കാൻസർ ചികിത്സാരംഗത്ത് കേരളം ഇനിയും മുന്നേറാനുണ്ടെന്ന് ഗവർണർ പി.സദാശിവം.
കാൻസർ ചികിത്സാരംഗത്ത് കേരളം ഇനിയും മുന്നേറാനുണ്ടെന്ന് ഗവർണർ പി.സദാശിവം.സംസ്ഥാനത്തെ പ്രധാന ആരോഗ്യ പ്രശ്നമായി കാൻസർ മാറിയിരിക്കുന്നു. അസുഖം നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പു വരുത്തണം. അതിനുള്ള സൗകര്യം എല്ലാ ജില്ലകളിലും ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എം വി ആർ കാൻസർ സെന്ററിൽ നടക്കുന്ന അന്താരാഷ്ട്ര കാൻസർ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
കാൻസർ ചികിത്സ വളരെ ചെലവേറിയതാണ്. ഇക്കാര്യത്തിൽ എം.വി.ആർ കാൻസർ സെന്റർ ഒരു മാതൃകയാണെന്നും ഗവർണർ പറഞ്ഞു.പ്രധാനമന്ത്രിയുടെ ആയുഷ്മാൻ ഭാരത് യോജന ആരോഗ്യ പദ്ധതിയിൽ കേരളം അംഗമാവണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
കാൻസർ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടായിട്ടുള്ളതായി അമേരിക്കയിലെ ക്ലവ് ലാന്റ് ക്ലിനിക്കിലെ ഡോ.ജേം എബ്രഹാം പറഞ്ഞു. അന്താരാഷ്ട്ര തലത്തിലെ നൂതന കണ്ടുപിടുത്തങ്ങളും ആശയങ്ങളും കൈമാറുന്നതിന് ഇത്തരം കോൺഫറൻസുകൾ സഹായകരമാകുമെന്നും ഡോ.ജേം എബ്രഹാം അഭിപ്രായപ്പെട്ടു.
പരിപാടിയിൽ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അധ്യക്ഷനായിരുന്നു. സി.ഇ.ഒ ഡോ.ഇക്ബാൽ അഹമ്മദ്, മെഡിക്കൽ ഡയറക്ടർ ഡോ.നാരായണൻകുട്ടി വാര്യർ, സിറ്റി ബാങ്ക് ഡയറക്ടർ സി.ഇ ചാക്കുണ്ണി, കെയർ ഫൗണ്ടേഷൻ ഡയറക്ടർ എൻ.സി. അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു.
മൂന്നുദിവസങ്ങളിലായാണ് എം.വി.ആർ കാൻസർ സെന്ററിൽ കോൺഫറൻസ് നടക്കുന്നത്. അമേരിക്കയിലെ ക്ലെ വ് ലാന്റ് ക്ലിനിക്കുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സ്തനാർബുദം, ഗർഭാശയ കാൻസർ, ശ്വാസകോശ കാൻസർ, മോളികുലാർ ഓങ്കോളജി ,പാലിയേറ്റിവ് കെയർ തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.