. മൂല്യവര്‍ധിത ഉല്‍പ്പാദന യൂണിറ്റുകളില്ല. കാര്‍ഷിക വായ്പാ വിതരണം കൂട്ടുന്നതിനേക്കാള്‍ ഇത്തരം കുറവുകള്‍ പരിഹരിക്കുകയാണു വേണ്ടതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു കെയ്ക് എന്ന പദ്ധതിക്കു രൂപംനല്‍കിയത്.
അഞ്ചു വര്‍ഷത്തിനുള്ളില്‍ 10,000 കോടിയുടെ നിക്ഷേപമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നബാര്‍ഡില്‍നിന്നു പുനര്‍വായ്പ സ്‌കീമില്‍ പണം കണ്ടെത്തുകയും സഹകരണ ബാങ്കുകളിലൂടെ കാര്‍ഷിക-അനുബന്ധമേഖലയില്‍ അടിസ്ഥാന സൗകര്യവികസനത്തിനു പണം ചെലവഴിപ്പിക്കുകയുമാണു ലക്ഷ്യം. ഇതിനു സര്‍ക്കാര്‍ പലിശയിളവ് നല്‍കും. 2021 ല്‍ പ്രഖ്യാപിച്ച പദ്ധതി മൂന്നാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ലക്ഷ്യം എത്രയോ അകലെയാണെന്ന തിരിച്ചവിലേക്കാണു സര്‍ക്കാരും എത്തുന്നത്. അതാണു വീണ്ടും കാര്‍ഷികോല്‍പ്പാദനം കൂട്ടാനുള്ള യന്ത്രവല്‍ക്കരണത്തിലൂടെ കൃഷി എന്ന പദ്ധതി അവതരിപ്പിക്കാന്‍ കാരണം. കാര്‍ഷികാനുബന്ധ മേഖല കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം എന്നിങ്ങനെ വിവിധ വകുപ്പുകള്‍ക്കു കീഴിലാണ്. ഇവയ്ക്കാകെ ബാധകമാകുന്നവിധത്തില്‍ അടിസ്ഥാനസൗകര്യമൊരുക്കാന്‍ സഹകരണ സംഘങ്ങള്‍ക്കു കഴിയുമെന്നതിനാലാണു കെയ്ക് നടപ്പാക്കിയത്. എന്നാല്‍, ഇതൊന്നും അത്ര എളുപ്പം നടപ്പാക്കാനാകുന്ന ഒന്നല്ലെന്നാണുപദ്ധതിയുടെ നടത്തിപ്പ് ബോധ്യപ്പെടുത്തുന്നത്.
പ്രാദേശികവിപണികള്‍, ഗോഡൗണുകള്‍, കോള്‍ഡ് ചെയിന്‍ സൗകര്യം, പഴസംസ്‌കരണ യൂണിറ്റുകള്‍, പഴം-പച്ചക്കറി മാര്‍ക്കറ്റുകള്‍, ആധുനിക മത്സ്യ വിപണന സൗകര്യങ്ങള്‍, ശുചിത്വമുള്ള മത്സ്യ-ഇറച്ചി വില്‍പ്പന കേന്ദ്രങ്ങള്‍, പച്ചക്കറി-പാല്‍ സംസ്‌കരണ കേന്ദ്രങ്ങള്‍, മാര്‍ക്കറ്റിങ് മേഖലയിലെ മറ്റ് ഇടപെടലുകള്‍ എന്നിവയെല്ലാം പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു നേരിട്ട് ഏറ്റെടുത്തും വ്യക്തിഗത വായ്പ നല്‍കിയും നിര്‍വഹിക്കാമെന്നതായിരുന്നു കാഴ്ചപ്പാട്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു നാലു ശതമാനം പലിശനിരക്കില്‍ നബാര്‍ഡില്‍നിന്നുള്ള പുനര്‍വായ്പ കേരള ബാങ്ക് വഴി ലഭ്യമാക്കാനായിരുന്നു തീരുമാനം. 2021-22 സാമ്പത്തികവര്‍ഷം 2000 കോടി രൂപയാണ് ഇത്തരത്തില്‍ കാര്‍ഷികമേഖലയില്‍ ഉല്‍പ്പാദനാനന്തരമുള്ള അടിസ്ഥാനസൗകര്യത്തിനു ചെലവിടാന്‍ ലക്ഷ്യമിട്ടത്. അഞ്ചു വര്‍ഷം കൊണ്ട് 10,000 കോടിയിലേക്ക് ഈ മൂലധനനിക്ഷേപം ഉയര്‍ത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. ഇതൊന്നും നടന്നില്ലെന്നു മാത്രമല്ല, കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കു നബാര്‍ഡ് പ്രഖ്യാപിച്ച 2456 കോടി രൂപയുടെ സഹായംപോലും ഉപയോഗപ്പെടുത്താന്‍ കേരളത്തിനു കഴിഞ്ഞിട്ടില്ല. മികച്ച പദ്ധതിയാണു കെയ്ക് എന്നു പറയാമെങ്കിലും അമ്പേ പരാജയപ്പെട്ട ഒരു പദ്ധതിയായി അതു മാറിയെന്നതാണു വസ്തുത. ഇനി ‘സിറ്റ’യുടെ ഭാവിയാണ് അറിയേണ്ടത്.
ഇനി സിറ്റയുടെ
കാലം
ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടാന്‍ കൃഷിയില്‍ സാങ്കേതികവിദ്യയുടെ ഉപയോഗവും സഹകരണസംഘങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കുന്ന പുതിയ പദ്ധതിയാണു ബജറ്റില്‍ പ്രഖ്യാപിച്ച സിറ്റ. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം, സംയോജനം, സംഭരണം, മൂല്യവര്‍ധന, വിപണനം എന്നിവയ്ക്കുള്ള ഈ പദ്ധതി സഹകരണസംഘങ്ങളിലൂടെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള സാമ്പത്തികസഹായം നല്‍കും. 34.5 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിട്ടുള്ളത്. പ്രാഥമിക സഹകരണ ബാങ്കുകള്‍, മറ്റു സഹകരണസംഘങ്ങള്‍ എന്നിവയാണു പദ്ധതിയുടെ ഭാഗമാകുന്നത്. കാര്‍ഷികമേഖലയില്‍ അഞ്ചു വര്‍ഷമെങ്കിലും ഈ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകണം. അഞ്ചു വര്‍ഷമായി അറ്റാദായം നേടുകയും വേണം. അല്ലാത്ത സംഘങ്ങളെ പദ്ധതിനിര്‍വഹണത്തിനു പരിഗണിക്കില്ല. വലുതും ചെറുതുമായ പച്ചക്കറിത്തോട്ടങ്ങള്‍, അടുക്കളത്തോട്ടങ്ങള്‍, ടെറസ് ഫാമുകള്‍ എന്നിവ സൃഷ്ടിക്കും. കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച സംയോജിത കാര്‍ഷിക സംവിധാനം (ഐ.എഫ്.എസ്.) രീതിയിലാണു സിറ്റ പദ്ധതി നടപ്പാക്കുക. ഈ പദ്ധതിയിലൂടെ കര്‍ഷകനെ വിത്തു വിതയ്ക്കല്‍ മുതല്‍ വിപണനം വരെ എല്ലാ മേഖലകളിലും സഹായിക്കുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പദ്ധതി നടപ്പാക്കും.
ഈ പദ്ധതി ഏറ്റെടുക്കുന്നതിനു സഹകരണ സംഘങ്ങള്‍ക്കു നിബന്ധനകള്‍ വെച്ചിട്ടുണ്ട്. അഞ്ചു മാനദണ്ഡങ്ങളനുസരിച്ചാണു സംഘങ്ങളെ തിരഞ്ഞെടുക്കുന്നത്. പ്രാഥമിക സഹകരണസംഘങ്ങള്‍ക്കോ അവയുടെ കര്‍ഷക സേവനകേന്ദ്രം, കര്‍ഷകസംഘങ്ങള്‍ എന്നിവയ്ക്കോ 300 ഏക്കറില്‍ കുറയാത്ത കൃഷി തുടങ്ങാനാവണം. 200 ഏക്കറില്‍ ഹ്രസ്വകാല കാര്‍ഷികവിളകളും 100 ഏക്കറില്‍ പഴങ്ങള്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘകാല കാര്‍ഷികവിളകളും കൃഷി ചെയ്യണം. ഓരോ സൊസൈറ്റിയും ഒരുസമയം കുറഞ്ഞതു 50 സ്വയംസഹായ സംഘങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണം. ഓരോ സ്വയംസഹായ സംഘത്തിനും നേതൃത്വം നല്‍കാന്‍ ഒരു പ്രതിനിധി ഉണ്ടായിരിക്കണം. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സ്‌കീമിനു ( കെ.സി.സി ) കീഴില്‍ വരുന്ന എല്ലാ കര്‍ഷകരെയും സഹകരണസംഘങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തണം – ഇവയാണു നിബന്ധനകള്‍. ഇത്തരത്തില്‍ തിരഞ്ഞെടുക്കുന്ന സംഘങ്ങള്‍ക്ക് അവരുടെ പദ്ധതിരേഖയനുസരിച്ച് സബ്‌സിഡിയോടെ സാമ്പത്തികസഹായം കിട്ടും. സഹകരണസംഘങ്ങള്‍ക്കു കൃഷിക്കും സംസ്‌കരണത്തിനും ആവശ്യമായ എല്ലാ ചെലവുകള്‍ക്കും സഹായം ലഭിക്കും. യന്ത്രസഹായത്തോടെ നിലമൊരുക്കല്‍, വിത്ത്, വളം, ഉപകരണങ്ങളുടെ വാടക, മൈക്രോ ജലസേചന സൗകര്യങ്ങള്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു.
കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ സ്ഥാപിക്കുന്ന പ്രത്യേക ഔട്ട്ലെറ്റുകള്‍ വഴി നേരിട്ട് സംഭരിക്കുകയോ വിപണനം ചെയ്യുകയോ സംസ്‌കരിക്കുകയോ ചെയ്യും. കാര്‍ഷികോല്‍പ്പന്നങ്ങള്‍ മറ്റു പ്രദേശങ്ങളിലേക്കു കൊണ്ടുപോകുന്നതിനുള്ള ശീതീകരണവാഹിനി സംഘങ്ങള്‍ക്കു സജ്ജീകരിക്കാം. വേഗത്തിലുള്ള കൈമാറ്റത്തിനായി സോഫ്റ്റ്‌വെയറും മൊബൈല്‍ ആപ്ലിക്കേഷനും തയാറാക്കുന്നുണ്ട്. അരി, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയുടെ സംഭരണം, തരംതിരിക്കല്‍, ഗ്രേഡിംഗ്, വിപണനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സഹകരണസംഘങ്ങള്‍ക്ക് ഈ പദ്ധതി ഏറ്റെടുക്കുന്നതില്‍ മുന്‍ഗണന നല്‍കും. ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും ഗ്രാമീണ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കും. ഇതിനു പത്തു ലക്ഷം രൂപ സബ്സിഡിയായി നല്‍കും. വിപണനത്തിനു ചെലവിന്റെ പരമാവധി 50 ശതമാനംവരെ സഹായം ലഭിക്കും. മൂല്യവര്‍ധനയ്ക്കായി ഓരോ ജില്ലയിലും സഹകരണ സംഘങ്ങളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും മൂല്യവര്‍ധന ക്ലസ്റ്ററുകള്‍ വികസിപ്പിക്കുമെന്നും പദ്ധതിരേഖ വിഭാവനം ചെയ്യുന്നു.
സിറ്റയുടെ
ഭാവി
കഴിഞ്ഞ വര്‍ഷം 14 സംഘങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി നടപ്പാക്കിയിരുന്നു. അതു വിജയകരമാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. പക്ഷേ, വിപണന-വിതരണ സംവിധാനത്തിന്റെ പോരായ്മ ഈ പദ്ധതിയിലൂടെ പരിഹരിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ആസൂത്രണ ബോര്‍ഡിനുപോലും കൃത്യമായി ഉത്തരമില്ല. അതിനു കേന്ദ്രീകൃതമായ പദ്ധതിയും നിര്‍വഹണവുമാണു വേണ്ടത്. ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ് ഓഫ് കോ-ഓപ്പറേറ്റീവ് പ്രൊഡക്ട് എന്ന പദ്ധതി ഇതിനുവേണ്ടിയുള്ളതായിരുന്നു. അതു പൂര്‍ണപരാജയമായി മാറിയതു നിര്‍ഹവണരീതിയിലെ പോരായ്മ കൊണ്ടാണ്. അതിനാല്‍, സിറ്റ പദ്ധതിക്കും കര്‍ഷകന്റെ വരുമാനം കൂട്ടാനും സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പുര്‍ണ അര്‍ഥത്തില്‍ കഴിയുമോയെന്നതു സംശയമാണ്.
സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം മാറേണ്ടതുണ്ടെന്ന ബോധ്യം അവരിലുണ്ടാക്കാതെ ഇത്തരം പദ്ധതികള്‍ക്കു വിജയമുണ്ടാവില്ല. വായ്പ നല്‍കുന്നത് എന്തിനൊക്കെയാകണമെന്നതാണു നിശ്ചയിക്കേണ്ടത്. വരുമാനം ഉറപ്പാക്കാത്ത കാര്യങ്ങള്‍ക്കു വായ്പകള്‍ കുമിഞ്ഞുകൂടിയാല്‍ അതു കുടിശ്ശിക കൂടാനും സംഘങ്ങളുടെ തകര്‍ച്ചയ്ക്കുതന്നെ വഴിവെക്കാനും കാരണമാകുമെന്നതില്‍ തര്‍ക്കമില്ല. അത്തരമൊരു സാഹചര്യം സഹകരണ മേഖല നേരിട്ടുതുടങ്ങിയിട്ടുണ്ട്. അതു തിരിച്ചറിഞ്ഞുള്ള തിരുത്തലാണു വേണ്ടത്. അതുണ്ടാകാതെ പദ്ധതിപ്രഖ്യാപനം കൊണ്ടുമാത്രം കാര്യമുണ്ടാവില്ല. ഇത്തരം പദ്ധതികളെ ശരിയായ രീതിയില്‍ ഉള്‍ക്കൊണ്ട് അതു പ്രാഥമിക കാര്‍ഷികസംഘങ്ങളിലൂടെ നടപ്പാക്കാനുള്ള നേതൃപരമായ പങ്ക് വഹിക്കേണ്ടതു കേരള ബാങ്കാണ്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അത്തരമൊരു ലക്ഷ്യവും കേരള ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ പ്രകടമല്ല. പകരം, സ്വന്തം നിലനില്‍പ്പിനു കാര്‍ഷിക വായ്പാ സംഘങ്ങളെ ചൂഷണം ചെയ്യുന്ന മനോഭാവത്തിലേക്കു കേരള ബാങ്ക് മാറുകയാണ്. പ്രതിസന്ധിയിലാകുന്ന സഹകരണസംഘങ്ങളെ കൈവിടുന്ന രീതിയാണു കേരള ബാങ്ക് സ്വീകരിക്കുന്നത്. ഇതെല്ലാം കേരളത്തിന്റെ ജനകീയ സാമ്പത്തികമേഖലയുടെ അടിത്തറ ഇല്ലാതാക്കുമെന്നതില്‍ തര്‍ക്കമില്ല.