കിസാന്‍ ക്രഡിറ്റ് കാര്‍ഡിന് ബദലായി കര്‍ഷക സ്മാര്‍ട്ട് കാര്‍ഡുകള്‍
കര്‍ഷകന്റെയും കൃഷിയുടെയും സമഗ്രവിവരങ്ങള്‍ ഉള്‍കൊള്ളിച്ച് കര്‍ഷകര്‍ക്ക് ഡിജിറ്റല്‍ സ്മാര്‍ട്ട് കാര്‍ഡ് നല്‍കാന്‍ കൃഷിവകുപ്പ്. കിസാന്‍ ക്രഡിറ്റ് കാര്‍ഡിന് സമാനമായി സഹകരണ ബാങ്കുകള്‍ക്ക് ഇത് ഉപയോഗപ്പെടുത്താനാകുമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംസ്ഥാനത്തെ 28 സ്മാര്‍ട്ട് കൃഷിഭവനുകളുടെ പരിധിയിലെ പാടശേഖര സമിതിയംഗങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട്കാര്‍ഡ് ലഭിക്കുക. കൃഷിക്കുള്ള മുന്നൊരുക്കംമുതല്‍ വിളവെടുപ്പും വില്പനയുംവരെയുള്ള ഘട്ടങ്ങളിലെ ആനുകൂല്യങ്ങളുറപ്പാക്കുകയാണ് സ്മാര്‍ട്ട്കാര്‍ഡുകള്‍ നല്‍കുന്നു.
വളം, വിത്ത്, കാര്‍ഷികോപകരണങ്ങള്‍, കൃഷി സബ്‌സിഡികള്‍ എന്നിവ കര്‍ഷകര്‍ക്ക് കൃത്യസമയത്ത് ലഭ്യമാക്കാന്‍ സ്മാര്‍ട്ട്കാര്‍ഡുകള്‍ സഹായകമാകുമെന്ന് അധികൃതര്‍ പറഞ്ഞു. അക്കൗണ്ടിലേക്ക് നേരിട്ടുലഭിക്കുന്ന തുക ഡിജിറ്റലായി ഉപയോഗിക്കാനുള്ള സൗകര്യവും ഇതിലൂടെ ലഭ്യമാവും. കര്‍ഷകന്റെ വിലാസം, കൃഷിയിടത്തിന്റെ വിസ്തൃതി, മണ്ണിന്റെ ആരോഗ്യം, വിളയുടെ സ്വഭാവം, വിളവെടുപ്പുകാലം, ഉത്പന്നങ്ങള്‍ മൂല്യവര്‍ധിതമാക്കല്‍, വിപണി തുടങ്ങിയ വിവരങ്ങള്‍ സ്മാര്‍ട്ട്കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തും.
ഈ സ്മാര്‍ട്ട് കാര്‍ഡ് ഡിജിറ്റല്‍ പെയ്‌മെന്റിന് ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലേക്ക് മാറ്റാനാണ് കൃഷിവകുപ്പ് ശ്രമിക്കുന്നത്. അക്കൗണ്ടിലെ പണം ഈ കാര്‍ഡ് ഉപയോഗിച്ച് കൈമാറ്റം ചെയ്യാന്‍ ആധാര്‍ എനേബിള്‍ഡ് പെയ്‌മെന്റ് രീതി ഉപയോഗിച്ച് കഴിയുമെന്നാണ് വിലയിരുത്തുന്നത്. അരലക്ഷത്തോളം പേര്‍ക്ക് ഈവര്‍ഷം സ്മാര്‍ട്ട്കാര്‍ഡുകള്‍ നല്‍കുമെന്ന് കൃഷി ഐ.ടി. വിഭാഗം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ വിശദീകരിക്കുന്നത്. കേന്ദ്ര കൃഷിമന്ത്രാലയം നല്‍കുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെ.സി.സി.) ലഭിക്കാത്തവരാണ് സംസ്ഥാനത്തെ ഭൂരിഭാഗം കര്‍ഷകരും. ഇതിനുള്ള ബദല്‍സംവിധാനം എന്നനിലയിലാണ് സ്മാര്‍ട്ട്കാര്‍ഡുകള്‍ നല്‍കുന്നത്.
ഒരു കര്‍ഷകന് നല്‍കാവുന്ന ക്രഡിറ്റ് ലിമിറ്റാണ് കെ.സി.സി.യില്‍ നിശ്ചയിക്കുന്നത്. അത്തരമൊരു വായ്പ പരിധി നിശ്ചയിക്കല്‍ സ്മാര്‍ട്ട് കാര്‍ഡിന്റെ ഭാഗമായി ഉണ്ടാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. സാധാരണ കര്‍ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ വായ്പ നല്‍കുന്നത് കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളാണ്. ഇപ്പോള്‍ കെ.സി.സി. അനുസരിച്ചാണ് സംഘങ്ങളും വായ്പ നല്‍കുന്നത്. അതില്‍ കൂടുതല്‍ നല്‍കുന്ന വായ്പയ്ക്ക് പലിശ നിരക്ക് ഉയരും. പുതിയ സ്മാര്‍ട്ട് അടിസ്ഥാനത്തില്‍ വായ്പ നല്‍കുമ്പോള്‍ പരിധിയില്‍ വ്യത്യാസമുണ്ടാകുമോയെന്നതില്‍ വ്യക്തത വന്നിട്ടില്ല.
സംസ്ഥാനസര്‍ക്കാര്‍ നല്‍കിവരുന്ന വിവിധ കാര്‍ഷിക ആനുകൂല്യങ്ങള്‍ക്കുള്ള അംഗീകൃത രേഖയായും തിരിച്ചറിയല്‍രേഖയായും ഇതുപയോഗിക്കാമെന്ന് കൃഷിവകുപ്പ് വ്യക്തമാക്കുന്നുണ്ട്. ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ തട്ടിയെടുക്കുന്നതൊഴിവാക്കാന്‍ സഹായകമാവുകയും ചെയ്യും. കാര്‍ഡിന്റെ രൂപകല്പനയ്ക്കുള്ള നടപടി തുടങ്ങിയിട്ടുണ്ട്.